06 October Thursday

ഗുജറാത്തിലെ മദ്യനിരോധന ‘ജുംല’

സാജൻ എവുജിൻUpdated: Monday Aug 1, 2022


‘ജുംല’ എന്നു പറയുന്നത്‌  പാർലമെന്റിൽ നിരോധിച്ചെങ്കിലും രാജ്യത്ത്‌ നടക്കുന്ന പല കാര്യങ്ങളെയും വിശേഷിപ്പിക്കാൻ ഇതിലേറെ യോജിച്ച വാക്കില്ല. പൊള്ളയായ പ്രഖ്യാപനങ്ങൾക്കും വാഗ്‌ദാനങ്ങൾക്കും ഹിന്ദിയിലും ഉറുദുവിലും പ്രയോഗത്തിലുള്ള ഏറ്റവും ഉചിതമായ പദമാണിത്‌. ഗുജറാത്തിൽ 62 വർഷമായി നിലനിൽക്കുന്ന മദ്യനിരോധനത്തെ ‘ജുംല’ എന്നേ പറയാനാകൂ. ഇവിടെ മുക്കിലും മൂലയിലും മദ്യം സുലഭമാണ്‌.  എല്ലാവർഷവും വിഷമദ്യം കഴിച്ച്‌ ഒട്ടേറെപ്പേർ മരിക്കുകയും ചെയ്യുന്നു.  2009ൽ ഉണ്ടായ  വിഷമദ്യദുരന്തത്തിൽ 148 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടതിനെത്തുടർന്ന്‌ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി മദ്യനിരോധനനിയമം ഭേദഗതി ചെയ്‌തു. വിഷമദ്യമരണക്കേസുകളിൽ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നവർക്ക്‌ വധശിക്ഷ വ്യവസ്ഥ ചെയ്‌തായിരുന്നു ഭേദഗതി. ശേഷവും  സംസ്ഥാനത്ത്‌ മദ്യലഭ്യത കുറഞ്ഞില്ല; വിഷമദ്യമരണങ്ങളും ആവർത്തിച്ചു. ഇപ്പോൾ അഹമ്മദാബാദ്‌, ബൊഡാദ്‌, സുരേന്ദ്രനഗർ ജില്ലകളിലായി അമ്പതിൽപ്പരം ജീവൻ വിഷമദ്യദുരന്തത്തിൽ പൊലിഞ്ഞു. 98–-99 ശതമാനത്തോളം മീഥൈൽ ആൽക്കഹോൾ കലർന്ന ദ്രാവകമാണ്‌ ഇവർ കഴിച്ചത്‌. നൂറോളം പേർ ആശുപത്രികളിലാണ്‌. ഇരകൾ എല്ലാവരും പാവപ്പെട്ട തൊഴിലാളികളാണ്‌.  രാസപദാർഥം കലർന്ന മദ്യം വിതരണം ചെയ്‌തെന്ന പേരിലാണ്‌ കേസെടുത്തതെന്ന്‌ പൊലീസ്‌ വിശദീകരിക്കുന്നു.

ഗുജറാത്തിൽ സമ്പന്നർക്കും പ്രമാണിമാർക്കും നിയമപരമായി മദ്യം ഉപയോഗിക്കാം. വിദ്യാഭ്യാസ, വാണിജ്യ സംരംഭങ്ങൾക്കായി സമ്മേളനങ്ങളും സെമിനാറുകളും നടത്തുമ്പോൾ മദ്യം വിളമ്പാൻ അനുമതി നൽകി 2006ൽ മോദി സർക്കാർ നിയമം ഭേദഗതി ചെയ്‌തു. ‘വൈബ്രന്റ്‌ ഗുജറാത്ത്‌’ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും മദ്യം ലഭ്യമാക്കാൻ ഹോട്ടലുകൾക്കും അനുവാദം നൽകി. 2014ലെ വൈബ്രന്റ്‌ ഗുജറാത്തിനു മുന്നോടിയായി ഇതു കൂടുതൽ ഉദാരമാക്കി. ഹോട്ടലുകളിൽ മദ്യംവിളമ്പാൻ ഓൺലൈൻ പെർമിറ്റ്‌ എടുത്താൽ മതിയെന്നാക്കി. അതേസമയം,  സംസ്ഥാനത്ത്‌ ഗ്രാമ–-നഗരങ്ങളിൽ പെട്ടിക്കടകളിലടക്കം ‘ലാത്ത’ എന്നറിയപ്പെടുന്ന നാടൻചാരായം സുലഭമാണ്‌. മദ്യവ്യാപാരികളും പൊലീസും ബിജെപി നേതാക്കളും ഉൾപ്പെടുന്ന മാഫിയയാണ്‌ ഇതിനുപിന്നിൽ. ഇപ്പോഴത്തെ ദുരന്തത്തെതുടർന്ന്‌ അഹമ്മദാബാദ്‌, ബൊഡാദ്‌ ജില്ലാ പൊലീസ്‌ മേധാവിമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്‌. 2500 പൊലീസുകാരെ 30 സംഘമായി റെയ്‌ഡുകൾക്ക്‌ നിയോഗിച്ചു. അനധികൃതമായി മദ്യവിൽപ്പന നടത്തിയതിന്‌ 314 പേരെ അറസ്‌റ്റ്‌ചെയ്‌തതായും പൊലീസ്‌ പറയുന്നു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട്‌ ഇക്കൊല്ലം ഇതുവരെ 70,000 കേസ്‌ എടുത്തെന്നും 60,000 പേരെ അറസ്‌റ്റുചെയ്‌തെന്നുമാണ്‌ പൊലീസിന്റെ ഭാഷ്യം.
ഉത്തരേന്ത്യയിൽനിന്ന്‌ ഗുജറാത്തിലേക്ക്‌ മദ്യം ഒഴുകുന്നത്‌ തടയാതെ സംസ്ഥാനത്തെ അനധികൃത മദ്യവ്യാപാരശൃംഖലയെ നേരിടാൻ കഴിയില്ല. മദ്യനിരോധനം കർശനമായി നടപ്പാക്കുകയോ അല്ലാത്തപക്ഷം നിരോധനം എടുത്തുകളയുകയോ ചെയ്യണമെന്ന്‌ ഒട്ടേറെ അന്വേഷണ കമീഷനുകൾ ശുപാർശചെയ്‌തിട്ടുണ്ട്‌.

ബാങ്കുകൾ വിൽക്കാനുള്ള റിപ്പോർട്ട്‌
പൊതുമേഖലാ ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന്‌ കേന്ദ്രം ആസൂത്രിതമായി നീങ്ങുകയാണ്‌.  കോർപറേറ്റ്‌ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എൻസിഎഇആറിനുവേണ്ടി നിതി ആയോഗ്‌ മുൻ ഉപാധ്യക്ഷൻ അരവിന്ദ്‌ പനഗരിയയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയംഗം പൂനം ഗുപ്‌തയും ചേർന്ന്‌ തയ്യാറാക്കിയ  റിപ്പോർട്ട്‌ ഇതിന്റെ ഭാഗമാണ്‌. സ്വകാര്യവൽക്കരണം ഏക അജൻഡയാക്കി തട്ടിക്കൂട്ടിയ റിപ്പോർട്ട്‌ ദുർവ്യാഖ്യാനങ്ങളുടെ കൂമ്പാരമാണ്‌. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ശാഖകൾ ധാരാളമുള്ള പൊതുമേഖലാ ബാങ്കുകളുടെ നയത്തിൽ റിപ്പോർട്ട്‌ പരിതപിക്കുകയാണ്‌. 40 ശതമാനം മുൻഗണനമേഖല വായ്‌പകളെ തള്ളിപ്പറയുന്നു.  നിക്ഷേപത്തിന്റെ നിശ്‌ചിത ശതമാനം കരുതൽശേഖരമായി റിസർവ്‌ ബാങ്കിൽ നൽകുകവഴി ക്ഷേമപ്രവർത്തനങ്ങൾക്ക്‌ പണം ലഭ്യമാക്കുന്നതിനെ റിപ്പോർട്ടിൽ പരിഹസിക്കുന്നു. ഭക്ഷ്യസുരക്ഷയ്‌ക്ക്‌ എഫ്‌സിഐക്ക്‌ നൽകുന്ന വായ്‌പ നിർത്തലാക്കണമത്രെ.

വർഷങ്ങളായി സ്വകാര്യവൽക്കരിക്കാതെ തന്നെ പൊതുമേഖലാ ബാങ്കുകളെ ദുർബലപ്പെടുത്തുന്ന പരിഷ്‌കാരങ്ങളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. 1991–-92ൽ  ബാങ്കുകളുടെ മൊത്തം ആസ്‌തിയുടെ 88.5 ശതമാനവും പൊതുമേഖലയിലായിരുന്നു. 2021–-22ൽ ഇത്‌  59.8 ശതമാനമായി.  2014–-15 മുതൽ 2019–-20 വരെ പൊതുമേഖലാ ബാങ്കുകളിൽ  89,283 തൊഴിൽ വെട്ടിക്കുറച്ചു. അഞ്ച്‌ വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ശാഖകളിൽ 6.6 ശതമാനം പൂട്ടിച്ചു. സ്വകാര്യബാങ്കുകളുടെ ശാഖകൾ 40 ശതമാനം വർധിച്ചു. സ്വകാര്യബാങ്കുകളുടെ ശാഖകളിൽ മൂന്നിലൊന്നോളം മെട്രോനഗരങ്ങളിലാണ്‌. ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ സ്വകാര്യബാങ്കുകൾ പ്രതിബദ്ധത കാട്ടുന്നില്ല.

കേന്ദ്രത്തിന്റെ മൂലധനസഹായം കാരണമാണ്‌ പൊതുമേഖലാ ബാങ്കുകൾ നിലനിൽക്കുന്നതെന്ന്‌ ചില കേന്ദ്രങ്ങൾ ആക്ഷേപം ഉന്നയിക്കാറുണ്ട്‌. 2005–-06 മുതൽ 2016–-2017 വരെ പൊതുമേഖലാ ബാങ്കുകൾക്ക്‌ കേന്ദ്രം മൂലധനമായി നൽകിയത്‌ 1.29 ലക്ഷം കോടി രൂപയാണെങ്കിൽ ലാഭവിഹിതമായി 75,000 കോടി രൂപയും ആദായനികുതിയായി 1.50 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകൾ തിരിച്ചുനൽകി. കോർപറേറ്റുകൾ പൊതുമേഖലാ ബാങ്കുകളിൽ ബോധപൂർവം  കിട്ടാക്കടം വരുത്തിയത്‌ കണ്ടില്ലെന്നു നടിക്കുന്നു.

സ്വകാര്യബാങ്കുകളിലെ കെടുകാര്യസ്ഥതയും യെസ്‌ ബാങ്ക്‌ പോലുള്ളവയുടെ തകർച്ചയും തുടർന്ന്‌ പൊതുമേഖലാ ബാങ്കുകൾ അവ ഏറ്റെടുത്തതും ഇവർ കാണുന്നില്ല. ചൈനയിലെയും വിയറ്റ്‌നാമിലെയും ബാങ്കുകൾ പൊതുമേഖലയിലാണെന്ന വസ്‌തുത മറച്ചുവച്ചാണ്‌ ആ രാജ്യങ്ങളിലേക്കാൾ താഴ്‌ന്ന വായ്‌പാവിതരണനിരക്കാണ്‌ ഇന്ത്യയിലെന്ന്‌ പറയുന്നത്‌. ചൈനയിലെ ഏറ്റവും വലിയ നാല്‌ ബാങ്കും പൊതുമേഖലയിലാണ്‌.

രണ്ട്‌ പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുമെന്ന്‌  ബജറ്റ്‌ പ്രഖ്യാപനമുണ്ട്‌. ഇതിനുള്ള ബിൽ പാർലമെന്റിന്റെ 2021ലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി.  സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ എന്നിവയുടെ ഭൂരിപക്ഷഓഹരികൾ വിൽക്കാനാണ്‌ സർക്കാർ തീരുമാനിച്ചിരുന്നതെന്ന്‌ പറയപ്പെടുന്നു. കൂടുതൽ  വലിയ ബാങ്കുകളിൽ നോട്ടമിട്ട സ്വകാര്യകോർപറേറ്റുകൾക്ക്‌  അത്‌  മതിയായില്ല. പുതിയ നീക്കങ്ങൾ ഈ പശ്‌ചാത്തലത്തിലാണ്‌.  1970ലെ ബാങ്കിങ് ദേശസാൽക്കരണനിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാസാക്കാനാണ്‌ ആലോചന. പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രസർക്കാർ  51 ശതമാനം ഓഹരിയെങ്കിലും കൈയാളണമെന്ന്‌ നിഷ്‌കർഷിക്കുന്ന നിയമമാണ്‌ ഭേദഗതി ചെയ്യേണ്ടത്‌.

കമ്പനി നിയമപ്രകാരം രൂപീകരിച്ച ഐഡിബിഐ ബാങ്കിന്റെ ഓഹരിവിൽപ്പന  ഉടൻ പൂർത്തീകരിക്കും. ഇതിനിടെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വകാര്യനിക്ഷേപകരുമായി ചർച്ചകൾ നടത്തുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ലയനങ്ങൾക്കുശേഷം രാജ്യത്തുള്ളത്‌  12 പൊതുമേഖലാ ബാങ്കാണ്‌. 124  ലക്ഷം കോടിയോളം രൂപയാണ്‌ ഇവയുടെ  മൊത്തം ആസ്‌തി. നൂറ്‌ ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപവുമുണ്ട്‌. ഇതെല്ലാം കോർപറേറ്റുകൾക്ക്‌ ചുളുവിൽ കൈമാറാനാണ്‌ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top