19 February Tuesday

ജിഎസ്ടി കാലത്തെ എംആര്‍പി

പ്രൊഫ. കെ എന്‍ ഗംഗാധരന്‍Updated: Tuesday Sep 19, 2017

ഉല്‍പ്പന്നപാക്കറ്റിനു പുറത്ത് പരമാവധി വില്‍പ്പനവില രേഖപ്പെടുത്തിയിരിക്കും. ഉല്‍പ്പാദനച്ചെലവും ലാഭവും നികുതിയും ചേര്‍ന്നതാണ് എംആര്‍പി അഥവാ പരമാവധി ചില്ലറ വില്‍പ്പനവില. ഈ ഏര്‍പ്പാട് ഒരുവിധത്തില്‍ ഉപഭോക്താവിന് ആശ്വാസകരമാണ്. എംആര്‍പിയേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടതില്ല എന്നതാണ് ആശ്വാസം. പക്ഷേ, വിലപേശാനുള്ള സാധ്യത അടയുന്നു എന്ന ദോഷവുമുണ്ടതിന്. 

ആരാണ് ഉല്‍പ്പാദനച്ചെലവും ലാഭവും നിര്‍ണയിക്കുക? സംശയം വേണ്ട. ഉല്‍പ്പാദകന്‍ അല്ലെങ്കില്‍ മൊത്തവ്യാപാരി. രണ്ടു കൂട്ടരുടെയും തല്‍പ്പര്യമനുസരിച്ചാണ് ചില്ലറവില്‍പ്പനവില നിശ്ചയിക്കുക. അതില്‍ സര്‍ക്കാരിനു കാര്യമില്ല. ആരാണോ ഉല്‍പ്പാദിപ്പിക്കുന്നത് അല്ലെങ്കില്‍ മൊത്തം ഉല്‍പ്പാദനം കൈകാര്യം ചെയ്യുന്നത് അവര്‍ വിലനിശ്ചയിക്കുകയാണ് വിപണിശാസ്ത്രം.

ചരക്ക് സേവന നികുതിസമ്പ്രദായം നടപ്പായശേഷം പല ഉല്‍പ്പന്നങ്ങളുടെയും നികുതിനിരക്ക് കുറഞ്ഞിട്ടുണ്ട്. പലതിന്റെയും കൂടിയിട്ടുമുണ്ട്. ഉദാഹരണമായി പഞ്ചസാരയുടെ നികുതി 26 ശതമാനമായിരുന്നത് 18 ശതമാനമായി. നൂറു രൂപയുടെ പഞ്ചസാരയ്ക്ക് 26 രൂപ നികുതി നല്‍കേണ്ടസ്ഥാനത്ത് 18 രൂപ നല്‍കിയാല്‍ മതി. ഇത് ഉപഭോക്തക്കള്‍ക്ക് ഗുണകരമാണ്. ടൂത്ത് പേസ്റ്റിന്റേത് 26 ശതമാനത്തില്‍നിന്ന് 18 ശതമാനമായി. സ്റ്റീല്‍പാത്രങ്ങളുടേത് 18.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. സിമന്റിന്റെ നികുതി 30 ശതമാനമായിരുന്നു. അത് 28 ശതമാനമാക്കി. ഇതിന്റെയെല്ലാം പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കണം. എംആര്‍പി താഴ്ത്തിനിശ്ചയിക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്. ചരക്ക് സേവന നികുതി നിലവില്‍ വന്നത് ജൂണ്‍ ഒന്നിനാണ്. തുടര്‍ന്നുള്ള മൂന്നുമാസം അഥവാ, ആഗസ്ത് 31 വരെ പഴയ എംആര്‍പിയില്‍ തിരുത്തല്‍വരുത്തി വില്‍ക്കാന്‍ അനുവാദം നല്‍കപ്പെട്ടു. എന്നാല്‍, മിക്ക വ്യാപാരികളും കുറഞ്ഞ നികുതി സര്‍ക്കാരിലേക്ക് അടയ്ക്കുകയും പഴയ എംആര്‍പിക്ക് സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സെപ്തംബര്‍ ഒന്നുമുതല്‍ പുതിയ ലേബലില്‍ പുതിയ എംആര്‍പി രേഖപ്പെടുത്തിവേണം വില്‍ക്കാന്‍. പക്ഷേ, ഉപഭോക്താക്കള്‍ പഴയ വിലയ്ക്കുതന്നെ വാങ്ങേണ്ടിവരുന്ന സ്ഥിതി തുടരുന്നു. ഇതൊരു നിയമലംഘനപ്രശ്നമാണ്. കര്‍ശനമായ നിയമനടപടികളിലൂടെ പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. ഈ പ്രശ്നത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച്, ചരക്ക് സേവന നികുതിവ്യവസ്ഥയിലേക്ക് ചാടിയ കേന്ദ്രസര്‍ക്കാരിനാണ്.
ഏതു നടപടിയെയും നിര്‍വീര്യമാക്കാനുള്ള തന്ത്രങ്ങള്‍ ഉല്‍പ്പാദകരും വ്യാപാരികളും സ്വീകരിക്കും. അവയില്‍ പ്രധാനമാണ് ഉയര്‍ന്ന എംആര്‍പി നിശ്ചയിക്കല്‍. യഥാര്‍ഥ ഉല്‍പ്പാദനച്ചെലവുമായി അതിന് ഒരു ബന്ധവും കാണില്ല. ഒരു ഉല്‍പ്പന്നത്തിന്റെ യഥാര്‍ഥ ഉല്‍പ്പാദനച്ചെലവും ന്യായമായ ലാഭവും നികുതിയും ചേര്‍ന്ന വില 500 രൂപയെന്നു കരുതുക. അതിന്റെ സ്ഥാനത്ത് 750 രൂപ നിശ്ചയിച്ചാലോ? രണ്ടുവിധത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടും. ഒന്ന്, കൂടിയ വില നല്‍കണം. രണ്ട്, 500 രൂപയ്ക്കല്ല നികുതി. 750 രൂപയ്ക്കാണ്. അതായത്, അധിക നികുതി നല്‍കണം.

ഉയര്‍ന്ന എംആര്‍പി ഒരു വില്‍പ്പനതന്ത്രമാണ്. ഉല്‍പ്പാദകന്‍ അല്ലെങ്കില്‍ മൊത്തവ്യാപാരി എംആര്‍പിയേക്കാള്‍ താഴ്ന്ന വിലയ്ക്കായിരിക്കും ചില്ലറവ്യാപാരിക്ക് സാധനങ്ങള്‍ വില്‍ക്കുക. അത് വില്‍പ്പന കൂടാന്‍ സഹായിക്കും. ലാഭവും വര്‍ധിപ്പിക്കും. മൊത്തവ്യാപാരിക്ക് ലാഭം. ചില്ലറവ്യാപാരിക്കും ലാഭം. ഉപഭോക്താവിന് നഷ്ടവും.
നികുതി ഇളവിന്റെ പ്രയോജനം ഉപഭോക്താവിന് നിഷേധിക്കുന്നതിനെതിരായ ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള അധികലാഭ നിയന്ത്രണചട്ടം അങ്ങേയറ്റം ദുര്‍ബലമാണ്. ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളും സേവനങ്ങളും കോടിക്കണക്കിന് ഉപഭോക്താക്കളും വ്യാപാരികളും  കോടാനുകോടി ഇടപാടുകളെല്ലാം ഉള്‍പ്പെടുന്നതാണ് ഉല്‍പ്പാദന വ്യാപാര ലോകം. നിയമലംഘനം സംബന്ധിച്ച് ഓരോ കേസും പരിശോധിച്ച് നടപടിയെടുക്കുക അതോറിറ്റിയുടെ കഴിവിനുമപ്പുറമാണ്്. അതിനര്‍ഥം ഉപഭോക്താക്കള്‍ തുടര്‍ന്നും ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കും എന്നാണ്.

നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നവര്‍ മാത്രമല്ല നികുതിയുടെ കീഴില്‍ വരുക. ഉദാഹരണമായി ഒരു കസേര ഉണ്ടാക്കാന്‍ മരം, ആണി, മെഴുക്, പോളിഷ് എന്നിവവേണം. അവയാണ് ഉല്‍പ്പാദനത്തിലെ ഇന്‍പുട്ടുകള്‍. ഇന്‍പുട്ടുകള്‍ വാങ്ങിയപ്പോള്‍ നല്‍കിയതാണ് ഇന്‍പുട്ട് നികുതികള്‍. കസേര വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ വില്‍പ്പന നികുതി നല്‍കണം. കസേര ഉല്‍പ്പാദനപ്രവര്‍ത്തനത്തിന്റെ ഔട്ട്പുട്ടാണ്. ഔട്ട്പുട്ടിന്മേല്‍ ചുമത്തുന്നതാണ് ഔട്ട്പുട്ട് നികുതി. മരത്തിനും ആണിക്കും പോളിഷിനും മെഴുകിനും നികുതി നേരത്തെ നല്‍കപ്പെട്ടതാണ്. അവയെല്ലാം ഉള്‍പ്പെടുന്ന കസേരയുടെമേല്‍ നികുതി ചുമത്തുമ്പോള്‍ നികുതിക്കുമേല്‍ നകുതിയായി. അതൊഴിവാക്കാനുള്ള മാര്‍ഗം ഔട്ട്പുട്ട് നികുതിയില്‍നിന്ന് (കസേരയുടെ നികുതിയില്‍നിന്ന്) മരം, ആണി, മെഴുക്, പോളിഷ് എന്നിവയുടെ നികുതി (ഇന്‍പുട്ട് ടാക്സ്) വകവച്ച് നല്‍കുകയാണ്. ഇതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം. ഇതിന്റെ പ്രയോജനം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും അതോറിറ്റിക്കാണ്.

ക്രമംവിട്ട ധൃതിയാണ് ചരക്ക് സേവന നികുതി അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. അതിന് ന്യായീകരണമില്ല. മുന്നൊരുക്കങ്ങള്‍ നടത്താന്‍ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും സാവകാശം നല്‍കണമായിരുന്നു. 75 ലക്ഷം രൂപയില്‍താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് അനുമാന നികുതിരീതി സ്വീകരിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. പക്ഷേ, അവര്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം ലഭിക്കുകയില്ല. വിറ്റുവരവിന്റെ നിശ്ചിത ശതമാനം നികുതിയായി നല്‍കിയാല്‍ മതി. 75 ലക്ഷം രൂപയില്‍ അധികം വിറ്റുവരവുള്ള എല്ലാ വ്യാപാരികളും വ്യവസായികളും തങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ തരവും വിലയും അളവും സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടര്‍ശൃംഖലവഴി നികുതികേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്. നികുതിസമാഹരണം കുറ്റമറ്റതാക്കാന്‍ അത്തരം സംവിധാനങ്ങള്‍ ആവശ്യമാണ്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും കംപ്യൂട്ടര്‍ശൃംഖലവഴിയുള്ള വിവരകൈമാറ്റം അത്യാവശ്യമാണ്. എന്നാല്‍, മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാവകാശം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ചരക്ക് സേവന നികുതി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അടിച്ചേല്‍പ്പിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പരിഷ്കാരങ്ങളുടെയും പൊതുസ്വഭാവം. അത്തരമൊന്നയിരുന്നു നോട്ട് നിരോധനം. അതാകട്ടെ വന്‍ പരാജയവുമായി.

വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിനിരക്ക് സംബന്ധിച്ച അന്തിമതീരുമാനം ഇനിയും ആയിട്ടില്ല. ഓരോ ജിഎസ്ടി കൌണ്‍സില്‍യോഗവും ശ്രദ്ധേയമാകുന്നത് സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വാദവിവാദങ്ങളിലൂടെയാണ്. തികഞ്ഞ അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തെ അനിശ്ചിതത്വം സ്വാധീനിച്ചിട്ടുണ്ട്. അതുകെണ്ടാണ് പ്രതീക്ഷിച്ച നികുതിവരുമാനം ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി പ്രസ്താവിച്ചത്.

ഒരു സംസ്ഥാനത്തിനുമാത്രമായി പുതിയ സമ്പ്രദായത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. മൊത്തം സംസ്ഥാനങ്ങളില്‍ പകുതി പച്ചക്കൊടി കാണിച്ചാല്‍ രാജ്യത്താകെ നിലവില്‍വന്നതായി കണക്കാക്കും. തീര്‍ച്ചയായും കരണീയമായിട്ടുള്ളത് ജിഎസ്ടി കൌണ്‍സില്‍ യോഗങ്ങള്‍ വിലപേശലിനുള്ള വേദിയാക്കുകയാണ്. അത്തരം വിലപേശലിലൂടെയാണ് കശുവണ്ടിയുടെ നികുതിനിരക്ക് കേരളം അഞ്ച് ശതമാനമായി കുറച്ചതും അന്യസംസ്ഥാന ലോട്ടറി നികുതി ഉയര്‍ത്തി നിശ്ചയിപ്പിച്ചതും.

സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരം കവരുന്നതാണ് ചരക്ക് സേവന നികുതി സമ്പ്രദായം. സംസ്ഥാനത്തിന് ഏതെങ്കിലും ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ നികുതിനിരക്ക് ഏകപക്ഷീയമായി മാറ്റാന്‍ കഴിയില്ല. ജിഎസ്ടി കൌണ്‍സിലിന്റെ അംഗീകാരത്തോടെയേ ഏതു നികുതിമാറ്റവും നടത്താവൂ. ഏതെങ്കിലും ഒരു ഉല്‍പ്പന്നം നികുതി ഇളവ് നല്‍കി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല. അതേപോലെ ബജറ്റ് മുഖേനയുള്ള നികുതിനിര്‍ദേശങ്ങളും അപ്രസക്തമാകും. സംസ്ഥാനങ്ങളുടെ അധികാരം അങ്ങനെ വെട്ടിച്ചുരുക്കപ്പെട്ടിരിക്കുന്നു.

അമേരിക്കയെയാണ് ഇന്ത്യ മാതൃകയാക്കുന്നത്. അമേരിക്കന്‍ രീതിയില്‍ മുതലാളിത്തം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ശ്രമം. അമേരിക്കയില്‍ പക്ഷേ ഏകീകൃത നികുതിവ്യവസ്ഥയല്ല. രാജ്യംമുഴുവന്‍ ഒറ്റനികുതി സമ്പ്രദായമില്ല. അഞ്ചു സംസ്ഥാനത്ത് വില്‍പ്പനനികുതിയില്ല. 45 സംസ്ഥാനങ്ങളിലോരോന്നിലും വ്യത്യസ്ത നികുതിനിരക്കാണ്. പക്ഷേ, അമേരിക്കന്‍വിപണി ഏകീകൃതമല്ലെന്ന ആക്ഷേപമില്ല. അമേരിക്കയുടേത് ദേശീയവിപണിയാണ്. പക്ഷേ, സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നികുതികളും നിരക്കുകളും നിര്‍ണയിക്കാന്‍ അവകാശമുണ്ട്

പ്രധാന വാർത്തകൾ
 Top