01 March Monday

ഫസ്റ്റ് ബെല്‍ ബെസ്റ്റ് ബെല്‍ - ഡോ. ജെ പ്രസാദ്‌ എഴുതുന്നു

ഡോ. ജെ പ്രസാദ്‌Updated: Wednesday Dec 16, 2020


“വിദ്യാലയങ്ങളിൽ ഫസ്റ്റ് ബെല്ലിന്റെ മുഴക്കം ഉച്ചസ്ഥായിയിൽ: കോവിഡ്–-19 കാലഘട്ടത്തിലെ കേരള സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നുള്ള പാഠങ്ങൾ” എന്ന പേരിൽ യുണിസെഫ് പ്രസിദ്ധീകരിച്ച  പഠനറിപ്പോർട്ട്‌ പുറത്തുവന്നു. അസം, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്‌, കേരളം എന്നിങ്ങനെ ആറ് സംസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ കേരളം  മറ്റ് സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങാൻ തീരുമാനിക്കുകയും  ജൂൺ ഒന്നിനുതന്നെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്ത ഏക സംസ്ഥാനമാണ് കേരളം എന്ന് എടുത്തുപറയുന്നു. അടച്ചിടൽ, സാമൂഹ്യ ഇടപെടലിനുള്ള അവസരങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ട കുട്ടികളെ സംബന്ധിച്ച് മാനസിക സാമൂഹ്യ പ്രതിസന്ധി കൂടിയായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ബാലവേലയിലേക്ക് എത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയരുതെന്നും പഠനം സൂചിപ്പിക്കുന്നു. കൂട്ടത്തിൽ  കുട്ടികളുടെ ഉയർന്ന ആത്മഹത്യാനിരക്കും ചർച്ച ചെയ്യുന്നു. ഈ പ്രശ്നങ്ങളെ മുന്നിൽക്കണ്ടുകൊണ്ട് ഫസ്റ്റ് ബെൽ ക്ലാസിന് സമാന്തരമായി ബഹുമുഖ ഇടപെടലുകളും ഓൺലൈൻ കൗൺസലിങ്ങും കേരളത്തിൽ നടക്കുകയുണ്ടായി എന്ന്  റിപ്പോർട്ട്‌  സൂചിപ്പിക്കുന്നു. 2020 ആഗസ്ത്‌ ‐സെപ്തംബർ മാസങ്ങളിലായാണ് ഡാറ്റ ശേഖരിച്ചത്.

2016മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഭൗതിക സൗകര്യവികസനങ്ങളും 2019ൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽവൽക്കരണവും അധ്യാപക പരിശീലനവുമെല്ലാം കുട്ടികളെ പഠനപാതയിൽ നിലനിർത്താൻ അനുകൂലമായ അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കിയതായി രേഖ നിരീക്ഷിക്കുന്നു. അവധിക്കാലത്തുതന്നെ ‘സമഗ്ര’ പോർട്ടലിൽ ഡിജിറ്റൽ ഉള്ളടക്കശേഖരം വർധിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളും പാഠഭാഗങ്ങൾ രസകരങ്ങളായി അവതരിപ്പിച്ച ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പരിപാടിയും അധ്യാപകർക്ക്‌  ഗുണകരമായി. 


 

‘അക്ഷരവൃക്ഷം’ എന്ന സർഗാത്മക പരിപാടിക്ക്‌ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. സ്കൂൾ വിക്കിയിലൂടെ കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിലായി ശേഖരിക്കപ്പെട്ട 56399 രചന എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ പരിശോധിക്കുകയും തെരഞ്ഞെടുത്ത് മുപ്പത് വോള്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ സംരംഭത്തിന് 2020ലെ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സി’ന്റെ അംഗീകാരം  ലഭിച്ചു. ‘വായനാവസന്തം’ എന്ന പേരിൽ  തയ്യാറാക്കിയ  പുസ്തകങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയതും യുണിസെഫുമായി ചേർന്ന്‌ നടപ്പാക്കിയ ജീവിതനൈപുണി വിദ്യാഭ്യാസത്തിന്റെ പഠനസാമഗ്രികൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയതും കോവിഡ്കാലഘട്ടത്തിൽ തന്നെയാണ്. എസ്‌സിഇആർടി–-യുണിസെഫ് സംയുക്തമായി നടപ്പാക്കിയ ‘ഫ്ലിപ്‌ഡ്‌ ക്ലാസ്റൂം’ എന്ന നൂതന ബോധനരീതി സ്കൂൾ തുറന്നാലും ഡിജിറ്റൽമുഖാമുഖ മിശ്രരീതിയിൽ തുടരുന്നതിന് സഹായകമാകും. കൃത്യമായ ദീർഘവീക്ഷണം, വിശദമായ ആസൂത്രണം, മുന്നൊരുക്കങ്ങൾ, വിവിധ ഏജൻസികളുടെ ഏകോപനം, വികേന്ദ്രീകൃതമായ നടപ്പാക്കൽ എന്നിവ  യുണിസെഫിന്റെ‍ റിപ്പോർട്ടിൽ എടുത്തുപറയുന്നു. 

ഫസ്റ്റ് ബെൽ പൊതുസമൂഹം ഏറ്റെടുത്തു
പ്രതിപക്ഷമുൾപ്പെടെ പലരും പരീക്ഷ നടത്തരുതെന്ന് വാശിപിടിച്ചിട്ടും കുട്ടികളുടെ ഭാവിയെക്കരുതി പൊതുപരീക്ഷ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മെയ് 26നും 30നുമിടയിൽ സമാന്തരമായി 10,12 ക്ലാസുകളുടെ  മാറ്റിവയ്ക്കപ്പെട്ട പരീക്ഷ കുറ്റമറ്റരീതിയിൽ നടത്തി. ഒന്നര ദശലക്ഷത്തോളം വരുന്ന കുട്ടികൾക്ക്‌  പരീക്ഷ എഴുതാനായി. ഗൾഫ്‌  നാട്ടിലുൾപ്പെടെ മൂവായിരത്തിൽപ്പരം അണുമുക്ത പരീക്ഷാകേന്ദ്രം യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കി.  ഒരുതരത്തിലുള്ള പരാതികൾക്കും  ഇടനൽകാതെ കൃത്യമായ പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ പരീക്ഷ നടത്താൻ എല്ലാ വകുപ്പിന്റെയും ഏകോപനത്തിലൂടെ സാധിച്ചുവെന്ന്  റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി ഒരു കാര്യം സൂചിപ്പിച്ചു. സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജ്യമാകെ ഒരു വിദ്യാഭ്യാസവർഷം  സസ്പെൻഡ്‌  ചെയ്യാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്.  കോവിഡിനെ ഒരവസരമായി കണ്ടുകൊണ്ട്  2020 ജൂൺ ഒന്നിനുതന്നെ വിക്റ്റേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യാൻ നമുക്ക് സാധിക്കണം. എല്ലാവരും ഒത്തുശ്രമിച്ചാൽ അനായാസേന സാധിക്കുമെന്ന് പരീക്ഷയുടെ കാര്യത്തിൽ നാം തെളിയിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല. എല്ലാവർക്കും വാശിയായി. മുരുകൻ കാട്ടാക്കട നിർദേശിച്ച ‘ഫസ്റ്റ് ബെൽ’ എന്ന  പേരുമായി ജൈത്രയാത്ര ആരംഭിച്ചു. തുടക്കം അതിഗംഭീരമായി എന്ന്  എല്ലാ മാധ്യമങ്ങളും ലോകരെ അറിയിച്ചു.


 

ആദ്യ രണ്ടാഴ്ച നടത്തിയ ട്രയലിന് സമാന്തരമായി എസ്എസ്‌കെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആറു ശതമാനം കുട്ടികൾക്ക്‌ (2,61,000) ഡിജിറ്റൽ ഡിവൈഡ് ഉണ്ടെന്ന് കണ്ടെത്തി. പൊതുസമൂഹം ആവേശത്തോടെ മുന്നോട്ടുവന്നു. സുമനസ്സുകൾ, സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശഭരണ/സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കെഎസ്ടിഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങി എല്ലാവരും മുന്നോട്ടുവന്നു. രണ്ടാഴ്ചത്തെ ട്രയൽ തീർന്നപ്പോഴേക്കും ഊരുവിദ്യാകേന്ദ്രങ്ങളിൽ ഉൾപ്പെടെ മിക്ക കുട്ടികൾക്കും ഫസ്റ്റ് ബെൽ ക്ലാസ് കാണാനുള്ള സംവിധാനങ്ങളായി. ശേഷിച്ചവർക്ക്‌ അധ്യാപകർ ബദൽ സംവിധാനം ഒരുക്കി. എസ്‌സിഇആർടി, ഡയറ്റ് തുടങ്ങി യുണിസെഫ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ  ഇതേക്കുറിച്ച് പഠനം നടത്തി. യുണിസെഫ് നടത്തിയ പഠനത്തിൽ കേരളം ഈ രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനം കുട്ടികളും വാട്സാപ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനത്തിലൂടെ ഫസ്റ്റ് ബെൽ ക്ലാസുകൾ കാണുന്നു. 75 ശതമാനം കുട്ടികളും ടിവിയിലൂടെയാണ് കാണുന്നത്. ചില ഡയറ്റുകളും എസ്‌സിഇആർടിയും  നടത്തിയ പഠനത്തിൽ 95 മുതൽ 98 ശതമാനം കുട്ടികർക്കുവരെ ഫസ്റ്റ് ബെൽ ക്ലാസിന്റെ ഗുണഫലം ലഭിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഓഫ്‌ലൈൻ സംവിധാനത്തിലൂടെയും മറ്റും അത് 100 ശതമാനത്തിൽ എത്തിക്കുന്നതിനായി ഡയറ്റുകളുടെയും മറ്റും  നേതൃത്വത്തിൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള കുട്ടികൾക്ക്‌  കേന്ദ്രസർക്കാർ പന്ത്രണ്ട് ചാനൽ വഴി വീഡിയോ ക്ലാസുകൾ സംപ്രേഷണം നടത്തുമ്പോൾ ഒറ്റ ചാനലിലൂടെയാണ് കേരളം ഇതിനെയെല്ലാം വെല്ലുന്നത്. പ്രതിദിനം 20 ലക്ഷത്തിൽപ്പരം കുട്ടികൾ യുട്യൂബിലൂടെമാത്രം ഫസ്റ്റ് ബെൽ ക്ലാസ് കാണുന്നു. ഫെയ്‌സ്ബുക്ക്, ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴിയും അഞ്ച് ലക്ഷത്തിൽപ്പരം കുട്ടികൾ ക്ലാസ് വീക്ഷിക്കുന്നതായാണ് കണക്കുകൾ. കേബിൾ ശൃംഖലവഴി കാണുന്നത് കണക്കാക്കപ്പെട്ടിട്ടില്ല. 45 ലക്ഷത്തോളം വരുന്ന കുട്ടികൾക്കും  ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഫസ്റ്റ് ബെൽ ക്ലാസിന്റെ ഗുണഫലം ലഭിക്കുന്നുണ്ട്. മക്കളോടൊപ്പം രക്ഷിതാക്കളും ഫസ്റ്റ് ബെൽ ക്ലാസുകൾ കാണുന്നു എന്നതും എടുത്തുപറയുന്നു. ഹയർസെക്കൻഡറിക്കുമാത്രം 53 വിഷയമാണ് കൈകാര്യം ചെയ്യേണ്ടത്. കൂടാതെ, പ്രീ പ്രൈമറി മുതൽ പത്താംതരംവരെയുള്ള മറ്റ് വിഷയങ്ങളും. വിക്‌റ്റേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ നമ്മുടെ കുട്ടികളെ പഠനാന്തരീക്ഷത്തിൽ പിടിച്ചുനിർത്തുന്നതിനു വേണ്ടിമാത്രമാണ്. അധ്യാപകരെ കണ്ടെത്തൽ, മോഡൽ വീഡിയോ ക്ലാസ് എടുക്കൽ, ഷൂട്ടിങ്‌, വെറ്റിങ്‌, സാങ്കേതിക പരിശോധന എന്നിങ്ങനെ ബഹുമുഖപ്രവർത്തനങ്ങൾ ഈ യജ്ഞത്തിന് പിന്നിലുണ്ട്.

വീടൊരു വിദ്യാലയം
പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം വിഭാവനം ചെയ്യുന്നത് ജനകീയത, മാനവികത, ആധുനികത എന്നീ  ത്രിമാനതന്ത്രങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളാണ്. മനുഷ്യർ മണ്ണിലെഴുതിയും കടലാസിലെഴുതിയും അച്ചടിച്ച പുസ്തകങ്ങൾ വായിച്ചും പഠിച്ചു. കാലികമായ മാറ്റങ്ങൾക്ക്‌  വിധേയമായി ഈ ആധുനികയുഗത്തിൽ ടെക്നോ പെഡഗോജിയുടെ അനന്ത സാധ്യതകൾക്കുമുന്നിൽ എത്തിനിൽക്കുന്നു മനുഷ്യൻ, വിജ്ഞാനത്തെ മറ്റെന്തിനെയുംപോലെ ഒരു ചരക്കായി കാണുന്ന കാലഘട്ടത്തിലാണ്  ജീവിക്കുന്നത്. മൂലധനശക്തികൾ, കോവിഡ് മഹാമാരി ഒരവസരമായിക്കണ്ട് വിദ്യാഭ്യാസരംഗത്തുനിന്ന്‌ അധ്യാപകരെ ഒഴിവാക്കാനുള്ള ഗൂഢതന്ത്രങ്ങൾക്ക്‌ എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു. ഇത്  ലാഘവത്തോടെ കാണാൻ സാധിക്കില്ല. ഈ ഗൂഢതന്ത്രം മുന്നിൽ കണ്ടുകൊണ്ടാണ് ‘ഫസ്റ്റ് ബെൽ’ വിദ്യാലയത്തിലെ പഠനപ്രക്രിയക്ക്‌ ബദലല്ല എന്ന് കേരളസർക്കാർ തുടക്കത്തിൽത്തന്നെ  പ്രഖ്യാപിച്ചത്. ഫസ്റ്റ് ബെല്ലിന്റെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തികൾ നമ്മുടെ അധ്യാപകരാണ്.


 

പുത്തൻ സംരംഭങ്ങളും പുത്തൻപദങ്ങളും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക്‌‌ അനുബന്ധമായി ഏർപ്പെടുത്തിയിട്ടുള്ള ‘വർക്ക്‌ ഷീറ്റുകൾ’ കുട്ടികളിൽ/രക്ഷിതാക്കളിൽ  എത്തിച്ച് പഠനബോധനപ്രക്രിയയിൽ ഉണ്ടായിട്ടുള്ള ഗ്യാപ് ഫിൽ ചെയ്യുക എന്നതായിരുന്നു അധ്യാപകരിൽ നിക്ഷിപ്തമായ പ്രധാന ജോലി. എന്നാൽ, നമ്മുടെ അധ്യാപകസമൂഹം അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. അവർ ഒറ്റയ്ക്കും കൂട്ടായും വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സർവോപരി രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെ‍യും സഹകരണത്തോടെ കുട്ടികൾക്ക്‌  കൂടുതൽ സമ്മർദം ഉണ്ടാകാതെ അവരുടെ ശേഷിക്കുന്ന പാഠഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ഫലപ്രദമായ  രീതിയിൽ സംഘടിപ്പിക്കുക ശീലമാക്കിക്കഴിഞ്ഞിരുന്നു.

സർവാശ്ലേഷി വിദ്യാഭ്യാസം അഥവാ ഉൾച്ചേർന്ന വിദ്യാഭ്യാസം കേരളത്തിന്റെമാത്രം സവിശേഷതയാണ്. ആർപിഡബ്ല്യുഡി ആക്റ്റിൽ(2016) പറയുന്ന 21 വിഭാഗത്തിൽ ആറു വിഭാഗത്തിന്‌ കേരളം സവിശേഷ ശ്രദ്ധ നൽകിപ്പോരുന്നു. എസ്എസ്‌കെയുടെ നേതൃത്വത്തിൽ ‘വൈറ്റ് ബോർഡ്‌’ എന്ന പേരിലും എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ ‘തേൻകൂട്’ എന്ന പേരിലുമാണ് ഈ വിഭാഗം കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനം.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ബുദ്ധിപരിമിതി, കാഴ്ചപരിമിതി, ശ്രവണപരിമിതി, ഓട്ടിസം, സെറിബ്രൽ പാഴ്‌സി, ലേണിങ്‌ ഡിസബിലിറ്റി വിഭാഗങ്ങൾക്ക്‌  ‘വൈറ്റ്  ബോർഡി’ലൂടെയും സവിശേഷ വിദ്യാലയങ്ങളിൽ പഠിക്കുന്ന ബുദ്ധിപരിമിതിയുള്ള കുട്ടികൾക്ക്‌  ‘തേൻകൂടി’ലൂടെയും പഠനപിന്തുണ നൽകിവരുന്നു. തേൻകൂട് സോഫ്റ്റ്‌വെയറിന്റെ ശരിയായ ഉപയോഗംവഴി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പ്രതീക്ഷിത നിലവാരത്തിൽ എത്തിക്കുന്നതിന് സാധിക്കും. ഇങ്ങനെ രാജ്യത്താകെ മാതൃകയായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഈ കോവിഡ്കാലത്ത് കേരളം രൂപം നൽകിയത്.

(എസ്‌സിഇആർടി ഡയറക്ടറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top