21 October Thursday

തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസവും

കെ കെ ശിവദാസൻUpdated: Thursday Sep 2, 2021

കോവിഡ്‌കാലത്ത്‌ ജീവൻസുരക്ഷ മുൻനിർത്തി  പ്രവർത്തിച്ചുവരുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ മുമ്പിൽ വേറെയും ഒരുപാട് അജൻഡകൾ കാത്തുനിൽപ്പുണ്ട്. അതിലൊന്നാണ് പൊതുവിദ്യാഭ്യാസം.  കുട്ടികൾ സ്‌കൂൾ കാണാതായിട്ട് ഒന്നര വർഷമായി. ഒന്നാംതരക്കാരും രണ്ടാംതരക്കാരും ഇതുവരെ സ്‌കൂൾപടി കണ്ടിട്ടേയില്ല. ഓൺലൈൻ ക്ലാസുകൾക്കുമുമ്പിൽ പകച്ചു നിൽക്കുന്നവരും കുറവല്ല. ‘അടച്ചുപൂട്ടപ്പെട്ട' അവസ്ഥ സമ്മാനിച്ച മാനസിക പിരിമുറുക്കം വേറെയുമുണ്ട്. പുതിയ പ്രതിസന്ധി ഗൃഹാന്തരീക്ഷത്തിൽ സൃഷ്ടിച്ച അസ്വസ്ഥതകളിലേറെയും ആദ്യം ചെന്നെത്തുന്നത് കുട്ടികളിലാണ്. 

ഏറെക്കുറെ കുട്ടികളുടെ അവസ്ഥതന്നെയാണ്  സ്‌കൂളുകൾക്കുമുള്ളത്. അവിടങ്ങളിൽ ആൾപ്പെരുമാറ്റം കുറഞ്ഞത്  കെട്ടിടങ്ങളെയും പരിസരത്തെയും ബാധിച്ചുതുടങ്ങി.  പ്രത്യേക സാഹചര്യത്തിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്താനും പലേടത്തും സാധിച്ചതുമില്ല. കോവിഡ്‌  തീവ്രതയിൽ അയവുവന്നില്ലെങ്കിലും  തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന പരിഗണനയിൽ പൊതുവിദ്യാഭ്യാസവും വരേണ്ടതുണ്ട്.   പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയ ആറരലക്ഷം കുട്ടികളുണ്ട്. ഈ കുട്ടികളുടെ  അച്ഛനമ്മമാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത് യാദൃച്ഛികമല്ല. കേരളം നേടിയ നേട്ടങ്ങളുടെ അടിത്തറകളിലൊന്നായ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി പതുക്കെയാണെങ്കിലും അവർക്കെല്ലാം ബോധ്യപ്പെട്ടതുകൊണ്ടുകൂടിയാണ്. 

തദ്ദേശഭരണ സ്ഥാപനങ്ങൾ  വിദ്യാഭ്യാസ പുരോഗതിയിൽ സമീപകാലത്ത് വലിയ പങ്കാണ് നിർവഹിച്ചത്. ഭൗതികസൗകര്യ വികസനത്തിലുണ്ടായ കുതിപ്പുതന്നെ പ്രധാനം. ജനകീയാസൂത്രണത്തിന്റെ നേട്ടം ഏറെ കൊയ്യാനായത് വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് ആരും സമ്മതിക്കും. അക്കാദമിക പിന്തുണ നൽകുന്നതിലും തദ്ദേശ സർക്കാരുകൾ പിറകിലായിരുന്നില്ല. പുതിയ സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അർപ്പിക്കുന്നത്. അടിയന്തര ഇടപെടൽ വേണ്ടിവരിക ഓൺലൈൻ പഠനത്തിനുള്ള പിന്തുണയിലാണ്. നെറ്റ്‌വർക്കിലെ പോരായ്മകൾ, ടിവിയുടെയും സ്മാർട്ട്‌ ഫോണിന്റെയും ലഭ്യതക്കുറവ് എന്നിവ ചെറിയൊരു വിഭാഗം കുട്ടികളെയെങ്കിലും ബാധിക്കുന്നുണ്ട്. ഇവരിലേറെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുമാണ്. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് കാര്യമായി ഇടപെടാനാവുക. ഓരോ വാർഡിലും ഈയൊരു പ്രതിസന്ധിയിൽ അകപ്പെട്ടവരെ ജനപ്രതിനിധികൾക്കറിയാം. യുവജന സംഘടനകളും സ്‌കൂൾ അധികൃതരും നടത്തിവരുന്ന പ്രവർത്തനങ്ങളെ വാർഡുതലത്തിൽ ഏകോപിപ്പിച്ചാൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ഒരുപരിധിവരെ പരിഹരിക്കാനാകും. 

മാനസികാരോഗ്യം ഉറപ്പാക്കണം
കുട്ടികളുടെ മാനസികാരോഗ്യം നിലനിർത്തലാകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റൊരു ദൗത്യം. പൊതുകളിയിടങ്ങൾ ഇല്ലാതായതും പുറത്തിറങ്ങൽ തടഞ്ഞതുമെല്ലാം കുട്ടികളെ വലിയ തോതിൽ ബാധിച്ചുകാണും. കൂട്ടുകൂടിയും കളിചിരി പകർന്നുമുള്ള സ്‌കൂൾ അന്തരീക്ഷത്തിൽ ഇത്തരം ‘അമിതഭാരം' കുട്ടിക്ക്‌ പ്രശ്നം സൃഷ്ടിക്കില്ല. ഇപ്പോഴതല്ല അവസ്ഥ. എന്നാൽ പഠന പ്രവർത്തനങ്ങളും ക്ലാസുകളും ഒഴിവാക്കാനുമാകില്ല.

മൊബൈൽ ഫോൺ ഉപയോഗം അമിതമാകുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നം, വ്യായാമക്കുറവ്, വഴിവിട്ട ഫോൺ ഉപയോഗം ഉയർത്തുന്ന പ്രശ്നങ്ങൾ എന്നിവയും  കുട്ടികൾ അനുഭവിക്കുന്നുണ്ട്.  ഇത്തരുണത്തിൽ കുട്ടികളോട് ചേർന്നുനിൽക്കലാണ് പ്രധാനം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇതിന് മുൻകൈയെടുക്കാം.  പഞ്ചായത്തുതലത്തിലും മുനിസിപ്പൽതലത്തിലും കൗൺസലിങ്‌ സെല്ലുകൾ രൂപീകരിക്കാവുന്നതാണ്.  ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്‌കരിച്ച മക്കൾക്കൊപ്പം എന്ന പരിശീലന പരിപാടി ഇതിനായി പ്രയോജനപ്പെടുത്താം.

അയൽപക്ക പഠനകേന്ദ്രങ്ങളിലേക്ക്
സാഹചര്യം ചെറിയ തോതിലെങ്കിലും അനുകൂലമായ ഇടങ്ങളിൽ കുട്ടികൾക്ക് കൂടിച്ചേരലിന് അവസരമൊരുക്കണം. സംസ്ഥാനത്ത് പൊതുവായി ഇക്കാര്യത്തിൽ  തീരുമാനമെടുക്കുക പ്രയാസമാകും. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് അതത് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾക്ക്  അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. വായനശാലകൾ, സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങി ലഭ്യമായ പൊതുഇടങ്ങൾ ഇതിനായി പരിഗണിക്കാം.   
സ്‌കൂളുകളിലെത്താൻ കുട്ടികൾക്ക് വൈകാതെ അവസരം കിട്ടുമെന്നാണ് നമ്മുടെ പ്രതീക്ഷ. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. വിദ്യാലയങ്ങളുടെ ആവശ്യമായ അറ്റകുറ്റപ്പണികൾതന്നെ പ്രധാനം. ഏറ്റവും സുന്ദരവും ആനന്ദകരവുമായ ഒരന്തരീക്ഷത്തിലേക്ക്‌ വേണം കുട്ടികളുടെ മടങ്ങിവരവ്.

എല്ലാ സ്‌കൂളുകളും സ്വന്തം നിലയിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. നല്ല നിലയിലുള്ള ചർച്ചകളുടെയും ആലോചനകളുടെയും ഭാഗമായാണ് ഇത് രൂപംകൊണ്ടത്. ഭൗതികസൗകര്യം മാത്രമല്ല അക്കാദമിക കാഴ്ചപ്പാടുകളും പ്രവർത്തനപരിപാടികൾ സംബന്ധിച്ച നിർദേശങ്ങളും അടങ്ങിയതാണ് വിദ്യാലയ മാസ്റ്റർപ്ലാൻ. തയ്യാറാക്കപ്പെട്ട മാസ്റ്റർപ്ലാൻ പുതിയ സാഹചര്യത്തിൽ നവീകരിക്കേണ്ടിവരും.  ചില പദ്ധതികൾ വിദ്യാലയതലത്തിലും വേണ്ടിവരും. ശുദ്ധമായ കുടിവെള്ളം, ആരോഗ്യ ശുചിത്വ സംവിധാനങ്ങൾ, ഹരിതവൽക്കരണം, കായിക ക്ഷമതയുയർത്താനുള്ള സൗകര്യങ്ങൾ, സൗരോർജ പ്ലാന്റുകൾ തുടങ്ങി വിദ്യാലയ മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾ പദ്ധതികളായി മാറണം.

(ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്‌ഥാന വിദ്യാഭ്യാസ വിഷയ സമിതി അംഗമാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top