22 September Tuesday

സ്വ‍ര്‍ണത്തിന്റെ വിലക്കയറ്റം - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻ Updated: Thursday Aug 13, 2020


ലോകരാജ്യങ്ങളിൽ ഇന്ത്യക്കാണ് സ്വർണം ഉപയോഗത്തിൽ രണ്ടാംസ്ഥാനം. ഉൽപ്പാദിപ്പിക്കുന്ന സ്വർണത്തിന്റെ 25 ശതമാനവും ഇന്ത്യയാണ് ഉപയോഗിക്കുന്നത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം പ്രഥമസ്ഥാനത്ത്‌ നിൽക്കുന്നു. രണ്ടാംസ്ഥാനം ഗോവയ്ക്ക്. എന്നാൽ, ദേശീയ സാമ്പിൾ സർവേ പ്രകാരം, ഗോവയിൽ വിൽക്കപ്പെടുന്നതിന്റെ ആറിരട്ടി സ്വർണമാണ് കേരളത്തിൽ വിൽക്കുന്നത്. രാജ്യത്തെ സ്വർണം ഉൽപ്പാദനം നാമമാത്രമാണ്. ആകെ ലഭ്യതയുടെ ഒരു ശതമാനം പ്രവർത്തനക്ഷമമായ 30 റിഫൈനറിയിൽ ബഹുഭൂരിപക്ഷവും ചെറുകിട റിഫൈനറികളാണ്. ആവശ്യമായ സ്വർണത്തിന്റെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിർവഹിക്കപ്പെടുന്നത്. 10 ശതമാനം കള്ളക്കടത്തിലൂടെയും. ഇതിൽ വ്യത്യാസം വരാം. കാരണം, നികുതി നൽകാതെയും ശരിയായ രേഖകളില്ലാതെയും അനധികൃതമാർഗങ്ങളിലൂടെയാണ് കള്ളക്കടത്ത്. വല്ലപ്പോഴും കസ്റ്റംസ് പിടികൂടുന്നതിന്റെ അടിസ്ഥാനത്തിലുള്ള ഊഹക്കണക്കാണ് സർക്കാർ നൽകുന്നത്.

ഇന്ത്യ എങ്ങനെ ലോകത്തെ സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമായി എന്ന അലൻ മാർട്ടിന്റെ പഠനം സംക്ഷിപ്തമെങ്കിലും വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. ലോകമെമ്പാടും വ്യാപരിച്ചുകിടക്കുന്ന അനധികൃത സ്വർണവ്യാപാരത്തെക്കുറിച്ച് പഠിച്ച നിതി ആയോഗ് (2018) കള്ളക്കടത്തെന്ന വാക്കുതന്നെ ഉപയോഗിക്കാൻ വിസമ്മതിക്കുന്നു. മറ്റ്‌ സ്രോതസ്സുകൾ എന്നാണ്‌ വിശേഷണം നൽകുന്നത്‌. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നി​ഗമനം കുറെക്കൂടി വ്യക്തമാണ്. പ്രതിവ‍‍ർഷ ഇറക്കുമതിയുടെ (900--ടൺ) 20 ശതമാനം വരും അനധികൃതസ്വ‍‍ർണക്കടത്ത്‌ എന്ന്‌ കണക്കാക്കുന്നു.

നികുതിവെട്ടിച്ചെത്തുന്ന സ്വർണം
ആഭ്യന്തര ഉൽപ്പാദനം നാമമാത്രമായിരിക്കെ ഇറക്കുമതി നിയന്ത്രിക്കുകയാണ് കേന്ദ്ര സർക്കാ‍ർ നയം. ഇതൊരു വൈരുധ്യമാണ്. 2015–---16ൽ 31.8 ശതകോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്‌ത സ്ഥാനത്ത്‌ 2018‐19ൽ 29.62 ശതകോടിയായും 2019--‐20 ആദ്യത്തെ 11 മാസം 27 ശതകോടി ഡോളറായും ചുരുക്കി. ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാണ് ഇറക്കുമതി സ്വർണം നിയന്ത്രിച്ചത്‌.


 

2012 ജനുവരിയിൽ രണ്ടു ശതമാനമായിരുന്നു ഇറക്കുമതിച്ചുങ്കം. 2018ൽ എട്ട്‌ ശതമാനമാക്കി. 2019 ആഗസ്‌തിൽ 10 ശതമാനമായും തുടർന്ന്‌ 12.5 ശതമാനമായും ഉയർത്തി. ഇതിനു പുറമെയാണ്‌ മൂന്നുശതമാനം ചരക്കുസേവന നികുതി. നികുതി വെട്ടിച്ച്‌ രാജ്യത്തേക്ക്‌ എത്തിക്കുന്ന സ്വർണം ഭീകരപ്രവർത്തനങ്ങൾക്കും കരിഞ്ചന്തവ്യാപാരത്തിനും മറ്റൊട്ടേറെ അനധികൃത ഇടപാടുകൾക്കുമാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. അത്‌ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും അപകടപ്പെടുത്തുന്നു. സ്വർണവ്യാപാരത്തിന്റെയും ഉപയോഗത്തിന്റെയും മറ്റൊരുപ്രധാന വശം വിസ്‌മരിച്ചുകൂടാ. ഇന്ത്യയുടെ ദേശീയവരുമാനത്തിൽ ഏഴ്‌ ശതമാനം സ്വർണ–- വജ്ര മേഖലയുടെ സംഭാവനയാണ്‌. കയറ്റുമതിവ്യാപാരത്തിന്റെ 15 ശതമാനം പ്രസ്‌തുത മേഖലയുടേതാണ്‌.

ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവനോപാധിയാണ്‌ ആഭരണനിർമാണവും വ്യാപാരവും. നിതി ആയോഗിന്റെ കണക്കുപ്രകാരം 6.5 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ്‌ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട്‌ പ്രതിവർഷം നടക്കുന്നത്‌. ഈ മേഖലയിലെ 90–-95 ശതമാനവും ചെറുകിട–-ഇടത്തരം ബിസിനസ്‌ സ്ഥാപനങ്ങളാണ്‌. അവയിലെല്ലാംകൂടി 2017ൽ 61 ലക്ഷം പേർ പണിയെടുക്കുന്നു. 2022ൽ അത്‌ 94 ലക്ഷമാകുമെന്നും നിതി ആയോഗ്‌ കണക്കാക്കുന്നു. നികുതി കുറച്ച്‌ ആവശ്യമായ സ്വർണം ഇറക്കുമതി ചെയ്‌താൽ ഒരേസമയം വ്യവസായത്തെ രക്ഷിക്കാനും കള്ളക്കടത്തിന്റെ തീവ്രത കുറയ്‌ക്കാനും കഴിയും. നികുതിരഹിത വ്യവസ്ഥയല്ല വേണ്ടത്‌, കുറഞ്ഞ നികുതി വ്യവസ്ഥയാണ്‌.

സ്വർണനിക്ഷേപത്തിലേക്ക്‌

സ്വർണത്തിന്റെ ആവശ്യങ്ങൾ‌ അനവധിയാണ്‌. ആഭരണനിർമാണത്തിനുമാത്രമല്ല, വ്യവസായമേഖലയിലും ആരോഗ്യമേഖലയിലും ഇലക്‌ട്രോണിക്‌സ്‌ രംഗത്തും സ്വർണം ഉപയോഗിക്കപ്പെടുന്നു. ലോകത്തെ ധനികവർഗം അവരുടെ ആസ്തിയും വരുമാനവും വർധിപ്പിക്കാനുള്ള നിരന്തരമായ ഓട്ടത്തിലാണ്‌. എവിടെയാണോ എന്തിലാണോ അധിക ലാഭസാധ്യത അവിടേക്ക്‌ ധനമൂലധനം ഒഴുകിയെത്തും. നഷ്ടമുള്ളിടത്തുനിന്ന്‌ തിരിച്ചൊഴുക്കുകയും ചെയ്യും. ആ പ്രക്രിയയാണ്‌ ഇന്ന്‌ സ്വർണവിപണിയിൽ കാണുന്നത്‌.


 

രാജ്യത്തെ വ്യവസായവളർച്ച സ്‌തംഭനാവസ്ഥയിലാണ്‌. ലാഭനിരക്ക്‌ കുറയുകയാണ്‌. അതോടെ ഓഹരിവിലകളും. ആ പരിതസ്ഥിതിയിൽ ധനമൂലധനം ഓഹരിവിപണിയിൽനിന്ന്‌ പിൻവാങ്ങി സ്വർണവിപണിയിലേക്ക്‌ തിരിയുന്നു. സ്വർണത്തിന്‌ ആവശ്യമുയരുന്നു. വ്യവസായ സ്‌തംഭനത്തിന്റെ മറ്റൊരു പ്രത്യാഘാതം മൂലധനത്തിന്റെ ആവശ്യം ചുരുങ്ങുന്നതാണ്‌. അതിനാൽ, മ്യൂച്ചൽ ഫണ്ട്‌ നിക്ഷേപം അനാകർഷകമാകുന്നു. സ്വർണത്തിലെ നിക്ഷേപം ആകർഷകവും. റിസർവ്‌ ബാങ്ക്‌ അടിക്കടി റിപ്പോ നിരക്ക്‌ കുറയ്‌ക്കുന്നതുമൂലം ബാങ്ക്‌ നിക്ഷേപങ്ങളുടെ പലിശനിരക്കും കുറയുന്നു. സ്ഥിരം നിക്ഷേപത്തിന്റെ പലിശയിലുണ്ടാകുന്ന ഇടിവ്‌ അനവധിപേരെ സ്ഥിരം നിക്ഷേപത്തിൽനിന്ന്‌ പിന്തിരിയാനും സ്വർണനിക്ഷേപത്തിലേക്ക്‌ ചേക്കേറാനും പ്രേരിപ്പിക്കുന്നു. ഫ്ളാറ്റുകൾ നിർമിച്ച്‌ വിൽക്കുകയോ വാടകയ്‌ക്ക്‌ നൽകുകയോ ചെയ്‌തുപോന്ന റിയൽ എസ്‌‌റ്റേറ്റ്‌ വ്യവസായികൾ, ആ മേഖലയിലെ തളർച്ച മറികടക്കാൻ സ്വർണവിപണിയിലേക്ക്‌ പ്രവേശിക്കുന്നു. മറ്റൊന്ന്‌ അവധിവ്യാപാരമാണ്‌. ഭാവിയിലെ നിശ്ചിത വില ഉറപ്പിച്ച്‌ ഇന്ന്‌ വ്യാപാരം ചെയ്യുന്ന രീതിയാണ്‌ അവധിവ്യാപാരം. സ്വർണത്തിന്റെ അവധിവ്യാപാരം ശക്തിപ്പെടുകയാണ്‌. അതും വിലക്കയറ്റത്തിന്‌ വഴിയൊരുക്കുന്നു.

ഡോളറിന്റെ മൂല്യത്തകർച്ച ഡോളറിന്‌ ആവശ്യകത ചുരുക്കിയിട്ടുണ്ട്‌. ഡോളർ കൈവശം വയ്ക്കുന്നതിനുപകരം സ്വർണം കൈവശം വയ്‌ക്കാനാണ്‌ ധനമൂലധനം പരിഗണന നൽകുന്നത്‌. 2020 ഫെബ്രുവരിയിൽ ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക്‌ ഒരു ഡോളറിന്‌ 71.18 രൂപയെന്ന നിലയ്‌ക്കായിരുന്നു. ആഗസ്‌ത്‌ ആയപ്പോഴേക്കും അത്‌ 74.93 രൂപയായി. അതായത്‌, ഡോളറിന്റെ വിനിമയമൂല്യം ഇടിഞ്ഞു. ഡോളർവ്യാപാരം അനാകർഷകമായി. ചൈനയുമായുള്ള വ്യാപാരയുദ്ധം ഡോളറിന്റെ മൂല്യം ഇനിയും ഇടിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌. മൂല്യം ഇടിയുന്ന ഡോളർവ്യാപാരം ചെയ്യുന്നതിനേക്കാൾ മൂല്യം വർധിക്കുന്ന സ്വർണം കൈവശം വയ്‌ക്കാനാണ്‌ ധനമൂലധനം ആഗ്രഹിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top