24 November Tuesday

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആവശ്യമില്ലേ? സര്‍ക്കാര്‍ തീരുമാനം പാഴ്‌‌ച്ചെലവോ? കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

ഇപ്പോഴിതാ അവര്‍ ക്ഷേമപെന്‍ഷനുകള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കുമെതിരെ വാട്‌സഅപ് സന്ദേശങ്ങളും വിജ്ഞാപനങ്ങളുമായി രംഗത്തിറങ്ങിക്കുകയാണ്...
അതെ, അവര്‍ തന്നെ വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍കാര്‍ !
കേരള സര്‍കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക ക്ഷേമനിധിബോര്‍ഡ് വെള്ളയാനയാണെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാനുമുള്ള കോര്‍പറേഷനാണെന്നും ആരോപിക്കുകയാണ്.

എന്തിനാ ഇങ്ങനെയൊരു ബോര്‍ഡും ക്ഷേമനിധിനിയമവുമൊക്കെ?, എല്ലാവര്‍ക്കും സാമൂഹ്യക്ഷേമനീതിവകുപ്പിന് കീഴില്‍ നിന്നു തന്നെ 10000 രൂപ വെച്ച് പെന്‍ഷന്‍ കൊടുക്കാനങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോരെയെന്നൊക്കെയാണ് ഈ ലളിത യുക്തി രാമന്മാര്‍ കൗശലപൂര്‍വ്വം ചോദിക്കുന്നത്.
പുതുതായി രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മാത്രമല്ല മോട്ടോര്‍ തൊഴിലാളികളുടെയും തയ്യല്‍ തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും  ക്ഷേമനിധി ബോര്‍ഡുകളൊന്നും ആവശ്യമില്ലെന്നാണ് ഈ നിയോലിബറല്‍ വാമനന്മാര്‍ ജല്‍പിക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമാനുകൂല്യങ്ങളും പെന്‍ഷന്‍ ഉള്‍പ്പെടെയള്ള അവകാശങ്ങളും ഇല്ലാതാക്കുന്ന നിയോലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാര്‍ ക്ഷേമരാഷ്ട ഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍ സര്‍വീസേ വേണ്ടയെന്നാണല്ലോ പറയുന്നത്. അതിനുള്ള ഘടനാപരിഷ്‌ക്കാരങ്ങളാണ് സര്‍ക്കാറിനെ തന്നെ ഡൗണ്‍സൈസ് ചെയ്യുന്ന ലോകബാങ്ക്, എഡിബിനിര്‍ദ്ദേശങ്ങള്‍. ഇതിനായി എല്ലാ സേവനമേഖലകളും സ്വകാര്യവല്‍ക്കരിക്കുകയും കരാര്‍ വല്‍ക്കരിക്കുകയുമാണ് ലോകത്തെല്ലാമുള്ള നിയോലിബറല്‍ സര്‍ക്കാറുകള്‍.

കോര്‍പ്പറേറ്റ് ചൂഷണത്തില്‍ നിന്നും ജനങ്ങള്‍ക്കും വിവിധ ഉല്പാദക തൊഴിലാളി വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനുള്ള എല്ലാ സര്‍ക്കാര്‍ ഇടപെടലുകളെയും സ്ഥാപനങ്ങളെയും പാഴ്‌ച്ചെലവായി കാണുന്ന നിയോലിബറല്‍ വായ്ത്താരിയാണ് ഈ വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍കാരും ചൊല്ലുന്നത്.കടുത്ത കോര്‍പ്പറേറ്റവല്‍ക്കരണത്തിന്റെയും സര്‍ക്കാറുകളുടെ പിന്മാറലിന്റെയും സാഹചര്യത്തിലാണ് കേരള സര്‍ക്കാറിന്റ ബദല്‍ നയങ്ങള്‍ പ്രസക്തവും നിയോലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിരോധവുമായി തീരുന്നത്.

എന്താണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡ്?

കേന്ദ്ര സര്‍ക്കാര്‍ കൃഷിക്ക് നല്‍കുന്ന എല്ലാ പരിരക്ഷകളും സഹായങ്ങളും എടുത്തു മാറ്റി വിപണിയുടെ നിര്‍ദ്ദയ നിയമങ്ങള്‍ക്കും മത്സരത്തിനും കര്‍ഷകരെ എറിഞ്ഞു കൊടുക്കുേമ്പോഴാണ് കേരളം ഇരുകൈകളും ചേര്‍ത്ത് മണ്ണിന്റെ മക്കളെ സംരക്ഷിക്കാനുള്ള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്.

5 സെന്റില്‍ കുറയാത്ത 15 ഏക്കറില്‍ കവിയാത്തതുമായ കൃഷിഭൂമിയുടെ ഉടമസ്ഥര്‍, അതു അനുമതിപത്രക്കാരാവാം, ഒറ്റി കൈവശക്കാരാവാം, വാക്കാല്‍ കൈവശക്കാരാവാം, അങ്ങനെയെല്ലാമുള്ള 5 ലക്ഷത്തില്‍ കവിയാത്ത വാര്‍ഷിക വരുമാനമുള്ള എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. 100 രൂപ വെച്ച് അംശാദായമടക്കണം. 250 രൂപ അംശാദായത്തില്‍ സര്‍ക്കാര്‍ വിഹിതമായി അടക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള കേവലമായൊരു സംവിധാനമല്ലാ കര്‍ഷക ക്ഷേമനിധി ബോര്‍ഡെന്ന കാര്യമാണ് ഈ വണ്‍ ഇന്ത്യ പെന്‍ഷന്‍ വായാടികള്‍ക്ക് മനസിലാവാത്തത്. ഇത് കൃഷിക്കാരുടെ വ്യക്തിഗത പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, രോഗംമൂലംപണിയെടുക്കാന്‍ കഴിയാതെ വരുമ്പോഴുള്ള അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, വിവാഹം, പ്രസവ സഹായം, മരണാനന്തര സഹായം എന്നിവയെല്ലാം വിഭാവനം ചെയ്യുന്ന വ്യവസ്ഥകളും ഭരണ സംവിധാനങ്ങളുമുള്ള നിയമവും സ്ഥാപനവുമാണ്. കര്‍ഷക സമൂഹത്തിന്റെ പരിരക്ഷക്കായുള്ള ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിധിക്കും പരിമിതിക്കകത്തും നിന്നുള്ള സാര്‍ത്ഥകമായ ഇടപെടല്‍. ഇതൊന്നും നിയോലിബറലിസം തലക്ക് പിടിച്ച് അപരവിഭാഗങ്ങള്‍ക്കെതിരെ മുക്രയിട്ട് നടക്കുന്ന വിദ്വേഷരാഷ്ടീയ അജണ്ടയില്‍ കളിക്കുന്ന അരാഷ്ടീയ മധ്യവര്‍ഗ്ഗ കാളക്കൂറ്റന്‍മാര്‍ക്ക് മനസിലാവില്ലല്ലോ..

പണിയെടുക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും ജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും തമ്മിലടിപ്പിച്ച് നിയോലിബറല്‍ മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി  വേഷം മാറി കളിക്കുന്ന  ക്രൂരവാമനസംഘമാണിവര്‍. സംഘപരിപാറിന്റെ ഹെയ്റ്റ് കാമ്പയിന്‍ പ്രോഗ്രാമിന്റെ ആസൂത്രണത്തിലാണ് കേരളത്തിലിങ്ങനെയൊരു കൃമികടി സംഘം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നതെന്നാണ് ചില ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ശമ്പളവും പെന്‍ഷനുമൊക്കെ ഇല്ലാതാക്കണമെന്നും ശബളവും പെന്‍ഷനും കൊടുക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്കും സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്കും വൃദ്ധജനങ്ങളുടെ അരക്ഷിതാവസ്ഥക്കും കാരണമെന്നും പ്രചരിപ്പിച്ച് കോര്‍പ്പറേറ്റു കൊള്ളയില്‍ നിന്നും മോഡി സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങളില്‍ നിന്നും സാധാരണക്കാരുടെ ശ്രദ്ധ തിരിച്ചുവിടുകയെന്ന അജണ്ടയുമായിട്ടാണ് ഇവര്‍ കളിക്കുന്നത്.

കുട്ടന്റെയും മുട്ടന്റെയും കഥയിലെ പോലെ ജനങ്ങള്‍ക്കിടയിലെ അസന്തുലിത്വങ്ങളെയും വൈരുധ്യങ്ങളെയും ശത്രുതാപരമാക്കി തമ്മിലടിപ്പിച്ച് ഇരു വിഭാഗങ്ങളുടെയും ചോര മോന്താനിറങ്ങി തിരിച്ചിരിക്കുന്ന അരാഷ്ട്രീയ ഗൂഢസംഘമാണിവര്‍. വളരെ പോപ്പുലിസ്റ്റിക്കായ മുദ്രാവാക്യങ്ങളിലും വാചകമടികളിലും ഇവര്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് മൂലധനത്തിന്റെ കഴുകന്‍മോഹങ്ങളാണ്.

ബിജെപിയുടെ ഐടി സെല്ലായ നാഷണല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍ സെന്റര്‍ ഓഫ് ബിജെപിയുടെ കേരള സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കളിയെന്നാണ് മനസിലാക്കേണ്ടത്.. വിലക്കയറ്റവും കാര്‍ഷിക ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കലും പൊതുവിതരണ സംവിധാനങ്ങളുടെ തകര്‍ച്ചയും പൊതുമേഖലാ ഓഹരിവില്പനയും സ്വകാര്യവല്‍ക്കരണവും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മമൊന്നും ഇക്കൂട്ടര്‍ അറിഞ്ഞമട്ടില്ല. തൊഴിലാളി നിയമങ്ങള്‍ ഭേദഗതി ചെയ്തതും കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളിലൂടെ കര്‍ഷകനുള്ള പരിമിതമായ വിപണി പരിരക്ഷാ വ്യവസ്ഥകള്‍ പോലും എടുത്തുകളഞ്ഞതും കൃഷിയും ഉല്പന്ന വ്യാപാരവും കോര്‍പ്പറേറ്റുവല്‍ക്കരിച്ചതും ഈ കപട പെന്‍ഷന്‍വാദികള്‍  തങ്ങള്‍ എതിര്‍ക്കേണ്ട കാര്യമായി കരുതാത്തത് സ്വാഭാവിക മാത്രം. അവരുടെ ജന്മദൗത്യം നിയോലിബറലിസത്തിന്റെ വിടുവേലയാണല്ലോ.

അഴിമതിയെയും ധൂര്‍ത്തിനെയും കുറിച്ച് രോഷം കൊള്ളുന്നവര്‍ രാഷ്ട്ര സമ്പത്തായ ലക്ഷക്കണക്കിന് കോടികള്‍ അദാനിക്കും അംബാനിക്കും വിജയ് മില്യ മാര്‍ക്കും ഒഴുക്കി കൊടുക്കുന്ന മോഡിയുടെ കോര്‍പ്പറേറ്റ് സേവയെ കുറിച്ചൊന്നും എവിടെയും ഒരക്ഷരം മിണ്ടുന്നില്ലല്ലോ .. ഈ സംഘിമാരീചന്മാര്‍ അതിനെ കുറിച്ചൊക്കെ അജ്ഞത സൃഷ്ടിക്കാനാണല്ലോ സൈബറിടങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്നത്..


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top