18 May Tuesday

വേനൽക്കാലം കരുതൽക്കാലം - ഐ ബി സതീഷ് എഴുതുന്നു

ഐ ബി സതീഷ്Updated: Friday Apr 16, 2021

അടുത്തകാലംവരെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊന്നും സാധാരണക്കാരെ ബാധിക്കുന്ന വിഷയമായിരുന്നില്ല. എന്നാൽ ഇന്ന്‌ അതല്ല സ്ഥിതി. വിദ്യാർഥികൾ മുതൽ വയോധികർവരെ ജലത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്‌. വരാനിരിക്കുന്ന വരൾച്ചയെയും ജലപ്രതിസന്ധിയെയും കുറിച്ചുമെല്ലാം അവർ വായിക്കുന്നു. ചർച്ചകളിൽ ഏർപ്പെടുന്നു. ഭരണകർത്താക്കൾ എടുക്കേണ്ട നടപടികളെക്കുറിച്ച്‌ നിർദേശങ്ങൾ നൽകുന്നു. വ്യക്‌തിപരമായും കൂട്ടായും നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. പക്ഷേ പ്രായോഗിക തലത്തിൽ എന്തെല്ലാം കാര്യങ്ങളിലേക്ക്‌ നീങ്ങുന്നുണ്ട്‌ എന്നതാണ്‌ ഇനിയുള്ള കാലത്ത്‌ പ്രസക്‌തം.

ജലസംരക്ഷണത്തിന്റെ കാര്യത്തിൽ ക്രിയാത്‌മകതയിലേക്ക്‌  കടക്കാത്ത പക്ഷം നമുക്ക് നേരിടാനുള്ളത്‌ വലിയ വെല്ലുവിളികളായിരിക്കും. സമാനതകളില്ലാതെ രണ്ടു വർഷം പ്രളയത്തെ നേരിട്ട ജനത അതേ ഗൗരവത്തോടെ തന്നെ വരൾച്ചയെയും നേരിടാൻ സജ്ജമായിരിക്കണം. ഇപ്പോൾ തന്നെ കടുത്ത ചൂടിലേക്കും അതേസമയം തന്നെ വേനൽ മഴയിലേക്കും കേരളം നീങ്ങുകയാണ്‌. ചെറിയ ഭൂമികയിൽ തികച്ചും വ്യത്യസ്‌തമായ കാലാവസ്ഥ അനുഭവപ്പെടുകയാണ്‌. വടക്കൻ കേരളത്തിൽ കനത്ത വേനലായിരിക്കുമ്പോൾ തെക്കൻ കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു. ഇതാണ്‌ കുറച്ചു കാലമായുള്ള അനുഭവം. കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമാംവിധം മാറിമറിയുകയാണ്. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നം ചെറുതല്ല.

ജലക്ഷാമവും അത് ഉണ്ടാക്കാനിടയുള്ള ഗുരുതരമായ പ്രതിസന്ധികളെയും പ്രതിരോധിച്ചുനിർത്തേണ്ടതുണ്ട്. ഇതിന് താൽക്കാലികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള ആസൂത്രണവും നടപടികളും  മുൻകൂറായി സ്വീകരിക്കേണ്ടതുണ്ട്. ജലസംരക്ഷണം, ജലവിനിയോഗം എന്നിവയിൽ നാം സ്വീകരിക്കുന്ന അലംഭാവവും അശാസ്ത്രീയ സമീപനവും ധാരാളിത്തവുമാണ് ഒരു കാരണം. ഒപ്പം ജലസ്രോതസ്സുകളെ നാം പാടെ മറന്നുള്ള പ്രകൃതി ചൂഷണ സമീപനവും കാലാവസ്ഥാ വ്യതിയാനമുണ്ടാക്കാൻ സമൂഹം സ്വീകരിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാത പ്രവർത്തനങ്ങളുമെല്ലാം ചേർന്നതാണ് കേരളത്തിന്റെ ജല ദുർബലാവസ്ഥയുടെ കാരണമെന്നും പറയാം. പട്ടണപ്രദേശങ്ങളിലാണ് കൂടുതൽ ജലാവശ്യമുള്ളത്‌.  ഗ്രാമങ്ങളെ അപേക്ഷിച്ച് മഴക്കുറവ് നഗരത്തിലാണ്‌.

എന്നാൽ ശുദ്ധജലത്തിന്റെ 25 ശതമാനം ചെലവാകുന്നത് നഗരത്തിലാണ്. വെള്ളത്തിന്റെ വിലയറിയാതെ  ജീവിതത്തിൽ അതിനുള്ള പങ്കു മനസ്സിലാക്കാതെ, വെള്ളത്തിന്റെ പ്രശ്‌നങ്ങൾ വരൾച്ചാക്കാലത്തൊഴികെ നാം ചർച്ചാവിധേയമാക്കാറില്ല. മലയാളിയുടെ പ്രത്യേകതകളെന്ന് എടുത്തുപറയാവുന്ന ജീവിത ചര്യകൾ വെള്ളവുമായി ബന്ധപ്പെട്ടവയാണ്. വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉയർന്ന ജീവിത ഗുണനിലവാരവും അതിന്റെ ലക്ഷണങ്ങളായ ആരോഗ്യ സൂചികകളുമെല്ലാം ഉണ്ടാകാൻ കാരണം ആവശ്യത്തിന്‌ നല്ല വെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക്കുമെല്ലാം ലഭ്യമായതുകൊണ്ടുകൂടിയാണ്. നാം ഉപയോഗിക്കുന്ന വെള്ളം ആവശ്യത്തിന്റെ എത്രയോ മടങ്ങാണ്. ഐക്യരാഷ്ട്ര സംഘടന പറയുന്നത് ഒരാൾക്ക് ഒരു ദിവസം 50 ലിറ്റർ വെള്ളം വേണമെന്നാണ്. നാം 50 ലിറ്റർ വെള്ളംകൊണ്ട് എന്തുചെയ്യും. ഇന്ത്യയിൽ ജലവിനിയോഗം 93 ശതമാനം കാർഷികാവശ്യങ്ങൾക്കും 3.72 ശതമാനം വ്യാവസായികാവശ്യങ്ങൾക്കും 3.73 ശതമാനം ഗാർഹികാവശ്യങ്ങൾക്കുമെന്നാണ് കണക്ക്. കേരളത്തിൽ ഗാർഹികാവശ്യങ്ങൾക്കാണ് ശരാശരി കൂടുതൽ വിനിയോഗിക്കുന്നത്.


 

പെയ്യുന്ന മഴ മുഴുവൻ കേരളത്തിന്റെ ഉപരിതലത്തിൽ കെട്ടിനിർത്തിയാൽ, പത്തടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും. ലഭിക്കുന്ന മഴയുടെ 90ശതമാനം ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറുമാസങ്ങൾക്കുള്ളിലാണ് കിട്ടുന്നത്.  മഴ പെയ്ത്‌ മണിക്കൂറുകൾക്കുള്ളിൽ നദികളിലെ ജലനിരപ്പ് ഉയരുകയും വെള്ളം കടലിലേക്കൊഴുകിച്ചേരുകയും ചെയ്യും. ഏതെങ്കിലും തരത്തിൽ വെള്ളം സംഭരിച്ച്‌ നിർത്താനായില്ലെങ്കിൽ  എല്ലാ വർഷവും മഴയില്ലാത്ത കാലങ്ങളിൽ വരൾച്ചയെ നേരിടേണ്ടിവരും.

മഴയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളം തികച്ചും അനുഗൃഹീതമാണ്‌. അതുകൊണ്ടാണ്‌ കേരളത്തിൽ ഇപ്പോൾ സാധാരണ ടൂറിസം കാലം പോലെ തന്നെ മൺസൂൺ ടുറിസവും ആസ്വദിക്കപ്പെടുന്നത്‌. നമ്മുടെ മഴ കൊള്ളാൻ വിദേശികളെത്തുന്നു. ലോകത്ത് ഏറ്റവും ശക്തമായ മഴത്തുള്ളികൾ ലഭിക്കുന്നത് കേരളത്തിലാണ്‌. സാധാരണ മഴ ലഭിച്ചാൽ ഒരു സെന്റ് ഭൂമിയിൽ വീഴുന്നത് 1.20 കോടി ലിറ്റർ വെള്ളമാണ്. അതേസമയം നാം ആ മഴക്കാലം മുഴുവൻ കണ്ടാസ്വദിക്കുകയും വേനലാകുമ്പോൾ കുടിവെള്ള ടാങ്കറുകൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. മഹാപ്രളയം കഴിഞ്ഞ വർഷങ്ങളിൽ പോലും നമുക്ക് വേനൽക്കാലം വരൾച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും കാലമായി മാറുന്നു. വേനൽക്കാലത്ത്‌ കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങുകയായി. ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ച് ലോറികളിൽ വെള്ളമെത്തിക്കും.  പരാതികൾ പരിഹരിക്കാനാവുകയുമില്ല. വെള്ളം കിട്ടാതെ നശിക്കുന്ന കൃഷിയും മറ്റു വിളകളും, അതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം തുടങ്ങിയവ വേറെ. കാലവർഷം ആരംഭിക്കുന്നതോടെ എല്ലാം മറക്കുന്നു. നികന്നുപോയതും മലിനീകരിക്കപ്പെട്ടതുമായ എത്രയെത്ര കുളങ്ങളും ജലാശയങ്ങളുമാണ് നാട്ടിൻപുറങ്ങളിലുള്ളത്.  കൂട്ടായ്മയിലൂടെ ഇവയെ പുനരുദ്ധരിച്ചാൽ വലിയ അളവിൽ കുടിവെള്ളവും ജലസേചനാവശ്യത്തിനുള്ള വെള്ളവും ലഭ്യമാക്കാനാകും. അതിനുള്ള തുടക്കമാണ്‌ തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ ആരംഭിച്ച ജലസമൃദ്ധി പദ്ധതി. ഇപ്പോൾ തളിപ്പറമ്പിലും തുടക്കം കുറിച്ച പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന്‌ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജല ഉപയോഗത്തിലെ ധാരാളിത്തം നിയന്ത്രിക്കാൻ വലിയതോതിലുള്ള ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ തന്നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനംമുതൽ തുടങ്ങണം ഇതിന്റെ പ്രചാരണം. ഏറ്റവും ഫലപ്രദമായ ജലസംരക്ഷണ മാർഗങ്ങളിലൊന്നാണ് മേൽക്കൂര ജലശേഖരണവും കിണർ ചാർജിങ്ങും. കാലവർഷത്തിന്റെ ഒടുവിൽ ശേഖരിച്ചാൽ പോലും നമുക്ക് കിണറും ജലസംഭരണികളും സമ്പന്നമാക്കാം. അതിനായി ഊർജിതമായ ബോധവൽക്കരണവും വേണം. പട്ടണപ്രദേശങ്ങളിലെ മേൽക്കൂര വെള്ളംകൊണ്ട് വേനലിന്റെ മൂന്നിൽ രണ്ടുഭാഗം ആവശ്യവും നികത്തപ്പെടാനാകും. ഭൂമിയുടെ ഉപരിതലത്തിലും ഭൂഗർഭത്തിലും വെള്ളം സംഭരിക്കാൻ കഴിയും.  പരമ്പരാഗത രീതിയിൽ വെള്ളം സംഭരിച്ചു നിർത്തുന്നതിന് ധാരാളം കുളങ്ങൾ കുഴിക്കുന്ന രീതി കേരളത്തിൽ വ്യാപകമായി  സ്വീകരിച്ചിരുന്നു. ധാരാളം സ്വാഭാവിക ജലാശയങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയിലൂടെ വെള്ളം സംരക്ഷിക്കപ്പെട്ടിരുന്നു. ഈ ഉപരിതല സ്രോതസ്സുകൾ സമീപപ്രദേശങ്ങളിലെ കിണറുകൾ സമ്പുഷ്ടമാക്കും. ഭൂഗർഭജലസമ്പത്ത് വർധിപ്പിക്കുകയും ചെയ്യും.


 

ശരാശരി 200-ലേറെ കുടുംബങ്ങൾക്ക് ഗാർഹികാവശ്യങ്ങൾ നിറവേറ്റാൻ ഒരു നീരുറവ മതിയാകും. എന്നാൽ സസ്യാവരണത്തിന്‌ നേരിടുന്ന നാശം, ഈ സ്രോതസ്സുകൾ നാമാവശേഷമാകുന്നതിന് ഇടയാക്കും. കുന്നുകൾക്കിടയിലുള്ള ഏലാകളിലെ മഴവെള്ളം താൽക്കാലികമായി സംഭരിക്കുന്നതിന് പാടങ്ങൾ സഹായിക്കുന്നു. ഇത് നദികളിലേക്കുള്ള പ്രവാഹം താൽക്കാലികമായി തടഞ്ഞു നിർത്തുകയും കിണറുകളും ഭൂഗർഭജലവും സമ്പന്നമാക്കുകയും ചെയ്യും.
അശാസ്ത്രീയമായ കൃഷി, വനനശീകരണം, സസ്യാവരണനാശം തുടങ്ങിയ വിവിധ കാരണങ്ങളാൽ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. നീരുറവകൾ വരണ്ടുപോകുന്നതും, പാടങ്ങളിൽ ഈർപ്പം നഷ്ടപ്പെടുന്നതും കിണറുകളിലെ ജലനിരപ്പ് താഴുന്നതും സംഭരിക്കപ്പെടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞതുകൊണ്ടാണ്.  കഴിഞ്ഞ വർഷങ്ങളിൽ പല ജില്ലകളിലും ഉഷ്ണതരംഗം തന്നെയുണ്ടായി. 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രണ്ടു ദിവസമുണ്ടായാൽ അത് ഉഷ്ണതരംഗമായി കണക്കാക്കും. സസ്യാവരണനാശം, മണ്ണൊലിപ്പുണ്ടാകുന്ന തരത്തിലുള്ള കൃഷി, രാസവളങ്ങളും കീടനാശിനികളുംമൂലമുള്ള മലിനീകരണം എന്നിവ മൂലം ശുദ്ധജലാശയങ്ങളുടെ നിലനിൽപ്പ്‌ അപകടത്തിലായിരിക്കുന്നു. വൻതോതിലുള്ള ജനവാസം മലിനീകരണം വർധിപ്പിക്കുന്നു. കാടുകളും പുൽമേടുകളും സംരക്ഷിക്കുക, മണ്ണൊലിപ്പു തടയുന്ന തരത്തിൽ കൃഷി നിയന്ത്രിക്കുക, ജലമലിനീകരണം ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക തുടങ്ങിയവയിലൂടെ മാത്രമേ ശുദ്ധജലതടാകങ്ങൾ സംരക്ഷിക്കാൻ കഴിയൂ.

ജല ഉപയോഗത്തിൽ മലയാളികൾ ധൂർത്തരാണ്. കേരളത്തിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ആവശ്യത്തിന്റെ എത്രയോ മടങ്ങാണ്. അശാസ്ത്രീയ ജലസേചന സമീപനമാണ് നാം സ്വീകരിക്കുന്നത്. കേരളത്തിന്റെ ഉൽപ്പാദനമേഖലയിലെ പകുതിയിലധികം വരുമാനം കൃഷിയിൽ നിന്നാണുണ്ടാകുന്നത്. കാർഷികോൽപ്പാദനം മുരടിച്ചാൽ ഭക്ഷ്യക്ഷാമം മാത്രമല്ല, സാമ്പത്തിക രംഗമാകെ അവതാളത്തിലാകും. ഇങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ സകല മേഖലകളിലും ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഏറിവരികയാണ്‌. പുതുതലമുറയിലേക്കും ആ സന്ദേശം എത്തിക്കാനാകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top