22 September Sunday

കേരളം പ്രളയത്തെ നേരിട്ടത‌്

ശിവ‌് വിശ്വനാഥൻUpdated: Friday Sep 7, 2018


അത്യാഹിതങ്ങൾ ആഖ്യാനങ്ങളെന്നനിലയിൽ തുടർന്നുപോരുന്ന ഒരു  പ്രത്യേകത, അത് മുൻകൂട്ടി പ്രവചിക്കാനാകുന്ന ഒരു ചട്ടക്കൂട് തന്നെയാണ് പിന്തുടരുക എന്നതാണ്.  അപവാദത്തോടെയോ പ്രതിസന്ധിയോടെയോ ആരംഭിക്കും; ഒരു നിശ്ചിതകാലം പ്രവർത്തനക്ഷമമാകും; പിന്നെ അനാസ്ഥയിലേക്ക് ഒതുങ്ങിയൊടുങ്ങും. അത്യാഹിതങ്ങൾ അനുഭവിച്ചനുഭവിച്ച് ജനങ്ങൾ പരിക്ഷീണരാകും. കാര്യം വിടും. നയങ്ങളാകട്ടെ, സ്ഥിരം ക്ലീഷെയുടെ പ്രതിധ്വനികളാകും. അവ മങ്ങിയൊടുങ്ങും. ഇര മാത്രം തന്റെ പൗരബോധം വീണ്ടെടുക്കാനുള്ള പൊരുതലിന്റെ പിടച്ചിലോടെ ജീവിതം തുടരും. പക്ഷേ അത്യാഹിതങ്ങൾ ആഖ്യാന ക്ലീഷേകൾ ആകുന്ന പതിവു രീതിയിൽനിന്ന് 2018ലെ കേരളത്തിലെ പ്രളയം വഴുതിമാറുകയാണ്.

കേരളത്തിലെ അഭൂതപൂർവമായ പ്രളയം, വലിപ്പംകൊണ്ട് ഭീമാകാരമാണ്. സമാനമായ ഒരു വെള്ളപ്പൊക്കത്തെ ഓർത്തെടുക്കാൻ ഒരാൾക്ക് 1924 വരെ പോകേണ്ടതുണ്ട്. പക്ഷേ ഈയൊരത്യാഹിതം എല്ലാതരം അതിശയോക്തികളെയും വർജിച്ച ഒന്നാണ്. വിജ്ഞനായ ഒരു നിരീക്ഷകൻ പറഞ്ഞു, എല്ലാതരം അതിഭാവുകത്വവും വർജിച്ച ഒരു പ്രളയമാണിത്. പ്രതികരണം യഥാതഥവും പ്രായോഗികവുമായിരുന്നു. പൗരന്മാർ കർമനിരതരായി. അപ്പോഴും അവർക്ക് മുഖ്യമന്ത്രിയുടെ പരിമിതികൾ അറിയാമായിരുന്നു. കുറ്റാരോപണത്തിനോ വോട്ടു രാഷ്ട്രീയം കളിക്കുന്നതിനോ അദ്ദേഹത്തിന് നേരമില്ലായിരുന്നു. കേന്ദ്രത്തെയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം കാണിച്ച സമചിത്തത, നേതൃത്വത്തിന്റെ പക്വതയാണ് തെളിയിച്ചത്. അനാവശ്യമായ കുറ്റംപറച്ചിലുകളുടെ ആവലാതിപ്പെട്ടി തുറക്കാതെ, പ്രളയത്തെപ്പറ്റിയുള്ള സംവാദങ്ങളിൽ അദ്ദേഹം ഒരു പുതിയ പക്വതയാണ് കാഴ്ചവച്ചത്. കുറ്റപ്പെടുത്തിക്കളികളില്ല, പക്ഷേ ഉത്തരവാദിത്ത ശൃംഖലയെക്കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ട്. തന്റെ കരുതൽ പ്രഥമമായും ജനങ്ങളെക്കുറിച്ചാണ് എന്ന് അദ്ദേഹം കൃത്യമായി സൂചിപ്പിച്ചു. അവിടെ പ്രത്യയശാസ്ത്രത്തിനും മതത്തിനുമൊന്നും ഒരു സ്ഥാനവുമില്ല. ദുരിതാശ്വാസ നടപടികൾ സങ്കുചിതരാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുന്നില്ല എന്ന് അദ്ദേഹം ഉറപ്പുവരുത്തി. അദ്ദേഹം സിപിഐ എം കാരനായിരിക്കാം; പക്ഷേ താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന് കൃത്യമായും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. കേരളത്തിന് സഹായം കിട്ടാതാക്കാനായി, വലതുപക്ഷം പ്രചരിപ്പിച്ച എല്ലാതരം അപകീർത്തികരമായ കിംവദന്തികളെയും വളരെ അക്ഷോഭ്യനായാണ് അദ്ദേഹം നേരിട്ടത്. ഊന്നലും മുൻഗണനയും എവിടെവിടെയായിരിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയുണ്ട്.

പിണറായി വിജയന്റെ സാന്നിധ്യത്തിന്റെ പ്രത്യേകത തന്നെ ഏറെ സംവാദങ്ങൾക്ക് കളമൊരുക്കിയിട്ടുണ്ട്. ദുരിതാശ്വാസത്തിന്റെ ഹ്രസ്വകാല ആഖ്യാനത്തെക്കുറിച്ചല്ല ഇപ്പോഴത്തെ ചർച്ച. കേരളത്തിന്റെ വികസനത്തിന് പ്രളയത്തെ ഒരു രൂപകമാക്കി മാറ്റിക്കൊണ്ടുള്ള ബൃഹത്തായ ചർച്ചകളാണ് നടക്കുന്നത്. 

പ്രതികരണങ്ങൾ, വിശേഷിച്ചും വൃദ്ധജനങ്ങളുടേത്, സംവാദത്തിന്റെ അന്തസ്സ് വർധിപ്പിച്ചു. ഇരയാക്കപ്പെട്ട ജനതയെപ്പോലെയല്ല കേരളം പെരുമാറിയത്. തങ്ങൾ പൗരന്മാരാണ‌് എന്ന കാര്യത്തിൽ അവർ ഉറച്ചു നിന്നു. ദുരന്തസാഹചര്യങ്ങളിലെ പൗരത്വത്തിന്റെ ഈ വിപുലീകരണമാണ് കേരളത്തെ ജനാധിപത്യസങ്കൽപ്പങ്ങളുടെ മാതൃകയാക്കുന്നത്. ദുരന്തക്ലേശങ്ങൾ സാമ്പത്തികശാസ്ത്രത്തിനപ്പുറമുള്ള ഒരു ഭാഷ കണ്ടെത്തി. പരിസ്ഥിതിക്കും വികസനത്തിനും ഒരു ദീർഘകാല അതിർത്തിരേഖയും  കണ്ടെത്തി. ദൈവത്തിന്റെയോ പ്രകൃതിയുടെയോ ഒരു വികൃതിയായല്ല, സാമൂഹ്യശാസ്ത്രപരമായി വിശകലനംചെയ്യേണ്ട ഒരു സാമൂഹികസംഭവമായി അതുമാറി.

കേന്ദ്രത്തിന്റെ പ്രതികരണം സങ്കുചിതചിന്തയോടും പ്രാദേശിക ബോധത്തോടുമായിരുന്നെങ്കിലും, പ്രളയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യപരമായ സങ്കൽപ്പങ്ങൾക്കുനേരെ വെല്ലുവിളി ഉയർത്തുക മാത്രമല്ല, ഫെഡറേഷന്റെ ഭാവിയെക്കുറിച്ചുള്ള പുനരാലോചന നടത്താൻ നമ്മളെ ഓർമപ്പെടുത്തുന്നുമുണ്ട് എന്ന കാര്യം കേരള സർക്കാർ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭാവനയ‌്ക്കുമപ്പുറമുള്ള ഒരു വലിയ സഹായധനം പശ്ചിമേഷ്യയിൽനിന്ന് കിട്ടുമെന്ന നിർദേശമുണ്ടായപ്പോൾ, ബിജെപിയുടെ കേന്ദ്ര സർക്കാർ അതിന് അനുമതി നിഷേധിച്ചു. സമ്പൂർണ നിയന്ത്രണാധികാരമുള്ള രാഷ്ട്രത്തിന്റെ സ്വയംഭരണാവകാശത്തെക്കുറിച്ചുള്ള പഴയ സ്വപ്നങ്ങളെ ചോദ്യം ചെയ്യണോ, അതോ വിദേശസഹായത്തെക്കുറിച്ചുള്ള ദുഷ്കീർത്തിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തുടരണമോ എന്നതാണ് ചോദ്യം. ദൗർഭാഗ്യകരമെന്നുപറയട്ടെ, സിലിക്കൺ വാലിയിലെ എൻആർഐക്കാരെക്കുറിച്ച് ഹർഷോന്മാദം കൊള്ളുന്ന ബിജെപിക്ക് ഗൾഫ് നാടുകളിലെ സമ്പദ‌്‌വ്യവസ്ഥയിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ച് കാര്യമായൊന്നുമറിയില്ലെന്നുതോന്നുന്നു.

ദുരന്തസംബന്ധിയായ പൊതുധാരണ രക്ഷാപ്രവർത്തനം, ആശ്വാസ നടപടികൾ, പുനരധിവാസം എന്നതാണെങ്കിൽ, കേരളത്തിൽ അത് രക്ഷാപ്രവർത്തനം, ആശ്വാസനടപടികൾ, പുനർനിർമാണം എന്ന് തിരുത്തപ്പെടുകയാണ്. പരിസ്ഥിതിയും വികസനവും ഏകോപിപ്പിച്ചുള്ള ഒരു നവകേരളമാണ് പുനഃസൃഷ്ടിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്ല വ്യക്തതയുണ്ട്. പൂർവസ്ഥിതി പ്രാപിക്കാനുള്ള പഴയ കഴിവിനെ പുതിയ പശ്ചാത്തല വികസന സുസ്ഥിരതയുമായി കണ്ണി ചേർക്കേണ്ടതുണ്ട്. പിണറായി വിജയൻ തന്നെ പറഞ്ഞതുപോലെ, 1924 ലെ പ്രളയകാലത്ത് ഒറ്റ അണക്കെ‌ട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് 42 വൻകിട അണക്കെട്ടുകളടക്കം 82 അണക്കെട്ടുകളുണ്ട്. പുതിയ തരത്തിലുള്ള നിയന്ത്രണ സംവിധാനവും സുസ്ഥിരതയും കണ്ടുപിടിക്കേണ്ടതുണ്ട്. അതിനു പിറകിൽ, ദുരന്തങ്ങളെ അടിസ്ഥാനമാറ്റങ്ങൾക്കുള്ള അവസരമാക്കി മാറ്റാൻ സർക്കാരിന് കഴിയണമെന്ന ഒരു ബോധമാണ് പ്രവർത്തിക്കുന്നത്. കേരളം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു പശ്ചാത്തലസംവിധാനം കെട്ടിപ്പടുക്കാൻ ചുരുങ്ങിയത് രണ്ട് ദശകങ്ങളെടുക്കും. ജനാധിപത്യത്തെപ്പറ്റിയും ഭരണനിർവഹണത്തെപ്പറ്റിയുമുള്ള പുനരാലോചനയെ പരിസ്ഥിതിയും സംസ്കാരവും ഉപജീവനമാർഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള മുൻകൈ എടുക്കുന്നതിനുള്ള അവസരമായി മാറുകയാണ് പ്രളയം.
ഇനിയും ആലോചിക്കേണ്ട ഒട്ടനവധി പ്രശ്നങ്ങളുണ്ട്. ഇതിനായി ഒരുവന് ധാർമികവും സാമ്പത്തികവുമായ ഭാവനയോടുകൂടിയ പാരിസ്ഥിതിക അവബോധമുണ്ടായിരിക്കണം. പ്രകൃതിയോട് ഇടപെടുമ്പോൾ, അത് ട്രസ്റ്റീഷിപ്പിന്റെ ഒരു കൃത്യമായി പുനരാലോചനയ‌്ക്ക് വിധേയമാകേണ്ടതുണ്ട്. അതിന്റെ ശക്തിയും രൗദ്രതയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ദുരന്തങ്ങളുടെ ആഖ്യാനത്തിന് കഥാകഥനത്തിന്റെ ഗുണം ഉണ്ടാകണം. ഒരു പഴങ്കഥയെന്നപോലെ, അവ വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയും വീണ്ടും വീണ്ടും ആലോചനാവിധേയമാക്കുകയും ചെയ്യേണ്ടതാണ്. കഥാകഥനക്കാരനും നയരൂപീകരണ കർത്താവും ചേർന്ന് നെയ്യുന്ന ഒരു പുതിയ ചിത്രകംബളത്തിൽ പ്രളയങ്ങൾ നവകേരളത്തെ നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യും. ദുരിതാനുഭവങ്ങളെക്കുറിച്ചുള്ള വർത്തമാനങ്ങൾ നീതിയുടെ പുതിയ മാതൃകകളായി പരാവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള മനസ്സുകളുടെ പുതിയ പഞ്ചായത്തുകൾ ഉണ്ടാക്കാൻ കേരളത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കടപ്പാട‌്: ദ ഹിന്ദു. ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ)


പ്രധാന വാർത്തകൾ
 Top