22 May Wednesday

നവകേരള സൃഷ്ടിയും ഗുരുസ‌്മരണയും

അശോകൻ ചരുവിൽUpdated: Monday Aug 27, 2018


'ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഒരു മതത്തിനും നിലനിൽക്കാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് ഇസ്ലാംമതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ, സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചുനിൽക്കുന്നു. ഇതറിയാതെ സാഹോദര്യ (മത)മാണ് ശ്രേഷ‌്ഠം, അതല്ല സ്നേഹ (മത)മാണ് ശ്രേഷ‌്ഠം എന്ന‌് വിവാദമുണ്ടാക്കുന്നത് വൃഥാവിലാണ്. സത്യധർമങ്ങൾക്ക് തുല്യപ്രാധാന്യമാണുള്ളത്. ദേശ കാലാവസ്ഥകൾക്ക് അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്നിന് ചിലപ്പോൾ മുഖ്യത കൽപ്പിക്കേണ്ടിവരും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമത്തിന് ബുദ്ധമതം മുഖ്യത കൽപ്പിച്ചു. നബിയുടെ കാലത്ത് അറേബിയായിൽ സാഹോദര്യത്തിന് മുഖ്യത കൽപ്പിക്കേണ്ടിവന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? മതങ്ങൾ തമ്മിലും ജാതികൾ തമ്മിലുമുള്ള മത്സരത്തിൽനിന്നുള്ള മോചനം. സമബുദ്ധിയോടും സമഭക്തിയോടുംകൂടി എല്ലാവരും എല്ലാ മതങ്ങളും പഠിച്ചറിയാനും ലഭിച്ച അറിവിനെ സ്നേഹപൂർവം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. അപ്പോൾ മത്സരം മതങ്ങൾ തമ്മിലല്ല; മദങ്ങൾ തമ്മിലാണെന്നു മനസ്സിലാകും.’
(ശ്രീനാരായണഗുരു, 1926ൽ സി വി കുഞ്ഞിരാമനോട് പറഞ്ഞത്)

സമാനതകളില്ലാത്ത ദുരന്തത്തിൽനിന്ന് കരകയറുംമുമ്പാണല്ലോ കേരളം ഗുരുജയന്തി ആഘോഷിക്കുന്നത്. ഈ പ്രളയകാലത്ത് കേരളം നടത്തിയ ജനകീയ പ്രതിരോധത്തിനിടെ ഗുരു എന്റെ മനസ്സിലേക്കു കടന്നുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പരാമർശമാണ് അതിനിടയാക്കിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് മുന്നോട്ടുവന്ന മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ട് 'മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം’ എന്ന് അദ്ദേഹം പറയുകയുണ്ടായല്ലോ.

നാരായണഗുരു തന്റെ അവധൂതകാലം പ്രധാനമായും ചെലവഴിച്ചത് നാഗർകോവിലിലെയും തിരുവനന്തപുരത്തെയും കടൽത്തീരങ്ങളിലായിരുന്നു. വിവിധ മതങ്ങളിലും ജാതികളിലുംപെട്ട മത്സ്യത്തൊഴിലാളികളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സഹവാസം. കടപ്പുറത്ത് കയറ്റിയിട്ട വള്ളങ്ങളിലും തൊഴിലാളികളുടെ കൂരകളുടെ ഇറയത്തും അദ്ദേഹം അന്തിയുറങ്ങി. അവർ സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷ്യവിഭവങ്ങൾ ചുട്ട മീനോ ഇറച്ചിക്കറിയോ നെയ്ച്ചോറോ അദ്ദേഹം രുചിയോടെ കഴിക്കും. ഗുരുവിനെ ആദ്യമായി തിരിച്ചറിഞ്ഞ് സ്വീകരിച്ചത് കടലോരജനതയാണെന്നു പറയാം. തീരത്തിരുന്ന് കടലിനെ നോക്കുമ്പോൾ അന്ന് തന്റെ ചിന്തകൾ എന്തായിരുന്നു എന്ന് അദ്ദേഹം പിൽക്കാലത്ത് ശിഷ്യന്മാരോട് സൂചിപ്പിച്ചിട്ടുണ്ട്.

'എത്ര ധീരരാണ് ഈ തൊഴിലാളികൾ. അസാമാന്യ കരുത്തും. കാറും കോളും നിറഞ്ഞ കടലിന്റെ കാണാക്കയങ്ങളിൽ പോയി മീൻ പിടിച്ച‌് തിരിച്ചുവരുന്നു. എന്നാൽ, കരയിലെത്തിയാൽ അവരുടെ ജീവിതം അത്യന്തം ദയനീയമാണ്. കരുത്തിലും കഴിവിലും തങ്ങളേക്കാൾ ഏറെ പിന്നിലുള്ള സവർണനെ കാണുമ്പോൾ അവർ ഭയപ്പെട്ട‌് ചൂളിപ്പോകുന്നു. വഴികളിൽനിന്ന് ഭയന്ന് ഓടിയകലുന്നു.

എന്തുകൊണ്ട് ഈ ഭയം? അജ്ഞത. സവർണന്റെ പക്ഷത്ത് ദൈവമുണ്ടെന്ന അന്ധവിശ്വാസം. ഗുരു തിരിച്ചറിഞ്ഞു. എത്രമാത്രം ദയനീയമായിരുന്നു അന്ന് കേരളത്തിലെ അധഃസ്ഥിതന്റെ അവസ്ഥ എന്നറിയണമെങ്കിൽ ചില താരതമ്യങ്ങൾ ആവശ്യമുണ്ട്. അമേരിക്കയിലെ അടിമവ്യാപാരം ആണല്ലോ അധഃസ്ഥിതാവസ്ഥയുടെ പരകോടിയായി കണക്കാക്കുന്നത്. പക്ഷേ, അവിടത്തെ അടിമയ‌്ക്ക് തൊട്ടുകൂടായ്മ എന്ന ഭീകരാവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിനേക്കാൾ പ്രധാന സംഗതി, അവർക്ക് പള്ളിയിൽ പ്രവേശനമുണ്ടായിരുന്നു എന്നതാണ്. ഗാരിയറ്റ് ബീച്ചർ എന്ന മഹതി എഴുതിയ 'അങ്കിൾ ടോംസ് ക്യാബിൻ’ എന്ന കൃതി എബ്രഹാം ലിങ്കനെവരെ പ്രചോദിപ്പിച്ചിട്ടുള്ളതാണ്. അതിലെ അടിമയായ നായകൻ ടോം ഏതാണ്ടൊരു മട്ടിൽ സുവിശേഷകനാണ്. എന്നുവച്ചാൽ അവിടത്തെ അടിമയ‌്ക്ക് മർദനത്തെ അതിജീവിക്കാൻ മാർക്സ് പറഞ്ഞ പ്രത്യാശയുടെ അവലംബമുണ്ടായിരുന്നു.

അവധൂതകാലത്തിനുശേഷം തന്റെ മഹത്തായ ചരിത്രദൗത്യത്തിന്റെ സ്ഥാപനം നെയ്യാറിൽനിന്ന‌് മുങ്ങിയെടുത്ത ഒരു ശിലയിട്ടുകൊണ്ടാണല്ലോ ഗുരു ആരംഭിച്ചത്. അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ‌്ഠയെയും തുടർന്ന് കേരളത്തിലെമ്പാടും നിർമിച്ച ക്ഷേത്രങ്ങളെയും കുറിച്ച് അക്കാലത്തുതന്നെ നിരവധി സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്. സഹപാഠിയും സുഹൃത്തുമായ ചട്ടമ്പിസ്വാമികളും ശിഷ്യ തുല്യനായ വാഗ്ഭടാനന്ദനും ഇക്കാര്യത്തിൽ ഗുരുവിനെ വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഫ്യൂഡൽ ഘടനയ‌്ക്ക് പരിക്കേൽപ്പിക്കാതെ നാടുവാഴിത്തവും സാമ്രാജ്യത്വവും കൈകോർത്തുനിന്ന ആ കാലത്ത് മർദിതനായ തൊഴിലാളിക്ക് ദൈവം എന്ന പ്രത്യാശയെ നൽകുകയാണ് ഗുരു ചെയ്തത്. ആ പ്രത്യാശയെ അവലംബിച്ച‌് മുന്നേറിയാണ് അവൻ സംഘടിച്ചത്. ആ സംഘടിതശക്തി പിന്നീട് ഒരു നവകേരളംതന്നെ സൃഷ്ടിച്ചു. അന്ന് ഗുരു കണ്ട ഭീരുവായ മത്സ്യത്തൊഴിലാളി ഇന്ന് കേരളത്തിന്റെ സൈന്യം എന്ന് സംസ്ഥാന മുഖ്യമന്ത്രിയാൽ പ്രശംസിക്കപ്പെട്ടു.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഗുരു, ശിഷ്യൻ സി വി കുഞ്ഞിരാമനുമായി നടത്തിയ രേഖപ്പെടുത്തപ്പെട്ട ദീർഘസംഭാഷണത്തിൽനിന്ന് ഒരു ഭാഗം ഉദ്ധരിച്ചിട്ടുണ്ടല്ലോ. 1926ലാണ് അത് നടന്നത്. ഗുരുവിനെക്കുറിച്ച് അറിവില്ലാത്ത ഒരാൾ ഇന്ന് ഇന്ത്യയിലിരുന്ന് ഇത‌് വായിച്ചാൽ ഇന്നലെ ആരോ പറഞ്ഞതാണെന്ന് വിചാരിക്കും. കൂടുതൽ കൂടുതൽ ആഘോഷിക്കപ്പെടുമ്പോഴും കൂടുതൽ കൂടുതൽ വിസ്മരിക്കപ്പെടുന്ന മഹാത്മാക്കളുടെ പട്ടികയിലാണ് നിർഭാഗ്യവശാൽ ഗുരുവിന്റെ സ്ഥാനം.

ഇക്കഴിഞ്ഞ ജൂലൈയിൽ ന്യൂയോർക്കിൽ നടന്ന ശ്രീനാരായണഗുരു കൺവൻഷനിൽ ഈ ലേഖകൻ പങ്കെടുത്തിരുന്നു. യുഎസിലെ വിവിധ സ്റ്റേറ്റുകളിലെ എസ്എൻ സംഘടനകളുടെ ഒരു ഫോറം സംഘടിപ്പിച്ചതാണ് അത്. മേൽപ്പറഞ്ഞ അഭിമുഖസംഭാഷണവും അനുബന്ധ രേഖകളും ഞാൻ അവിടെ നടത്തിയ പ്രഭാഷണത്തിൽ ഉദ്ധരിച്ചിരുന്നു. പ്രഭാഷണത്തിനുശേഷം വന്നുകണ്ട ചില പ്രവാസി മലയാളി സുഹൃത്തുക്കൾ ആശ്ചര്യത്തോടെ പറഞ്ഞു: 'എത്രയോ കാലമായി ഗുരുജയന്തി ആഘോഷങ്ങളും സമാധി ദിനാചരണവും സെമിനാറുകളും, നിത്യേനയെന്നോണം ഗുരുപൂജകളും സ്തോത്രാലാപനവും ഇവിടെ നടക്കുന്നു. ഇങ്ങനെ ഒരു ഗുരുവിനെ ഞങ്ങൾ മനസ്സിലാക്കിയിട്ടില്ല.’

ശ്രീനാരായണഗുരുവിനെ അനുയായികൾ എന്നു നടിക്കുന്നവർ തമസ്കരിച്ചതിനോടുള്ള തന്റെ രോഷം വെളിപ്പെടുത്താൻ സുകുമാർ അഴീക്കോട് മാഷ് ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്: 'ഗുരുവിന്റെ ദുഃഖം’. അദ്ദേഹം എഴുതുന്നു: ‘‘ഗുരുവിന്റെ പേരിൽ ജാതിയുണ്ട്, മതമുണ്ട്, ക്ഷേത്രമുണ്ട്, മദ്യമുണ്ട്, പാർടിയുണ്ട്, മന്ത്രിയുണ്ട്, അവധിദിനങ്ങളുണ്ട്, വീട്ടിൽ പടമുണ്ട്, റോഡിൽ പ്രതിമയുണ്ട്, ആഘോഷങ്ങളുണ്ട്, അലങ്കാരങ്ങളുണ്ട്. ഇതിനിടയിൽ ഒരാൾമാത്രമില്ല. ഗുരു. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിന‌് വന്ന അതിഥിയുടെ വിഴുപ്പുകെട്ടിനടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചുപോയതുപോലെയാണ് സംഗതി.’

ആചാരങ്ങൾക്കും ഉപചാരങ്ങൾക്കും അപ്പുറത്ത് ഗുരുവിനെ ആശയപരമായി പഠിക്കാനുള്ള ഒരവസരം മലയാളിക്ക് ലഭിച്ചത് രണ്ടുവർഷം മുമ്പാണ്. 'പ്രബുദ്ധകേരളം വിളംബര’ത്തിന്റെ ശതാബ്ദിയാഘോഷിച്ച വേളയിൽ. താൻ 'ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല’ എന്ന മഹദ‌് പ്രഖ്യാപനം. ശതാബ്ദിയാഘോഷത്തിൻ സംസ്ഥാന സർക്കാരും പങ്കുചേർന്നു. അന്നു നടന്ന സംവാദങ്ങളും പഠനങ്ങളും ഗുരുവിനെ തങ്ങളുടെ ജാതിയുടെയും മതത്തിന്റെയും അലങ്കാരമാക്കി കൊണ്ടുനടക്കാൻ ശ്രമിച്ചവർക്ക് ആഘാതമായി ഭവിച്ചു. അന്യമതവിദ്വേഷവിഷം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഗുരു എക്കാലത്തും ഉൾക്കിടിലമായിരിക്കും. കാരണം ഒരു സുപ്രഭാതത്തിൽ തോന്നി നടത്തിയ ഒറ്റപ്പെട്ട ഒരു പരാമർശമായിരുന്നില്ല ആ വിളംബരം. അക്കാലത്തെ ദേശാഭിമാനി പത്രം റിപ്പോർട്ട‌് ചെയ്ത കൊല്ലം പ്രസംഗത്തിലും മതത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ ഗുരു വ്യക്തമായി പ്രഖ്യാപിക്കുന്നു. ഇതേ ആശയം സംവാദം ചെയ്ത് ഭദ്രമാക്കാൻവേണ്ടിയാണ് 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം വിളിച്ചുചേർത്തത്. അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ശിഷ്യൻ സ്വാമി സത്യവ്രതൻ വായിച്ച സുദീർഘ പ്രഭാഷണം ഗുരുവിന്റെ നിർദേശാനുസരണം രചിക്കപ്പെട്ടതാണ്. ഗുരുദർശനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രേഖയാണ് അതെന്ന് പറയാം. 'കായികമായ രോഗങ്ങൾക്ക് ഏതു രാജ്യത്തെയും ഏതു മതസ്ഥന്റെയും ചികിത്സാരീതി സ്വീകരിക്കാമെങ്കിൽ ആത്മാവിനുണ്ടാകുന്ന രോഗങ്ങൾക്ക് ആ മാർഗം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ?’ എന്ന ചോദ്യം അതിലൂടെ ഗുരു ഉന്നയിക്കുന്നു. ദൈവദശകം, അനുകമ്പാദശകം തുടങ്ങി ഏറ്റവും ഉൽകൃഷ്ടമായ ആത്മോപദേശശതകവും വെളിപ്പെടുത്തുന്ന ദർശനം വേറൊന്നല്ല.

പ്രളയദുരന്തത്തിൽ എല്ലാം തകർന്ന് പുതിയൊരു കേരളം നിർമിക്കാനുള്ള ശ്രമത്തിലാണല്ലോ നാം ഇപ്പോൾ. ('നാളെമുതൽ നമ്മളെല്ലാം ഒന്നിച്ചങ്ങ്ട് എറങ്ങ്വല്ലേ?’ എന്ന് മുഖ്യമന്ത്രി) 'ശിലയും കരിയും സിമന്റുരുക്കും’ മാത്രം ഉപയോഗിച്ചുള്ള ഒരു നിർമിതിയാകില്ല അത്. നാം ഇതുവരെ നേടിയ അനുഭവങ്ങളും പാഠങ്ങളും മാനവികതയും അതിനു മുതൽക്കൂട്ടാകുമെന്നു തീർച്ച. ഒരു മതേതര ജനാധിപത്യ നവകേരളമാണ് നാം നിർമിക്കുന്നതെങ്കിൽ ആ യജ്ഞത്തിൽ നിശ്ചയമായും ഗുരു കൂടെയുണ്ടാകും.

പ്രധാന വാർത്തകൾ
 Top