13 July Monday

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ മത്സ്യക്കൃഷിയും

പ്രൊഫ. കെ എസ്‌ പുരുഷൻUpdated: Wednesday May 27, 2020

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉപജീവനവും തൊഴിലും വരുമാനവുമെല്ലാം അവതാളത്തിലായ സാഹചര്യത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം പുതിയ പാത പരതുകയാണ്. ഉൽപ്പാദനക്ഷമതയുള്ള ജലാധിഷ്ഠിതമേഖലയിൽ ഏതെല്ലാം പദ്ധതികൾ നിർവഹിച്ചാൽ ഉപജീവന– -ആഹാര സുരക്ഷ നേടാം എന്ന അന്വേഷണം ഏറെ പ്രസക്തമാണ്. സമുദ്രവുമായി ബന്ധപ്പെട്ട സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിൽ മത്സ്യക്കൃഷിക്കുള്ള പങ്കും പ്രാധാന്യവും അടുത്തകാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. ജലസ്രോതസ്സുകളാൽ പ്രകൃതിരമണീയവും വ്യത്യസ്ത ജലസമ്പത്തുകളാൽ അനുഗൃഹീതവുമാണ്‌ കേരളം. തീരക്കടലും ആറും നദീമുഖവും പൊയിലും തോടും കായലും വെള്ളക്കെട്ടുകളും നദിയുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന ജലാശയശൃംഖല കേരളത്തിന്റെ വരദാനമാണ്. വേലിയേറ്റ ഇറക്കങ്ങളുടെ പ്രഭാവത്താൽ മൂലകപോഷക വസ്തുക്കളും നദിപ്രവാഹത്തിലൂടെ എത്തിച്ചേരുന്ന എക്കലും അവസാദവുമൊക്കെ അടിസ്ഥാനോൽപ്പാദനമികവിന് വേഗം കൂട്ടുന്ന സുപ്രധാന ഘടകങ്ങളാണ്. ഇവയുടെ നിരന്തര സമ്പർക്കവും സമ്മിശ്രണവുംമൂലം വ്യത്യസ്ത ആവാസവ്യവസ്ഥകൾ രൂപംകൊള്ളുന്നു. അവയിൽ മിക്കതും ശുദ്ധജലത്തിന്റെയും ഓരുജലത്തിന്റെയും സമ്പന്നതയാൽ സസ്യജന്തുജാലങ്ങൾ ഉടലെടുക്കാനും മികവുറ്റ ഭക്ഷ്യശൃംഖല സൃഷ്ടിക്കാനും ഇടയാക്കുന്നു. പ്രകൃതിസന്തുലിതാവസ്ഥയ്‌ക്ക്‌ ദോഷം വരാത്തവിധം നിലകൊള്ളുന്ന ഇത്തരം പ്രദേശങ്ങൾ പായൽ, കൊഞ്ച്, ചെമ്മീൻ, കക്ക, മത്സ്യം എന്നിവയുടെ ഉൽപ്പാദന ഉറവിടവും കലവറയുമായി വർത്തിക്കുന്നു. അവയെ തന്ത്രപൂർവം വിനിയോഗിച്ച് വിപുലമായ തോതിൽ തൊഴിലും ഉപജീവനവും ഭദ്രമാക്കാം. മാത്രമല്ല, പോഷകസമൃദ്ധമായ മത്സ്യാഹാര ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാം.

ഉൾനാടൻ മത്സ്യോൽപ്പാദനം
തനത് വിഭവസമൃദ്ധി മത്സ്യക്കൃഷി വികസിപ്പിക്കാൻ മുതിരുമ്പോൾ തനത് വിഭവസ്രോതസ്സുകളെയും ഉചിതമായി പരിഗണിക്കണം. കുട്ടനാടൻ പാടശേഖരങ്ങളും പൊക്കാളിപ്പാടങ്ങളും കോൾനിലങ്ങളുമൊക്കെ അതിന്റെ ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കണം. നാടൻമത്സ്യങ്ങളായ വരാൽ, മഞ്ഞക്കുരി, മുഷി, കാരി, കറൂപ്പ് എന്നിവ വ്യാപകമായി വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ഗണ്യമായതോതിൽ മത്സ്യവിളവ് നേടാം. കരിമീൻ, ആറ്റുകൊഞ്ച്, ചെമ്മീൻ എന്നിവയെക്കൂടാതെ വർഷകാലത്ത് പൊക്കാളി, വിരിപ്പ് ഉൾപ്പെടെ വ്യത്യസ്ത ഇനം നെല്ലും പരസ്പരപൂരകമായി അനുവർത്തിക്കുന്ന സമ്പ്രദായം പുനരാവിഷ്കരിക്കാൻ നടപടിവേണം. പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ അവലംബിക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. ജനകീയപദ്ധതികൾ ഉൾനാടൻ മത്സ്യോൽപ്പാദനം പരിപോഷിപ്പിക്കാനും വിളസമൃദ്ധി നേടാനുംവേണ്ടി സർക്കാർ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ചെറുതും വലുതമായ ധാരാളം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മത്സ്യകേരളം, ജനകീയ മത്സ്യക്കൃഷി, മത്സ്യസമൃദ്ധി, ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ടം എന്നിവയൊക്കെ സംസ്ഥാനത്തെമ്പാടും നടപ്പാക്കിയതിലൂടെ മത്സ്യമേഖലയിൽ കാര്യമായ തോതിൽ ചലനം സൃഷ്ടിക്കാനും സാമാന്യമായി വിളവെടുക്കാനും കഴിഞ്ഞിട്ടുണ്ട്. 

ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവ വരുത്തുന്ന കെടുതികളും ജലമലിനീകരണ പ്രശ്നങ്ങളുമൊക്കെ തരണംചെയ്ത് മുന്നേറേണ്ടി വരുമ്പോൾ മത്സ്യനാശവും ഉൽപ്പാദനത്തകർച്ചയും സംഭവിക്കാറുണ്ട്. ശാസ്ത്രീയ ജലകൃഷി സംരംഭത്തിന്‌ മുതിരുന്നതിന്റെ മുന്നോടിയായി അനുയോജ്യമായ ഇടങ്ങൾ തിട്ടപ്പെടുത്തണം. ജലാശയത്തിലും അടിത്തട്ടിലും പരിശോധിച്ച് അനുഗുണമെന്ന് മനസ്സിലാക്കണം. താൽപ്പര്യമുള്ളവർക്ക് കൃഷിവിജ്ഞാനകേന്ദ്രം, മത്സ്യഗവേഷണ സ്ഥാപനങ്ങൾ, ഫിഷറീസ്–- സമുദ്രപഠന സർവകലാശാല എന്നിവിടങ്ങളിൽനിന്ന്‌ ഹ്രസ്വ പരിശീലനത്തിലൂടെ അവ ആർജിക്കാവുന്നതാണ്. ആരോഗ്യാവസ്ഥയിലുള്ളതും മാലിന്യരഹിതവുമായ വെള്ളം കൃഷിയുടെ തുടക്കംമുതൽ ഒടുക്കംവരെ ലഭ്യമാക്കണമെന്നത് നിർബന്ധമായ കാര്യമാണ്.

അണക്കെട്ടുകൾ, നദികൾ, കായലുകൾ, അഴിമുഖങ്ങൾ, മറ്റു ജലാശയങ്ങൾ എന്നിവയിലൊക്കെ മഹാപ്രളയത്തോടൊപ്പം അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മണ്ണും നിശ്ചിതരീതിയിൽ നീക്കംചെയ്‌ത് അവയുടെ ജൈവോത്തേജനശേഷി കൂട്ടണം. ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും ഓരങ്ങളിൽ അനുയോജ്യമായ ഇനം കണ്ടൽച്ചെടികൾ നട്ടുവളർത്തിയാൽ മണ്ണൊലിപ്പും കരയൊലിപ്പും തടയാനാകും. മാത്രമല്ല, കണ്ടൽക്കാടുകളിൽനിന്ന്‌ കൊഴിഞ്ഞുവീഴുന്ന ഇലകൾ ചീഞ്ഞളിയുന്നതിലൂടെ പ്രകൃതിയിലേക്കെത്തുന്ന പോഷകങ്ങൾ അടിസ്ഥാന ഉൽപ്പാദന മികവിനും മത്സ്യവിളവിനും ഗുണകരമായി ഭവിക്കും.പോളപ്പായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഒഴിവാക്കി ജലാശയത്തിന്റെ മത്സ്യോൽപ്പാദനശേഷി വർധിപ്പിക്കണം. പരിസ്ഥിതിക്ക് ഇണങ്ങിയ സുസ്ഥിര കൃഷിരീതി അനുവർത്തിക്കണം. വളർത്തു ജലാശയത്തിന്റെ സംവഹനശേഷിക്ക്‌ അനുസൃതമായ കൃഷിരീതിമാത്രമേ പിന്തുടരാവൂ.

കൃഷിയോഗ്യമായ ഇനങ്ങൾ ശുദ്ധജലത്തിലും ഓരുജലത്തിലും തീരക്കടലിലും അനുവർത്തിക്കേണ്ട കൃഷിരീതികളും സംഭരിക്കേണ്ട ഇനങ്ങളും വ്യത്യസ്തമാണ്. ശുദ്ധജല മത്സ്യക്കൃഷിക്ക് പറ്റിയ ഇനങ്ങൾ പരൽമത്സ്യങ്ങളും ആറ്റുകൊഞ്ചുമാണ്. കട്‌ല, രോഹിത, മൃഗാൽ, സാധാരണ കാർപ്പ്, വെള്ളിമീൻ, പുൽമീൻ, കരിമീൻ, തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ എന്നിവയാണ്. ഏക ഇന കൃഷിയേക്കാൾ വിളമഹിമയ്ക്ക് നല്ലത് പൊരുത്തപ്പെടുന്ന പല ഇനങ്ങളുടെ കൂട്ടുകൃഷിയാണ്. ആവാസവ്യവസ്ഥയുടെയും തീറ്റയുടെയും കാര്യത്തിൽ തികഞ്ഞ ജാഗ്രത നിശ്ചയമായും പുലർത്തണം. കൂടാതെ, മാലിന്യകരമായ ചുറ്റുപാടുകളോ സാംക്രമികരോഗങ്ങളോ ഒരിക്കലും സംഭവിച്ചുകൂടാ എന്ന നിഷ്കർഷയും നിർബന്ധമാണ്.


 

തിരുത, കണമ്പ്, കരിമീൻ, പൂമീൻ, കാളാഞ്ചി, വറ്റ എന്നിവയും കാര, നാരൻ ചെമ്മീനുമാണ് യോജിച്ച ഇനങ്ങൾ. വേണ്ടത്ര ആഴവും ഉൽപ്പാദനക്ഷമതയും ജലഗുണമഹിമയും സാമന്യം ഭേദപ്പെട്ട ഒഴുക്കും ഉള്ള പ്രദേശങ്ങളിൽ കൂടുകൾ സ്ഥാപിച്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന രീതി പുരോഗമിച്ചുവരുന്നു. ജലത്തിൽ മുങ്ങിക്കിടക്കുന്ന കൂടുകളിൽ ത്രിമാന സാഹചര്യങ്ങൾ ലഭ്യമാകുന്നത് ത്വരിതഗതിയിലുള്ള വളർച്ചയ്ക്കും മികച്ച വിളവിനും ഗണ്യമായ തോതിൽ ആദായം നേടാനും ഇടയാക്കുന്നു. കല്ലുമ്മക്കായ വിത്തുകൾ പറ്റിപ്പിടിപ്പിച്ച നൈലോൺ റോപ്പുകൾ ചങ്ങാടങ്ങളിൽ നാട്ടി ഒഴുക്കും ആഴവുമുള്ള തീരക്കടലുകളിലും കായലുകളിലും സ്ഥാപിച്ച് നിശ്ചിത സമയത്തിനകം മികച്ച വിളവ് നേടുന്ന രീതിയും പ്രചാരത്തിലുണ്ട്. തീൻമുരിങ്ങ കൃഷിയും ഇതേരീതിയിൽ നിർവഹിക്കാം. വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിൽ തീരക്കടലിലും കാസർകോട് പടന്ന, വേമ്പനാട്, അഷ്ടമുടി എന്നീ കായലുകളിലും സാമാന്യമായ രീതിയിൽ ഇത്തരം കൃഷി പ്രയോഗിച്ചുവരുന്നു.

മത്സ്യവിത്തു ലഭ്യത
സാധ്യത ഏറെ ഉണ്ടായിട്ടും ജലകൃഷിയെ പുറകോട്ടടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കടമ്പ സീസണനുസരിച്ച് മത്സ്യ–-ചെമ്മീൻ കുഞ്ഞുങ്ങൾ ആവശ്യാനുസരണം ലഭ്യമല്ല എന്നതാണ്. 12 കോടി കുഞ്ഞുങ്ങൾ ആവശ്യമുണ്ടെങ്കിലും അതിന്റെ പകുതിമാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വിത്തുൽപ്പാദന കേന്ദ്രങ്ങളിൽനിന്ന്‌ കിട്ടുന്നത്. ആവശ്യം നിറവേറ്റാൻ മത്സ്യകർഷകർ ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും രോഗഗ്രസ്ഥവും ഗുണമേന്മ കുറഞ്ഞതുമായ വിത്തുകൾ അനധികൃതമായി ഇറക്കി മത്സ്യക്കൃഷിരംഗം താറുമാറാക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ ക്ഷാമം പരിഹരിക്കാനും നല്ല കുഞ്ഞുങ്ങളെ ലഭ്യമാക്കാനും കിടയറ്റ രീതിയിൽ പ്രവർത്തിക്കുന്ന വിത്തുൽപ്പാദനകേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതാണ്. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും മത്സ്യക്കുഞ്ഞുങ്ങളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ആരോഗ്യകരമായി നിർവഹിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2014 മുതൽ കേരള മത്സ്യ വിത്തുനിയമം പ്രാബല്യത്തിലാക്കിയിട്ടുണ്ട്. 2018 ഏപ്രിൽമുതൽ പ്രവർത്തനം തുടങ്ങിയ മത്സ്യ വിത്തുകേന്ദ്രം ഗുണമേന്മയുള്ള മത്സ്യവിത്ത് ലഭ്യമാക്കുന്നു. എന്നാൽ, 2018ലും 2019ലും വന്നുപെട്ട മഹാപ്രളയക്കെടുതിയും 2020ന്റെ തുടക്കംമുതലുണ്ടായ കോവിഡ്–- 19 മഹാമാരിയും തുടർന്ന്‌ നടപ്പാക്കേണ്ടിവന്ന ലോക്ഡൗൺ നിയന്ത്രണങ്ങളുമൊക്കെ മത്സ്യമേഖലയെ വല്ലാതെ തളർത്തി. സാഹചര്യങ്ങൾ മാറുന്ന മുറയ്ക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ  കഴിയുമെന്നാണ്‌ പ്രതീക്ഷ.

ജലകൃഷി വിജയത്തിന് വിത്തുൽപ്പാദനം (ഹാച്ചറി), വിത്തു പരിപാലനം (നേഴ്സറി), വളർത്തു കുളങ്ങളുടെ നടത്തിപ്പ് (ഗ്രോ–-ഔട്ട്) എന്നിവയുടെ സമന്വയമാണ് വിജയകരമായ ജലകൃഷിക്ക് നിദാനം. സൂചിപ്പിച്ച മൂന്നു ഘടകങ്ങളും യോജിച്ച്‌  പ്രവർത്തിച്ചാൽമാത്രമേ ജലകൃഷി സംരംഭം വിജയിക്കൂ. കൂടാതെ, ശാസ്ത്ര –-ജൈവസാങ്കേതിക വിദ്യയും ഫലപ്രദമായി വിനിയോഗിച്ച് ജലമലിനീകരണം തടയാനും യത്നിക്കണം. പരമ്പരാഗത കൃഷിമുറകളും ശാസ്ത്രീയ കൃഷിരീതികളും അനുവർത്തിച്ച് പരിമിതമായ തോതിൽ ആദായം നേടുന്നുണ്ട്. ആസൂത്രിതമായ രീതിയിൽ മത്സ്യക്കൃഷിക്ക് ഉത്തേജനം പകർന്നാൽ കേരളത്തിലും നീലവിപ്ലവത്തിന് കളമൊരുക്കാം.

(സംസ്ഥാന മത്സ്യ വിത്തുകേന്ദ്രം ചെയർമാനാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top