16 September Monday

തെരഞ്ഞെടുപ്പ‌് ഗോദയിലെ കായികപ്പെരുമ

ഡോ. സോണി ജോൺUpdated: Wednesday May 22, 2019

ഫിദൽ കാസ്‌ട്രോ ബാസ്‌കറ്റ്‌ ബോൾ കളിക്കിടെ


ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയുടെ കൊയ‌്ത്തുത്സവങ്ങളായാണ് തെരഞ്ഞെടുപ്പുകൾ കണക്കാക്കപ്പെടുന്നത‌്.- ഒരു സമൂഹത്തിന്റെ രാഷ്ട്രീയ വിധിനിർണയത്തിനുള്ള അവസരംകൂടിയാണത‌്.  ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ  ഈയടുത്തകാലംവരെയും സ‌്പോർട‌്സ‌്  വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല.

സ‌്പോർട‌്സിനെ രാഷ്ട്രീയത്തിൽനിന്ന‌്  വേർതിരിച്ചുനിർത്തിക്കൊണ്ട് കായികരംഗത്ത‌് രാഷ്ട്രീയമെന്നത‌് നിഷേധ്യമായ ഒന്നെന്ന വിശ്വാസമാണ് സമൂഹം പുലർത്തിപ്പോന്നിരുന്നത്. രാഷ്ട്രീയവും സ‌്പോർട‌്സും  ഒരു സമൂഹത്തിൽ വ്യത്യസ‌്തരീതിയിൽ പ്രവർത്തിക്കുന്ന മേഖലകളാണെങ്കിലും  അവയുടെ സമ്പർക്കം പല അവസരങ്ങളിലും സമൂഹത്തിൽ  ദൃശ്യമാണെന്നുമാത്രമല്ല അവയുടെ പരസ്പരമുള്ള ഇടപെടലുകൾ -സമൂഹത്തിലെ പല നിർണായക വഴിത്തിരിവുകൾക്കും നിദാനമായിട്ടുമുണ്ട്.

സമൂഹത്തിലെ പല മാറ്റങ്ങൾക്കും കാരണമായി
യഥാർഥത്തിൽ ലോകചരിത്രത്തിലെ പല ഘട്ടങ്ങളിലും സമൂഹത്തിലെ  കാതലായ പല മാറ്റങ്ങൾക്കും കാരണമായ രാഷ്ട്രീയ ഉപാധിയായി ഫലപ്രദമായി വർത്തിക്കാൻ സ‌്പോർട‌്സിന‌് കഴിഞ്ഞിട്ടുണ്ട്. സൗത്ത‌് ആഫ്രിക്കയിൽ നിലനിന്നിരുന്ന  - വർണവിവേചന വ്യവസ്ഥിതിക്കെതിരെ സാംസ‌്കാരികതലത്തിൽ ഏറ്റവും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞത‌് കായികരംഗത്തെ വിലക്കുകളിലൂടെയും അത്തരം അവസരങ്ങൾ ഉയർത്തിക്കൊണ്ടുവന്ന പൊതുചർച്ചകളിലൂടെയുമാണ‌്. അതുപോലെതന്നെ അമേരിക്കൻ ഐക്യനാടുകളിലുൾപ്പെടെ വംശീയതയ‌്ക്കെതിരെ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ കായികമേഖലയ‌്ക്ക‌് കഴിഞ്ഞുവെന്നുമാത്രമല്ല, തുല്യതയിൽ അധിഷ‌്ഠിതമായ ബൃഹത്തായൊരു സാമൂഹ്യമാറ്റം സാധ്യമാക്കിയതിലും അമേരിക്കയിലെ ആഫ്രിക്കൻ വംശജർ ശക്തിതെളിയിച്ച കായികരംഗം നിസ‌്തുലപങ്കാണ‌് വഹിച്ചതെന്ന‌് നിസ്സംശയം പറയാൻ കഴിയും‌. 1980കളിൽ ബ്രസീലിലെ സൈനിക ഭരണത്തിനെതിരെ പ്രതിരോധം തീർക്കാൻ ഫുട‌്ബോളിലെ തന്റെ സ്വാധീനം ഉപയോഗിച്ച‌് ‘കൊറീന്ത്യൻസ‌് ഡെമോക്രസി മൂവ‌്മെന്റി’ന‌് തുടക്കമിട്ട ബ്രസീലിന്റെ മുൻ ക്യാപ‌്റ്റൻ സോക്രട്ടീസും സ‌്പോർട‌്സിന്റെ സാമൂഹ്യ സ്വാധീനത്തെ രാഷ്ട്രീയമാറ്റത്തിന‌് പ്രത്യക്ഷമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യയിൽ അത്തരം സാമൂഹ്യമാറ്റങ്ങൾക്ക‌് സ‌്പോർട‌്സ‌് ഉപാധിയായി വർത്തിച്ചു എന്ന‌് പറയാനാകില്ല.

ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാൽ കായിക സംഘടനകളുടെ  തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയരംഗത്തുള്ളവർ  എന്നും വലിയരീതിയിൽ പങ്കുകൊള്ളുകയും അവയുടെ നടത്തിപ്പിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ‌്തിട്ടുണ്ട‌് എന്നുകാണാം. ശരദ‌് പവാർ, ശിവരഞ‌്ജൻ ദാസ് മുൻഷി, എൻ കെ പി സാൽവ, സുരേഷ് കൽമാഡി  തുടങ്ങിയവരെല്ലാം  ഇതിനുദാഹരണങ്ങളാണ്. എന്നാൽ, കായികതാരങ്ങളുടെ പൊതുരാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെയും പങ്കാളിത്തം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഈ അടുത്തകാലംവരെ പേരിനുമാത്രമായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ദേശീയ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ലോക പ്രശസ‌്ത കായികതാരം ഇന്ത്യൻ ക്രിക്കറ്റ‌് ടീമിന്റെ  എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ മൻസൂർ അലിഖാൻ പട്ടോഡിയായിരുന്നു. 1971ൽ ഗുർഗാവിൽനിന്നും 1991ൽ ഭോപാലിൽനിന്നും മത്സരിച്ച അദ്ദേഹത്തിന‌് പക്ഷേ വിജയിക്കാനായില്ല.  -ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ആദ്യ അംഗീകൃത കായികതാരം ഇന്ത്യയുടെ മുൻ ഓപ്പണിങ്ങ് ബാറ്റ‌്സ‌്മാനായിരുന്ന ചേതൻ ചൗഹാനാണ്.  1991ൽ ബിജെപി ടിക്കറ്റിൽ അമ്രോഹയിൽനിന്നായിരുന്നു ചൗഹാൻ ലോക‌്സഭയിലെത്തിയത്. 1998ലും അദ്ദേഹം വിജയിച്ചെങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.

1993ൽ ഡൽഹിയിലെ ഗോൾ മാർക്കറ്റ് അസംബ്ലി മണ്ഡലത്തിൽനിന്ന‌് ജയിച്ചു കയറുകയും പിന്നീട് 1999ൽ തുടങ്ങി മൂന്നുതവണ  ബിഹാറിലെ ദർഭംഗയിൽനിന്ന‌്  ബിജെപി ടിക്കറ്റിൽ ലോക‌്സഭയിലെത്തുകയും  1983ലെ ലോകകപ്പ് വിജയിച്ച ടീമിലെ അംഗവുമായ കീർത്തി ആസാദ് ഇത്തവണ കോൺഗ്രസ‌് ടിക്കറ്റിൽ ധൻബാദിൽനിന്ന‌് ജനവിധി തേടുന്നു. 2004ൽതന്നെ അമൃത‌്‌സറിൽനിന്ന‌് ബിജെപി ടിക്കറ്റിൽ വിജയിച്ച നവജ്യോത‌് സിങ‌് സിദ്ദു പിന്നീട് കോൺഗ്രസിൽ ചേരുകയും ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസ് - സർക്കാരിൽ തദ്ദേശഭരണത്തിന്റെ ചുമതലയുള്ള മന്ത്രിയായി തുടരുകയും ചെയ്യുന്നു. 2014ൽ ജയ‌്പുർ റൂറലിൽനിന്ന‌് വിജയിച്ച മുൻ ഒളിമ്പിക‌് വെള്ളി മെഡൽ ജേതാവായ രാജ്യവർധൻ സിങ്‌ റാത്തോഡാകട്ടെ 2017 മുതൽ മോഡി മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള സ്പോർട്സ് യുവജനകാര്യമന്ത്രിയും.  2009ൽ മൊറാദാബാദിൽനിന്ന‌് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  മുൻ നായകൻ മുഹമ്മദ് അസറുദ്ദീൻ ഇപ്പോൾ തെലങ്കാന കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ‌് പ്രസിഡന്റാണ‌്.

ഗോദയിൽനിന്ന‌് രാഷ്ട്രീയത്തിലെത്തി ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി  മുലായം സിങ‌് യാദവ്, 2014ൽ തൃണമൂൽ ടിക്കറ്റിൽ ഡാർജിലിങ്ങിൽനിന്ന‌് ലോക‌്സഭയിലേക്ക് മത്സരിച്ച‌് തോറ്റ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുങ‌് ബൂട്ടിയ, 2014ൽതന്നെ ഫുൽപുർ മണ്ഡലത്തിൽനിന്ന‌് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച‌്  തോറ്റ- മുഹമ്മദ്- കൈഫ്, 2012ൽ ബിജെഡി ടിക്കറ്റിൽ എതിരില്ലാത തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തിയ മുൻ ഇന്ത്യൻ ഹോക്കി ക്യാപ‌്റ്റൻ ദിലിപ് ടിർക്കി, ഹൗറ ഉത്തറിൽനിന്ന‌് ജയിച്ച് മമത സർക്കാരിൽ കായികമന്ത്രിയായ  ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്‌മി രത്തൻ ശുക്ല, ഫൗറയിൽനിന്നുള്ള ലോക‌്സഭാംഗവും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ ഇന്ത്യയുടെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ പ്രസൂൺ ബാനർജി, 2004ലും 2009ലും കുരുക്ഷേത്രയിൽനിന്ന‌് കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ഷൂട്ടിങ‌് താരം നവീൻ ജിൻഡാൽ, ശിരോമണി അകാലി ദളിന്റെ  ഭാഗമാവുകയും പിന്നീട് അഭിപ്രായവ്യത്യാസത്തെതുടർന്ന് അതിൽനിന്ന‌് രാജിവച്ച് കോൺഗ്രസിൽ ചേരുകയും ചെയ‌്ത മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധനിരക്കാരനുമായ പർഗത് സിങ‌് എന്നിവർ കായികരംഗത്തുനിന്ന‌് രാഷ്ട്രീയത്തിലെത്തി അങ്കംകുറിച്ചവരാണ്.

ഈസ്റ്റ് ഡൽഹിയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച ഗൗതം ഗംഭീർ, സൗത്ത് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയും ഒളിമ്പിക് മെഡൽ ജേതാവുമായ ബോക‌്സിങ‌് താരം വിജേന്ദർ സിങ്, ജയ‌്പുർ റൂറലിൽനിന്ന‌് രാജ്യവർധൻ സിങ‌് റാത്തോഡും അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയായ വനിതാ ഡിസ‌്കസ‌് ത്രോ താരം ഒളിമ്പ്യൻ കൃഷ‌്ണ പൂനിയ എന്നിവർ ഇത്തവണയും കായികരംഗത്തെ അനുഭവപരിചയം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള പ്രയത‌്നത്തിലാണ‌്.

സ‌്പോർട‌്സിൽ പ്രാഗത്ഭ്യം തെളിയിച്ച രാഷ്ട്രീയ പ്രമുഖർ 
ഇന്ത്യയിൽനിന്ന‌് വിഭിന്നമായി മറ്റുരാജ്യങ്ങളിൽ സ‌്പോർട‌്സിൽ പ്രാഗത്ഭ്യം തെളിയിച്ചവർ ഭരണരംഗത്ത‌് താക്കോൽ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട‌്. അതിനുള്ള ഉത്തമ മാതൃകയാണ‌് ലൈബീരിയയുടെ പ്രസിഡന്റ‌് ജോർജ് വിയ. വേൾഡ‌് ഫുട്ബോളർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കക്കാരനാണ‌് അദ്ദേഹം. പാകിസ്ഥാൻ  പ്രസിഡന്റായ ഇമ്രാൻ ഖാൻ പാകിസ്ഥാനെ  ക്രിക്കറ്റ് ലോകചാമ്പ്യൻഷിപ്പിലേക്ക് നയിച്ചശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. അതുപോലെതന്നെ അൾജീരിയയിലെ ആദ്യ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഹമ്മദ് ബെൻ ബെല്ല - ഫ്രാൻസിലെ ഒളിമ്പിക് ഡെ മാഴ്സയിൽ ക്ലബ്ബിന്റെ  താരമായിരുന്നു.

റഷ്യയുടെ പ്രസിഡന്റ‌് വ്ലാദിമിർ പുടിനാകട്ടെ ജൂഡോ ചാമ്പ്യനാണ‌്. ക്യൂബൻ വിപ്ലവനായകൻ -ഫിദൽ കാസ‌്ട്രോ സ‌്കൂൾപഠനകാലത്ത് ഏറ്റവും മികച്ച ഓൾറൗണ്ട‌് കായികതാരമായിരുന്നു. താൻ രാഷ്ട്രീയത്തിലെത്തിയില്ലായിരുന്നെങ്കിൽ ഒരു പ്രൊഫഷണൽ ബാസ‌്കറ്റ‌്ബോൾ കളിക്കാരനോ ബേസ‌്ബോൾ കളിക്കാരനോ ആയി തീർന്നേനെയെന്ന‌് ഫിദൽതന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. മാത്രമല്ല, കളിക്കളത്തിലെ ചെറുപ്പകാലത്തെ അനുഭവങ്ങൾ തന്റെ നേതൃഗുണങ്ങളെ ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ  ഈ തിരിച്ചറിവുതന്നെയായിരിക്കണം ഒരു കുട്ടിക്കുപോലും സ‌്പോർട്സിലേർപ്പെടാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്ന ക്യൂബയുടെ കായികനയത്തിന്റെ മൂലതത്വത്തിനു ഹേതുവായതും. ഫുട്ബോളിലെ കിരീടംവയ‌്ക്കാത്ത രാജാവായ പെലെയാകട്ടെ ബ്രസീലിലെ പ്രത്യേക കായികമന്ത്രിയുമായിരുന്നു.

ജാതീയമോ മതപരമോ സാംസ‌്കാരികമോ ഭാഷാപരമോ ആയ വിഭാഗീയതകളില്ലാതെ ഒറ്റ മനസ്സോടെ വെല്ലുവിളികളെ നേരിട്ട് കായികരംഗത്തുനിന്ന‌് വിജയിച്ചുവരുന്നവർ ചിലപ്പോഴെങ്കിലും വിഭാഗീയതയുടെ രാഷ്ട്രീയത്തിൽ വശംവദരാകുന്നു എന്നത് ദുഃഖകരംതന്നെ. താക്കോൽസ്ഥാനങ്ങളിൽ എത്തുമ്പോൾ മറ്റു വിഭാഗീയചിന്തകൾക്ക് വശംവദരാകാതെ തികഞ്ഞ സ‌്പോർട‌്സ‌്മാൻ സ‌്പിരിറ്റോടെ ഭരണം നടത്താൻ ഈ മുൻ കായികതാരങ്ങൾക്ക് കഴിയുമെന്ന‌് നമുക്ക് പ്രത്യാശിക്കാം.

(ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലെ അസോസിയേറ്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top