02 December Monday
ഇന്ന്‌ ഗുരു നിത്യചൈതന്യ യതിയുടെ നൂറാം ജന്മദിനം

ജീവിതോപാസകനായ നിത്യ

ഷൗക്കത്ത്Updated: Saturday Nov 2, 2024

 

ഗുരു നിത്യയുടെ നൂറാം ജന്മദിനമാണിന്ന്. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് 25 വർഷമായിരിക്കുന്നു. ഇന്നും ജീവിതത്തെ ആധുനിക മനസ്സോടെ സമീപിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ പകരുന്ന വെളിച്ചം നവീനമാണ്. കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും മുന്നോട്ടുനടക്കാൻ ഗുരു പകരുന്ന ധൈര്യം ചെറുതല്ല. ശീലിച്ചുറച്ച ശരികൾ പുതുകാലത്തിനോട് ചേർന്നു പോകാതെ വരുമ്പോൾ അതിനെ വേരോടെ പിഴുതെറിയാൻ പ്രചോദനമാണ് നിത്യ. സ്വജീവിതം മൂല്യനവീകരണത്തിന്റെ പരീക്ഷണശാലയാക്കിയ മനീഷിയായിരുന്നു അദ്ദേഹം.

ഉള്ളിൽ വിങ്ങിനിന്ന എന്തോ തേടിയുള്ള അലച്ചിൽ കുഞ്ഞുന്നാൾ മുതലേ അവനൊപ്പമുണ്ടായിരുന്നു. എവിടേക്കെന്നില്ലാതെ, എന്തിനെന്നില്ലാതെ അലഞ്ഞുതിരിഞ്ഞ ബാല്യ കൗമാര യൗവന കാലം. നിരാശയോ നിരർഥകതയോ ആയിരുന്നില്ല അവനെ നയിച്ചത്. ജിജ്ഞാസനിറഞ്ഞ പ്രസന്നതയായിരുന്നു ആ യാത്രകൾക്കെല്ലാം അന്തർധാരയായിരുന്നത്. വിഷാദത്തിനുപോലും സൗന്ദര്യമുള്ള യാത്രകൾ. വഴിയിൽ കണ്ടുമുട്ടാനിടയായ മഹത്തുക്കളിൽനിന്ന് പകർന്നു കിട്ടിയ വെളിച്ചം അവനിൽ മയങ്ങിക്കിടന്നിരുന്ന ജന്മസിദ്ധമായ ജ്ഞാനാഗ്നിയെ ജ്വലിപ്പിച്ചു. നടരാജഗുരുവിനെ കണ്ടുമുട്ടാനിടയായതും പ്രിയശിഷ്യനാകാൻ കഴിഞ്ഞതും മഹാഭാഗ്യം. നാരായണഗുരുവിന്റെ ദർശനമഹിമയെ നെഞ്ചിലേറ്റി ലോകമെങ്ങും യാത്ര ചെയ്ത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കുളിർക്കാറ്റാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏകലോകം, വിശ്വപൗരൻ എന്ന ആശയത്തെ സ്വജീവിതംകൊണ്ട് സാക്ഷാൽക്കരിച്ച സഹൃദയൻ. തന്നിലേക്കു വന്നവരെയും താൻ ചെന്നെത്തിയ ഇടങ്ങളിലുള്ളവരെയും അകമഴിഞ്ഞു സ്നേഹിക്കുന്നതിൽ ശ്രദ്ധിക്കുക മാത്രമേ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ, ചെയ്യാനുള്ളൂ എന്നുപറഞ്ഞ ഹൃദയാലു. പ്രിയ നിത്യ.

അറിവും അലിവുമായിരുന്നു ഗുരു നിത്യയുടെ ജീവിതം. സൗന്ദര്യാനുഭൂതിയും ജ്ഞാനതപസ്സും ഒത്തിണങ്ങിയ ആ ഹൃദയത്തിൽനിന്ന് പെയ്തിറങ്ങിയതെല്ലാം സത്യത്തെയും സൗമ്യതയെയും പ്രസരിപ്പിക്കുന്ന തെളിച്ചങ്ങളും വെളിച്ചങ്ങളുമായിരുന്നു. ദിവസവും ആശ്രമമുറ്റത്തെ പൂന്തോട്ടത്തിലും താഴ്‌വരയിലും നടക്കാനിറങ്ങുന്ന നിത്യൻ നമ്മോട് പറയുന്നത്, ഒന്നു നിൽക്കാനാണ്. ഗൗരവങ്ങളിൽ ജീവിതം തേടുന്നതിനുമുമ്പ് ഈ തളിരിലകളെ ഒന്നു സ്പർശിച്ചുപോകൂ. ചുറ്റും നമ്മുടെ തലോടലേൽക്കാൻ, നമ്മെ ചേർത്തുപിടിക്കാൻ ഒരു ലോകംകൂടിയുണ്ട്. സങ്കീർണമായ ചിന്തകളുടെ നൂലാമാലകളിൽനിന്ന് കുറച്ചുനേരത്തേക്ക് ഒന്നിറങ്ങി വരൂ. തോട്ടത്തിൽ, ഇന്നു രാവിലെ മൊട്ടിട്ട പൈതങ്ങളുണ്ട്. വിരിയാമെന്നു വാക്കുതന്ന് രാത്രിയിൽ വിശ്രമിക്കാൻ പോയവർ വിരിഞ്ഞ് തൂമന്ദഹാസത്തോടെ നമ്മെ കാത്തിരിക്കുന്നുണ്ട്. മലനിരകളിൽ പ്രഭാതംവന്ന് മൃദുവായി ഉമ്മവച്ചു നിൽക്കുന്നു. വരൂ. പുറത്തിറങ്ങൂ. ഇത്തിരിനേരം സുഗന്ധവാഹിയായ അന്തരീക്ഷത്തെ അനുഭവിക്കാം. ഇവിടെയാണ്, ഇവിടെത്തന്നെയാണ് ആ സമാധാനത്തിന്റെ നീരുറവകൾ. അന്വേഷിക്കുന്നതിനുമുമ്പേ നമുക്കു മുന്നിൽ അവരുണ്ട്, നാം അവരിലേക്കു കണ്ണുതുറക്കുന്നില്ലെന്നു മാത്രം. കാതുതിരിക്കുന്നില്ലെന്നു മാത്രം. എത്ര സൗമ്യമായ സംഗീതവുമായാണ് തെന്നൽ നമ്മെ തഴുകിയൊഴുകുന്നത്. ഇനിയും ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് നാം കാത്തിരിക്കുന്നത്. അത് ഇപ്പോൾ, ഇവിടെത്തന്നെ നമുക്കുമുന്നിൽ പ്രത്യക്ഷമാണല്ലോ.

മുകളിലെഴുതിയത് ഗുരു നിത്യ പറഞ്ഞതല്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം നമ്മോട് പറയുന്നത് അതൊക്കെയാണ്. സ്ഥിതപ്രജ്ഞത എന്തെന്ന ചോദ്യത്തിന് ഗുരു പറയുന്ന മറുപടി ഹൃദ്യമാണ്. അതിന്റെ ആസ്വാദനമാണ് മുകളിലെഴുതിയത്: ‘‘പ്രജ്ഞയെ എപ്പോഴാണോ സുപ്രകാശിതവും മനോഹരവും മാധുര്യമുള്ളതും കവിത നിറഞ്ഞതും ദർശനങ്ങളുടെ ഒരു വലിയ വിഭവവുമാക്കുവാൻ കഴിയുന്നത്, അപ്പോൾ മാത്രമാണ് നിങ്ങൾ സ്ഥിതപ്രജ്ഞരായിത്തീരുന്നത്. അപ്പോൾ നിങ്ങൾക്ക് എതിരായിട്ട് ഒന്നും കാണാനാകുന്നില്ല. എതിർവശത്തുനിന്നു വരുന്ന നിങ്ങളെ സൂക്ഷിച്ചു നോക്കുമ്പോൾ ചോദിക്കാൻ തോന്നുന്നില്ലേ, എന്റെ ഈശ്വരാ നിനക്കെന്നെ കണ്ടിട്ട് മനസ്സിലാകുന്നില്ലേ എന്ന്. നീയും ഞാനും കള്ളവേഷംകെട്ടി നടക്കുമ്പോൾ രണ്ടുപേരുടെയും ഉള്ളിലിരുന്ന് അന്വേഷണ കൗതുകത്തോടുകൂടി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത് ഒരേ പ്രജ്ഞയുടെ പ്രകാശനമല്ലേ എന്ന്. ലോകംതന്നെ ഏറ്റവും മനോഹരമായിട്ടുള്ള സന്തോഷത്തെ സർവഥാ പ്രദാനംചെയ്യുന്നതായ നാടകമായറിഞ്ഞ് അതിൽ ആഹ്ലാദിക്കുമ്പോൾ നാം സ്ഥിതപ്രജ്ഞരായിത്തീരും.”

എന്താണ് ഗുരുവിന്റെ വഴി. എന്തുകൊണ്ടാണ് അങ്ങ് ഭാരതീയ പൈതൃകമനുസരിച്ച് ഹിമാലയസാനുക്കളിൽ പോയി തപസ്സനുഷ്ഠിക്കാത്തത് എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ ഒരു മറുപടിയുണ്ട്. ഗുരു നിത്യയുടെ അന്തരംഗത്തിലേക്ക് പ്രവേശിക്കാനുള്ള കവാടമാണ് ആ വാക്കുകൾ.‘ഭാരതീയ പൈതൃകമല്ല എന്നെ ഇന്നുവരെ നയിച്ചിട്ടുള്ളത്. എന്നാൽ വേദോപനിഷത്തുകൾ എന്നും എനിക്ക് പ്രാണനെപ്പോലെയാണ്. ഞാനെന്റെ തപസ്സിനായി അതുകൊണ്ട് ചിലപ്പോഴൊക്കെ ഹിമാലയത്തെയും ആൽപ്‌സ്‌ പർവതത്തെയും ഉപയോഗിച്ചിട്ടുണ്ട്. അതിനേക്കാളേറെ അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ ഗ്രന്ഥാലയങ്ങൾ, ബ്രിട്ടീഷ് മ്യൂസിയങ്ങൾ, പാരീസിലെ മഹാവിദ്യാലയങ്ങൾ, ഓസ്ട്രേലിയൻ വനങ്ങൾ, ന്യൂസിലൻഡിലെ ഇടയന്മാരുടെ കൂടെയുള്ള ജീവിതം ഇതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്.”

ഭാരതീയ പൈതൃകത്തെ തള്ളിപ്പറയുകയല്ല ഗുരു. എന്നാൽ അതിൽ തങ്ങിനിൽക്കുന്നുമില്ല. അറിവിനെ കാലത്തിലും ദേശത്തിലും തളച്ചിട്ട് കിഴക്കെന്നും പടിഞ്ഞാറെന്നും വികാരപ്പെടുന്നവർക്കുള്ള ഉത്തരമാണിത്.

എത്ര നല്ല മറുപടിയാണിത്. ഭാരതീയ പൈതൃകത്തെ തള്ളിപ്പറയുകയല്ല ഗുരു. എന്നാൽ അതിൽ തങ്ങിനിൽക്കുന്നുമില്ല. അറിവിനെ കാലത്തിലും ദേശത്തിലും തളച്ചിട്ട് കിഴക്കെന്നും പടിഞ്ഞാറെന്നും വികാരപ്പെടുന്നവർക്കുള്ള ഉത്തരമാണിത്. ഒന്നിനെയും തള്ളിപ്പറയാതെ എല്ലാത്തിനെയും ഉൾക്കൊള്ളുന്നതെങ്ങനെയെന്ന് ഗുരു കാണിച്ചു തരുന്നു. ഹിമാലയമെന്ന മഹാത്ഭുതത്തെ പറയുമ്പോൾ അതോടൊപ്പം ആൽപ്‌സ്‌   പർവതനിരകളെ ചേർത്തുപിടിക്കാൻ അദ്ദേഹം മറന്നുപോകുന്നില്ല.
വേദോപനിഷത്തുകളുടെ മഹനീയതയിൽ ധ്യാനാത്മകമാകുമ്പോൾ തന്നെ ലോകത്തുള്ള യൂണിവേഴ്സിറ്റികൾ, മ്യൂസിയങ്ങൾ എന്നിവയെ അറിവിന്റെ മഹാമൂല്യങ്ങളായി അദ്ദേഹം നെഞ്ചോടു ചേർത്തുപിടിക്കുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഗുരുകുലത്തെ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി എന്നു വിളിച്ചത്. ഏകലോകവും വിശ്വപൗരത്വവുമാണ് ആദർശമെന്ന് മൊഴിഞ്ഞത്.

അറിവിനെ നമ്മുടെ സങ്കുചിത താൽപ്പര്യങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവന്ന് വികൃതമാക്കുമ്പോൾ നിത്യനെപ്പോലുള്ളവർ ഒരാശ്വാസമാണ്. അവർ വിശ്വത്തെയും വിശ്വപൗരത്വത്തെയുമാണ് കാണുന്നത്. പറയുന്നത്. അതിൽ കുറഞ്ഞതൊന്നും അവർക്ക് പ്രമാണമല്ല. പ്രധാനവുമല്ല. തപസ്സെന്നു പറഞ്ഞാൽ നമുക്ക് ചില ധാരണകളുണ്ട്. തപസ്സിനു മാത്രമല്ല; പ്രാർഥന, ധ്യാനം, ഉപാസന തുടങ്ങിയുള്ള പദങ്ങൾക്കെല്ലാം നാം കൽപ്പിച്ചു കൊടുത്തിട്ടുള്ള അർഥങ്ങൾ, ഭാവങ്ങൾ അതെല്ലാം കീഴ്മേൽ മറിക്കുന്ന ജീവിതമാണ് നിത്യ നയിച്ചത്.

നമുക്ക് നനവുപകരുന്ന ഇടങ്ങളിൽ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും വ്യാപരിക്കാൻ വിട്ടാൽ അതിനെ ഉപാസനയെന്നു പറയാം. നാം അത്രമാത്രം കൊതിക്കുന്ന സമാധാനത്തിന്റെ അടുത്ത് വസിക്കാനുള്ള ഏറ്റവും ഹൃദ്യമായ വഴിയാണതെന്ന് നിത്യൻ ഓർമിപ്പിക്കും.

നിത്യനിരന്തരമായ ശ്രദ്ധയാണ് തപസ്സെന്നും അത് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കേണ്ട അനായാസമായ ജാഗ്രതയാണെന്നും അദ്ദേഹം പറയും. ജീവിതത്തെ സ്നേഹിക്കുന്ന ഹൃദയമാണ് അനായാസമായ ശ്രദ്ധയിലേക്ക് നമ്മെ നയിക്കുകയെന്ന് കൂട്ടിച്ചേർക്കും. പ്രാർഥനയെന്തെന്നു ചോദിച്ചാൽ എതിരെ വരുന്ന അപരിചിതനെ നോക്കി ഹൃദയപൂർവം വെറുതെ ഒന്നു ചിരിച്ചാൽ അതു പ്രാർഥനയായെന്ന് അദ്ദേഹം പറയും. അപ്പോൾ ആ മനുഷ്യനിൽ വിരിയുന്ന വെളിച്ചം മുഖത്ത് മന്ദഹാസമായി വിരിയുന്നത് നാം കാണും. ആ കാഴ്ച നമ്മെയും പ്രകാശവത്താക്കും. അപ്പോൾ നമുക്കു പറയാം; പ്രാർഥന ഫലിച്ചുവെന്ന്. നമുക്ക് നനവുപകരുന്ന ഇടങ്ങളിൽ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും വ്യാപരിക്കാൻ വിട്ടാൽ അതിനെ ഉപാസനയെന്നു പറയാം. നാം അത്രമാത്രം കൊതിക്കുന്ന സമാധാനത്തിന്റെ അടുത്ത് വസിക്കാനുള്ള ഏറ്റവും ഹൃദ്യമായ വഴിയാണതെന്ന് നിത്യൻ ഓർമിപ്പിക്കും.

ഗുരു നിത്യ അങ്ങനെയൊക്കെയാണ് നമ്മോട് സംസാരിക്കുക. നമ്മുടെ ദൈനംദിന ജീവിതത്തിനു പുറത്തുള്ള തേടലല്ല ഗുരുവിന് അന്വേഷണം. കൺമുന്നിലുള്ളതിനെ കണ്ണുതുറന്ന് കാണലാണ്, കാതുതുറന്ന് കേൾക്കലാണ്, ഉള്ളു തുറന്ന് തൊടലാണ്. ജീവിതഗന്ധിയായ ദർശനമാണ് ആത്മം എന്നാണ് ഗുരു പറയുന്നത്. ഗുരു പറയും: “ഞാൻ കേരളീയനാണെന്ന് പറയുന്നതിനേക്കാൾ ബൃഹത്തായ ഒരു സ്ഥിതിയാണ് ഇന്ത്യക്കാരനാണെന്നു പറയുന്നത്. ഇന്ത്യക്കാരനാണെന്നു പറയുന്നതിലും വലുതായിട്ടുള്ളതാണ് മനുഷ്യനാണെന്നു പറയുന്നത്. മനുഷ്യനാണെന്നു പറയുന്നതിനേക്കാളും വലുതാണ് ഞാൻ സകല ജീവജാലങ്ങളോടും ഒരുപോലെ ബാധ്യസ്ഥനായിരിക്കുന്നവനാണെന്നു പറയുന്നത്”എന്ന്‌. അതെ, സങ്കുചിതമായ നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും വികാസം പ്രാപിച്ച് വിശാലമായ ഉത്തരവാദിത്വമായി മാറാൻ ഗുരുവിന്റെ വാക്കുകൾ പ്രചോദനമാകട്ടെ എന്ന പ്രതീക്ഷയോടെ…

(ഗുരു നിത്യചെെതന്യയതിയുടെ സഹചാരിയായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top