01 June Thursday

പരീക്ഷകൾക്കൊരുങ്ങുമ്പോൾ

ആർ സുരേഷ് കുമാർUpdated: Monday Feb 27, 2023

കോവിഡ് സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായതും സാധാരണരീതിയിലുള്ളതുമായ പൊതുപരീക്ഷകളാണ് ഇത്തവണ എസ്എസ്എൽസിയിലും ഹയർ സെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും നടക്കാൻ പോകുന്നത്. കഴിഞ്ഞ രണ്ടുവർഷവും നൽകിയിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ ഇത്തവണത്തെ പരീക്ഷയ്‌ക്ക് ഉണ്ടാകില്ല. കോവിഡിനുമുമ്പ് 2020ൽ നടന്ന പൊതുപരീക്ഷയുടെ അതേമാതൃകയിലായിരിക്കും ഇത്തവണ പൊതുപരീക്ഷ. പ്രാക്ടിക്കൽ, തുടർമൂല്യനിർണയ പ്രവർത്തനങ്ങൾക്കും സ്കോറുകൾക്കും എസ്എസ്എൽസിക്ക് 2020ൽനിന്ന് വ്യത്യാസങ്ങളൊന്നുംതന്നെയില്ല.

ഹയർ സെക്കൻഡറിയിൽ ഇത്തവണ ചിലമാറ്റങ്ങളുള്ളത് പഠിക്കാനുള്ള പാഠഭാഗങ്ങളിൽ എൻസിഇആർടി കുറവ് വരുത്തിയതു സംബന്ധിച്ചാണ്. ദേശീയതലത്തിൽ കുറവ് വരുത്തിയതിനാൽ അതേ പാഠപുസ്തകങ്ങൾ സ്വീകരിച്ചിരിക്കുന്ന വിഷയങ്ങളിൽ കേരളത്തിലും പാഠഭാഗങ്ങൾ കുറയ്‌ക്കണമെന്ന ആവശ്യമുണ്ടാകുകയും കരിക്കുലം സബ്കമ്മിറ്റി അതു സംബന്ധിച്ച് പരിശോധിച്ച് മൂല്യനിർണയത്തിൽനിന്ന് പാഠഭാഗങ്ങൾ ഒഴിവാക്കി സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. മാത്തമാറ്റിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീവിഷയങ്ങളിലാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുള്ളത്. അതിനനുബന്ധമായി പ്രാക്ടിക്കലുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സംബന്ധിച്ചും എസ്‌സിഇആർടി  സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, പൊതുപരീക്ഷയുടെ ചോദ്യമാതൃകകൾക്കോ പ്രാക്ടിക്കൽ, സിഇ സ്കോറുകൾക്കോ 2020ൽനിന്ന്‌ വ്യത്യാസങ്ങളില്ലാതെ തന്നെയാണ് ഹയർ സെക്കൻഡറിയിലും പരീക്ഷ നടക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ നോൺവൊക്കേഷണൽ വിഷയങ്ങൾക്ക് ഹയർ സെക്കൻഡറിയിലെ അതേ സ്കീമും പരീക്ഷയുമാണെന്നതിനാൽ ഇക്കാര്യങ്ങളെല്ലാം അവർക്കും ബാധകമാണ്.

എസ്എസ്എൽസിയെ സംബന്ധിച്ച് പൂർണമായരീതിയിൽ അക്കാദമികവർഷം ഇത്തവണ സാധ്യമായിരുന്നു. എന്നാൽ, ഹയർ സെക്കൻഡറിയിൽ ഒന്നാംവർഷ പരീക്ഷയും മൂല്യനിർണയവും നടന്നത് ജൂണിലും ജൂലൈയിലുമായിട്ടായിരുന്നതിനാൽ അധ്യയനദിനങ്ങളിൽ കുറവ് വന്നിരുന്നു. സിബിഎസ്ഇയിലെ പത്താംക്ലാസ് പരീക്ഷാഫലം വൈകിയതിനാൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനം നടത്തേണ്ട തീയതികൾ കോടതിനിർദേശപ്രകാരം നീട്ടിവയ്‌ക്കേണ്ടിവന്നതു കാരണം ഒന്നാംവർഷ ക്ലാസുകളിലും അധ്യയനദിനങ്ങളിൽ കുറവ് വന്നിരുന്നു. എന്നാൽ, അധ്യാപകരുടെ സഹകരണത്താൽ പാഠഭാഗങ്ങൾ തീർക്കുന്നതിനും പ്രാക്ടിക്കൽ, സിഇ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ രണ്ട് വർഷത്തേക്കാളും അധ്യയനപ്രവർത്തനങ്ങൾക്ക് കൂടുതൽ അനുകൂലസാഹചര്യം ലഭിക്കുകയും രോഗഭീഷണിയുടെ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ ക്ലാസുകൾ നടത്താൻ കഴിയുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ വരവിനു മുമ്പ് ജൂൺ ഒന്നിനുതന്നെ ഹയർ സെക്കൻഡറി ഒന്നാംവർഷക്ലാസ് ഉൾപ്പെടെ തുടങ്ങുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ ആസൂത്രണം നടത്തിവരികയായിരുന്നു. 2020 ജൂണിൽ അത് സാധ്യമാകുന്ന സാഹചര്യവുമുണ്ടായിരുന്നു. അപ്പോഴാണ് ലോക്ഡൗണിലേക്ക് പോയതും വിദ്യാഭ്യാസപ്രവർത്തനങ്ങളെല്ലാം പലരീതിയിലേക്കും പലഘട്ടങ്ങളിലേക്കും മാറിയതും. ഇനി 2023–--24 അധ്യയനവർഷംമുതൽ പൂർണമായും സാധാരണരീതിയിലേക്ക് മാറണമെങ്കിൽ ഈവർഷത്തെ പരീക്ഷകളും മൂല്യനിർണയവും പ്ലസ് വൺ പ്രവേശന നടപടികളും യഥാസമയം പൂർത്തിയാകേണ്ടതുണ്ട്. അതിനായി ഇപ്പോൾ തീരുമാനിച്ച പ്രകാരം പരീക്ഷകൾ നടക്കേണ്ടതാവശ്യമാണ്. എന്നാൽമാത്രമേ 2022–--23 അധ്യയനവർഷത്തെ പരീക്ഷകൾ 2023-–-24ലെ അധ്യയനദിനങ്ങളെ ബാധിക്കാതിരിക്കുകയുള്ളൂ.


 

ഏറ്റവും കൂടുതൽ വിഷയ കോമ്പിനേഷനുകളോടെ പൊതുപരീക്ഷ നടക്കുന്ന വിഭാഗമാണ് ഹയർ സെക്കൻഡറി. ഒരേ വിഷയങ്ങൾ പല കോമ്പിനേഷനുകളിൽ വരുന്നതുപോലെ അപൂർവ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കോമ്പിനേഷനുകളും വരുന്നുണ്ട്. പരീക്ഷയുടെ ടൈംടേബിൾ സെറ്റ് ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾകൂടി നോക്കിയാണ് ചെയ്യുന്നത്. പരീക്ഷ പൂർത്തിയാകേണ്ട കാലയളവും മൂല്യനിർണയത്തിനാവശ്യമായ സമയവും പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടതായ ദിവസവുംവരെ പ്ലാൻചെയ്ത് മാത്രമേ പൊതുപരീക്ഷയിലേക്ക് പോകാൻ കഴിയൂ. വിവിധ പരീക്ഷകൾക്കിടയിലെ ഇടവേള ദിവസങ്ങളിൽ മാത്രമാണ് തൊട്ടടുത്ത പരീക്ഷയ്‌ക്ക് പഠിക്കേണ്ടുന്നതെന്ന തരത്തിൽ ടൈംടേബിളിനെക്കുറിച്ച് പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കാനും വിദ്യാർഥികളിൽ സമ്മർദമുണ്ടാക്കാനും മാത്രമേ സഹായിക്കൂ. ലഭ്യമായ ദിവസങ്ങളെ ഓരോ വിദ്യാർഥിയുടെയും വിഷയാടിസ്ഥാനത്തിലുള്ള പഠനവേഗതയ്‌ക്കനുസരിച്ച് മുൻകൂട്ടി വേർതിരിച്ച് പഠിക്കുന്നതിനും പരീക്ഷകൾക്കിടയിൽ ലഭ്യമാകുന്ന ഇടവേളകളെയും അതിനനുസരിച്ച് ക്രമീകരിച്ച് തയ്യാറെടുക്കുന്നതിനും  മാർഗനിർദേശങ്ങൾ നൽകാൻ അധ്യാപകർക്ക് കഴിയും.

പരീക്ഷയുടെ മുന്നൊരുക്കങ്ങൾ എന്നനിലയിൽ വിദ്യാർഥികളെ സഹായിക്കാൻ പലകാര്യങ്ങളും ചെയ്തുവരുന്നുണ്ട്. ഹയർ സെക്കൻഡറി–- -വൊക്കേഷണൽ ഹയർ സെക്കൻഡറി (നോൺ വൊക്കേഷണൽ) അധ്യാപകരുടെ മൂല്യനിർണയ മോണിറ്ററിങ്ങിനു വേണ്ടിയുള്ള ക്ലസ്റ്റർ പരിശീലനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അനുമതിയോടെ  ഇത്തവണ സംസ്ഥാനത്താകെ ഒരേദിവസം നടത്താൻ കഴിഞ്ഞു. ഹയർ സെക്കൻഡറി അക്കാദമികവിഭാഗവും എസ്‌സിഇആർടിയും ഒരുപോലെ നേതൃത്വം നൽകിയ പരിശീലനം മികച്ച ഇടപെടലായിരുന്നുവെന്നാണ് അധ്യാപകരിൽനിന്നുണ്ടായ പ്രതികരണം. സിഇ സംബന്ധിച്ച കാര്യങ്ങൾക്കൊപ്പം പൊതുപരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ച ചർച്ചയും നടന്നിരുന്നു. മൂല്യനിർണയത്തിൽ നിന്നൊഴിവാക്കിയ പാഠഭാഗങ്ങളുടെ വെയിറ്റേജ് മറ്റ് പാഠഭാഗങ്ങൾക്ക് മാറ്റിനൽകിയതു സംബന്ധിച്ച പരിചയപ്പെടുത്തലും മാതൃകാചോദ്യപേപ്പർ നിർമാണവും നടക്കുകയുണ്ടായി. അത്തരം ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ അവസരം നൽകിയതിലൂടെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ചൊരു ചോദ്യബാങ്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. പരീക്ഷയുടെ തയ്യാറെടുക്കലിന് അത് വളരെയധികം സഹായിക്കുമെന്നതുറപ്പാണ്. കൂടാതെ, പിന്നാക്കമേഖലകളിലെ വിദ്യാർഥികൾക്കുവേണ്ടി ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം "തെളിമ' എന്നപേരിൽ കഴിഞ്ഞവർഷം ആവിഷ്കരിച്ച പദ്ധതി ഇത്തവണയും തുടരുന്നു. ഇരുപത് വിഷയത്തിന്‌ പഠനസഹായികൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും സംസ്ഥാനത്താകെ 150 പഠനകേന്ദ്രം ഒരുക്കി അതത് മേഖലയിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുകയും ചെയ്യുന്നുണ്ട്.

ഇത്തവണ എസ്എസ്എൽസി  പരീക്ഷയ്‌ക്ക് 4,19,363 വിദ്യാർഥികളും ഒന്നാംവർഷ ഹയർ സെക്കൻഡറിയിലും  വിഎച്ച്എസ്ഇയിലും യഥാക്രമം 424978, 28820 വിദ്യാർഥികളും പ്രൈവറ്റുകാർ ഉൾപ്പെടെ രണ്ടാംവർഷ ഹയർ സെക്കൻഡറിയിലും വിഎച്ച്എസ്ഇയിലും യഥാക്രമം 442028, 30748 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയിൽ പ്ലസ് വൺ പ്രവേശനനടപടികൾ തുടങ്ങാനാകുന്ന രീതിയിൽ എസ്എസ്എൽസി പരീക്ഷാ ഫലവും ബിരുദ-പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികൾക്ക് കാലതാമസമുണ്ടാകാത്ത രീതിയിൽ രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ നടത്തുന്ന എൻജിനിയറിങ്‌- ഫാർമസി പ്രവേശനപരീക്ഷയിലുൾപ്പെടെ ഹയർ സെക്കൻഡറി പരീക്ഷയിൽ നിന്നൊഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകാമെന്നകാര്യം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ പരീക്ഷയുടെയും പ്രോസ്പെക്ടസും സിലബസും നോക്കിയിട്ടാകണം അത്തരം പ്രവേശനപരീക്ഷകൾക്ക് വേണ്ടുന്ന തയ്യാറെടുപ്പ് നടത്തേണ്ടതെന്നതും പ്രധാനമാണ്.

(ഹയർ സെക്കൻഡറി ജോയിന്റ്‌ ഡയറക്ടറും കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റി അംഗവുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top