22 September Tuesday

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഹരിതം സഹകരണം - കടകംപള്ളി സുരേന്ദ്രൻ എഴുതുന്നു

കടകംപള്ളി സുരേന്ദ്രൻUpdated: Friday Jul 24, 2020


കോവിഡ് ‐19 മഹാമാരി മനുഷ്യകുലത്തിനാകെ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണല്ലോ. സമസ്‌തമേഖലകളിലേക്കും പ്രതിസന്ധി നീളുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃഷി–-ഭക്ഷ്യ മേഖലയാണ്. ഭക്ഷ്യക്ഷാമം ലോകത്തെയാകെ ഗ്രസിക്കാൻ പോകുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കോവിഡ്‐19 മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവിലേക്ക് തള്ളിവിടുമെന്നാണ് ലോക ഭക്ഷ്യപദ്ധതി പറയുന്നത്. മഹാമാരി മൂലമുള്ള മരണത്തേക്കാൾ കൂടുതലാകും പട്ടിണി കൊണ്ടുളള മരണമെന്ന് ഓക്സ് ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകജനതയുടെ അതിജീവനത്തിൽ പ്രഥമസ്ഥാനമുള്ള ഭക്ഷ്യരംഗം ഇങ്ങനെ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിന് ഈ മഹാമാരി ഇടയാക്കിയിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്.  കാർഷികരംഗം മുമ്പ്‌ ഇല്ലാത്തവിധം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു.  ജനപക്ഷ നയമോ നിലപാടോ ഇല്ലാത്ത കേന്ദ്രഭരണകൂടം ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് സഹായകമായ നടപടി സ്വീകരിച്ചുകാണുന്നില്ല. 

കോവിഡ്–-19 കേരളത്തിന്റെ സാമ്പത്തിക മേഖലയ്‌ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.  ഈ സ്ഥിതിവിശേഷം എങ്ങനെ മറികടക്കാമെന്നതാണ്  പ്രധാന വെല്ലുവിളി.  വികേന്ദ്രീകരണത്തിലധിഷ്‌ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ശക്തമായ സഹകരണമേഖലയുണ്ട്. ഈ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി നാടിന്റെ വിഭവശേഷി പരമാവധി വിനിയോഗിച്ച് ഓരോ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കാനാകണം. ഭക്ഷ്യ കാർഷികമേഖലയ്‌ക്കാണ്  ആദ്യം ഊന്നൽ നൽകേണ്ടത്. അതിനായുള്ള ഒരു സമഗ്രപദ്ധതി എന്ന നിലയ്ക്കാണ് സുഭിക്ഷകേരളം പദ്ധതി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, ഉൽപ്പാദന വർധനയിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്‌ യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.  


 

ഉൽപ്പാദനത്തിനനുസരിച്ച്‌ വിപണി
ഉൽപ്പാദനം വർധിപ്പിക്കുമ്പോൾ അതിനനുസൃതമായി  വിപണി വിപുലമാക്കണം. ഈ പ്രവർത്തനങ്ങളിൽ സഹകരണ വകുപ്പിന് വലിയ  ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളത്. ഇതിൽ പ്രധാനം വായ്‌പാ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ്. ഒരേസമയം കർഷകർക്ക് വായ്‌പാ  സഹായം, ഫാർമേഴ്സ് ക്ലസ്റ്ററുകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, യുവജനങ്ങൾ എന്നിവരെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി യോജിപ്പിക്കുക, പ്രാദേശിക കാർഷിക ചന്തകൾക്കും കാർഷികവിഭവങ്ങളുടെ സംഭരണത്തിനും വായ്‌പ  ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് സഹകരണ മേഖല കൂടുതൽ കാര്യക്ഷമതയോടെ രംഗത്ത് വരേണ്ടത്. ഈ പശ്ചാത്തലത്തിലാണ് സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി സഹകരണ വകുപ്പ് ‘ഹരിതം സഹകരണം ’എന്ന  ഉപപദ്ധതി നടപ്പാക്കി വരുന്നത്.  പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.

സഹകരണ സംഘങ്ങൾ നേരിട്ട് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ കുറഞ്ഞത് ഒരു മാതൃകാ കൃഷിത്തോട്ടം ഒരുക്കുക. സഹകരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സ്വാശ്രയ ഗ്രൂപ്പുകൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവ രൂപീകരിക്കുന്നതിനുള്ള നടപടികൾ. സഹകരണ കാർഷിക സേവന കേന്ദ്രം നിലവിലുള്ളവയിൽ നിന്നും ആ പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾക്കാവശ്യമായ വിത്ത്, വളം, ജൈവവളങ്ങൾ, കീടനാശിനികൾ, കാർഷിക യന്ത്രങ്ങൾ എന്നിവ ലഭ്യമാക്കൽ. കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും തരംതിരിച്ചു പായ്‌ക്ക് ചെയ്യുന്നതിനും വിപണനം നടത്തുന്നതിനും ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനപ്രദേശത്ത് സഹകരണ സ്ഥാപനങ്ങൾ ഒറ്റയ്ക്കോ, കൂട്ടായോ കുറഞ്ഞത് ഒരു കാർഷിക വിപണി എങ്കിലും സജ്ജമാകണം. ഉൽപ്പാദനത്തിനനുസരിച്ച് സ്റ്റോറേജ് സംവിധാനം ഒരുക്കുക, മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക, വിപണന സംവിധാനം എന്നിവയാണ്‌ പ്രധാനം.


 

കോവിഡ് കാലയളവിൽ മേൽ ലക്ഷ്യങ്ങളെ മുൻനിർത്തി നിരവധി കാര്യങ്ങൾ നിർവഹിക്കാൻ സഹകരണ മേഖലക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. കാർഷിക വായ്പ ഉൾപ്പടെ 3000 കോടി രൂപയുടെ മുൻഗണനാ വായ്പകളാണ് കേരള ബാങ്ക് മുഖാന്തരം അനുവദിച്ച് നൽകിയത്.  3000 ഏക്കറിലധികം സ്ഥലത്ത് സഹകരണ സംഘങ്ങൾ സ്വന്തം നിലയിൽ കൃഷി ആരംഭിച്ചു. നെല്ല് സംഭരണത്തിനും സംസ്‌കരണത്തിനുമായി പാലക്കാട് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം 75 കോടി മുടക്കിൽ ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്‌ളാന്റ് നിർമിക്കുന്നു. വ്യത്യസ്തമായ മാർഗത്തിലൂടെയാണ് കേരളം കോവിഡ് 19 മഹാമാരിയെ പ്രതിരോധിച്ച് മുന്നേറുന്നത്. നാം പഠിച്ച ഏറ്റവും പ്രധാന പാഠം ഭക്ഷണ കാര്യത്തിൽ നാം സ്വയംപര്യാപ്ത സ്വാശ്രയ സമൂഹമായി മാറേണ്ട കാലം അതിക്രമിച്ചു. ഇതിനായി കൃഷിയും സഹകരണവും  പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ഭക്ഷ്യസുരക്ഷയിലും സാമ്പത്തിക സാമൂഹ്യ വികസനത്തിലും ശാക്തീകരണ പ്രക്രിയയിലും കൂടുതൽ നിർണായക ശക്തിയായി  മാറുകയും വേണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top