04 August Wednesday

ഓപ്പൺ ബാങ്ക് ഓപ്പണാകുമ്പോൾ

എ കെ രമേശ്Updated: Monday May 27, 2019


2019 സെപ്തംബറോടെ യൂറോപ്പിലെ ബാങ്കുകൾ വലിയൊരു മാറ്റത്തിന് വിധേയമാകുകയാണ്. പേമെന്റ് സർവീസിനെ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ മുന്നോട്ടുവച്ച പേമെന്റ് സർവീസ് ഡയറക്ടീവ് 2 (പിഎസ‌്ഡി 2)എന്ന പുതിയ നിർദേശം 2018 ജനുവരി 13ന‌ു പ്രാബല്യത്തിൽ വന്നു. 2019 സെപ‌്തംബർ 14 ഓടെ പിഎസ്ഡി 2 പൂർണമായി നടപ്പാക്കിത്തുടങ്ങും. ഈ പുതിയ നിർദേശം യൂറോപ്യൻ ബാങ്കുകളെ അടിമുടി മാറ്റിമറിക്കും. യൂറോപ്യൻ പേമെന്റ് മാർക്കറ്റിന്റെ മത്സരശേഷി വർധിപ്പിക്കാനാണ് 2007ൽ പിഎസ്ഡി 1 പാസാക്കിയത്. അത് പിഎസ്ഡി 2 ലെത്തുമ്പോൾ, ഓപ്പൺ ബാങ്കിങ്ങിലേക്കുള്ള കുതിച്ചുചാട്ടമായി മാറുകയാണ്.

ഇടപാടുകാരെ സംബന്ധിച്ചുള്ള ഡാറ്റകൾ ബാങ്കുകൾ അതീവ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്ന രഹസ്യ രേഖകളാണല്ലോ. അതിന്റെ അനാവശ്യ പവിത്രതയും രഹസ്യാത്മകതയും തകർത്തുകളയുകയാണ് ഓപ്പൺ ബാങ്ക് എന്ന സങ്കൽപ്പം. വിവരങ്ങളുടെ യഥാർഥ ഉടമയായ ഇടപാടുകാരൻ ആവശ്യപ്പെട്ടാൽ ബാങ്കുകൾ ആർക്കുവേണമെങ്കിലും അത് പങ്കുവച്ചേ പറ്റൂവെന്നതാണ് ഓപ്പൺ ബാങ്കിങ്ങിന്റെ പ്രത്യേകത. യഥാർഥത്തിൽ അത് ഓപ്പൺ ഡാറ്റയാണ്.

കസ്റ്റമർ ഡാറ്റ ഇങ്ങനെ കൈമാറിക്കിട്ടിയാൽ, വലിയ മുതൽമുടക്കോ ആവർത്തനച്ചെലവോ ഇല്ലാത്ത ഫിൻടെക് കമ്പനികൾക്ക്, ഇടപാടുകാരുടെ യഥാർഥ ആവശ്യം കണ്ടറിഞ്ഞ് മൂല്യവർധിത സേവനം ഉറപ്പാക്കാനാകും. പരമ്പരാഗത ബാങ്കുകൾക്ക് എത്തിപ്പിടിക്കാനാകാത്ത അതിനൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തവയാണ് ഫിൻടെക് കമ്പനികൾ. ബാങ്കിങ് ഇങ്ങനെ ഓപ്പണാക്കുന്നത്, ബാങ്കിങ് കുത്തകകളുടെ നീരാളിപ്പിടിത്തത്തിൽപെട്ട നിസ്സഹായരായ ഇടപാടുകാരെ മോചിപ്പിക്കാനാണ് എന്നാണ് കോംപിറ്റീഷൻ ആൻഡ‌് മാർക്കറ്റ് അതോറിറ്റി അവകാശപ്പെടുന്നത്. കസ്റ്റമറാണ് രാജാവ്, മറിച്ചല്ല എന്ന്!

ബാങ്കിങ് മേഖലയിലെ ഊബറൈസേഷൻ?
ഇത്തരമൊരു മാറ്റം പരമ്പരാഗത ബാങ്കുകളെ അക്ഷരാർഥത്തിൽ നടുക്കിയിട്ടുണ്ട്. ഫിൻടെക് കമ്പനികൾ പരമ്പരാഗത ബാങ്കിങ്ങിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ചുരുങ്ങിയ ചെലവിൽ, കുറഞ്ഞ ആൾശേഷിയിൽ, വച്ചടിവച്ചടി കയറിവരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ബാങ്കിങ് മേഖലയുടെ ഊബറെെസേഷനാണ് നടക്കാൻ പോകുന്നത് എന്നർഥം. വാഹനവ്യൂഹങ്ങളും ഡ്രൈവർപ്പടയും ഒന്നുമില്ലാത്ത ഒരു ഇലക‌്ട്രോണിക് പ്ലാറ്റ്ഫോറം, അതെല്ലാമുള്ള വൻകിട ട്രാവൽ ഏജൻസികൾക്ക് ഭീഷണിയുയർത്തി ആ മേഖലയിൽ നിറഞ്ഞു നിൽക്കുന്നതാണല്ലോ ഊബറിന്റെ പ്രത്യേകത. ഏതാണ്ട് അതുതന്നെയാണ് ധനമേഖലയിലും സംഭവിക്കാൻ പോകുന്നത്. ഇപ്പോൾത്തന്നെ ഫിൻടെക് കമ്പനികൾ പരമ്പരാഗത ബാങ്കിങ് സേവനത്തിന്റെ 28 ശതമാനം റാഞ്ചിക്കഴിഞ്ഞു എന്നാണ് ഗ്ലോബൽ ഫിൻടെക് അസോസിയേഷനുവേണ്ടി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കൺസൾട്ടൻസി സ്ഥാപനം നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ഭീമാകരൻ കെട്ടിടങ്ങളോ, വമ്പൻ തൊഴിൽ സേനയോ, മറ്റു പശ്ചാത്തല സൗകര്യങ്ങളോ ഇല്ലാതെ തന്നെ വൻകിട ബാങ്കുകളുടെ ബിസിനസ് റാഞ്ചാനുള്ള ശേഷി കൈവരിച്ച സ്റ്റാർട്ടപ് സ്ഥാപനങ്ങളാണ് ഫിൻടെക് കമ്പനികൾ. ഫിനാൻസും ടെക‌്നോളജിയും ചേർന്നാൽ ഫിൻടെക്കായി

ഭീമാകരൻ കെട്ടിടങ്ങളോ, വമ്പൻ തൊഴിൽ സേനയോ, മറ്റു പശ്ചാത്തല സൗകര്യങ്ങളോ ഇല്ലാതെ തന്നെ വൻകിട ബാങ്കുകളുടെ ബിസിനസ് റാഞ്ചാനുള്ള ശേഷി കൈവരിച്ച സ്റ്റാർട്ടപ് സ്ഥാപനങ്ങളാണ് ഫിൻടെക് കമ്പനികൾ. ഫിനാൻസും ടെക‌്നോളജിയും ചേർന്നാൽ ഫിൻടെക്കായി. നമ്മുടെ പ്രധാനമന്ത്രിയെ പോസ്റ്റർ ബോയ് ആക്കി പരസ്യംകൊടുത്ത പേടിഎമ്മും ഒരു ഫിൻടെക് കമ്പനിയാണ്.

അതിനൂതന സാങ്കേതികവിദ്യ ഫിനാൻസ് മേഖലയിൽ അതിവിദഗ്ധമായി സന്നിവേശിപ്പിക്കുന്ന ടെക‌്നോക്രാറ്റുകൾ കൈയടക്കിയ ഈ മേഖലയിലേക്ക് വെൻച്വർ ക്യാപിറ്റൽ ഒഴുകിയെത്തുകയാണ്. നിക്ഷേപകരെ സംബന്ധിക്കുന്ന ഡാറ്റ കൂടി അവരുടെ കൈയിലെത്തിയാൽ, പരമ്പരാഗത ബാങ്കുകൾക്ക് അത് വൻഭീഷണിയാണ് വരുത്തുക. ഇത്തരം ഫിൻടെക് കമ്പനികൾ ഇടപാടുകാർക്ക് നൽകിപ്പോരുന്ന സേവനങ്ങളുടെ വൈവിധ്യം മുഖ്യധാരാ ബാങ്കുകളിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്തതാണ്. ഉദാഹരണത്തിന് ബാങ്കുകളെ തകർക്കൽ എന്ന  ഗ്രന്ഥമെഴുതിയ ബ്രെറ്റ് കിങ് ആരംഭിച്ച മൂവൻ എന്ന സ്ഥാപനം ഇടപാടുകാർക്കു നൽകുന്ന സേവനങ്ങൾ പരമ്പരാഗത ബാങ്കുകൾക്ക് ഊഹിക്കാൻ പോലും കഴിയാത്തത്രയ‌്ക്ക് വ്യക്തിപരമാണ്, സവിശേഷമാണ്, അന്യാദൃശമാണ്. ചേഷ്ടാപഠനത്തിലും ഡാറ്റാ ശാസ‌്ത്രത്തിലുമൊക്കെ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടപാടുകാരുടെ ചെലവാക്കൽ രീതിയെ അന്നന്നേരം പഠനവിധേയമാക്കുകയും അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് മൂവൻ. ഭാവിയിലെ ചെലവാക്കൽ തീരുമാനങ്ങൾക്ക് നേരത്തെ ഉപദേശവും നൽകും. നേരത്തെ നിശ്ചയിച്ചുറച്ച ചെലവാക്കൽ രീതിയിൽ മാറ്റംവരുന്നുണ്ടെങ്കിൽ, അപ്പപ്പോൾ അക്കാര്യം ഇടപാടുകാരെ അറിയിച്ചുകൊണ്ട് അവരുടെ മൊബൈലിൽ  സന്ദേശം ഇരമ്പിയെത്തും. ഇതിനുപുറമെ ചെലവാക്കൽ അളക്കാനായി സ്പെന്റിങ് മീറ്ററും! ഇത്രയുമൊക്കെ പോരേ, പരമ്പരാഗത ബാങ്കിങ്ങിനെ തകർക്കാൻ? അഥവാ നേരത്തെ തകർന്നുകൊണ്ടിരിക്കുന്നവയെ നാമാവശേഷമാക്കാൻ? ഫെയ്സ് ബുക്ക് ഇന്റർനെറ്റിൽ എങ്ങനെയോ, അങ്ങനെയൊരു സ്ഥാനം ബാങ്കിങ്ങിൽ നേടിയെടുക്കണമെന്നാണ് ബ്രെറ്റ് കിങ്ങിന്റെ ആഗ്രഹം.

ബാങ്കുകളെ തകർക്കാനായി ഇറങ്ങിത്തിരിച്ച ഈ നിയോ ബാങ്കറുടെ പുസ‌്തകത്തിലെ ഒരധ്യായത്തിന്റെ തലക്കെട്ട്  "നിങ്ങളുടെ അച്ഛന്മാരുടെ ബാങ്കിങ് സ്വഭാവമല്ല (ഇപ്പോഴത്തെ തലമുറയ‌്ക്ക്)’ (Not your father's banking habit)) എന്നാണ്. അതുതന്നെയാണ് പ്രശ്നം. ഫിൻടെക് കമ്പനികൾ റാഞ്ചാൻ ശ്രമിക്കുന്നത് പുതുതലമുറയെയാണ്. അതിനൂതന സാങ്കേതികവിദ്യ അവർക്ക് ആകർഷകമാകുംവിധം ഉപയോഗിക്കാൻ ഈ ന്യൂ ജെൻ ഫിൻടെക് കമ്പനികൾക്ക് കഴിയും.

യൂറോപ്പിൽ മാത്രം ?
പിഎസ്ഡി 2 യൂറോപ്പിനു മാത്രം ബാധകമായി ഒതുങ്ങിക്കൂടി നിൽക്കുമോ? രാജ്യാതിർത്തികളും വൻകരകളും കടന്ന് അത് ലോകമെങ്ങും വ്യാപിക്കാനാണ് പോകുന്നത്. 2019 ഫെബ്രുവരിയിൽ ഫിൻടെക് സ്ഥാപനങ്ങളുമായി ചർച്ച ചെയ‌്ത‌് പുതിയ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. കനഡ 2021 ആകുമ്പോഴേക്കും ഓപ്പൺ ബാങ്കിങ്ങിലേക്ക് മാറണമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ബ്രസീൽ 2019 മധ്യത്തോടെ തന്നെ ഓപ്പണാകും. മലേഷ്യയും ഹോങ്കോങ്ങും സിംഗപ്പൂരും ഇതിനകംതന്നെ ഓപ്പൺ ബാങ്കിങ്ങിലേക്ക് മാറിക്കഴിഞ്ഞു. സെപ്തംബറിനകം മാറണമെന്ന് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജർമനിയും ബെൽജിയവും ഫിൻലാന്റും സ്വീഡനും മാത്രമേ 80 ശതമാനം പൂർത്തിയാക്കിയിട്ടുള്ളൂ. 60 ശതമാനത്തിലെത്തി  നിൽക്കുകയാണ‌് നെതർലാൻഡ‌്സും ബ്രിട്ടണും. ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കൂടിയാണ് ലണ്ടൻ. സ്വാഭാവികമായും അവിടത്തെ ധനമേഖലയിലെ ചലനങ്ങൾ ലോകത്താകെ പ്രതിഫലനങ്ങളുണ്ടാക്കും. സിറ്റി ഓഫ് ലണ്ടൻ കോർപറേഷൻ  ഇതിനകം അതിനു വേണ്ട ഏർപ്പാടുകൾ ചെയ‌്തുകഴിഞ്ഞു. ഇന്ത്യൻ ഫിൻടെക് കമ്പനികളും ബ്രിട്ടീഷ് സ്ഥാപനങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിന് കണക്കായുള്ള പഠനഗവേഷണം നടത്താൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കൺസൾട്ടൻസി സ്ഥാപനത്തെ ലണ്ടൻ കോർപറേഷൻ ഏൽപ്പിച്ചുകഴിഞ്ഞു.

സ്വാഭാവികമായും നിയമഭേദഗതികളിലൂടെ പിഎസ്ഡി 2ന് സമാനമായ തുറന്നിടലുകളിലേക്ക് ഇന്ത്യൻ ധനമേഖലയും മാറാൻ നിർബന്ധിതമാകും. ഇതിനു കണക്കായി സ്വയം നവീകരിക്കാനും കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സംഘടനാ സംവിധാനത്തിലേക്ക് പരിവർത്തനപ്പെടുന്നതിനും ഇന്ത്യൻ ബാങ്കുകൾ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ പൊതുസമൂഹം ഇക്കാര്യത്തിൽ കൃത്യമായി ഇടപെടാൻ നേരമായിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top