26 August Monday

ഫ്രാൻസിലെ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക‌്

വി ബി പരമേശ്വരൻUpdated: Tuesday Feb 12, 2019


ഫ്രാൻസിൽ മൂന്നു മാസമായി തുടരുന്ന മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയണ്. നവംബറിൽ പെട്രോളിന് വില വർധിപ്പിച്ച പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ നടപടിയാണ് മഞ്ഞക്കുപ്പായ പ്രക്ഷോഭത്തിനു കാരണമായത്. നവംബർ 17നാണ് മഞ്ഞക്കുപ്പായക്കാർ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ 13 ആഴ്ചയായി എല്ലാ ശനിയാഴ്ചയും ഫ്രഞ്ച് തെരുവീഥികളിൽ മഞ്ഞക്കുപ്പായക്കാർ പ്രക്ഷോഭപതാക ഉയർത്തുകയാണ്. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും വിലക്കയറ്റവും ജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ജനങ്ങൾ സ്വമേധയാ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടിയത്. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും മറ്റും നടത്തിയിട്ടും സമരാഗ്നി കെടുത്താനായില്ല. ഈ ഘട്ടത്തിലാണ് മാക്രോൺ എണ്ണ വിലവർധന പിൻവലിച്ചത്. എന്നിട്ടും പ്രക്ഷോഭത്തിനു ശമനമുണ്ടായില്ല. 

സമരം തുടങ്ങിയ കാലത്ത് ഇന്ധന വിലവർധന മാത്രമായിരുന്നു വിഷയമെങ്കിൽ തുടർന്നുള്ള മാസങ്ങളിൽ അസമത്വവും അനീതിയും കൂലിക്കൂടുതലും മറ്റും പ്രക്ഷോഭത്തിന്റെ വിഷയമായി. ആദ്യഘട്ടത്തിൽ ഇന്ധന വിലവർധനയുടെ ഫലമായി ബജറ്റ് താളംതെറ്റിയവരാണ് സമരത്തിൽ പങ്കെടുത്തതെങ്കിൽ പിന്നീട് വിദ്യാർഥികളും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളും വർധിച്ചതോതിൽ സ്ത്രീകളും സമരത്തിൽ പങ്കെടുത്തു. ഏറ്റവും അവസാനമായി രാജ്യത്തെ പ്രമുഖ ട്രേഡ‌് യൂണിയനുകൾ നടത്തിയ സമരവുമായും മഞ്ഞക്കുപ്പായക്കാർ കൈകോർത്തു. ഫെബ്രുവരി നാലിന് ഫ്രാൻസിലെ ഏറ്റവും ശക്തമായ രണ്ട് ട്രേഡ് യൂണിയനുകൾ–-എസ്ജിടിയും എഫ‌്എസ‌്‌യുവും–-നടത്തിയ പണിമുടക്കിനെയാണ് മഞ്ഞക്കുപ്പായക്കാർ പിന്തുണച്ചത്. കൂലിയും പെൻഷനും വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യമെങ്കിലും സാമ്പത്തിക വളർച്ചയുടെ ഗുണം ഒരുപിടി കോർപറേറ്റുകളിൽ ഒതുങ്ങാതെ സാധാരണ ജനങ്ങൾക്കു കൂടി പങ്കുവയ‌്ക്കണമെന്ന അർഥത്തിൽ സാമൂഹ്യ പുരോഗതിയെന്ന മുദ്രാവാക്യവും അവർ മുന്നോട്ടു വച്ചു. കമ്യൂണിസ്റ്റ് പാർടിയുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പൂർണ പിന്തുണയും ഈ പണിമുടക്കിനുണ്ടായിരുന്നു.

പാരീസിൽ മാത്രം പണിമുടക്ക് ദിവസം 30,000 പേർ പങ്കെടുത്ത പ്രകടനം നടന്നു. വലേൻഷ്യ, മാഴ്സിലെ, നാൻസി, ട്രോയിസ, നാന്റേ തുടങ്ങി 200 നഗരങ്ങളിൽ തൊഴിലാളികൾ റാലി നടത്തി. മൊത്തം മൂന്നു ലക്ഷം പേരാണ് ഇതിൽ പങ്കെടുത്തത്. മഞ്ഞക്കുപ്പായക്കാരും കമ്യൂണിസ്റ്റ് യുവജനവിഭാഗവും (എംജെസിഎഫ്) പലയിടത്തും ഈ പ്രകടനങ്ങളിൽ അണിനിരന്നു. മാക്രോണിന്റെ നിയോ ലിബറൽ നയങ്ങൾക്തെിരെ ഫ്രാൻസിൽ രൂപപ്പെടുന്ന ജനമുന്നേറ്റത്തിലേക്കാണ് ഈ ഐക്യം വിരൽചൂണ്ടുന്നത്. മഞ്ഞക്കുപ്പായക്കാരും സംഘടിത തൊഴിലാളിവർഗവും തമ്മിലുള്ള ഐക്യം സ്വാഭാവികമായും മാക്രോൺ സർക്കാരിനെ വിറളിപിടിപ്പിച്ചു.

പ്രക്ഷോഭത്തെ നേരിടാൻ കരിനിയമം

ശക്തിയാർജിക്കുന്ന പ്രക്ഷോഭത്തെ നേരിടാൻ പണിമുടക്കു ദിവസം തന്നെ ഒരു കരിനിയമം നാഷണൽ അസംബ്ലിയിൽ കൊണ്ടുവന്ന് മാക്രോൺ സർക്കാർ പാസാക്കി. മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം തുടങ്ങിയ ഘട്ടത്തിൽ തന്നെ അതിനെ ‘കൊള്ളക്കാരുടെ’ പ്രക്ഷോഭമെന്ന് മാക്രോൺ ആക്ഷേപിച്ചിരുന്നു. പ്രസിദ്ധ നേവലിസ്റ്റായ എഡ്വാർഡ് ലൂയിസ് അതിനു നൽകിയ മറുപടി ‘മഞ്ഞക്കുപ്പായ പ്രക്ഷോഭകരെ അപഹസിക്കുന്നവർ ഫ്രാൻസിലെ ജനങ്ങളെയാണ്, എന്റെ അച്ഛനെയും സഹോദരീസഹോദരന്മാരെയും അമ്മയെയുമാണ് അധിക്ഷേപിക്കുന്നതെന്നാണ്’.

ഏതായാലും മാക്രോണിനെ പിന്തുടർന്ന് ജനുവരിയിൽ തന്നെ പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പേ പ്രക്ഷോഭത്തെ നേരിടാൻ കലാപവിരുദ്ധ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏപ്രിൽ അഞ്ചിനാണ‌് ഈ ബിൽ പാർലമെന്റിന്റെ അധോസഭയുടെ പരിഗണനയ‌്ക്കു വന്നത് മാക്രോണിന്റെ പാർടിയായ റിപ്പബ്ലിക് ഓൺ മൂവിന് വൻ ഭൂരിപക്ഷമുള്ള നാഷണൽ അസംബ്ലി അത് പാസാക്കി.

 

392 എംപിമാർ അനുകൂലമായി വോട്ടു ചെയ്തപ്പോൾ 92 എംപിമാർ എതിർത്ത് വോട്ടു ചെയ്തു. സോഷ്യലിസ്റ്റ് പാർടിയും മെലൻഷോണിന്റെ ഇടതുപക്ഷ പാർടിയായ അൺസബ്മിസീവ് ഫ്രാൻസും തീവ്ര വലതുപക്ഷ കക്ഷിയായ മരിയ ലെ പെന്നിന്റെ നാഷണൽ റാലി പാർടിയും കരിനിയമത്തിനെതിരെ വോട്ടു ചെയ്തു. മാക്രോണിന്റെ പാർടിയിൽപ്പെട്ട 50 എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് പ്രസിഡന്റിന് തിരിച്ചടിയായി.

അക്രമം തടയാനാണ് ഈ നിയമനിർമാണമെന്നാണ് മാക്രോൺ സർക്കാർ വദിക്കുന്നത്. എന്നാൽ, പ്രതിഷേധത്തിന്റെ വായ മൂടിക്കെട്ടാനാണ് ഈ നിയമനിർമാണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരു വ്യക്തിയെ പൊതുസ്ഥലങ്ങളിലെ സമരത്തിൽ പങ്കെടുക്കുന്നതിൽനിന്നു നിരോധിക്കാനുള്ള അധികാരം ഈ നിയമം സർക്കാരിനു നൽകുന്നു. ഇതിന് ഉപോദ‌്ബലകമായ കാരണം കാണിക്കണമെന്ന് മാത്രം. സമരത്തിൽ പങ്കെടുക്കാൻ നിരോധിക്കപ്പെടുന്ന വ്യക്തിയെ തുടർച്ചയായി നിരീക്ഷിക്കാനുള്ള അധികാരവും ആഭ്യന്തര മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും അനുമതിയോടെ പൊലീസിന് ലഭിക്കും.

മാത്രമല്ല, പൊതു ഇടങ്ങളിൽ സമരത്തിൽ പങ്കെടുക്കുന്നവർ മുഖം മറയ‌്ക്കുന്നതും ഇനിമുതൽ ശിക്ഷാർഹമായിരിക്കും. 1500 യൂറോ മുതൽ 15,000 യൂറോ വരെ പിഴ അടയ‌്ക്കണമെന്ന് മാത്രമല്ല ആറു മാസംമുതൽ ഒരു വർഷംവരെ തടവും അനുഭവിക്കേണ്ടിവരും. സമരത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ ബാഗുകളും മറ്റും പരിശോധിക്കാനുള്ള സ്വാതന്ത്ര്യവും ഈ നിയമംവഴി പൊലീസിനു ലഭിക്കും. ഇതിനകംതന്നെ 7000 പേരെ പൊലീസ് അറസ്റ്റ‌് ചെയ്തിട്ടുണ്ട്. 1900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഖ്യ ഇനിയുള്ള നാളുകളിൽ വർധിക്കുമെന്ന് സാരം. എന്നാൽ, ഈ നിയമനിർമാണം പ്രക്ഷോഭത്തിൽ അണിനിരക്കുന്ന ഇടതുപക്ഷത്തെ വേട്ടയാടാനാണെന്ന‌് ഫ്രഞ്ച‌് കമ്യൂണിസ‌്റ്റ‌് പാർടിയും മറ്റും വിലയിരുത്തുന്നു.

ഭരണകക്ഷിയിൽപ്പെട്ട എംപി അലിസ‌് തൗരോട്ട‌് ‘ലാ ഫിഗാരോ’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നത‌് നിയമനിർമാണത്തിന്റെ ലക്ഷ്യം ‘കുഴപ്പക്കാരായ ആക്രമികളായ തീവ്ര ഇടതുപക്ഷക്കാരെയും തീവ്ര വലതുപക്ഷക്കാരെയും നേരിടുന്നതിനാണ‌്’ എന്നാണ‌്. ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫർ കാസ്റ്റനറുടെ വാദമാകട്ടെ പ്രക്ഷോഭകർക്ക‌് എതിരെയല്ല മറിച്ച് സമരത്തിൽ നുഴഞ്ഞുകയറുന്ന ഊളന്മാരെ നിയന്ത്രിക്കാനാണ് നിയമനിർമാണമെന്നാണ് . ഏതായാലും ജീവിതം നിലനിർത്താനായി പ്രക്ഷോഭ പതാകയേന്തിയ ഫ്രാൻസിലെ ജനങ്ങളെ കൊള്ളക്കാരും ഊളന്മാരുമായി കരുതുന്ന മാക്രോൺ സർക്കാരിനെതിരെ ജനകീയരോഷം ഫ്രാൻസിലെങ്ങും ഇരമ്പുകയാണ്.


പ്രധാന വാർത്തകൾ
 Top