12 December Thursday

ആഫ്രിക്കയിലെ ഗാന്ധി

ഡോ. പി മോഹൻദാസ്‌Updated: Wednesday Oct 2, 2019


ഇരുപത്തിനാലാമത്തെ വയസ്സിലാണ്‌ ഗാന്ധി തെക്കേ ആഫ്രിക്കയിലേക്ക്‌ പോകുന്നത്‌. അതുവരെ ആഫ്രിക്കയെക്കുറിച്ച്‌ കൂടുതലൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. 1884 –- 85ലെ ബർലിൻ കരാർ അനുസരിച്ച്‌ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള നേറ്റാൾ പ്രവിശ്യ ബ്രിട്ടീഷ്‌ ചക്രവർത്തിയുടെ കീഴിലായിരുന്നു. കേപ്‌ (Cape) ഒരു സ്വയം ഭരണകോളനിയും. ട്രാൻസ്‌വാളും ഓറഞ്ച്‌ ഫ്രീ സ്‌റ്റേറ്റും ഡച്ച്‌ കോളനികളായിരുന്നു.

ദാദാ അബ്‌ദുള്ളയുടെ കേസ്‌
പോർബന്തർകാരൻതന്നെയായ ദാദാ അബ്‌ദുള്ള എന്ന പണക്കാരനായ കച്ചവടക്കാരന്റെ കേസുമായി ബന്ധപ്പെട്ട ജോലികൾക്കാണ്‌ ഗാന്ധി തെക്കേ ആഫ്രിക്കയിലെത്തുന്നത്‌. ദാദാ അബ്‌ദുള്ള 1880കളിൽ ആഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ സ്വർണം കടത്തിവിറ്റാണ്‌  പണക്കാരനായത്‌. ബന്ധുവായ ട്രാൻസ്‌വാളിലെ തിയബ്ഖാൻ മുഹമ്മദ്‌ എന്ന വ്യാപാരിയുമായി 40,000 ഇംഗ്ലീഷ്‌ പൗണ്ടിന്റെ അവകാശത്തെ സംബന്ധിച്ചായിരുന്നു ആ കേസ്‌. ഈ ആവശ്യത്തിനായിരുന്നു ഗാന്ധി നേറ്റാളിൽനിന്ന്‌ ട്രാൻസ്‌വാളിലേക്ക്‌ സഞ്ചരിക്കേണ്ടിയിരുന്നത്‌. തെക്കേആഫ്രിക്കയിലെ ഈ യാത്രയാണ്‌ ഗാന്ധിയെ പ്രക്ഷോഭകാരിയാക്കിയത്‌. ട്രാൻസ്‌വാളിലുള്ള പ്രീട്ടോറിയയിലെ കോടതിയിൽ കേസിന്റെ ചില കാര്യങ്ങൾക്കായി ചെല്ലണമെന്ന്‌ ദാദ അബ്ദുള്ളക്ക്‌ അറിയിപ്പ്‌ ലഭിച്ചു. തിരക്കുകൾ കാരണം അദ്ദേഹം ഗാന്ധിയെ അങ്ങോട്ട്‌ പറഞ്ഞയച്ചു. കേസിന്റെ മുഴുവൻ കാര്യങ്ങളും വളരെ വ്യക്തതയോടെ പഠിച്ചതിനുശേഷമാണ്‌ ഗാന്ധി യാത്ര പുറപ്പെട്ടത്‌. യാത്രയ്‌ക്കായി ഗാന്ധിക്ക്‌ ദാദാ അബ്‌ദുള്ള ഒന്നാംക്ലാസ്‌ ടിക്കറ്റെടുത്തു നൽകി.

പ്രീട്ടോറിയയിലേക്ക്‌ നേരിട്ട്‌ ഡർബനിൽനിന്ന്‌ ട്രെയിൻ ഇല്ലായിരുന്നു. ചാൾസ്‌ ടൗണിലെത്തി അവിടെനിന്ന്‌ കുതിരവണ്ടിയിൽ കുറെദൂരം സഞ്ചരിച്ച്‌ ജൊഹാനസ്‌ ബർഗിൽ എത്തണം. അവിടെനിന്ന്‌ വീണ്ടും ട്രെയിനിൽ പ്രീട്ടോറിയയിലേക്ക്‌ പോകണം. ഈ യാത്രയിലാണ്‌ നേറ്റാളിന്റെ തലസ്ഥാനമായ പീറ്റർ മാരിറ്റ്‌സ്‌ബർഗിൽ ഗാന്ധിക്ക്‌ തന്റെ ജീവിതത്തിലെ ഏറ്റവും മോശമെന്ന്‌ അദ്ദേഹംതന്നെ വിവരിച്ച അനുഭവമുണ്ടായത്‌.

വണ്ടി സ്‌റ്റേഷനിൽ എത്തിയപ്പോൾ ഒരു യൂറോപ്യൻ ട്രെയിനിൽ കയറിവന്ന്‌ തന്നെ അടിമുടി ശ്രദ്ധിക്കുന്നതായി ഗാന്ധിക്കുതോന്നി. ഗാന്ധി വെള്ളക്കാരനല്ലെന്ന്‌ ഉറപ്പുവരുത്തിയശേഷം അയാൾ റെയിൽവേ ഉദ്യോഗസ്ഥനെയും കൊണ്ടുവന്നു. ഉടൻതന്നെ അടുത്ത   കമ്പാർട്ട്‌മെന്റിലേക്ക്‌ മാറണമെന്ന്‌ ഗാന്ധിയോടാജ്ഞാപിച്ചു. തനിക്ക്‌ ഒന്നാംക്ലാസ്‌ ടിക്കറ്റുണ്ടെന്ന്‌ പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇറങ്ങിപ്പോകില്ലെന്ന്‌ ശഠിച്ചപ്പോൾ ഗാന്ധിയെ ഒരു പൊലീസുകാരൻ ട്രെയിനിൽനിന്ന്‌ ബലമായി ഇറക്കിവിട്ടു. സാധനങ്ങൾ പ്ലാറ്റ്‌ഫോമിലേക്ക്‌ വലിച്ചെറിഞ്ഞു. അപമാനഭാരത്താൽ അദ്ദേഹം വിറങ്ങലിച്ചുപോയി. ആഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്കുതന്നെ തിരിച്ചുപോയാലോ എന്ന്‌ അദ്ദേഹം ആലോചിച്ചു. പക്ഷേ, അത്‌ ഭീരുത്വമാണെന്ന്‌ ഗാന്ധിക്കുതോന്നി. ഈ സംഭവം ഗാന്ധിയെ ഇരുത്തിച്ചിന്തിപ്പിച്ചു. കയ്‌പേറിയ ഈ അനുഭവത്തിൽനിന്നാണ്‌ ഇന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചും ഗാന്ധി ആദ്യമായി ചിന്തിച്ചത്‌. തിരിച്ചുപോകുന്നതിനുപകരം അടുത്തദിവസംതന്നെ പ്രീട്ടോറിയയിലേക്ക്‌ പോകാൻ ഗാന്ധി തയ്യാറായി.

പിറ്റേന്ന്‌ രാവിലെതന്നെ തന്റെ ദുരനുഭവങ്ങൾ വിവരിച്ചു നീണ്ട ടെലഗ്രാം റെയിൽവേ മാനേജർക്ക്‌ അയച്ചു. ഒപ്പം ദാദാ അബ്‌ദുള്ളയ്‌ക്കും. പീറ്റർ മാരിറ്റ്‌സ്‌ബർഗിലെ കച്ചവടക്കാർ ഗാന്ധിയോട്‌ അനുഭാവം പ്രകടിപ്പിച്ചു. ദാദാ അബ്‌ദുള്ള അറിയിച്ചതനുസരിച്ച്‌ കച്ചവടക്കാരുടെ പ്രതിനിധികൾ ഗാന്ധിയെ കാണാൻ അവിടെവന്നു. പിറ്റേന്ന്‌ രാത്രി ഫസ്‌റ്റ്‌ ക്ലാസ്‌ ട്രെയിനിൽത്തന്നെ ഗാന്ധി ട്രാൻസ്‌വാൾ അതിർത്തിയിലെ ചാൾസ്‌ ടൗൺ റെയിൽവേസ്‌റ്റേഷനിൽ എത്തി.

ജൊഹാനസ്‌ബർഗിൽനിന്ന്‌ പ്രീട്ടോറിയയിലേക്ക്‌ ട്രെയിനിൽത്തന്നെ പോകാൻ ഗാന്ധി തീരുമാനിച്ചു. ഇന്ത്യക്കാർക്ക്‌ ഒന്നാംക്ലാസ്‌ ടിക്കറ്റ്‌ നൽകില്ലെന്ന്‌ സ്‌റ്റേഷൻമാസ്‌റ്റർ പറഞ്ഞപ്പോൾ ഗാന്ധി റെയിൽവേ നിയമങ്ങൾ പരിശോധിച്ച്‌ അതിൽ എവിടെയും അങ്ങനെ പറയുന്നില്ലെന്ന്‌ സ്‌റ്റേഷൻമാസ്‌റ്ററെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്‌ ഒന്നാംക്ലാസ്‌ ടിക്കറ്റ്‌ നൽകേണ്ടിവന്നു. ട്രെയിനിൽ കയറിയപ്പോൾ ടിക്കറ്റ്‌ പരിശോധകൻ ഗാന്ധിയോട്‌ മൂന്നാംക്ലാസിലേക്ക്‌ മാറാൻ കൽപ്പിച്ചു. പക്ഷേ, അതേ മുറിയിലുണ്ടായിരുന്ന ഇംഗ്ലീഷുകാർതന്നെ ഗാന്ധിയോടൊപ്പം നിന്നു. അതിനാൽ ടിക്കറ്റ്‌ പരിശോധകന്‌ ഗാന്ധിയെ ഇറക്കിവിടാനായില്ല.

പൊതുപ്രവർത്തനത്തിന്റെ പരീക്ഷണശാല
ട്രെയിനിൽ മാത്രമല്ല, ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും അനുഭവിക്കേണ്ടിവന്ന ഇത്തരം വിവേചനങ്ങൾ ശക്തമായും മനസ്സാന്നിധ്യത്തോടെയും നേരിടുന്നതിൽ ഗാന്ധി വിജയിച്ചു. ഡോ. ജോൺ ആർ മോട്ട്‌ എന്ന ക്രിസ്‌ത്യൻ പാതിരി വർഷങ്ങൾക്കുശേഷം ഗാന്ധിജിയോട്‌ തന്റെ ജീവിതത്തിലെ ഏറ്റവും സർഗാത്മകമായ അനുഭവം ഏതെന്ന്‌ ചോദിച്ചപ്പോൾ പീറ്റർ മാരിറ്റ്‌സ്‌ബർഗിലെ അനുഭവമാണ്‌ അതെന്നാണ്‌ ഗാന്ധിജി പറഞ്ഞത്‌.

ദാദാ അബ്‌ദുള്ളയുടെ കേസ്‌ ഒരു വർഷംകൊണ്ട്‌ കഴിഞ്ഞുവെങ്കിലും ഗാന്ധിക്ക്‌ ഇന്ത്യയിലേക്ക്‌ മടങ്ങാനായില്ല. ഇന്ത്യക്കാരുടെ വോട്ടവകാശപ്രശ്‌നത്തിൽ ഗാന്ധിക്ക്‌ ഇടപെടേണ്ടിവന്നു. ഇതിലൂടെ പൊതുപ്രവർത്തനത്തിന്റെ പരീക്ഷണശാലയായി തെക്കേ ആഫ്രിക്കയെ മാറ്റി. 1894ൽത്തന്നെ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ മടങ്ങാനിരുന്ന ഗാന്ധി 1915വരെ അവിടെത്തന്നെ താമസിച്ചു.

ജോൺ റസ്‌കിന്റെ ‘ഈ അന്ത്യംവരെ’ ഗ്രന്ഥത്തിൽ പ്രചോദിതനായ ഗാന്ധി അഹിംസയിലധിഷ്‌ഠിതമായ സത്യഗ്രഹസമരത്തിന്‌ രൂപംനൽകി. ഫിനിക്‌സ്‌ ഫാം, ടോൾസ്‌റ്റോയി ഫാം എന്നീ ആശ്രമങ്ങളിലൂടെ തന്റെ ചിന്തകൾക്ക്‌ മൂർത്തരൂപം നൽകി. ഇന്ത്യയിൽ അദ്ദേഹം നടത്തിയ എല്ലാ രാഷ്‌ട്രീയ ഇടപെടലുകൾക്കും ദക്ഷിണാഫ്രിക്കയിലെ പരീക്ഷണങ്ങളുടെ പിൻബലം കാണാം. ഗാന്ധിജിയെക്കുറിച്ചെഴുതിയ പഴയതലമുറയിലെ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ പ്രൊഫ. ഹിരൺ മുഖർജി ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കണക്കാക്കുന്നത്‌ ‘അഭയം’ (ഭയമില്ലാത്ത അവസ്ഥ) ആണ്‌.


പ്രധാന വാർത്തകൾ
 Top