2023ലെ സമാധാന നൊബേൽ പുരസ്‌കാരത്തിന് ഏറ്റവും സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന മാധ്യമവാർത്തകൾ പുതിയ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരഫലിതങ്ങളിലൊന്നാണ്. ഇന്ത്യ സന്ദർശിച്ച നൊബേൽ സമ്മാനസമിതി ഡെപ്യൂട്ടി ലീഡർ അസ്‌ലെ ടോജെയെ ഉദ്ധരിച്ചാണ് കാവി മാധ്യമങ്ങളുടെ വ്യാജവാർത്താമഴ. ഹിന്ദി വാർത്താ ചാനലായ എബിപി ന്യൂസ്, അസ്‌ലെ ടോജെയുമായി അഭിമുഖം നടത്തിയിരുന്നു. മോദിയെയും ഇന്ത്യയെയും പുകഴ്ത്തി അതിൽ അദ്ദേഹം സംസാരിച്ചതായാണ് വളച്ചൊടിക്കൽ. ടൈംസ്‌നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ, വാർത്താ ഏജൻസിയായ എഎൻഐ, മലയാള മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവ സമാധാന നൊബേലിന് ഏറ്റവും സാധ്യത മോദിക്കാണെന്ന് ടോജെ പറഞ്ഞതായി കൊട്ടിഘോഷിച്ചു. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവ് മോദിയാണെന്ന് വാദിച്ച ടോജെ, റഷ്യ-‐ ഉക്രയ്‌ൻ യുദ്ധത്തിലെ ഇന്ത്യൻ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്‌തുവത്രെ. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലോകത്തിലെ ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിലൊന്നായതിനാൽ ടോജെയുടെ പ്രസ്താവനയ്ക്ക് വൻപ്രാധാന്യമുണ്ടെന്നും ചില മാധ്യമങ്ങൾ തട്ടിവിട്ടു. അവയെല്ലാം വ്യാജ വാർത്തകളാണെന്ന് തുറന്നടിച്ച് അസ്‌ലെ ടോജെതന്നെ രംഗത്തെത്തിയത് കാവി പ്രചാരകരുടെ പൊള്ളത്തരം തുറന്നുകാട്ടി. മോദിയെ പരിഗണിക്കുന്നതായി പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിലൂടെ ഏകാധിപത്യം
ആഭ്യന്തര ജനാധിപത്യം എല്ലാഅർഥത്തിലും കൈമോശംവന്ന രാജ്യങ്ങളിൽ പ്രധാനമാണ് മോദി ഭരണത്തലവനായ ഇന്ത്യയെന്ന് പല പഠനങ്ങളും റിപ്പോർട്ടുകളും സാക്ഷ്യംനിൽക്കുകയാണ്. ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും മോശം ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന സ്വീഡനിലെ ഗോതെൻബർഗ് സർവകലാശാല വി–- ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് നിസ്സാരമല്ല. ഏകാധിപത്യ പ്രവണതയുടെ ഭാഗമായി മാധ്യമങ്ങളെയും പൗരസമൂഹത്തെയും ലക്ഷ്യമാക്കിയുള്ള ആക്രമണം ഏറി. അക്കാദമിക്, സാംസ്‌കാരിക, അഭിപ്രായപ്രകടന സ്വാതന്ത്ര്യവും അപകടത്തിലാണ്ടു. വ്യാജവാർത്താ പ്രചാരണം, സമൂഹ ധ്രുവീകരണം, ഏകാധിപത്യ പ്രവണത എന്നിവ പരസ്‌പരബന്ധിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2023ലെ റിപ്പോർട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 97–-ാം സ്ഥാനത്താണ്. 50 ശതമാനത്തിൽ താഴെയാണ് പോയിന്റ്. തെരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ 108–-ാം സ്ഥാനത്തും സമത്വസൂചികയിൽ 123–-ാം സ്ഥാനത്തും. വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ് ഇന്ത്യയെന്ന് 2021ലെ റിപ്പോർട്ടിൽ വി–- ഡെം വിലയിരുത്തിയിരുന്നു. ആ വർഷം, ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമായിരുന്നെന്ന് വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമീഷനും ആഭ്യന്തരമന്ത്രാലയവും പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം കസ്റ്റഡി മരണം മോദിയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഗുജറാത്തിലാണ്. അഞ്ചുവർഷത്തിനിടെ ആ ബിജെപിഭരണ സംസ്ഥാനത്ത് 80 പേർക്കാണ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത്. 2021–--22ൽ മാത്രം കസ്റ്റഡിയിൽ 24 മരണം. 2017–--18ൽ 14. 2018–--19ൽ 13 പേരും 2019-–-20ൽ 12 പേരും മരിച്ചു. 2020–--21ൽ 17. ഗുജറാത്തിലെ ജയിലുകളുടെ അവസ്ഥയും പരമദയനീയമാണെന്ന് റിപ്പോർട്ടുകളിലുണ്ട്. സ്വീഡൻ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ്, ജനാധിപത്യം തകർച്ചയിലേക്ക് നീങ്ങിയ പ്രധാന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ അടയാളപ്പെടുത്തിയത്. അവരുടെ ആഗോള ജനാധിപത്യ റിപ്പോർട്ടിൽ ഇന്ത്യക്ക് അടിയന്തരാവസ്ഥ കാലത്തിന് സമാനമായ പദവിയാണ്.
മതപരിവർത്തനത്തിന്റെ
ഇന്ത്യൻ അഗ്നിപർവതം
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ കണ്ടെത്തലിന് ജാർഖണ്ഡ് തെളിവു നൽകുകയാണ്. ആ സംസ്ഥാനത്തെ സാഹിബ്ഗഞ്ചിൽ ക്രിസ്ത്യാനികളെ കത്തുന്ന കൽക്കരിയിലൂടെ വലിച്ചിഴച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതായുള്ള ഔട്ട്‌ലുക്ക് റിപ്പോർട്ട് ഗുരുതരമാണ്. ആർഎസ്എസ്, വിഎച്ച്പി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒട്ടേറെ ഘർ വാപസി ക്യാമ്പുകൾ നടത്തുന്നുണ്ട്. അവയിൽ നൂറുകണക്കിന് ആദിവാസികളെയാണ് ക്രിസ്തുമതത്തിൽനിന്ന് പരിവർത്തനം ചെയ്യിക്കുന്നത്. ഗിരി വനവാസി കല്യാൺ പരിഷത്താണ് സാഹിബ്ഗഞ്ചിലെ ക്യാമ്പിന്റെ സംഘാടകർ. 70 ക്രിസ്ത്യൻ കുടുംബമാണ് അവിടെ ഹിന്ദുമതം സ്വീകരിച്ചത്.
മോദി സമാധാന നൊബേലിന് നിർദേശിക്കപ്പെടാൻ ഏറെ സാധ്യതയെന്ന് ഹർഷോന്മാദം മുഴക്കുന്നവർ പഴയ പട്ടിക മറിച്ചുനോക്കിക്കാണും. അതിൽ അഡോൾഫ് ഹിറ്റ്‌ലറും ബെനിറ്റോ മുസോളിനിയും മറ്റും ഇടംപിടിച്ചത് വസ്‌തുതയാണ്. സാഹിത്യത്തിൽ ലിയോ ടോൾസ്‌റ്റോയിയെ ഒരിക്കലും പരിഗണിച്ചില്ല. ആൽഫ്രഡ് നൊബേൽ ഏർപ്പെടുത്തിയ അഞ്ചു സമ്മാനങ്ങളുടെ രാഷ്ട്രീയമാനം കാരണം അവ ചരിത്രത്തിൽ പലപ്പോഴും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം 2018ലെ നൊബേൽ പുരസ്‌കാരം റദ്ദാക്കാൻ സാധ്യത തെളിഞ്ഞിരുന്നു. ലൈംഗിക വിവാദത്തിൽ അകപ്പെട്ട സ്വീഡിഷ് അക്കാദമി സമ്മാനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിന് അവാർഡുകൾ നൽകിയേക്കില്ലെന്ന സംശയം നിലനിന്നതായാണ് വാർത്ത. 2017 നവംബറിൽ പൊട്ടിമുളച്ച വിവാദം കെട്ടടങ്ങാത്തത് അക്കാദമിയുടെ സൽപ്പേരിനെ ബാധിച്ചു. അക്കാദമി അംഗത്തിന്റെ ഭർത്താവായ ജീൻ ക്ളോഡ് അർനോൾട്ട് ലൈംഗിക ആവശ്യങ്ങൾക്കായി അക്കാദമിയുടെ പേര് ഉപയോഗപ്പെടുത്തിയിരിക്കാമെന്ന സംശയം. നൊബേൽ പുരസ്‌കാരം നൽകിയില്ലെങ്കിൽ 1943 മുതൽ തുടരുന്ന സമ്മാനവിതരണത്തിൽ നേരിടുന്ന ആദ്യ തടസ്സമാകും അതെന്നും പത്രം ഓർമിപ്പിച്ചു. റഷ്യയിൽനിന്നുള്ള എഴുത്തുകാരെ സംബന്ധിച്ച നൊബേൽ കമ്മിറ്റിയുടെ ഒട്ടുമിക്ക തീരുമാനങ്ങൾക്കും പ്രത്യയശാസ്ത്ര പശ്ചാത്തലമുണ്ടായിരുന്നു.
1901-ൽ സ്വീഡിഷ് അക്കാദമിക് വിദഗ്ധർ, ടോൾസ്റ്റോയിക്ക് കത്തെഴുതി."ആധുനിക സാഹിത്യത്തിന്റെ ആദരണീയനായ ഗോത്രപിതാവ്’ എന്നും "ശക്തരായ ആത്മാവുള്ള കവികളിൽ ഒരാൾ’ എന്നും വിളിച്ചു. ടോൾസ്റ്റോയിക്ക് സമ്മാനം നൽകേണ്ടതില്ലെന്ന തീരുമാനം ന്യായീകരിക്കാനുള്ള അക്കാദമിക് വിദഗ്ധരുടെ ആഗ്രഹമായിരുന്നു കത്തിന്റെ പ്രധാന സന്ദേശം. മികച്ച എഴുത്തുകാരനായ അദ്ദേഹം ഒരിക്കലും അത്തരമൊരു പ്രതിഫലം അന്വേഷിച്ചില്ലെന്നും അക്കാദമിഷ്യന്മാർ കുറിച്ചു. പ്രതികരണമായി ടോൾസ്റ്റോയ് നന്ദി അറിയിച്ചു. നൊബേൽ സമ്മാനം ലഭിക്കാത്തതിൽ താൻ ഏറെ സന്തുഷ്ടനായിരുന്നു. അത് വലിയ ബുദ്ധിമുട്ടിൽനിന്ന് രക്ഷിച്ചു. ഈ പണം വിനിയോഗിക്കുന്നതിന്, ഏത് പണത്തെയുംപോലെ, തന്റെ അഭിപ്രായത്തിൽ, തിന്മ മാത്രമേ വരുത്തൂവെന്ന പ്രതികരണം ശ്രദ്ധേയമായിരുന്നു. ടോൾസ്റ്റോയിയെ സമ്മാനത്തിൽനിന്ന് പുറന്തള്ളിയ വിദഗ്ധരുടെ അഭിപ്രായങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ആൽഫ്രഡ് ജെൻസൻ, ടോൾസ്റ്റോയിയുടെ തത്വചിന്ത ആൽഫ്രഡ് നൊബേലിന്റെ ഇഷ്ടത്തിന് വിരുദ്ധമാണെന്ന് വിശ്വസിച്ചു. "യുദ്ധവും സമാധാനവും’പൂർണമായും ചരിത്രം മനസ്സിലാക്കാൻ കഴിയാത്തതാണ്. ടോൾസ്റ്റോയിക്ക് സമ്മാനം നൽകുന്നതിലെ സാധ്യതയില്ലായ്‌മ മുൻനിർത്തി സ്വീഡിഷ് അക്കാദമി സെക്രട്ടറി കാൾ വിർസെൻ കാഴ്ചപ്പാട് വിശദീകരിച്ചത്, "ഈ എഴുത്തുകാരൻ എല്ലാത്തരം നാഗരികതയെയും അപലപിക്കുകയും ഉയർന്ന സംസ്കാരത്തിന്റെ എല്ലാ സ്ഥാപനങ്ങളിൽനിന്നും വിവാഹമോചനം നേടുകയും പ്രാകൃത ജീവിതരീതി സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു.
1973ൽ ഹെൻറി കിസിഞ്ചർക്കൊപ്പം സമാധാന നൊബേൽ പങ്കുവയ്‌ക്കാൻ ക്ഷണിക്കപ്പെട്ട വടക്കൻ വിയത്‌നാം നേതാവ് ലേ ഡക് ദോ അതിന് തയ്യാറായില്ല. സമാധാന ഭംഗത്തിന് ആയുധം നൽകിയ കിസിഞ്ചറെ വെള്ളപൂശാനുള്ള തന്ത്രത്തിൽ അദ്ദേഹം വീണുപോയില്ലെന്നർഥം. 1964ൽ സാഹിത്യ നൊബേൽ പുരസ്‌കാരം ഴാങ് പോൾ സാർത്ര് നിരസിച്ചത് ക്ഷോഭത്തോടെയാണ്. നോർവീജിയൻ സമിതിയുടെ രേഖകൾ ശ്രദ്ധിച്ചാൽ ഗാന്ധിജി അഞ്ചുവട്ടം ആ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നതായി കാണാം. 1937, 1938, 1939, 1947 വർഷങ്ങളിലായിരുന്നു നാലു നോമിനേഷൻ. അവസാനത്തേത്, വധിക്കപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പും. മൂന്നുതവണ ഹ്രസ്വപട്ടികയിൽ എത്തിയ അദ്ദേഹത്തിന് ഉറച്ച ഘട്ടത്തിൽ, ടൈംസിൽ പ്രത്യക്ഷപ്പെട്ട (പ്രാർഥനാ യോഗത്തിൽ പാകിസ്ഥാനെതിരെ യുദ്ധത്തിനിറങ്ങണമെന്ന് ആഹ്വാനംനൽകിയെന്ന) റോയിട്ടേഴ്‌സ് വ്യാജവാർത്തയുടെ പേരിലാണ് നിഷേധിക്കപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..