19 January Tuesday

കരുത്താർജിച്ച്‌ പൊതുവിദ്യാലയങ്ങൾ - പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ എഴുതുന്നു

സി രവീന്ദ്രനാഥ്‌Updated: Wednesday Nov 4, 2020


നവകേരളം കർമപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് ലോകോത്തരനിലവാരത്തിലേക്ക് നാം വളരുകയാണ്. പൊതുവിദ്യാലയങ്ങളിലൂടെ ഗുണതാ വിദ്യാഭ്യാസം സാധ്യമല്ലെന്നും അതൊക്കെ സ്വകാര്യമേഖല നോക്കിക്കൊള്ളുമെന്നും അതിന്‌‌ സൗകര്യമൊരുക്കുന്നതാകണം സർക്കാർ ധർമമെന്ന നിലപാടും  ആഗോളവൽക്കരണ–- ഉദാരവൽക്കരണ നയങ്ങളുടേതാണ്. ഇന്ത്യയിലടക്കം ആ നിലപാടിന് പ്രാമുഖ്യം ലഭിക്കുന്നു എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വഴി വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അത്‌ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാമൂഹ്യനീതിയും അവസര സമത്വവും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത വിഷയങ്ങളാണെന്നും എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന ഗുണമേന്മാ വിദ്യാഭ്യാസം സർക്കാരിന്റെ ബാധ്യതയാണെന്നും ഉള്ള നിലപാടാണ് നാം കൈക്കൊണ്ടത്. ഇത് ആഗോളവൽക്കരണ നയത്തിനെതിരെയുള്ള ജനകീയ നിലപാടാണ്. അതുകൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജനാധിപത്യ മതനിരപേക്ഷ ജനകീയ ബദൽ വികസിപ്പിക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കർമനിരതമായ കോവിഡ്‌ കാലം
കോവിഡ്‌ സാഹചര്യത്തിൽ കുട്ടികളെ കർമനിരതരാക്കാനും പഠനവഴിയിൽ നിലനിർത്താനുമായി ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നിനുതന്നെ ആരംഭിക്കാൻ കഴിഞ്ഞു. അതിൽ എല്ലാ കുട്ടികളെയും ഉൾക്കൊള്ളിക്കാൻ കേരളീയ ജനത വഹിച്ച അനിതര സാധാരണമായ താൽപ്പര്യം പ്രത്യേകം എടുത്തുപറയുന്നു. നാലരവർഷമായി പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ ഉണർവും  ജനങ്ങളെ പങ്കാളികളാക്കാനുള്ള ശ്രമങ്ങളുമാണ് ഈ മഹാമാരിക്കാലത്ത് പുതുവഴികൾ തേടാൻ നമുക്ക് ആത്മവിശ്വാസവും ധൈര്യവും നല്കിയത്. സ്കൂൾ വിദ്യാഭ്യാസരംഗത്ത് വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

സാർവത്രിക സ്കൂൾ പ്രവേശനവും പഠനത്തുടർച്ചയും ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾക്ക്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്ന് സമൂഹം കരുതിയിരുന്നു. അത് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ഗുണമേന്മാ വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന കാഴ്‌ചപ്പാട് ജനകീയമാക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. മാത്രമല്ല, എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാം. വിദ്യാലയമികവ് എന്നാൽ അക്കാദമിക മികവ് എന്ന നിലപാടും കൈക്കൊണ്ടു. 2017–-18 മുതൽ  2019–-20 വരെ 5.05 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നു. സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന്‌ മാറ്റി കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുന്നു. ഈ അക്കാദമികവർഷം പൊതുവിദ്യാലയങ്ങളിൽ ഇതിനകം വളരെയധികം കുട്ടികൾ അധികമായി വന്നെത്തിയിട്ടുണ്ട്.


 

അക്കാദമികരംഗത്തും വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് അടയാളപ്പെടുത്തുന്നതാണ് നിതി ആയോഗ് നടത്തിയ ഗുണനിലവാര പഠനത്തിൽ (എസ്ഇക്യുഐ) ലഭിച്ച ഒന്നാം സ്ഥാനം. അക്കാദമിക മുന്നേറ്റത്തിനായി നടത്തിയ ശ്രമങ്ങൾ ഒന്നോടിച്ചുനോക്കാം. സ്കൂളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഈ അക്കാദമിക മാസ്റ്റർ പ്ലാനുകളെ മുൻഗണനാടിസ്ഥാനത്തിൽ പ്രവർത്തന പദ്ധതികളാക്കി മാറ്റി. വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങൾ നടത്തി.

ഭാഷാവികാസത്തിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി തുടങ്ങിയവ കൂടാതെ ഗണിതം, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, കലാകായികം തുടങ്ങിയ എല്ലാ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ നടത്തി. ജനകീയഗണിതോത്സവം, ശാസ്ത്രപഥം തുടങ്ങിയ പദ്ധതികൾ എല്ലാം അക്കാദമികമുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യത്യസ്തങ്ങളായ പ്രതിഭകളെ കണ്ടെത്താനും അവ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള ‘ടാലന്റ് ലാബ്', വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാൻ നടത്തിയ ‘സർഗവിദ്യാലയ പദ്ധതി' എന്നിവയെല്ലാം ശ്രദ്ധേയമായി.

പ്രതിഭകളെ പരിചയപ്പെടുത്തുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്' എന്നതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യപരിമിതിയുള്ളവർക്കായി ഓഡിയോ പാഠങ്ങൾ തയ്യാറാക്കി. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേകം കരിക്കുലം, കൈപ്പുസ്തകം എന്നിവ വികസിപ്പിച്ചു. മെന്ററിങ് പദ്ധതി ആവിഷ്കരിച്ചു. അതിനായി ഡിജിറ്റൽ പോർട്ടൽ വികസിപ്പിച്ചു.

ഡിജിറ്റൽ സാധ്യതകളുടെ വിനിയോഗം
സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറി. വേർതിരിവില്ലാതെ എല്ലാ കുട്ടികൾക്കും   ആധുനിക സാങ്കേതികവിദ്യ പ്രാപ്യമാക്കാൻ നമുക്ക് കഴിഞ്ഞു. അങ്ങനെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതെ നോക്കാനുള്ള ബദൽ ജനകീയ മാതൃക നാം വികസിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ ഉറപ്പാക്കാൻ സെക്കൻഡറി, ഹയർ സെക്കൻഡറിയിലെ 45,000 ക്ലാസ് മുറി സാങ്കേതിക സൗഹൃദമാക്കി. കൂടാതെ, മുഴുവൻ പ്രൈമറി വിദ്യാലയത്തിലും കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി 4752 സ്കൂളിൽ ഐടി അടിസ്ഥാന സൗകര്യം ഉറപ്പാക്കി. മുഴുവൻ സ്കൂളിലും ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ്‌ സൗകര്യമൊരുക്കി.  ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി 1,19,054 ലാപ്ടോപ്‌, 69,943  പ്രൊജക്ടർ, 4578 ഡിഎസ്എൽആർ ക്യാമറ, 4545 ടിവി, 4611 മൾട്ടി ഫങ്ഷൻ പ്രിന്റർ, 23,098 സ്ക്രീൻ, 4720 വെബ്ക്യാം, 1,00,472 യുഎസ്ബി സ്പീക്കർ, 43,250 മൗണ്ടിങ് കിറ്റ് തുടങ്ങിയ ഐടി ഉപകരണങ്ങൾ നൽകി. ഇതെല്ലാം  ലോക്ഡൗൺകാലത്ത് വലിയതോതിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ ഫലപ്രദമായി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്താൻ സമഗ്ര പോർട്ടൽ വികസിപ്പിച്ചു.


 

മികച്ച പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ എല്ലാ കുട്ടികൾക്കും  എപിഎൽ/ ബിപിഎൽ ഭേദമെന്യേ സൗജന്യ യൂണിഫോം നല്കി. അധ്യാപക തസ്തിക സമയബന്ധിതമായി നികത്തുന്നതിനും ശ്രദ്ധിച്ചിരുന്നു.  ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി എന്നിവയെല്ലാം ഉദ്ഗ്രഥിച്ചുകൊണ്ട് ‘ക്യാമ്പസ് ഒരു പാഠപുസ്തകം' എന്ന സങ്കല്പം യാഥാർഥ്യമാക്കി. ആഗോളതാപനത്തിനു ബദലായ ഹരിതവൽക്കരണത്തിന്റെ ഭാഗമായി കുറെക്കൂടി ഉയർന്ന മാനമുള്ള ജൈവവൈവിധ്യ ഉദ്യാനം എല്ലാ വിദ്യാലയങ്ങളിലുംനിർമിച്ചുവരുന്നു. ഡിപിഐ, ഹയർ സെൻക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകോപിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിൽ എല്ലാ ഡയറക്ടറേറ്റുകളെയും കൊണ്ടുവന്നു. എയ്ഡഡ് മേഖലയിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരവും തസ്തികനിർണയവും സുതാര്യമാക്കി. ഇതിനായി സമന്വയ പോർട്ടൽ വികസിപ്പിച്ചു.

കിഫ്ബിയുടെ ധനസഹായത്തോടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ 141  സ്കൂളിന്‌ അഞ്ചുകോടി രൂപവീതവും 395 സ്കൂളിന്‌ മൂന്നു കോടി വീതവും 446 സ്കൂളിന്‌ ഒരു കോടി വീതവും അനുവദിച്ചു. നബാർഡ്‌ സ്കീം വഴി 150 കോടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. പ്ലാൻ ഫണ്ടിലൂടെ ആയിരത്തിലധികം വിദ്യാലയത്തിൽ ഭൗതിക സൗകര്യ വികസനം, എയ്ഡഡ് വിദ്യാലയങ്ങൾക്ക്‌ ചലഞ്ച് ഫണ്ട് എന്നിവയെല്ലാം വലിയ കുതിച്ചുചാട്ടമാണ് വരുത്തിയത്. അഞ്ചുകോടി കിഫ്ബി സഹായത്തോടെ നിർമിക്കുന്ന 60 വിദ്യാലയത്തിൽ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു. മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 35 വിദ്യാലയവും ഉദ്ഘാടനം ചെയ്തു. ഇതു കൂടാതെ നബാർഡ്‌ സ്കീം വഴിയും സർക്കാരിന്റെ പ്ലാൻ സ്കീം പ്രയോജനപ്പെടുത്തിയും നിർമിച്ച കട്ടിടങ്ങളുടെ  ഉദ്ഘാടനവും നടത്തി.

 

നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പുതുതായി നിർമിച്ച 45 സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുകയാണ്. ഇതിൽ കിഫ്ബിയുടെ ധനസഹായത്തോടെയുള്ള 12 വിദ്യാലയമുണ്ട്. നബാർഡ്‌, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ കേരളത്തിന്റെ പുതിയ ക്ലാസ്‌ മുറികൾ നിർമിക്കലും സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട ഫണ്ടുപയോഗിച്ച്‌ നിർമി ച്ച 34 സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുന്നു. ഇതോടൊപ്പം കില എസ്‌പിവിയായി നിർമാണം നടത്തുന്ന 41 സ്കൂൾ കെട്ടിടത്തിന്റെയും മറ്റ് എസ്‌പിവികൾ കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തി നിർമിക്കുന്ന അഞ്ച്‌ സ്കൂൾ കെട്ടിടത്തിന്റെയും പ്ലാൻഫണ്ട്, നബാർഡ്‌ ഫണ്ട്, സമഗ്രശിക്ഷാ കേരളയുടെ സ്കൂൾനവീകരണ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 സ്കൂൾ കെട്ടിടമടക്കം 79 സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്.

കോവിഡ്–- 19 കാലത്തിനുശേഷം സ്കൂളിലേക്ക് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക്‌ മികച്ച പഠനസൗകര്യം ഏർപ്പെടുത്താൻ കഴിയണം. കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ ബദൽ വളർത്തിയെടുക്കാനുള്ള ശ്രമത്തിൽ നമുക്കെല്ലാം കൈകോർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top