13 August Thursday

സാമ്പത്തിക പ്രതിസന്ധി: ഉത്തേജക പാക്കേജാണ് പോംവഴി

ഡോ. ടി എം തോമസ് ഐസക്Updated: Tuesday Aug 27, 2019

പൊതുബജറ്റ് അവതരിപ്പിച്ച് രണ്ടുമാസം കഴിയുംമുമ്പ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഒരു മിനി ബജറ്റ് വേണ്ടിവന്നു എന്നുപറഞ്ഞാൽ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടുമല്ലോ? ഏതായാലും ഒരു കാര്യം ഇപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ട്, ഇന്ത്യൻ സമ്പദ്ഘടനയിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെന്ന് സമ്മതിച്ചുതരാൻ ബജറ്റ് പ്രസംഗത്തിൽ  കേന്ദ്ര ധനമന്ത്രി തയ്യാറല്ലായിരുന്നു. പകരം കണക്കുകളുടെ മറിമായത്തിൽ പ്രതിസന്ധിയെ പൊതിഞ്ഞുവയ്‌ക്കാനായിരുന്നു  ശ്രമം. അടുത്ത അഞ്ച് വർഷംകൊണ്ട് അഞ്ച്‌ ട്രില്യൺ ഡോളർ ഇന്ത്യൻ സമ്പദ്ഘടന ആയിരുന്നല്ലോ മുഖ്യപ്രചാരണം.

ദേശീയ വരുമാന വളർച്ച ഊതിവീർപ്പിച്ചതാണെന്ന് കഴിഞ്ഞ ബിജെപി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാവുതന്നെ കാര്യകാരണസഹിതം സ്ഥാപിച്ചിരുന്നു. എന്നാൽ, തികഞ്ഞ അവജ്ഞയോടെ ഈ വാദത്തെ ധനമന്ത്രി  അവഗണിക്കുകയാണ് ചെയ്‌തത്. ഇപ്പോൾ മൂഡി പോലുള്ള സാമ്പത്തികരംഗത്തെ റേറ്റിങ് സ്ഥാപനങ്ങൾ 2019–-20 ലെ സാമ്പത്തികവളർച്ച 6.8 ശതമാനം ഉണ്ടാകില്ല, 6.2 ശതമാനംമാത്രമേ വരൂ എന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. നോട്ടുനിരോധന വർഷമായ 2016–-17 ലെ സാമ്പത്തികവളർച്ച കുത്തനെ ഇടിഞ്ഞിരിക്കാനാണ് സാധ്യത എന്ന യാഥാർഥ്യം അടിവരയിടുന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടുകളും ചോർന്ന് പുറത്തുവന്നിട്ടുണ്ട്.

ഈ സാമ്പത്തിക മാന്ദ്യവും ജിഎസ്ടി അവധാനതയില്ലാതെ നടപ്പാക്കിയതിന്റെയും ഫലമായി കേന്ദ്ര സർക്കാരിന്റെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. ഏതാണ്ട് ഒരു ലക്ഷംകോടി രൂപയുടെ കുറവ് എന്നാണ് സിഎജിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, സിഎജിയുടെ കണക്കുകൾ സ്വീകരിക്കാതെ പെരുപ്പിച്ച നികുതി വരുമാനത്തിന്റെ ഡിപ്പാർട്ട്‌മെന്റ് കണക്കുകളാണ് 2018 -–-19 ന്റെ വരുമാനമായി കേന്ദ്ര സർക്കാർ കാണിച്ചത്. യഥാർഥ കണക്ക് നൽകിയിരുന്നുവെങ്കിൽ ഈ വർഷത്തെ ബജറ്റ് കുളമായേനെ. ഈ വർഷത്തെ നികുതിവരുമാനം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം കൈവരിക്കാനാകാത്ത പ്രചാരണ പ്രഖ്യാപനങ്ങൾ മാത്രമെന്ന് തെളിഞ്ഞേനേ. ഇത് പ്രൊഫ. ജയതി ഘോഷിനെപ്പോലുള്ളവർ ചൂണ്ടിക്കാണിച്ചു. എന്നാൽ, ധനമന്ത്രി പ്രതികരിക്കാൻപോലും കൂട്ടാക്കിയില്ല. ഇപ്പോഴിതാ ഐ‌എംഎഫ്തന്നെ ഇത് ശരിവച്ചിരിക്കുന്നു. പക്ഷേ ഇപ്പൊഴും യാഥാർഥ്യത്തെ അഭിമുഖീകരിക്കാന്‍ പൂര്‍ണമായി തയ്യാറല്ല. ആഗോള കുഴപ്പം ആണ് പ്രശ്‌നം, എന്നിട്ടും നമ്മള്‍ പിടിച്ച് നില്‍ക്കുകയാണ്. പാശ്ചാത്യ ലോകത്തെ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണ് നമ്മുടേത് എന്നാണ് കഴിഞ്ഞദിവസവും ധനമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്.

അവസാനം നിതി ആയോഗ് പോലും സമ്മതിച്ചു. അനിതരസാധാരണമായൊരു സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യാ രാജ്യം. കേന്ദ്ര സർക്കാരൊഴിച്ച് ബാക്കിയെല്ലാവരും വരാൻപോകുന്ന വിപത്ത് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.  ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങളെക്കുറിച്ച് എല്ലാ പത്രങ്ങളിലും വാർത്തകൾ വരുന്നുണ്ട്. വിദേശ നിക്ഷേപകരെ സർചാർജിൽനിന്ന്‌ ഒഴിവാക്കിയതിന്റെ ഫലമായി കഴിഞ്ഞദിവസം ഓഹരിവിപണിയിൽ ചെറിയൊരു ഉണർവ്‌ ഉണ്ടായെങ്കിലും രാജ്യത്തെ സമ്പദ്ഘടന ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തരണംചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഒട്ടും ഫലപ്രദമല്ല.

മൂന്നുതരം കാര്യമാണ്‌  അവർ പ്രഖ്യാപിച്ചത്.
(1) ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് വർധിപ്പിക്കാനുള്ള ചില നടപടികൾ: ഇതിന്റെ ഭാഗമായി സിഎസ്ആർ ഫണ്ട് നിബന്ധനകളിൽ അയവുവരുത്തി, വിദേശ നിക്ഷേപകരെ സർചാർജിൽനിന്ന്‌ ഒഴിവാക്കി, നികുതിവെട്ടിപ്പ് തടയുന്നതിനുള്ള കർശന നടപടികളിൽ ഇളവ് നൽകി ജി‌എസ്ടി റീഫണ്ട് വേഗത്തിലാക്കും. ഇതിൽ നികുതിയിളവ് മൊത്തം 1800 കോടിയോളം രൂപയേ വരൂ, എന്ന്‌ മനസ്സിലാക്കുമ്പോഴാണ് ഈ ഇളവുകളുടെ പരിമിതി മനസ്സിലാകുക. ഏതായാലും ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് കൊണ്ടാണ് മാന്ദ്യം എന്ന വാദം അസംബന്ധം ആണ്.

(2) ഡിമാൻഡ് വർധിപ്പിക്കാനുള്ള നടപടികൾ: ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ്, മൂല്യശോഷണത്തോത്‌ അലവൻസ്, വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാരിന്റെ മേലുള്ള നിയന്ത്രണങ്ങൾ എന്നിവയിലെല്ലാം ഇളവ് നൽകി. പക്ഷേ, മാന്ദ്യം ഓട്ടോമൊബൈൽ മേഖലയിൽ മാത്രമല്ല, എല്ലാവിധ ഉപഭോക്തൃ മേഖലയിലേക്കും നിക്ഷേപ മേഖലയിലേക്കും വ്യാപിച്ചുകഴിഞ്ഞു എന്ന് ധനമന്ത്രി തിരിച്ചറിയുന്നില്ല.

(3)- 70,000 കോടിരൂപ ബാങ്കുകൾക്ക് നൽകുന്നു. ഇതിനാണ് ഏറ്റവും വലിയ ഹൈലൈറ്റ് കിട്ടിയിട്ടുള്ളത്. എത്ര പെട്ടെന്നാണ് എല്ലാവരും മുൻ പ്രഖ്യാപനങ്ങൾ മറന്നുപോകുന്നത്. ഒന്നര മാസംമുമ്പ്‌ നടത്തിയ ബജറ്റ് പ്രസംഗത്തിൽ ഈ 70,000 കോടിരൂപ പ്രഖ്യാപിച്ചതാണ്. ഇത് വീണ്ടും ആവർത്തിച്ചിരിക്കുന്നു എന്നുമാത്രം.
ഇപ്പോൾ വേണ്ടത് 2009ലേതുപോലുള്ള ഒരു ഉത്തേജക പാക്കേജ് ആണ്. അസോച്ചംപോലും ഒരു ലക്ഷംകോടി രൂപയുടെ ഉത്തേജക പാക്കേജ് വേണം എന്നാവശ്യപ്പെട്ടതാണ്. ഇന്നത്തെ അവസ്ഥാവിശേഷം എന്താണ്? വാങ്ങാൻ ആളുകളുടെ കൈയിൽ പണമില്ല, മുതലാളിമാർ ആണെങ്കിൽ നിക്ഷേപം നടത്തുന്നുമില്ല.

ഇന്ത്യയിലെ മൂലധനനിക്ഷേപത്തിൽ ഗണ്യമായ കുറവ് വന്ന കാര്യം അവിതർക്കിതമാണ്. 10 വർഷംമുമ്പ്‌ ദേശീയ വരുമാനത്തിന്റെ 32 ശതമാനം നിക്ഷേപം നടത്തിയിരുന്ന നമ്മൾ ഇന്ന് നടത്തുന്ന മൂലധന നിക്ഷേപം 23 ശതമാനം മാത്രമാണ്. ഇതൊക്കെ മതിപ്പ് കണക്ക് മാത്രമാണെന്ന്‌ പറഞ്ഞൊഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുതലാളിമാർതന്നെ സ്വയം സമർപ്പിച്ച കണക്കുകൾ പുറത്തുവന്നത്. നോട്ടുനിരോധനം മൂലധന നിക്ഷേപത്തെ തകർത്തതിന്റെ ഞെട്ടിപ്പിക്കുന്ന കഥ ഇത് അനാവരണം ചെയ്‌തു.

ഇന്ത്യാ ഗവൺമെന്റിന്റെ ടാസ്‌ക്‌ ഫോഴ്സ്, മുതലാളിമാരുടെ ആദായനികുതി റിട്ടേണുകൾ പഠിച്ച്‌, അവർതന്നെ അംഗീകരിച്ച ഓരോ വർഷത്തെയും നിക്ഷേപത്തിന്റെ കണക്ക് കൂട്ടിയെടുത്തിട്ടുണ്ട്. ഒരു വർഷമായി ഈ റിപ്പോർട്ട് മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഹിന്ദു പത്രത്തിൽ ഈ റിപ്പോർട്ട്‌ ചോർന്നുവന്നു. 2010–-11 മുതൽ ഇന്ത്യയിൽ ശരാശരി പത്തുലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് കോർപറേറ്റുകൾ നടത്തിവന്നത്. 2016 –-17 ൽ അത് നാലുലക്ഷം കോടിയായി ചുരുങ്ങി. നോട്ടുനിരോധനത്തിന്റെ ഭാഗമായാണ് ഈ ഇടിവ് എന്നു വ്യക്തം.

കോർപറേറ്റ് നിക്ഷേപം മാത്രമല്ല, ജനങ്ങളുടെ വാങ്ങൽ ശേഷിയിലും ഇടിവുണ്ടായി. നോട്ടുനിരോധനമാണ് ഈ പ്രതിസന്ധി വർധിപ്പിച്ചത്‌. കഴിഞ്ഞ ആഗോള സാമ്പത്തികക്കുഴപ്പം ആരംഭിച്ചത് ലേമൻ ബാങ്കിന്റെ തകർച്ചയിൽനിന്നാണ്

കോർപറേറ്റ് നിക്ഷേപം മാത്രമല്ല, ജനങ്ങളുടെ വാങ്ങൽ ശേഷിയിലും ഇടിവുണ്ടായി. നോട്ടുനിരോധനമാണ് ഈ പ്രതിസന്ധി വർധിപ്പിച്ചത്‌. കഴിഞ്ഞ ആഗോള സാമ്പത്തികക്കുഴപ്പം ആരംഭിച്ചത് ലേമൻ ബാങ്കിന്റെ തകർച്ചയിൽനിന്നാണ്. ഇവിടെ തകർച്ച ആരംഭിക്കുന്നത് സർക്കാർ ഉണ്ടാക്കിയ നോട്ടുനിരോധനത്തിൽനിന്നാണ്. അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു കാറിന്റെ ടയർ വെടിവച്ചു തകർത്താൽ എന്തു സംഭവിക്കും? അതാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് സ്വയം കൃതാനർഥമാണ്.

ഇനിയെങ്കിലും പ്രായശ്ചിത്തം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. നിക്ഷേപം നടത്താൻ മുതലാളിമാർ മടിച്ചുനിൽക്കുകയാണ്. അവരെ പ്രേരിപ്പിക്കാൻ ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് മെച്ചപ്പെടുത്തിയതുകൊണ്ടോ വായ്‌പ ഉദാരമാക്കിയതുകൊണ്ടോ വാഹനമേഖലയ്‌ക്ക്‌ ചില ഇളവുകൾ നൽകിയതുകൊണ്ടോ സാധിക്കില്ല. സർക്കാർതന്നെ നിക്ഷേപം നടത്താൻ മുന്നിട്ടിറങ്ങണം. സംസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് പൊതുനിക്ഷേപം നടത്താൻ ഒരു പാക്കേജ് പ്രഖ്യാപിക്കണം. തൊഴിലുറപ്പുദിനങ്ങൾ 150 ആയി വർധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ കൈയിൽ പണം എത്തിക്കണം. ഇതായിരിക്കും ഉത്തേജക പാക്കേജ്. ഇപ്പോൾ നടക്കുന്നതെല്ലാം വെറും വാചകമടിയാണ്.

ഇന്ത്യയിൽ കേരളം മാത്രമാണ് ഇത്തരത്തിൽ ഒരു നയം സ്വീകരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ പറഞ്ഞതുപോലെ കിഫ്ബി കേരളത്തിന്റെ ഉത്തേജകപാക്കേജാണ്. കേന്ദ്രസർക്കാരിനെപ്പോലെ റിസർവ് ബാങ്കിൽനിന്ന് കേരളത്തിന് യഥേഷ്‌ടം പണം കടം വാങ്ങാനാകില്ല. അതുകൊണ്ട് ബജറ്റിന് പുറത്തുനിന്ന് കടമെടുത്ത് സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കേരളത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് കേരളത്തിന്റെ വായ്‌പാപരിധി  ഉയർത്തി സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കേരളത്തിന്റെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും കടപ്പരിധി അടിയന്തരമായി വർധിപ്പിക്കണം.

ആഗോളമാന്ദ്യം എന്ന്‌ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് ലോകം. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. 2009ൽനിന്ന്‌ വ്യത്യസ്‌തമായി നമ്മുടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരമൊരു ആഗോളകുഴപ്പത്തെ അതിജീവിച്ചു എന്നുവരില്ല. അതുകൊണ്ട് കാത്തിരിക്കാതെ മുന്നിട്ടിറങ്ങണം. പക്ഷേ, കേന്ദ്ര സർക്കാരിന് മുൻഗണന കശ്‌മീരും രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും ഒക്കെ ആകുമ്പോൾ നടപടി പോയിട്ട് യാഥാർഥ്യ ബോധത്തോടെയുള്ള സാമ്പത്തിക സംവാദംപോലും സാധ്യമല്ലാത്ത അവസ്ഥയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top