06 October Thursday

വേണോ നമുക്കിനിയും ആൺ പെൺ സ്‌കൂൾ

റെനി ആന്റണി Updated: Wednesday Jul 27, 2022

മെച്ചപ്പെട്ട സാമൂഹ്യജീവിതത്തിനുവേണ്ടി വ്യക്തിയെ തയ്യാറാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യപരമായ വിദ്യാഭ്യാസക്രമത്തിനു മാത്രമേ സാമൂഹ്യ അധ്വാനശേഷിയുടെയും വ്യക്തിഗതമായ പ്രാപ്തികളുടെയും സമഗ്രമായ വികാസം ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. കേരളീയ വിദ്യാഭ്യാസത്തിന്റെ പടവുകൾ വിശകലനം ചെയ്യുമ്പോൾ നിരന്തരമായ പരിവർത്തനത്തിന്റേതായ പൊതുധാര അന്തർലീനമായി കാണാവുന്നതാണ്. ജനാധിപത്യപരമായ വിദ്യാഭ്യാസം പടുത്തുയർത്തുമ്പോൾ അത് തടസ്സപ്പെടുത്താൻ ശ്രമിച്ച ശക്തികളെ ഓരോ ഘട്ടത്തിലും അതിധീരമായി മറികടന്ന ചരിത്രമാണ് കേരളത്തിനുള്ളത്. സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് കേരളീയ വിദ്യാഭ്യാസരംഗം വളരുകയും സമൂഹത്തിന്റെ മതനിരപേക്ഷ, ജനാധിപത്യബോധത്തോടൊപ്പം വികസിക്കുകയും എല്ലാത്തരം വിവേചനങ്ങളെയും വേരോടെ പിഴുതെറിയാൻ കരുത്താർജിക്കുകയും ചെയ്തത്. പെൺകുട്ടികൾ, അധഃസ്ഥിതർ തുടങ്ങിയവരുടെ വിദ്യാഭ്യാസത്തിനായി നടന്ന ബോധപൂർവമായ പരിശ്രമങ്ങളെല്ലാം ഇങ്ങനെയാണുണ്ടായത്.

20–--ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന വിദ്യാലയങ്ങളെക്കുറിച്ച് ചിന്തിക്കാൻപ്പോലും കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കൂളുകൾ ആരംഭിക്കുകയും വനിതാ അധ്യാപകരെ നിയമിക്കുകയും ചെയ്യേണ്ടിവന്നത്. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപുരോഗതിക്ക് ഈ നടപടികൾ തീർച്ചയായും ആക്കം കൂട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും കാലക്രമേണ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകൾ എന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണെന്നും ലിംഗനീതിയും ലിംഗതുല്യതയും സമഭാവനയും വളർന്നുവരണമെങ്കിൽ സഹവിദ്യാഭ്യാസം (Co–-education) ആണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന ചിന്താധാര കേരളീയ സമൂഹത്തിൽ വളർന്നുവരികയുണ്ടായി. ആൺ–-പെൺ കുട്ടികൾക്കായി പ്രത്യേകം സ്കൂളുകൾ എന്ന ധാരണ ക്രമേണ മാറുകയും ബഹുഭൂരിപക്ഷം  പ്രൈമറി വിദ്യാലയങ്ങളും മിക്സഡ് വിദ്യാലയങ്ങളാകുകയും ചെയ്തതാണ് നമ്മുടെ ചരിത്രം.

-എന്നാൽ, പെൺകുട്ടികൾക്കുമാത്രമായി 280 സ്കൂളും ആൺകുട്ടികൾക്കുമാത്രമായി 164 സ്കൂളും ഇപ്പോഴും നിലവിലുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിൽനിന്ന്‌ വ്യക്തമാകുന്നത്. സഹവിദ്യാഭ്യാസമാണ് സർക്കാർ നയമെങ്കിലും ചില സ്കൂളുകളിലെ രക്ഷിതാക്കളെങ്കിലും മിക്സഡ് വിദ്യാഭ്യാസത്തിനെതിരായി ചിന്തിക്കുന്നു എന്നത് പരമസത്യമാണ്. കുടുംബഘടനയിലും സാമൂഹ്യജീവിതത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും തുല്യതയിലധിഷ്ഠിതമായ സ്ത്രീ–-പുരുഷ ബന്ധമോ, അതിനനുഗുണമായ ലിംഗാവബോധമോ (Gender consciousness) വളർത്തിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ അക്കാദമിക സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

പൊതുവിദ്യാലയങ്ങളിൽ പകുതിയിലധികം പെൺകുട്ടികളും അധ്യാപകരിൽ 72 ശതമാനം വനിതകളുമായിരുന്നിട്ടുപോലും ഈ അനുകൂലസാഹചര്യത്തെ വെല്ലുവിളിക്കുന്ന തരത്തിൽ ആഴത്തിൽ വേരോട്ടമുള്ളതാണ് കേരളത്തിലെ പുരുഷാധിപത്യമനോഭാവം. ഇത്തരം മനോഭാവങ്ങളാണ് ഇന്ന് അപകടകരമാംവിധം നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയ്ക്കും സദാചാര പൊലീസിങ്ങിനും ഇടനൽകുന്നത്. ആരോഗ്യകരമായ സ്ത്രീ–-പുരുഷ ബന്ധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമൊക്കെ സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങൾ. ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ആൺ-–-പെൺ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹവിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ സംബന്ധിച്ച സംവാദാത്മകമായ ചർച്ചകൾ ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായി തീർന്നിരിക്കുന്നു.

സഹവിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാനും ഇന്ന് സമൂഹത്തിൽ നിലനിന്നുപോരുന്ന സ്ത്രീവിരുദ്ധ മനോഭാവം മാറ്റിയെടുക്കുന്നതിനും പെൺകുട്ടികളോടും സ്ത്രീകളോടും മാന്യമായ പെരുമാറ്റം വളർത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് സഹവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത്.

സഹവിദ്യാഭ്യാസത്തിന്റെ മേന്മകൾ
വിദ്യാർഥികൾക്കിടയിൽ സമത്വബോധം 
സൃഷ്ടിക്കുന്നു.
പരസ്പര സഹകരണ മനോഭാവം വളർത്തുന്നു.
ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം 
മനസ്സിലാക്കുന്നു.
ആശയങ്ങളും ചിന്തകളും പരസ്പരം പങ്കിടാൻ 
അവസരമുണ്ടാകുന്നു.
ആരോഗ്യകരമായ മത്സരബുദ്ധി വളർത്തിയെടുക്കാൻ കഴിയുന്നു. പരസ്പരബഹുമാനം ഉണ്ടാകുന്നു.
ലജ്ജയും അപകർഷതാബോധവും ഇല്ലാതാകുന്നു.
ഓരോരുത്തരുടെയും കഴിവുകളും പ്രാധാന്യവും 
തിരിച്ചറിയുന്നു.
ആത്മവിശ്വാസം വർധിക്കുന്നു.

ഇനിയും നമ്മുടെ സംസ്ഥാനത്ത് ആൺ സ്കൂളുകളും പെൺ സ്കൂളുകളും തുട രേണ്ടതുണ്ടോയെന്ന് കേരളീയ സമൂഹം പുനർവിചിന്തനം നടത്തേണ്ടതാണ്. കുട്ടികളുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾ തല്ലിപ്പൊളിക്കുകയും ഒരുമിച്ചിരിക്കുന്ന കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്ന രോഗാതുരമായ മനസ്സുകൾ നിറഞ്ഞാടുന്ന നമ്മുടെ സമൂഹത്തിൽ ഇനിയും ലിംഗസമത്വത്തെക്കുറിച്ച് ഉറച്ച ധാരണകളുണ്ടാക്കാൻ അമാന്തിക്കരുത്.

(ബാലാവകാശ കമീഷൻ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top