23 August Friday

വിദ്യാധനം സർവധനാൽ പ്രധാനം

രാവുണ്ണിUpdated: Wednesday Jun 12, 2019

     -
ഈ രവീന്ദ്രൻ മാഷ് ഇതെന്തു ഭാവിച്ചാ? ഇക്കൊല്ലം സർക്കാർ വിദ്യാലയങ്ങളിൽ രണ്ടുലക്ഷം കുട്ടികൾ പുതിയതായി ചേർന്നൂന്ന്. കഴിഞ്ഞ കൊല്ലം 1.82 ലക്ഷവും അതിന്റെ മുന്നത്തെ കൊല്ലം 1.52 ലക്ഷവുമായിരുന്നു പുതുതായി ചേർന്നവർ. ഈ പോക്കുപോയാൽ യുണൈറ്റഡ് ഡീലേഴ്സ് ഫ്രണ്ട് എന്ന യുഡിഎഫ് പ്രതീക്ഷാപൂർവം കൊട്ടിപ്പൊക്കിക്കൊണ്ടുവന്ന വിദ്യാഭ്യാസക്കടകൾ ഒന്നിച്ചു പൊട്ടുമല്ലോ ദൈവമേ.

വിദ്യാധനം സർവധനാൽ പ്രധാനം എന്നതാകുന്നു നമ്മുടെ കർണപീയൂഷ മുദ്രാവാക്യം. ന്ന് ച്ചാൽ പണം പലതരത്തിലും ഉണ്ടാക്കാമെങ്കിലും വിദ്യ വിറ്റ് നേടണ പണാണ് പ്രഥമൻ. കട്ടമധുരം. എത്ര കുടിച്ചാലും മതിവരില്യ. കുടിക്കുന്തോറുമേറിടുംന്നാ ചൊല്ല്.

വിൽക്ക്വാ കാശു നേട്വാ , വാങ്ങ്വാ കാശു കൊട്ക്ക്വാ   ഈ പരിപാടിക്ക് സ്വാശ്രയം എന്ന പേര് കണ്ടുപിടിച്ചത് മ്മള് മലയാളീസാണ്. ഈ വാക്കിന് ഇങ്ങനീം അർഥണ്ടാവോ എന്ന് ആശങ്കപ്പെടാതെടോ. സ്വാശ്രയം എന്ന വാക്കും ചുമന്നുകൊണ്ട് ചർക്ക തിരിക്കാനും ഉപ്പു കുറുക്കാനും നടന്ന ഗാന്ധിമാർഗികൾ കുറ്റിയറ്റുപോയതു നന്നായി.  അല്ലെങ്കിലവര് അതുമിതും പറഞ്ഞ് ശല്യമുണ്ടാക്കിയേനെ. ഇപ്പോൾ പരാശ്രയമെന്നാകുന്നു സ്വാശ്രയം എന്നതിനർഥം. സംശയണ്ടൊ? സ്വാശ്രയമേ സ്വാശ്രയമേ എന്നൊന്നു വിളിച്ചുനോക്കൂ. എന്തോ എന്നു പറഞ്ഞുംകൊണ്ട് പരാശ്രയം ഓടിവരുന്നതു കാണാം.

അന്തക്കാലമായിരുന്നു സുവർണകാലം. എന്നും കച്ചോടം. എന്തും കച്ചോടം. എന്തിലും ലാഭം. വയൽ നികത്തിയേടത്ത്  സ‌്കൂളുകൾ. കുറ്റിക്കാട്ടിൽ  മെഡിക്കൽ കോളേജുകൾ. പുഴ മൂടി എൻജിനിയറിങ‌് കോളേജുകൾ . കുന്നിടിച്ച് പാരാമെഡിക്കലുകൾ . സർക്കാർതന്നെ മേത്തരമൊരു സെൽഫ് ഫിനാൻസിങ‌് ഇൻസ്റ്റിറ്റ്യൂട്ടായി മാറി. എല്ലാ അർഥത്തിലും അദന്നെ -കാമധേനു!

യൂണിഫോം വാങ്ങാൻ പണമില്ലാതെ അമ്പാടി എന്ന തോട്ടം തൊഴിലാളിയുടെ മകൻ തൂങ്ങിമരിക്കുന്നു. വേളാങ്കണ്ണി എന്ന തൊഴിലാളി പെൺകിടാവ് പഠനം തുടരാൻ നിവൃത്തിയില്ലാതെ മരണത്തിലേക്ക് എടുത്തുചാടുന്നു. സ്വാശ്രയ കോളേജുകൾ ഇടിമുറികളും കൊലമുറികളുമൊരുക്കി  കുട്ടികളെ കാത്തിരുന്നു. മൊട്ടയടിച്ചും ഏത്തമിടീച്ചും പട്ടിക്കൂട്ടിലടച്ചും ഇത്തരം സ‌്കൂളുകൾ കുട്ടികളെ മെരുക്കി. ഓടിപ്പോകുകയും ആത്മഹത്യചെയ്യുകയും ചെയ്‌ത കുട്ടികളുടെ ഓർമയിൽ നടുങ്ങിനിന്ന വീടുകൾ. എല്ലാം സ്വാശ്രയം എന്ന പുഞ്ചിരിച്ചിത്രംകൊണ്ട് മറച്ചുപിടിച്ചു.

ഓണം നേരത്തേ വന്ന് പുലിവാലു പിടിപ്പിച്ചു എന്ന്  നിലവിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ സുന്ദരകാലം ഈ നാട്ടിലുണ്ടായിരുന്നു. കുട്ടികൾ പാഠപുസ‌്തകം കണ്ടത‌്‌ കൊല്ലാവസാനത്തോടെയാണ്. അതിനിടെ ഭാഷാദിനം പ്രമാണിച്ച് സ‌്കൂളുകളിൽ പരിപാടിക്കുവന്ന മജീഷ്യന്മാർ ശൂന്യതയിൽനിന്ന് പാഠപുസ‌്തകമെടുത്തുകാട്ടി കുട്ടികളെ അത്ഭുതസ‌്തബ്‌ധരാക്കി

ഓണം നേരത്തേ വന്ന് പുലിവാലു പിടിപ്പിച്ചു എന്ന്  നിലവിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ സുന്ദരകാലം ഈ നാട്ടിലുണ്ടായിരുന്നു. കുട്ടികൾ പാഠപുസ‌്തകം കണ്ടത‌്‌ കൊല്ലാവസാനത്തോടെയാണ്. അതിനിടെ ഭാഷാദിനം പ്രമാണിച്ച് സ‌്കൂളുകളിൽ പരിപാടിക്കുവന്ന മജീഷ്യന്മാർ ശൂന്യതയിൽനിന്ന് പാഠപുസ‌്തകമെടുത്തുകാട്ടി കുട്ടികളെ അത്ഭുതസ‌്തബ്‌ധരാക്കി. പലയിടത്തും പാഠപുസ‌്തകങ്ങൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സ‌്കൂൾ വാർഷികാഘോഷവും ഒന്നിച്ചു നടന്നു. ഫോട്ടോസ്റ്റാറ്റ് കടകൾ വൻതോതിൽ പെരുകി. വിദ്യാഭ്യാസ വകുപ്പ് മാധ്യമങ്ങളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെയാണ്. ഇപ്പോഴാണ് ഹൈടെക്, ജൈവോദ്യാനം, മികവിന്റെ കേന്ദ്രം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതത്തിളക്കം, ശാസ്ത്രമൂല , സ‌്കൂൾ സംരക്ഷണവലയം. ദേ പോരാത്തേന് ഇപ്പോ സ്വിമ്മിങ‌് പൂളും!

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി പഠിച്ച കോളേജിൽ പഠിച്ച, മുണ്ടശ്ശേരി പഠിപ്പിച്ച കോളേജിൽ പഠിപ്പിച്ച, മുണ്ടശ്ശേരിയുടെ നാട്ടിൽ നിന്നുവരുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ( മാഷ് എന്ന് എല്ലാവരും പറയുന്ന മന്ത്രി ) അധികാരമേറ്റെടുത്ത് ആപ്പീസിലെത്തിയപ്പോൾ ആദ്യം കേട്ട വാർത്ത നാല‌് എയ‌്ഡഡ് സ‌്കൂളുകൾ പൂട്ടിയെന്നാണ്. ഇനിയിപ്പോ പൂട്ടുന്നതാണ് ലാഭം. സ്ഥലത്തിനൊക്കെ ഇപ്പോ എന്താ വില! സ‌്കൂൾ തുറപ്പിക്കാനാണ് സർക്കാർ ജീവനോടെയിരിക്കുന്നതെന്ന് മന്ത്രി. സ‌്കൂൾ പൂട്ടും, വേണ്ടിവന്നാൽ സർക്കാരിനെയും പൂട്ടിക്കുമെന്ന് മാനേജ്മെന്റ് .സർക്കാരിളകി. ജനമിളകി. സ‌്കൂൾ പൂട്ടിയ മാനേജ്മെന്റിനെ പൂട്ടി. ഇനി നിങ്ങൾ മാനേജ്ചെയ്യണ്ട. സർക്കാർ മാനേജ് ചെയ‌്തോളാം എന്ന് മന്ത്രി. സ‌്കൂൾ തുറന്നു. കുട്ടികൾ ഒഴുകിവന്നു. ജനം കാവൽനിന്നു. സ‌്കൂൾ ലാഭത്തിനുള്ളതല്ല എന്ന സർക്കാർ വിളംബരംകേട്ട് മാനേജ്മെന്റ് അന്തം വിട്ടു. ഇതേതു ഭാഷ? ഇതേതു രാജ്യം? സർക്കാരുകളെ വരച്ചവരയിൽ നിർത്തി മാനേജ്മെന്റുകൾ കാര്യംനേടിയ നാടല്ലെ ഇത്. ഇന്നിപ്പോ സർക്കാർ വരച്ചവരയിൽ നിർത്തി സ്വാശ്രയ മാനേജ്മെന്റുകളെക്കൊണ്ട് കരാർ ഉണ്ടാക്കുന്നു. വിദ്യാർഥിദ്രോഹക്കേസുകളിൽ നടപടിയുണ്ടാക്കുന്നു. നീതിയും നിയമവും സ്വാശ്രയക്കാർക്കും ബാധകമാണെന്നു വന്നു. പാഠപുസ‌്തകങ്ങൾ നേരത്തേ എത്തി. സ‌്കൂളുകൾ കാലേകൂട്ടി ഒരുങ്ങി. പിടിഎയും എംപിടിഎയും എസ്എംസിയുമൊക്കെയായി എല്ലാറ്റിനും ചുമതലക്കാരായി. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാൻ , മെച്ചപ്പെടുത്താൻ, എല്ലാവരും സ‌്കൂളിലേക്ക‌് എന്ന നിലയായി.

കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളും സന്ദർശകരും മിഴിച്ചുനിൽപ്പാണ‌്. അവിടങ്ങളിലെ പല  യൂണിവേഴ്സിറ്റികളേക്കാളും മികച്ചതാണ് കേരളത്തിലെ സർക്കാർ സ‌്കൂളുകൾ. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഉന്നതനിലവാരം. കാശുകൊടുത്ത് കാടത്തം വാങ്ങുന്ന സ്വാശ്രയങ്ങളിലേക്ക് ഇനി ആര് പോകാനാണ്? യുണൈറ്റഡ് ഡീലേഴ്സിന് ഇതെങ്ങനെ സഹിക്കാനാണ്? ആശ്രിതരും പാർശ്വവർത്തികളുമൊക്കെ നടത്തുന്ന ആദായദായകസ്വാശ്രയങ്ങൾ നിരാശ്രയമാകുന്ന നിലയായില്ലേ.
ഇനി സമരംതന്നെ ശരണം. നിഷ‌്കരുണം ബഹിഷ‌്കരണം. പ്രവേശനോത്സവം തുലയട്ടെ. പൊതുവിദ്യാഭ്യാസം തുലയട്ടെ. പാഠപുസ‌്തകം നേരത്തെ വരുന്നത് തുലയട്ടെ. യുകെജി മുതൽ പ്ലസ്ടു വരെ ഒരേ ദിവസം തുറക്കുന്നത് തുലയട്ടെ. സമരമല്ലാതൊരു ശരണമില്ലാ.

പതിനായിരക്കണക്കിന് സ‌്കൂളുകളിൽ ഒരേ ദിനം ഒരേ സമയം ഉത്സവപ്രഹർഷത്തോടെ പ്രവേശനം. പാട്ടും കളികളും ബലൂണും മധുരവും നാനാരസങ്ങളുമായി അവിസ‌്മരണീയമായ ഒന്നാംദിനം. ഒരുപാട് ഒരുക്കങ്ങളോടെ അനേകരുടെ അധ്വാനം. നാടെമ്പാടുമുള്ള സ‌്കൂളുകൾ ഭാവിവസന്തങ്ങളുടെ ഉദ്യാനമായിത്തീർന്ന സുന്ദരദിനം.
ഒരിടത്തുനിന്നുമാത്രം കണ്ടു ആ നിഷേധവാർത്ത . പ്രവേശനോത്സവവേദിയിൽ തൊഴിൽമന്ത്രിക്കുമുന്നിൽ ഖദർവേഷക്കാരുടെ കരിങ്കൊടി. അതായിരുന്നു മാധ്യമങ്ങളിൽ വിശേഷ വാർത്ത. അതേയതെ. ഞങ്ങളതേ കാണൂ. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ഞങ്ങൾക്ക് ചോരതന്നെ കൗതുകം.

എന്താ കാര്യം? പ്രതിഷേധം. എന്തിനാണത്? അറിഞ്ഞില്ലേ, ഒന്നാം ക്ലാസ്‌ മുതൽ പ്ലസ്ടു വരെ ഒരൊറ്റ ഡയറക്ടറേറ്റിന്റെ കീഴിലാക്കീന്ന്. അയ്യോ. എന്തൊരു കൊലച്ചതി ആണിത്. സ്വേച്ഛാധികാരം..അടിച്ചേൽപ്പിക്കൽ. ഒന്നാംക്ലാസ് മുതൽ ഓരോ ക്ലാസിനും പ്രത്യേക ഡയറക്ടറേറ്റുകൾ ഉണ്ടാക്കി അവയൊക്കെ വെള്ളം കേറാത്ത അറകളാക്കി, പ്രത്യേക സാമ്രാജ്യങ്ങളാക്കി, വേണ്ടപ്പെട്ടവരെ പ്രതിഷ‌്ഠിച്ച്, വേർതിരിച്ചു നിർത്തുകയല്ലേ വേണ്ടത്? ഇപ്പോഴത്തെ പരിഷ‌്കാരം ഖദറിട്ട മാഷന്മാരൊന്നും ഈ രാജ്യദ്രോഹം സഹിക്കൂലാന്ന്. കട്ടായം. -
 


പ്രധാന വാർത്തകൾ
 Top