20 February Wednesday

ഈ ദുരിതപ്പെയ്ത്ത് കേരളത്തോട് പറയുന്നതെന്ത്?

ഡോ. എം ജി മനോജ്Updated: Monday Aug 13, 2018

പെരുമഴയിൽ മുങ്ങിയ കേരളത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി പ്രളയവും ഉരുൾപൊട്ടലും തുടരുമ്പോൾ കാലാവസ്ഥ വ്യതിയാനത്തെ സംശയദൃഷ്ടിയോടെ സമീപിച്ചവർക്കുപോലും അതിന്റെ സംഹാരതാണ്ഡവത്തിൽനിന്നു രക്ഷപ്പെടാനാകില്ല എന്നതാണ് വർത്തമാനകാലം നമ്മെ പഠിപ്പിക്കുന്നത്. തുടർച്ചയായ മൂന്നു വരൾച്ചവർഷങ്ങൾക്കുശേഷം ഇക്കൊല്ലം ലഭിക്കുന്ന അതിവൃഷ്ടി കേരളത്തിന്റെ സമസ്തമേഖലകളെയും ബാധിച്ചു. പ്രകൃതിയുടെ ഈ ക്രൂരതയ്ക്ക് വിധേയമാകുന്നതിൽ ഏറിയ പങ്കും സർവസ്വവും നഷ്ടപ്പെട്ട പാവപ്പെട്ട ജനവിഭാഗങ്ങളാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം! കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മൺസൂൺ കാലത്ത് 40 സെന്റിമീറ്ററിലേറെ മഴ ഒറ്റദിവസംകൊണ്ട് പെയ്തിറങ്ങുന്നത് (ആഗസ്ത് 09, 2018). സംസ്ഥാനത്തെ ഇരുപത്തിനാലോളം അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നുവിടേണ്ട സവിശേഷ സാഹചര്യം ഉടലെുത്തു. എന്താണ് ഈ അപൂർവ കാലാവസ്ഥ നമ്മെ പഠിപ്പിക്കുന്നതെന്നും ദുരന്തരഹിതഭാവിക്കായി നാം എങ്ങനെയെല്ലാം ഒരുങ്ങിയിരിക്കണമെന്നും പരിശോധിക്കാം.

ഇടവപ്പാതി എന്നു നാം വിളിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലഘട്ടത്തിൽ ഇന്ത്യയിലാകെ മഴ ലഭിക്കുന്നത് പ്രധാനമായും ഭൂമധ്യരേഖയ്ക്ക് ഏതാണ്ട് സമാന്തരമായി വടക്കുദിശയിൽ ചാഞ്ചാട്ടം (oscillation) നടത്തുന്ന  ITCZ (ഇന്റർ ട്രോപിക്കൽ കൺവേർജൻസ് സോൺ) എന്ന വലിയ മേഘപടലങ്ങളുടെ സഞ്ചാരംമൂലമാണ്. മാഡൻ‐ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്നാണ് ഈ ആന്ദോളനം അറിയപ്പെടുന്നത്. കൂടാതെ അറബിക്കടലുൾപ്പെടുന്ന പടിഞ്ഞാറൻ തീരപ്രദേശത്ത് രൂപപ്പെടുന്ന ന്യൂനമർദ പാത്തിയും (offshore trough) ഹിമാലയത്തിനുതാഴെ കിഴക്കൻ പാകിസ്ഥാൻമുതൽ ഒഡിഷാ തീരംവരെ നീണ്ടുകിടക്കുന്ന മൺസൂൺ മഴപ്പാത്തിയും (mansooon trough)മഴയുടെ തീവ്രതയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വർഷം ഏപ്രിൽ‐ മെയ് മുതൽതന്നെ എംജെഒയുടെ ശക്തിയും സ്ഥാനവും കേരളത്തിൽ സജീവമായി മഴ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നതാണ് വസ്തുത. അതോടൊപ്പം, മേൽപ്പറഞ്ഞ മഴപ്പാത്തിയിലുണ്ടായ ന്യൂനമർദങ്ങളും അതിതീവ്ര ന്യൂനമർദങ്ങളും(depression) തുടർച്ചയായ ദുരിതപ്പെയ്ത്തിന് കാരണമായി. ഇവയ്ക്കുപുറമെ ഇന്ത്യൻ മഹാസമുദ്രത്തിലെ അനുകൂലമായ താപവിന്യാസം, പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ചക്രവാതങ്ങളുടെ വിദൂരസ്വാധീനം എന്നിവ കാലവർഷക്കാറ്റിനെ തീവ്രമാക്കി നിലനിർത്തി.

എന്തുകൊണ്ടാണിങ്ങനെ ഒന്നിനുപുറകെ ഒന്നായി ന്യൂനമർദങ്ങളും ചക്രവാതങ്ങളുമുണ്ടാകുന്നത്? ശക്തമായ ഒരു ചക്രവാതം ഉണ്ടാകണമെങ്കിൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് വർഷിക്കപ്പെട്ടതുപോലെ നിരവധി അണുബോംബുകൾ പുറപ്പെടുവിക്കുന്നതിനുസമാനമായ ഊർജം ആവശ്യമാണ്. ഹരിതഗൃഹവാതകങ്ങളുടെ അമിതമായ ബഹിർഗമനംമൂലം ഭൗമാന്തരീക്ഷവും സമുദ്രാന്തർഭാഗങ്ങളും മുമ്പത്തേക്കാൾ വേഗത്തിൽ ചൂടുപിടിക്കുകയും ശക്തമായ മഞ്ഞുരുകലിനും സമുദ്രജലത്തിന്റെ വ്യാപ്തം വർധിക്കുന്നതിനും തന്മൂലം കടൽ നിരപ്പുയരുന്നതിനും കാരണമാകുന്നു എന്നു നമുക്കറിയാം. 1956നും 2005നും ഇടയ്ക്ക് ആഗോളതലത്തിൽ ഓരോ പത്തുവർഷവും ഏതാണ്ട് 0.13 ഡിഗ്രി സെൽഷ്യസ് വീതം അന്തരീക്ഷോഷ്മാവ് വർധിക്കുന്നു എന്നതാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐപിസിസി (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) റിപ്പോർട്ട് ചെയ്യുന്നത്. ഇത് അതിനുമുമ്പുള്ള കാലഘട്ടത്തേക്കാൾ ഇരട്ടിവേഗത്തിലാണ് വർധിക്കുന്നത്. വർധിതമായ ഈ താപോർജം ഗതികോർജമായി മാറുന്നതാണ് അതിശക്തമായ ചക്രവാതങ്ങളിലേക്കും പേമാരിയിലേക്കും നയിക്കുന്നത്. അതായത് ആഗോളതാപനം വഴി അന്തരീക്ഷത്തിലും സമുദ്രത്തിലും അടിഞ്ഞുകൂടുന്ന അതിതാപമാണ് ഇക്കൊല്ലമുൾപ്പെടെയുള്ള തീവ്രപ്രകൃതി പ്രതിഭാസങ്ങളിലേക്ക് നയിക്കുന്നത‌്.

കാലാവസ്ഥവ്യതിയാനവും ദുരന്തങ്ങളുമെന്നത് ആഗോളവും പ്രാദേശികവുമായ കാരണങ്ങൾമൂലമാണ് സംജാതമാകുന്നത്. ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെ ഭാഗമായുണ്ടാകുന്ന ലാഭക്കൊതിയുടെയും വിഭവങ്ങളുടെ അതിവിനിയോഗത്തിന്റെയും അനന്തരഫലവുമാണത്. രണ്ടുതരത്തിലാണ് കാലാവസ്ഥ വ്യതിയാനം പ്രശ്നങ്ങളുണ്ടാക്കുന്നത്. നിലവിലുള്ള പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുക വഴിയും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകവഴിയും. കാലാവസ്ഥമാറ്റത്തിലൂടെ ചൂടുകൂടുകയും ലഭ്യമായ മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി അതിവൃഷ്ടിയും അനാവൃഷ്ടിയും ഉണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യുന്നു. ചൂടു കൂടുന്നത് ചില ജീവജാലങ്ങൾ ഭൂമിയിൽനിന്ന്് ഉന്മൂലനം ചെയ്യപ്പെടുന്നതിനുതന്നെ കാരണമാകും. ഒരു മനുഷ്യായുസ്സുകാലത്ത് വർധിക്കുന്ന താപനില മൂന്നുമുതൽ അഞ്ചുഡിഗ്രി സെൽഷ്യസ് വരെയാകാമെന്നതാണ് നമ്മെ ഭീതിപ്പെടുത്തുന്നത്. ഇതിനെ ഒരുപരിധിവരെ തടയുന്നതിനായാണ് 2015 ഡിസംബറിൽ പാരിസിൽ നടന്ന ചരിത്രപ്രധാനമായ ആഗോള കാലാവസ്ഥ സമ്മേളനം അംഗരാജ്യങ്ങളുടെ ഐക്യകണ്ഠമായ കരാർ ഒപ്പിട്ടത്. എന്നാൽ ദൗർഭാഗ്യവശാൽ, കാർബൺ ഉത്സർജനത്തിന് ഏറ്റവും കുടുതൽ ഉത്തരവാദിയായ അമേരിക്ക, ഭരണചക്രം മാറിയപ്പോൾ ഈ കരാറിൽനിന്ന് സൗകര്യപൂർവം പിൻവാങ്ങുകയാണുണ്ടായത്. ഈ ഗ്രഹത്തിന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. ഈ വർഷം ഇന്ത്യയിലുൾപ്പെടെ എല്ലാ വൻകരകളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഒരേസമയത്ത് അനുഭവപ്പെട്ടുതുടങ്ങി എന്നത് നാം കാണാതിരുന്നുകൂടാ. യൂറോപ്പിലെയും ക്യാനഡയിലെയും അഭൂതപൂർവമായ താപവർധന, ജപ്പാനിലെയും ഫ്രാൻസിലെയും പേമാരിയും പ്രളയവും ഗ്രീസിലെ കാട്ടുതീ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. കാലാവസ്ഥ വ്യതിയാനം നാളത്തെ പ്രശ്നമല്ല, അത് നമ്മുടെ അടുക്കളയിലും എത്തിനിൽക്കുന്നു എന്നു നാം മനസ്സിലാക്കണം. പതിവിലധികം ആക്ടീവായ ആളുകൾക്കുണ്ടാകുന്ന ഹൈപ്പർ ആക്ടിവിറ്റി നമ്മുടെ പ്രകൃതിയും കാണിച്ചുതുടങ്ങിയിരിക്കുന്നു എന്ന് സാരം.

ഇനി കേരളത്തിന്റെ സവിശേഷസാഹചര്യങ്ങളിലേക്ക് വന്നാൽ, കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞുകിടക്കുന്ന നൂറുകിലോമീറ്ററിൽതാഴെമാത്രം വിസ്തൃതിയുള്ള ഒരു ചെറിയ പ്രദേശമാണത്. മലയോരങ്ങളിൽ പേമാരിയുണ്ടായാൽ നാലോ അഞ്ചോ മണിക്കൂറുകൾകൊണ്ട് അത് അറബിക്കടലിൽ ഒഴുകിയെത്തും. അസാധാരണമായ വനനശീകരണം, അടിക്കാടുകളുടെ ശോഷണം, മണ്ണൊലിപ്പ്, നദികളുടെ സ്വാഭാവിക പ്രയാണത്തിനുണ്ടായ പ്രതിബന്ധങ്ങളും കൈയേറ്റവും വയൽ‐തണ്ണീർത്തടങ്ങളുടെ വിസ്തൃതിയിലുണ്ടായ കുറവ്, നഗരാസൂത്രണത്തിലെ പാളിച്ച, അപ്രതീക്ഷിതമായുണ്ടാകുന്ന പേമാരി എന്നിവയാണ് പ്രളയത്തിന് പ്രധാന കാരണങ്ങൾ. ഇവയിൽ അവസാനത്തേതൊഴികെ ബാക്കിയെല്ലാം മനുഷ്യന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണ്. ശരിയായ വികസന നയരൂപീകരണത്തിന്റെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിൽ നമുക്ക് ദുരന്തഫലങ്ങൾ ലഘൂകരിക്കാനാകും. നമ്മുടെ നിയന്ത്രണത്തിലല്ലാത്തവയോട് പൊരുത്തപ്പെട്ട് ജീവിക്കാനു (മറമുമേശീിേ)ള്ള മാർഗങ്ങളുടെ സാധ്യതകൾ തേടണം.

ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപ്രതീക്ഷിത പ്രളയത്തിൽ സർക്കാർ സംവിധാനങ്ങളൊന്നാകെ ദുരന്തലഘൂകരണത്തിനായി അവിശ്രമം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്ലാഘനീയംതന്നെയാണ്. എങ്കിലും മനുഷ്യസാധ്യമായ പ്രവർത്തനങ്ങൾക്ക് ഒരുപരിധിയുണ്ട് എന്ന് നാം മറന്നുകൂടാ. കാരണം മറുവശത്ത് നിൽക്കുന്നത് സംഹാരശക്തിയുള്ള പ്രകൃതിയാണ്. അനുഭവങ്ങളിൽനിന്ന് നാം പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇതിനുമുമ്പുണ്ടായ പ്രകൃതിക്ഷോഭങ്ങൾ അവശേഷിപ്പിച്ച അടയാളങ്ങൾ നാം ഓർമയിൽ വയ്ക്കണം. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങൾ പുഴകൾക്കിരുവശവും മാർക്ക് ചെയ്യുകയും അവിടെ ഒരുവിധ നിർമാണപ്രവർത്തനങ്ങളും അനുവദിക്കാതിരിക്കുകയും ചെയ്യണം. ഭൂഘടനതന്നെ മാറ്റിമറിക്കുന്ന വൻ ആഘാതപ്രവർത്തനങ്ങൾ പരിസ്ഥിതി ദുർബലപ്രദേശത്ത് നടക്കുന്നില്ല എന്നറുപ്പാക്കണം. പക്ഷേ, കേവല പരിസ്ഥിതിവാദങ്ങൾ നാടിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുന്നില്ല എന്നുകൂടി ഉറപ്പാക്കണം. വികസനത്തിനും പരിസ്ഥിതിസംരക്ഷണത്തിനുമിടയിൽ ശാസ്ത്രീയമായ നടപടിക്രമങ്ങൾ മാത്രം നടപ്പാക്കപ്പെടുന്നുവെന്ന് തീരുമാനിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

വിദൂരസംവേദനം, ഡിജിറ്റൽ എലിവേഷൻ മോഡലിങ് മുതലായ നൂതന ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കപ്പെടേണ്ടവ കാലേക്കൂട്ടി അടയാളപ്പെടുത്തുകയും നിലവിലുള്ള നയങ്ങൾക്ക് ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യണം. ശക്തമായ ഒരു മഴ പെയ്താൽതന്നെ തിരുവനന്തപുരം, കൊച്ചി മുതലായ നഗരങ്ങൾ വെള്ളത്തിനടിയിലാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കപ്പെടേണ്ടതുണ്ട്.

മുകളിൽ സൂചിപ്പിച്ചവ പ്രയോഗവൽക്കരിക്കപ്പെടണമെങ്കിൽ ആദ്യം വേണ്ടത് ഒരു ജനതയെത്തന്നെ ശാസ്ത്രീയ ജീവിതരീതി എന്തെന്ന് ബോധ്യപ്പെടുത്തലാണ്. ശരിയായ അവബോധം വരുന്ന തലമുറയ്ക്കെങ്കിലും ഉണ്ടാകണമെങ്കിൽ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും വർധിച്ച ജനപ്പെരുപ്പം അവയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുമുള്ള വസ്തുതകൾ പ്രൈമറിതലംമുതലേ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ടതാണ്. കേരളം ഇനി നേരിടാനിരിക്കുന്നത് വിനാശകാരിയായൊരു വരൾച്ചയോ തീവ്രമായ ഇടിമിന്നലോ പേമാരി ചൊരിയുന്ന മേഘവിസ്ഫോടനമോ ഓഖിയേക്കാൾ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളോ ആകാം. വികസനവും പരിസ്ഥിതിസംരക്ഷണവും പരസ്പരപൂരകങ്ങളാണ‌്. രാഷ്ട്രീയപാർടികളുടെ പ്രകടനപത്രികകളിൽ കാലാവസ്ഥ വ്യതിയാനവും ദുരന്തലഘൂകരണവും മുഖ്യ അജൻഡയാകണം. കാരണം ഭാവിയുടെ വികസനം തീരുമാനിക്കുന്നത് മനുഷ്യരായിരിക്കില്ല, അത് കാലാവസ്ഥതന്നെയായിരിക്കും! അല്ലെങ്കിൽ സർവവും ചുട്ടെരിക്കുന്ന കൊടും താപത്തിനോ ആർത്തലച്ചുവരുന്ന ഒരു പ്രളയ ജലത്തിനോ തീരുമാനിക്കാവുന്നതേയുള്ളൂ, ഈ ഭൂമിയിൽ ആര് ശേഷിക്കണമെന്നത്!

(കൊച്ചി സർവകലാശാലയിലെ റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞനാണ‌് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top