11 August Thursday

അന്തിമവിജയം കർഷകരുടേത്‌ - വിജൂ കൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

2020ലെ കാർഷിക നിയമങ്ങൾക്കെതിരായ സമരം ചരിത്രത്തിൽ സ്ഥാനം നേടിയിരിക്കുകയാണ്‌. പ്രതിഷേധങ്ങളുടെ വിപുലത ശ്രദ്ധേയമാണ്. കൊടും തണുപ്പിലും കനത്ത മഴയിലും കൊടും വേനലിലും നീണ്ടുനിന്ന പോരാട്ടത്തിന് വലിയ മനുഷ്യവില നൽകേണ്ടിവന്നു. അധ്വാനിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെടുത്താനായെന്നതും ശ്രദ്ധേയമായ വിജയമാണ്‌. അടിച്ചമർത്തലിനെയും പ്രതികൂല കാലാവസ്ഥയെയും കർഷകർ ധൈര്യത്തോടെ നേരിട്ട രീതി പലരുടെയും ഹൃദയം കീഴടക്കി.  മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും പിന്തുണ പ്രവഹിച്ചു. സമരകേന്ദ്രങ്ങളിൽ ഭക്ഷണവിതരണത്തിനും മറ്റ്‌ അവശ്യസാധനങ്ങൾക്കും ക്ഷാമമില്ലെന്ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ അയൽ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ കർഷകർ ഉറപ്പാക്കിയിരുന്നു.  ട്രാക്ടർ ട്രോളികൾ വീടുകളാക്കി മാറ്റുകയും ക്യാമ്പ് സൈറ്റുകൾ സൃഷ്ടിച്ചും വലിയ ലംഗറുകൾ (സമൂഹ അടുക്കള) സ്ഥാപിച്ചും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയും കർഷകർതന്നെ അവിശ്വസനീയമായ സംഘടനാശേഷി പ്രകടമാക്കി.  ജനുവരി 26-ന് രാജ്യത്തുടനീളം നടന്ന ചരിത്രപ്രസിദ്ധമായ മസ്ദൂർ കിസാൻ പരേഡിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.  1947 ആഗസ്ത്‌ 15നുശേഷം ആദ്യമായാണ് കർഷകരുടെ നേതൃത്വത്തിൽ ഇത്രയധികം പേർ അണിനിരന്നുകൊണ്ട്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.  

കർഷകസമരം പഞ്ചാബിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രിയും ബിജെപി സർക്കാരും അവകാശപ്പെട്ടപ്പോഴും അത് രാജ്യത്തുടനീളം വ്യാപിച്ചു. ഡൽഹിയുടെ അതിർത്തികളിലെ സമരത്തിൽ ഇന്ത്യയിലുടനീളമുള്ള വിശാലമായ കർഷകരുടെ പ്രാതിനിധ്യവും കണ്ടു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, ഗുജറാത്ത്, ജമ്മു–--കശ്മീർ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ വൻതോതിൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തു. മഹാമാരി പടർന്നുപിടിക്കുന്നതിനിടയിലും കർഷകരും തൊഴിലാളികളും കർഷകവിരുദ്ധ നിയമത്തിനെതിരെയും കർഷകർക്ക്‌ നേരെയുണ്ടായ ഓരോ ആക്രമണത്തിനെതിരെയും നിരന്തരം തെരുവിലിറങ്ങി. തൊഴിലാളികൾ, സ്‌ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, അങ്കണവാടി, ആശാ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയ സ്‌കീം തൊഴിലാളികൾ വൻതോതിൽ രംഗത്തെത്തി. അഖിലേന്ത്യ കിസാൻസഭ, സിഐടിയു, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയും വിവിധ ബഹുജന സംഘടനകളും സമരം വിപുലമാക്കാനും ശക്തിപ്പെടുത്താനും പ്രവർത്തിച്ചു. 

മൂന്ന്‌ കർഷകവിരുദ്ധ നിയമത്തിനെതിരെ എഐകെഎസ്‌സിസിയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൽ മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുക, വൈദ്യുതി നിയമത്തിലെ ഭേദഗതികൾ പിൻവലിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും റദ്ദാക്കുക എന്നീ ആവശ്യവും ഉന്നയിച്ചിട്ടുണ്ട്‌. കേന്ദ്ര ട്രേഡ് യൂണിയനുകൾ കർഷകരുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ ചരിത്രപരമായ സമരത്തെ ഏകോപിപ്പിക്കാനും യോജിച്ച പ്രതിഷേധത്തിനും മുൻകൈയെടുത്തു. സംയുക്ത കിസാൻ മോർച്ചയുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും യോജിച്ച ശ്രമങ്ങളും തൊഴിലാളികളുടെയും കർഷകരുടെയും ഐക്യസമരങ്ങൾ സമീപകാല സമരങ്ങളുടെ ശക്തി കൂട്ടുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ വിവേകശൂന്യതയ്‌ക്കും കോർപറേറ്റ് കൊള്ളയ്‌ക്കുമെതിരെ എഐകെഎസ്‌, എഐഎഡബ്ല്യുയു, സിഐടിയു എന്നീ സംഘടനകൾ എല്ലാ സംസ്ഥാനത്തും രണ്ടാഴ്ച ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.   ബിജെപിയുടെ പരാജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കും.

ബിജെപിയുടെ കോർപറേറ്റ് അനുകൂല, കർഷകവിരുദ്ധ, ജനവിരുദ്ധ സമീപനം തുറന്നുകാട്ടണമെന്നും "കർഷകവിരുദ്ധ ബിജെപിക്ക് വോട്ടില്ല’ എന്ന പ്രചാരണം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലപാടെടുത്തിരുന്നു. കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്നത്‌ തടയാനും കോർപറേറ്റ് കൊള്ളയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെ ചെറുക്കാനും ബിജെപിയുടെ രാഷ്ട്രീയതോൽവി പ്രധാനമാണെന്ന പൊതുഅഭിപ്രായം ഉയർന്നതുകൊണ്ടാണ്‌ ഇത്തരമൊരു പ്രചാരണം നടത്തിയത്‌. വർഗീയ സംഘർഷം വളർത്താനും സമൂഹത്തെ ധ്രുവീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശം കൂടിയാണിത്. ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.   ബിജെപിയുടെ പരാജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കും.

കർഷകരുടെ സന്ദേശം വ്യക്തമാണ്‌: സമരം അവസാനിക്കില്ല, എല്ലാ ആവശ്യവും നിറവേറ്റുന്നതുവരെ സമരം ശക്തമാക്കും. ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച മുന്നേറ്റത്തിന്റെ ദൃഢനിശ്ചയമാണിത്. ലഖ്‌നൗവിൽ നടന്ന കിസാൻ മഹാപഞ്ചായത്തും  മറ്റെല്ലാ പ്രതിഷേധ പരിപാടിയും ഇതിന്റെ ഭാഗമാണ്‌.  ഈ ചരിത്രപരമായ പോരാട്ടത്തിനിടയിൽ തൊഴിലാളികളും കർഷകരും ഭയത്തെ മറികടന്നു. സുബ്രഹ്മണ്യ ഭാരതി പറഞ്ഞതുപോലെ അവർ ഉറക്കെ പ്രഖ്യാപിച്ചു, ‘‘ആകാശം ഇടിഞ്ഞുവീണാലും ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾക്ക് ഒട്ടും ഭയമില്ല’’. ഭരണവർഗങ്ങളുടെ മനസ്സിൽ തൊഴിലാളികളും കർഷകരും ശക്തമായ ഭീതി വിതച്ചിരിക്കുന്നു. ഞങ്ങൾ പോരാടും. നമ്മൾ വിജയിക്കും. ദശാബ്ദങ്ങൾക്കിടയിൽ സംഭവിക്കേണ്ടത്‌ വരും ആഴ്ചകളിൽ സംഭവിക്കും; ഒരു ജനകീയ ബദലിനായുള്ള നമ്മുടെ പോരാട്ടം വിജയിക്കും. ഭയമില്ലാത്ത മനസ്സുകളും തലയുയർത്തി നിൽക്കുന്നവരുമായ നമ്മൾ ഇനിയും പല തോൽവിയും ജനങ്ങളുടെ ശത്രുക്കൾക്ക് കൈമാറും.

(അവസാനിച്ചു)

(അഖിലേന്ത്യാ കിസാൻസഭാ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top