02 July Thursday

ഫ്ലോയിഡിന്റെ കൊലപാതകവും വംശീയതയുടെ മാനങ്ങളും

പി രാജീവ്‌Updated: Wednesday Jun 3, 2020

കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകത്ത് ഉയർന്നിട്ടുള്ളത്. കോവിഡ് കഴിഞ്ഞാൽ ലോക മാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വാർത്തയായി ഈ കൊലപാതകവും അതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളും മാറിയിരിക്കുന്നു. ട്രംപിന്റെ കാലത്ത് ഭരണസംവിധാനങ്ങൾ എത്രമാത്രം വംശീയമായി മാറിയിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമായി ഈ സംഭവത്തെ കാണാം. യഥാർഥത്തിൽ നൂറ്റാണ്ടുകളായി കറുത്ത വംശജർ അനുഭവിച്ചുവരുന്ന കൊടിയ വിവേചനം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ഭരണകാലം ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ജനകീയ ചരിത്രമെഴുതിയ ഹവാർഡ് സിൻ ഈ വിഭജനത്തിന്റെയും വെറുപ്പിന്റെയും ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ‘വർണരേഖയുടെ വര’ ( ഡ്രോയിങ് ദ കളർ ലൈൻ ) എന്ന രണ്ടാമത്തെ അധ്യായത്തിന്റെ തുടക്കത്തിൽ ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്. ‘ ലോകത്ത് അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തും വംശീയത ഇത്രയും പ്രാധാന്യത്തോടെ  ദീർഘകാലമായി നിലനിൽക്കുന്നില്ല. നിറത്തിന്റെ വിഭജനരേഖ ഇപ്പോഴും നിലനിൽക്കുന്നു. ചരിത്രപരമായ ചോദ്യം അവശേഷിക്കുന്നു. എന്നാണ് ഇത്‌ തുടങ്ങിയത്? അതിനേക്കാൾ പ്രധാനം എന്നായിരിക്കും ഇത് അവസാനിക്കുന്നത്? മറ്റൊരുതരത്തിൽ ചോദിച്ചാൽ പകയോടുകൂടിയല്ലാതെ അമേരിക്കയിൽ വെളുത്ത വംശജർക്കും കറുത്തവംശജർക്കും ഒന്നിച്ച് ജീവിക്കാൻ കഴിയുമോ?’എൺപതുകളിലാണ് സിൻ ഈ ചോദ്യം ഉന്നയിക്കുന്നത്. വെളുത്തവരുടെ ആധിപത്യത്തിലേക്ക് നയിച്ച ചരിത്രവും അതിൽ വീണ കറുത്തവംശജരുടെ രക്തവും ജീവനും അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

 കൊളംമ്പസ് 1492ൽ അമേരിക്ക ‘കണ്ടുപിടിക്കുമ്പോൾ’ അവിടെയുണ്ടായ തദ്ദേശീയർ ആദ്യമായി കണ്ട വെള്ളക്കാരെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, അവരെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കിയ ചോരവാർന്നൊലിക്കുന്ന ചരിത്രം സിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പിന്നീട് അടിമകളായി കൊണ്ടുവന്ന കറുത്തവംശജരുടെ ദുരിതപർവവും ജനകീയ ചരിത്രത്തിൽ വായിച്ചെടുക്കാം. അടിമത്തത്തിനെതിരായി പിന്നീട് പല ഘട്ടങ്ങളിലും ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ സംബന്ധിച്ച് കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസിന് എഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന് തൊട്ടുമുമ്പാണത്. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന്‌ പ്രത്യേക പ്രാധാന്യമുണ്ട്. ""എന്റെ അഭിപ്രായത്തിൽ ഇന്ന്‌ ലോകത്തു നടക്കുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടയൊന്ന് ജോൺ ബ്രൗണിന്റെ കൊലപാതകത്തിനുശേഷം ആരംഭിച്ച അമേരിക്കയിലെ അടിമകളുടെ മുന്നേറ്റമാണ്.” 1861 ജനുവരിയിലാണ് മാർക്സ് ഏംഗൽസിന് ഈ കത്ത് എഴുതുന്നത്. എബ്രാഹാം ലിങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രസന്ദർഭത്തിനും അദ്ദേഹം അധികാരം ഏറ്റെടുക്കുന്നതിനുമിടയിലുള്ള സമയത്താണ് ഈ കത്ത്. ഇതിൽ പരാമർശിക്കുന്ന ജോൺ ബ്രൗൺ അതിസാഹസികമായ രീതിയിൽ അടിമകളുടെ വിമോചനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. 1859 ഡിസംബർ രണ്ടിന്‌ അദ്ദേഹത്തെ തൂക്കിക്കൊന്നു. ഒരിക്കലും തിരുത്താനാകാത്ത പാപമെന്ന് ഈ കൊലപാതകത്തെ വിശേഷിപ്പിച്ച വിക്ടർ ഹ്യൂഗോ, ഈ സംഭവം അമേരിക്കൻ ജനാധിപത്യത്തെ പിടിച്ചുലച്ചെന്ന് കൂട്ടിച്ചേർത്തു. ഫ്ലോയിഡിന്റെ കൊലപാതകവും ഇപ്പോൾ സമാനമായ പ്രതികരണങ്ങൾ ഉയർത്തുന്നുണ്ട്.

 ബ്രൗണിന്റെ കൊലപാതകത്തിനുശേഷമുള്ള സാഹചര്യം അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ഏതു മാനങ്ങളിലേക്ക് വികസിക്കുമെന്ന് പറയാറായിട്ടില്ല. 1852 മുതൽ 61 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ ഘട്ടത്തിൽ കാറൽ മാർക്സ് ന്യൂയോർക്ക് ഡെയിലി ട്രിബ്യൂണിൽ 350 ലേഖനമാണ് എഴുതിയത്. ഏംഗൽസ് 125 ലേഖനവും ഇരുവരും ചേർന്ന് 12 ലേഖനവും എഴുതുകയുണ്ടായി. ഈ ലേഖനങ്ങളിലും ഡ്രിപ്രസേയിലെ ലേഖനങ്ങളിലും അടിമത്തത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഇരുവരും കറുത്തവംശജരുടെ വിമോചനത്തിനായി നിലയുറപ്പിച്ചു.
കറുത്തവരുടെ വിവേചനത്തിന്റെ പ്രശ്നത്തെ മാർക്സ് മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. “ അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം റിപ്പബ്ലിക്കിനെ കളങ്കപ്പെടുത്തിക്കൊണ്ടിരുന്ന കാലംവരെ തൊഴിലാളികളുടെ സ്വതന്ത്രമായ പ്രസ്ഥാനങ്ങളെല്ലാം ചേതനയില്ലാതെ കിടക്കേണ്ടിവന്നു. കറുത്ത തൊലിക്ക് അടിമത്തം കൽപ്പിക്കുമ്പോൾ വെളുത്ത തൊലിക്ക് മാത്രമായി അധ്വാനശക്തിയുടെ വിമോചനം നേടാനാകില്ല. പക്ഷേ, അടിമത്തം അന്ത്യശ്വാസം വലിച്ചപ്പോൾ ഒരു പുതിയ ജീവിതം പെട്ടെന്നുതന്നെ അവിടെ ഉയിർകൊണ്ടു. ആഭ്യന്തരയുദ്ധത്തിന്റെ ആദ്യഫലം ഏട്ടുമണിക്കൂറിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ഈ രാജ്യത്തെ തൊഴിലാളികളെ മുതലാളിത്തത്തിന്റെ അടിമത്തത്തിൽനിന്ന്‌ രക്ഷിക്കാൻ ഈ അവസരത്തിൽ ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ സ്റ്റേറ്റുകളിലും സാധാരണ തൊഴിൽസമയം എട്ടുമണിക്കൂറായി ക്ലിപ്തപ്പെടുത്തുന്ന നിയമം പാസാക്കുകയാണ്.” (മൂലധനം ഒന്നാം വാല്യം. പേജ് 471, എസ്‌പിസിഎസ്, 2010)

കറുത്ത വംശജർ സാമൂഹ്യമായ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മാർക്സ് അവരുടെ അടിമത്തം നിലനിൽക്കുന്നിടത്തോളം വെള്ളക്കാർക്കും വിമോചനമില്ലെന്ന് പ്രഖ്യാപിക്കുന്നു. വംശീയ വിവേചനത്തിന്റെ പ്രശ്നം മേൽക്കൂരയുടെമാത്രം പ്രശ്നമല്ലെന്നും അത് അടിത്തറയുടെകൂടി പ്രശ്നമാണെന്നുമാണ് മാർക്സ് സൂചിപ്പിക്കുന്നത്. അതോടൊപ്പം തൊഴിലാളി അനുഭവിക്കുന്ന ചൂഷണത്തിനെതിരായി വർഗസമരം ശക്തിപ്പെടുത്തലാണ് കൂലിഅടിമത്തം അവസാനിപ്പിക്കാൻ ആവശ്യമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യുമ്പോൾ ഡിഡി കൊസാംബി പറയുന്നതും സമാനമാണ്. “ ജാതിയെന്നത് ഉൽപ്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ വർഗംതന്നെയാണ്. ഏറ്റവും ചുരുങ്ങിയ ബലപ്രയോഗംകൊണ്ട് മിച്ചം കവർന്നെടുക്കുന്നതിനുള്ള പൊതുബോധത്തെ സൃഷ്ടിക്കുന്ന മതപരമായ സംവിധാനം കൂടിയാണ്.” അതുകൊണ്ടാണ്‌ ജാതിയെന്നത് സൈദ്ധാന്തിക കാഴ്ചപ്പാടിൽ മേൽക്കൂരയുടെ ഭാഗം മാത്രമല്ലെന്നും അത് സാമൂഹ്യ–-സാമ്പത്തിക അടിത്തറയിൽ ഉൾച്ചേർന്നതാണെന്നും പറയുന്നത്. ജാതീയമായ വിവേചനത്തിന്റെ സാമൂഹ്യപ്രശ്നം തൊഴിലാളിവർഗം സവിശേഷമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമായി മാറുന്നത് ഈ കാഴ്ചപ്പാടിലാണ്.

അടിത്തറയുടെകൂടി ഭാഗമായി ഉൾച്ചേർക്കപ്പെട്ടതായതുകൊണ്ടാണ് അമേരിക്ക മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ നിൽക്കുമ്പോഴും വംശീയവിവേചനം ശക്തമായി തുടരുന്നത്. മേൽക്കൂരയുടെമാത്രം പ്രശ്‌നമായിരുന്നെങ്കിൽ അടിമത്തം അവസാനിക്കുകയും മുതലാളിത്തം ശക്തിപ്പെടുകയും ചെയ്യുന്നതോടെ വംശീയചിന്തകളും പതുക്കെ പതുക്കെ കാലഹരണപ്പെടണമായിരുന്നു. എന്നാൽ, തിരിച്ചാണ് സംഭവിക്കുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അതോടൊപ്പം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ വംശീയ, വർഗീയ ചിന്താഗതികളെ മൂലധനശക്തികൾ വളർത്തുകയും ചെയ്യും. വൈകാരികമായ വിഭജനങ്ങളിലൂടെയും വെറുപ്പിന്റെ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ ഇവർ ശ്രമിക്കുന്നു. ട്രംപ് വംശീയതയെ പ്രോത്സാഹിപ്പിക്കുമ്പോൾ ട്രംപിനെ അധികാരത്തിലേക്ക് എത്തിക്കുന്ന ധ്രുവീകരണവും ഈ പ്രതിസന്ധിയുടെകൂടി ഉൽപ്പന്നമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. വംശീയ അജൻഡകളിലൂടെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കുറ്റകരമായ അനാസ്ഥയും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ട്രംപും സംഘവും ശ്രമിക്കുന്നു. പ്രക്ഷോഭകാരികളെ വെടിവച്ച് കൊല്ലുന്നതിന്‌ പരോക്ഷമായ ആഹ്വാനമാണ് ട്രംപ് നൽകിയത്.

ഇന്ത്യയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളെയും തോക്ക് ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ ഓർമിപ്പിക്കുന്നതാണ് ട്രംപിന്റെ വെല്ലുവിളിയും. തങ്ങളെ കൊള്ളക്കാരെന്ന് അധിക്ഷേപിച്ച പ്രസിഡന്റിനെതിരെ അമേരിക്ക ലോകത്താകെ നടത്തിയ കൊള്ളയെയുംവരെ ഓർമിപ്പിക്കുന്ന ചരിത്രബോധം നിറഞ്ഞ പ്രതിഷേധ പ്രസംഗങ്ങൾ പ്രതിഷേധങ്ങൾക്ക് പുതിയ മാനം നൽകുന്നു. കേവലം മനുഷ്യാവകാശത്തിന്റെ പ്രശ്നം എന്ന നിലയിൽ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ, മനുഷ്യാവകാശത്തിനോടൊപ്പം സാമൂഹ്യവും സാമ്പത്തികവുമായ അടിച്ചമർത്തലിന്റെ രാഷ്ട്രീയ പ്രശ്നങ്ങളും ഉയരുന്നുവെന്നത് ശ്രദ്ധേയമാണ്.

അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ രണ്ടു മേഖല തമ്മിലുള്ള അധികാരത്തിനുള്ള ഏറ്റുമുട്ടലായി ചുരുക്കിക്കാണാൻ ശ്രമിച്ച ചിലരുടെ രീതിയെ മാർക്സ് കഠിനമായി വിമർശിച്ചത് പ്രസക്തം. അടിമത്തത്തിനെതിരായ വിപ്ലവകരമായ മുന്നേറ്റമായാണ് അദ്ദേഹം അതിനെ കണ്ടത്. അടിമത്തം നിയമപരമായി അവസാനിപ്പിക്കുന്നതിൽ ആഭ്യന്തരയുദ്ധം ചരിത്രപരമായി പങ്കുവഹിച്ചെങ്കിലും വംശീയതയും അസമത്വവും തുടരുമെന്ന യാഥാർഥ്യം അദ്ദേഹം സൂചിപ്പിച്ചിരുന്നു. കത്രീന കൊടുങ്കാറ്റിന്റെ സന്ദർഭത്തിൽ ന്യൂഓർലൈൻസിൽ കൊല്ലപ്പെട്ട മഹാഭൂരിപക്ഷവും കറുത്ത വംശജരായിരുന്നു. കൊറോണയുടെയും അതിന്റെ ഭാഗമായി ശക്തിപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെയും ഇരകളിൽ മഹാഭൂരിപക്ഷവും കറുത്തവംശജരാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ട്രംപും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന സംഘവും വംശീയ ധ്രുവീകരണത്തിന് ഓരോ സംഭവങ്ങളെയും മാറ്റിത്തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെതിരെ ജനാഭിപ്രായം ശക്തിപ്പെടുന്നുണ്ട്. തീവ്രവംശീയ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികൾ ആൾക്കൂട്ടങ്ങളെയും ഭരണസംവിധാനങ്ങളെയും ഫാസിസ്റ്റ് രീതിയിലേക്ക് മാറ്റിത്തീർക്കുന്നതിന്റെ പ്രതിഫലനവും ഈ സംഭവത്തിലും കാണാൻ കഴിയും. സമാനമായ അനുഭവങ്ങൾ ഇന്ത്യയിലുൾപ്പെടെ ഏറിയും കുറഞ്ഞും കാണാൻ കഴിയും. ഈ പാരസ്പര്യത്തെ തിരിച്ചറിയുകയും പ്രതിഷേധങ്ങളിൽ ഐക്യപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്.


പ്രധാന വാർത്തകൾ
 Top