08 December Thursday

സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിന് കാൽനൂറ്റാണ്ട്

ഡോ. ആർ വിജയമോഹനൻUpdated: Wednesday Aug 31, 2022


1996ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായി ഇടതുപക്ഷ സർക്കാർ കേരളം ഭരിക്കുന്ന കാലം. പഠനബോധനരംഗത്ത് വർഷങ്ങളായി തുടർന്നുവരുന്ന അശാസ്ത്രീയ പ്രവണതകൾക്കെതിരെ  ശക്തമായ വിമർശങ്ങൾ ഉയർന്നുവരികയാണ്. വിദ്യാഭ്യാസ ഗുണനിലവാരത്തകർച്ച തന്നെയായിരുന്നു പ്രധാന പ്രശ്നം. 1994ൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽമാത്രം ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ അവശ്യപഠന  നിലവാരപദ്ധതി (എംഎൽഎൽ)ക്ക്‌ വിദ്യാഭ്യാസ ഗുണമേന്മ ഉയർത്തുന്നതിൽ  കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കില്ലെന്ന്  ബോധ്യപ്പെട്ടു.  പരമ്പരാഗതമായി തുടർന്നുവന്ന പഠനബോധന രീതികൾ ഉടച്ചുവാർക്കാനുള്ള  രാഷ്ട്രീയ തീരുമാനംതന്നെ സർക്കാർ കൈക്കൊണ്ടു. പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാനുള്ള ചുമതല നിലവിലുണ്ടായിരുന്ന ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (ഡിപിഇപി) എന്ന പ്രോജക്ടിനെ ഏൽപ്പിച്ചു. സമഗ്രമായി പരിഷ്കരിക്കപ്പെട്ട പ്രൈമറി പാഠ്യപദ്ധതി 1997 ജൂൺ ഒന്നുമുതൽ അങ്ങനെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിത്തുടങ്ങി. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു  പ്രധാന വഴിത്തിരിവായിരുന്നു ഇത്. 

പുരോഗമന വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ സംസ്ഥാനത്തെ പ്രതിലോമശക്തികൾ വളരെ പെട്ടെന്നാണ് ഒത്തുചേർന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം, അവർക്കൊപ്പം ഒരുവിഭാഗം പത്രമാധ്യമങ്ങൾ, പാരമ്പര്യവാദികളായ വിദ്യാഭ്യാസ വിദഗ്ധർ, പരിഷ്കരണനടപടികൾ സംബന്ധിച്ച് സമഗ്ര ധാരണയില്ലാതിരുന്ന ചില സാംസ്കാരികനായകർ, പൊതുവിദ്യാഭ്യാസ മേഖലയുടെ അന്ത്യംകാണാൻ ആഗ്രഹിച്ചിരുന്ന സമാന്തര വിദ്യാഭ്യാസക്കച്ചവടക്കാർ തുടങ്ങിയവർ വളരെ പെട്ടെന്നാണ് സംഘടിച്ചത്. പുതിയ പഠന സമീപനരീതിയോട് വിമുഖത കാണിച്ചിരുന്ന ഒരുവിഭാഗം അധ്യാപകരുടെ പിന്തുണയും  ഈ വിദ്യാഭ്യാസവികസന വിരുദ്ധർക്ക് ലഭിച്ചു.  

വിവാദങ്ങൾക്ക് കീഴടങ്ങി സർക്കാർ പരിഷ്കരണനടപടികൾ പിൻവലിക്കുമെന്ന്  കരുതിയവർക്ക് തെറ്റി. ആവശ്യമായ വ്യക്തതയും തിരുത്തലുകളും വരുത്തിക്കൊണ്ട് പദ്ധതി തുടരാനാണ് സർക്കാർ തീരുമാനിച്ചത്. പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ വിദഗ്ധരടങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസ സമിതിയെത്തന്നെ സർക്കാർ നിയോഗിച്ചു. ‘വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾക്കുവേണ്ടി തപസ്സനുഷ്ഠിക്കുന്നവർ തന്നെ ആരവങ്ങളുമായി രംഗത്തുവരുന്നതിന്റെ യുക്തി ദുരൂഹമായിരിക്കുന്നു'എന്ന് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ ജയകുമാർ ചൂണ്ടിക്കാണിച്ചു.1998 ജനുവരിയിൽ കേരളം സന്ദർശിച്ച എൻസിഇആർടി വിദഗ്ധസംഘം  പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയും വളരെയേറെ ശ്ലാഘിക്കുകയും ചെയ്തു. പരിഷ്കരണത്തിന്റെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കെഎസ്ടിഎയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും സർക്കാരിനോടൊപ്പം വളരെയധികം പരിശ്രമിച്ചു. 


 

സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ 25 വർഷത്തിൽ എത്തിനിൽക്കുമ്പോൾ കേരള സമൂഹത്തിന് ബോധ്യപ്പെടുന്നത്‌ എന്താണ്? സർഗാത്മകതയും യുക്തിബോധവുമുള്ള, മികച്ച ആശയവിനിമയ - പ്രതികരണശേഷികളുള്ള, മത്സര -പ്രവേശന പരീക്ഷകളിൽ മുമ്പത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾ, കൊഴിഞ്ഞുപോക്ക് തീരെയില്ലാത്ത അവസ്ഥ, പാർശ്വവൽക്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ വർധിച്ച പഠനപങ്കാളിത്തം, വിദ്യാലയങ്ങളിലെ അക്കാദമിക–- അക്കാദമികേതര പ്രവർത്തനങ്ങളിൽ പ്രാദേശിക സമൂഹത്തിന്റെ  കൂടുതൽ സഹകരണവും പങ്കാളിത്തവും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും നിരന്തര ശാക്തീകരണം തുടങ്ങി ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും  അവകാശപ്പെടാൻ പറ്റാത്തവിധമുള്ള മാറ്റങ്ങളാണ് കാൽനൂറ്റാണ്ടുകൊണ്ട് സംസ്ഥാനത്തുണ്ടായത്. വിദ്യാഭ്യാസ ഗുണനിലവാരത്തെ ലക്ഷ്യമിട്ടുകൊണ്ട് അന്നു തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ഫലംകണ്ടു എന്നതിന്റെ തെളിവുകളാണ്‌ ഇവ.  1997ൽ പരിഷ്കരിച്ച് നടപ്പാക്കിയ പാഠ്യപദ്ധതി രാജ്യത്തിനുതന്നെ മാതൃകയായി. വിദ്യാഭ്യാസപരിഷ്കരണ പ്രവർത്തനങ്ങളെപ്പറ്റി പഠിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിദ്യാഭ്യാസ വിദഗ്‌ധർ ഇവിടെ എത്തിയത് നമുക്ക്‌ അഭിമാനമായി.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള പ്രാരംഭ നടപടികളായി കഴിഞ്ഞു. എന്നാൽ, വ്യാപകമായ ജനകീയ ചർച്ചകൾക്കുശേഷംമതി പാഠ്യപദ്ധതിയുടെ സമീപനവും ഉള്ളടക്കവും തീരുമാനിക്കാൻ എന്നാണ് പാഠ്യപദ്ധതി കോർ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ 26 വിഷയത്തെ കേന്ദ്രീകരിച്ച്  ചർച്ചാരേഖയുടെ  കരടും തയ്യാറായി. എന്നാൽ, ജനകീയ ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ പുരോഗമനവിരുദ്ധ പ്രതിലോമശക്തികൾ പഴയതുപോലെ ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.

(പത്തനംതിട്ട ഡയറ്റ് റിട്ട.  പ്രിൻസിപ്പലാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top