06 December Tuesday

ഞെരുക്കമുണ്ട്‌, കെണിയിലല്ല

ജി രാജേഷ് കുമാര്‍Updated: Tuesday Sep 13, 2022

മഹാമാരി സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം നിറപ്പകിട്ടാർന്ന ഓണത്തിന്റെ തിമിർപ്പിലായിരുന്നു കേരളം. ഓണം ആഘോഷിക്കാനാകാത്ത ഒരു കുടുംബവും ഉണ്ടാകരുതെന്ന്‌ സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി. എല്ലാ വീടിനും ഏതെങ്കിലും തരത്തിലുള്ള സഹായമുണ്ടായി. വിലക്കയറ്റം കേൾക്കാൻപോലും ഇല്ലാതായി. ഇതിന്റെയെല്ലാം നിറംകെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായ മാധ്യമ പ്രചാരണത്തിനാണ്‌ കേരളം സാക്ഷ്യംവഹിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഓവർഡ്രാഫ്‌റ്റിലേക്ക്‌ പോകുന്ന ട്രഷറി വലിയ താമസമില്ലാതെ പൂട്ടേണ്ടിവരുമെന്നുമാണ്‌ പ്രചാരണം. വികലവും പ്രതികാരബുദ്ധിയിൽ ഉരുത്തിരിയുന്നതുമായ കേന്ദ്ര സർക്കാർ നയങ്ങൾ കേരളത്തെ സാമ്പത്തികമായി വലിയതോതിൽ ഞെരുക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ആവർത്തിച്ചുവ്യക്തമാക്കി. എന്നാൽ, ഇതൊന്നും സംസ്ഥാനത്തിന്റെ ക്ഷേമ, വികസന പദ്ധതികളെയും പരിപാടികളെയും ബാധിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ ഉറപ്പാക്കുന്നു.

സഹായം കിട്ടാത്തവരില്ല

ഇത്തവണ സപ്ലൈകോയും കൺസ്യൂമർഫെഡും നാടാകെ 3310 ഓണച്ചന്ത തുറന്നു. 13 ഇനം നി ത്യോപയോഗ സാധനങ്ങൾ പകുതിവിലയിൽ നൽകി‌. സബ്‌സിഡി ഇനങ്ങൾക്ക്‌ 30 ശതമാനംവരെയും മറ്റിനങ്ങൾക്ക്‌ 40 ശതമാനംവരെയും വിലക്കുറവിൽ ലഭ്യമാക്കി. ഹോർട്ടികോർപ് 2010 പച്ചക്കറി, പഴം ഓണവിപണിയും തുറന്നു.

86 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഓണഭക്ഷ്യക്കിറ്റ്‌ നൽകി. 890 സർക്കാർ അംഗീകൃത ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്ക്‌ ഓണക്കിറ്റ്‌ നൽകി. 119 ആദിവാസി ഊരിലും‌ കിറ്റ്‌ എത്തിച്ചു. 57.05 ലക്ഷംപേർക്ക്‌ ക്ഷേമ പെൻഷൻ 3200 രൂപവീതം 1749.73 കോടി വിതരണംചെയ്‌തു. ക്ഷേമനിധി ബോർഡുകൾ 4,13,649 പേർക്ക്‌ പെൻഷൻ നൽകി. 1297 സർക്കസ്‌ കലാകാരന്മാർക്കും 190 ‌ അവശ കായികതാരങ്ങൾക്കും 2666 കലാകാരന്മാർക്കും പെൻഷനും ലഭിച്ചു. ആധാരമെഴുത്ത്‌, പകർപ്പെഴുത്ത്‌, സ്റ്റാമ്പ്‌ വെണ്ടർമാർക്ക്‌‌‌ 4000 രൂപ ഉത്സവബത്ത കിട്ടി. 60 കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിലെ 60,602 പേർക്ക്‌ 1000 രൂപ വിതം ലഭിച്ചു. കടൽക്ഷോഭത്തിൽ വീട്‌ നഷ്ടപ്പെട്ട്‌ ക്യാമ്പിൽ കഴിയുന്നവർക്ക്‌ 5500 രൂപ വീതവും നൽകി.

ഇരുതൊഴിലുറപ്പിലുമായി 5.21 ലക്ഷം പേർക്ക്‌ 1000 രൂപവീതം 52.24 കോടി രൂപ ഉത്സവബത്ത നൽകി. 14,300 റേഷൻകട ഉടമകൾക്ക്‌ 1000 രൂപവീതം ലഭിച്ചു. പട്ടികജാതി, വർഗ വികസന വകുപ്പിലെ 1100 താൽക്കാലിക ജീവനക്കാർക്ക്‌‌ 1000 രൂപവീതം‌ പ്രത്യേക സഹായം നൽകി. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും ബോണസ്/ ഉത്സവ ബത്ത / അഡ്വാൻസ് അനുവദിച്ചു. സർവീസ് പെൻഷൻകാർക്ക് ഓണം അലവൻസ് നൽകി. 13 ലക്ഷംപേർക്ക്‌ ആനകൂല്യം ലഭിച്ചു. എല്ലാ തൊഴിൽ മേഖലയിലും ഓണസഹായം എത്തി. പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതവും  തോട്ടം തൊഴിലാളികൾക്കു പുറമെ ഓണക്കിറ്റും നൽകി. രണ്ടാഴ്‌ചയിൽ 15,700 കോടി രൂപയാണ്‌ സർക്കാർ ഖജനാവിൽനിനുള്ള ചെലവ്‌. സാമ്പത്തികഞെരുക്കം പറഞ്ഞ്‌ ജനങ്ങളെ ഞെരുക്കിയില്ല.

ട്രഷറി പതിവുപോലെ

ഓണം കഴിഞ്ഞാൽ പൂട്ടലിലേക്ക്‌ എന്ന്‌ മാധ്യമങ്ങൾ ഘോഷിച്ച സംസ്ഥാന ട്രഷറി തിങ്കളാഴ്‌ചയും പതിവുപോലെ പ്രവർത്തിച്ചു. ഓണക്കാലത്തെ വലിയ ബാധ്യതകളെല്ലാം കൃത്യമായി പൂർത്തിയാക്കിയപ്പോൾ, വരവുചെലവ്‌ ക്രമീകരിക്കാൻ വേയ്‌സ്‌ ആൻഡ്‌ മീൻസ് സൗകര്യത്തിലെടുത്തത്‌‌ 562 കോടി രൂപമാത്രം.‌‌ 2322 കോടിവരെ എടുക്കാൻ അവസരമുള്ളപ്പോഴാണ്‌ ഇത്‌.

കേന്ദ്ര കെണി ചെറുതല്ല

കേന്ദ്ര നയത്താൽ സംസ്ഥാന വരുമാനത്തിൽ 23,000 കോടി രൂപ ഈവർഷം കുറയും. റവന്യൂ കമ്മി ഗ്രാന്റ് 7000 കോടി കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടി ഇല്ലാതാക്കി. വായ്പാപരിധി 3.5 ശതമാനമാക്കി. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ വായ്‌പ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ കടമെടുപ്പിൽ 3578 കോടി കുറച്ചു. ഇതുമൂലം ക്ഷേമപദ്ധതികൾ, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ മേഖലകളിലെ ചെലവുകൾ കണ്ടെത്താൻ സംസ്ഥാനം പ്രയാസപ്പെടുന്നു. കഴിഞ്ഞവർഷം കേന്ദ്ര നികുതി വിഹിതവും ഗ്രാന്റും ലഭിച്ചത്‌ 47,837 കോടി‌. ഈവർഷം ഇതുവരെ ലഭിച്ചത്‌ 13,139 കോടി രൂപയും. ഈവർഷം റവന്യു കമ്മി ഗ്രാന്റ്‌ നിശ്ചയിച്ചത്‌ 13,174 കോടി രൂപ. ഇതുവരെ കേന്ദ്രം തന്നത്‌ 4391 കോടിമാത്രം.

കേന്ദ്രത്തിനാകാം, കേരളത്തിന്‌ പാടില്ല

ബജറ്റിനുപുറത്തുള്ള വായ്‌പകളുടെ വലിയ ഗുണഭോക്താക്കളായ കേന്ദ്ര സർക്കാരാണ്‌ ഈ രീതി പാടില്ലെന്ന്‌ കേരളത്തോട്‌ ആജ്ഞാപിക്കുന്നത്‌. 2019–-20ൽ കേന്ദ്ര സർക്കാരിന്റെയും നാല്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബജറ്റിനുപുറത്തുള്ള വായ്‌പ 3.17 ലക്ഷം കോടി രൂപ. എന്നിട്ടാണ്‌ പെൻഷൻ കമ്പനിയുടെയും കിഫ്‌ബിയുടെ വായ്‌പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ്‌ പരിധിക്കുള്ളിലാക്കാൻ ദുശ്ശാഠ്യം പിടിക്കുന്നത്‌.
60 ലക്ഷം വരുന്ന വയോജനങ്ങൾക്ക് സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകാനാണ്‌ കമ്പനി രൂപീകരിച്ചത്‌. സർക്കാർ ഗ്യാരന്റിയിൽ‌ താൽക്കാലിക വായ്‌പയിലൂടെയാണ് കമ്പനി‌ തുക സമാഹരിക്കുന്നത്‌. സർക്കാരിന്റെ കൈയിൽ പണം വരുമ്പോൾ ചെലവാക്കിയ പണം പലിശ സഹിതം കമ്പനിക്ക്‌ തിരികെ നൽകുന്നു. ഇത്‌ താൽക്കാലിക ക്രമീകരണം മാത്രമാണ്‌.

ട്രഷറി ഓവർഡ്രാഫ്‌റ്റിലേക്ക്‌ പോകില്ല

സർക്കാർ ചെലവ്‌ ട്രഷറി വരവിനേക്കാൾ അധികമാകുന്ന ദിവസം, റിസർവ് ബാങ്ക്‌‌ സർക്കാരിന്റെ ഏജൻസി ബാങ്കുവഴി അധികച്ചെലവിന്റെ പണം മുൻകൂർ വായ്‌പയായി ലഭ്യമാക്കുന്നതാണ് വേയ്‌സ്‌ ആൻഡ്‌ മീൻസ്‌ സംവിധാനം‌. ഇത്‌ 90 ദിവസത്തിനകം സർക്കാർ തിരിച്ചടയ്‌ക്കണം. സർക്കാർ ചെലവുകൾക്ക്‌ പണലഭ്യത ഉറപ്പാക്കലിലെ പതിവുരീതിയാണ്‌.

വേയ്‌സ്‌ ആൻഡ്‌ മീൻസ്‌ രണ്ടു തരം. ഇതനുസരിച്ച്‌ നിലവിൽ കേരളത്തിന്‌ കൈവശമുള്ള സർക്കാർ സെക്യൂരിറ്റികളുടെ ജാമ്യത്തിൽ 378 കോടിവരെ പ്രത്യേക പിൻവലിക്കൽ സൗകര്യമുണ്ട്‌. അതുകഴിഞ്ഞാൽ സാധാരണ പിൻവലിക്കൽ സൗകര്യത്തിൽ 1944 കോടിവരെ ലഭ്യമാക്കും. ആകെ 2322 കോടി. ഇതിനും മുകളിൽ അധികച്ചെലവ്‌ വന്നാൽ മാത്രമേ ഓവർഡ്രാഫ്‌റ്റിലേക്ക്‌ പോകേണ്ടിവരൂ. ഈ സാഹചര്യം അടുത്ത പാദത്തിലും ഉണ്ടാകില്ലെന്ന്‌ ധനവകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സംസ്ഥാന തനത്‌ നികുതിവിഹിതം ഉയരുന്നു. ലോട്ടറി, പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽനിന്നുള്ള വരുമാനം ട്രഷറിയിൽ എത്തിത്തുടങ്ങി. ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയും പുതിയ പദ്ധതികളും വരുമാനം ഉയർത്തുമെന്നാണ്‌ പ്രതീക്ഷ. ഡിസംബർവരെ വലിയ പ്രയാസമില്ലാതെതന്നെ മുന്നോട്ടുപോകാനാകും. ഓവർഡ്രാഫ്‌റ്റ്‌ സാഹചര്യമില്ല. അതുകഴിഞ്ഞ്‌‌ വായ്‌പ അനുമതി ഉറപ്പാക്കി പദ്ധതി പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാകുമെന്ന്‌ ധന വകുപ്പ്‌ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top