23 May Thursday

കത്തിപ്പടരുന്ന കർഷകരോഷം

ഡോ. എസ് മോഹനകുമാർUpdated: Thursday Jul 5, 2018


കഴിഞ്ഞ കുറെ മാസങ്ങളായി ഉത്തരേന്ത്യയിലെ കർഷകർ ശക്തമായ പ്രതിഷേധത്തിലും സമരത്തിലുമാണ്. ജൂൺ ഒന്നുമുതൽ പത്തുവരെ നടന്ന സമരത്തിൽ പാൽ നിലത്ത് ഒഴുക്കിയും പച്ചക്കറികളും പഴവർഗങ്ങളും തെരുവിൽ വലിച്ചെറിഞ്ഞുമാണ് കർഷകർ പ്രതിഷേധിച്ചത്. കാർഷികവരുമാനം 2022ൽ ഇരട്ടിയാക്കാമെന്നും കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയുംകൂടി കൂട്ടിയുള്ള വിലയ‌്ക്ക് സർക്കാർ സംഭരിക്കാമെന്നും ഉറപ്പുനൽകിയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ, 2022 ആകുമ്പോൾ കാർഷികവരുമാനം ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നുപോലും ഉണ്ടാകില്ലെന്ന് കർഷകർക്ക് ബോധ്യപ്പെട്ടു. കൂടാതെ, ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഭൂരിഭാഗം കർഷകരും കൃഷി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സാമ്പിൾ സർവേയുടെ കണക്കനുസരിച്ച് ഒരേക്കർ സ്ഥലം കൃഷിചെയ്യുന്ന ഒരു കർഷക കുടുംബത്തിന് പരമാവധി കിട്ടുന്ന മാസവരുമാനം 1308 രൂപയാണ്. എന്നാൽ, ഏറ്റവും കുറഞ്ഞത് 5401 രൂപയെങ്കിലും മാസവരുമാനം ഇല്ലാതെ ഒരു നാലംഗ കർഷക കുടുംബത്തിന് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന മുതലായ സംസ്ഥാനങ്ങളാണ് ഭക്ഷ്യധാന്യത്തിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത്. രണ്ട് പ്രാവശ്യമാണ് ഇവിടങ്ങളിൽ കൃഷി ഇറക്കുന്നത്. ജൂൺ, ജൂലൈ മാസത്തിലെ മഴയെ ആശ്രയിച്ച് കൃഷി ഇറക്കുന്ന ഖാരിഫ് വിളയും ഒക്ടോബർ, നവംബർ മാസത്തിൽ വിത്ത് വിതയ‌്ക്കുന്ന റാബി വിളകളും. റാബി വിളകളിൽ പ്രധാനപ്പെട്ടത് എണ്ണക്കുരുവായ കടുകും മല്ലി, വെളുത്തുള്ളി, പരിപ്പ്, ഉഴുന്ന്, പയർ, ജീരകം, ഗോതമ്പ് മുതലായ മറ്റ് വിളകളുമാണ്. വിളവെടുപ്പ് കഴിഞ്ഞാലുടൻ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു. അടുത്ത സീസണിലേക്ക് കൃഷിയിറക്കാനും കുടുംബത്തിലെ മറ്റ് ചെലവ് നടത്തുന്നതിനുമുള്ള വരുമാനം ഇതുമാത്രമാണ്. വിത്ത്, വളം, കീടനാശിനി തുടങ്ങിയ എല്ലാ കൃഷിച്ചെലവുകളും വസ്ത്രം, മരുന്ന് ഉൾപ്പെടെയുള്ളവയും കർഷകർ കടംവാങ്ങുകയാണ്. വിള വിറ്റതിനുശേഷം കടം വീട്ടും.

കാർഷികോൽപ്പന്നങ്ങളുടെ വില തുടർച്ചയായി ഇടിയുകയും കേന്ദ്ര﹣ സംസ്ഥാന സർക്കാരുകൾ കുറ്റകരമായ അനാസ്ഥ തുടരുകയും ചെയ്യുന്നതുകൊണ്ട് മുൻ കടം വീട്ടുന്നതിനോ നിത്യവൃത്തിക്കോ കാശില്ലാത്ത അവസ്ഥ. ഇതിനുപുറമെ ഒരോ മൂന്നുവർഷം കൂടുമ്പോഴും വരൾച്ചയോ വെള്ളപ്പൊക്കമോ ഉണ്ടായി കൃഷിനാശം സംഭവിക്കുന്നതും സാധാരണയാണ്. ഇതിനെ മുതലെടുക്കുകയാണ് ഇൻഷുറൻസ് കമ്പനികൾ. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016‐17ൽ വിള ഇൻഷുറൻസിന്റെ പേരിൽ 22,180 കോടി രൂപയാണ് കർഷകരിൽനിന്ന‌് ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുത്തത്. അതേവർഷം കർഷകർക്ക് ഇൻഷുറൻസ് തുകയായി തിരികെ നൽകിയത് വെറും 12,949 കോടി രൂപമാത്രം. അതായത്, കർഷകരിൽനിന്ന‌് പിരിച്ചെടുത്തതിന്റെ 43 ശതമാനവും കമ്പനികൾ സ്വന്തമാക്കി.

ഡബ്ല്യുടിഒ കരാറിനുമുമ്പ് ഇറക്കുമതി നിരോധിച്ചിരുന്ന വിളകളാണ് കൊത്തമല്ലി, ജീരകം, വെളുത്തുള്ളി എന്നിവ. ഇന്ത്യയിൽനിന്ന‌് കയറ്റി അയക്കുന്ന വിളകളായിരുന്നു ഇവ. എന്നാൽ, കേന്ദ്രസർക്കാർ ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതിനാൽ ഇറക്കുമതി ഗണ്യമായി വർധിച്ചു. 2013ൽ 4500 ടൺ കൊത്തമല്ലി ഇറക്കുമതി ചെയ്തത് 2017ൽ 44,500 ടൺ ആയി. കിലോഗ്രാമിന് 49 രൂപയ്ക്കാണ് ഇറക്കുമതി ചെയ്തത്. ഇതേവർഷം ഇന്ത്യയിലെ കൊത്തമല്ലി കർഷകന് കിട്ടിയ വില വെറും 25 മുതൽ 33 രൂപവരെമാത്രം. ആഭ്യന്തര കമ്പോളത്തിൽ 25 രൂപ വിലയുള്ളപ്പോൾ 24 രൂപ കൂട്ടി ഇറക്കുമതി ചെയ്തിട്ട് മല്ലി പൊടിച്ച് വിൽക്കുന്ന വൻകിട കച്ചവടക്കാർക്ക് എന്താണ് നേട്ടം എന്ന് ചോദിക്കാം. കൊത്തമല്ലിയുടെ വില 120 രൂപയിൽനിന്ന‌് 25‐30 രൂപയാക്കി കഴിഞ്ഞ അഞ്ചുവർഷം നിലനിർത്താൻ വൻകിട വ്യാപാരികളെ അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ സഹായിച്ചത് കേന്ദ്രസർക്കാരാണ്. ഇതേ കാലഘട്ടത്തിൽ കൊത്തമല്ലിയുടെ കയറ്റുമതി 35,000 ടണ്ണിൽനിന്ന‌് 30,000 ടൺ ആയി കുറഞ്ഞു. ലോക കമ്പോളത്തിലെ മാന്ദ്യം കൊത്തമല്ലി, ജീരകം, വെളുത്തുള്ളി, റബർ എന്നിവയുടെ രൂപത്തിൽ ഇന്ത്യയുടെ ആഭ്യന്തരകമ്പോളത്തെ നിറയ്ക്കുകയാണ്. കൊത്തമല്ലിയുടെ വില തുടർച്ചയായി ഇടിയുമ്പോഴും നമ്മൾ വാങ്ങുന്ന മല്ലിപ്പൊടിയുടെ വില ദിനംപ്രതി കൂടുന്നു. റബറിന് 2012ൽ 225 രൂപയിൽ കൂടുതൽ വില കിട്ടിയിരുന്നതാണല്ലോ. കേന്ദ്രസർക്കാർ ടയർവ്യവസായികളുടെ താല്പര്യംമാത്രം കണക്കിലെടുത്ത് അനാവശ്യമായി ഇറക്കുമതി ചെയ്തതിന്റെ ഫലമായാണല്ലോ റബറിന്റെ വില ഇടിഞ്ഞ് നൂറു രൂപയിലെത്തിയത്. എന്നാൽ, ടയറിന്റെയും മറ്റ് റബർ ഉൽപ്പന്നങ്ങളുടെ വിലയും പ്രതിദിനം കൂടുന്നതുകൊണ്ട് എംആർഎഫുപോലുള്ള ടയർവ്യവസായ ഭീമന്മാരുടെ ലാഭം അതിന്റെ ഉച്ചസ്ഥായിയിലാണ‌് ഇപ്പോൾ. ഇതുതന്നെയാണ് വടക്കേ ഇന്ത്യയിലും സംഭവിച്ചതും. ഇതാണ് കച്ചവടമൂലധനവും ബിജെപിയും തമ്മിലുള്ള ചങ്ങാത്തം.

ഉപജീവനത്തിനുവേണ്ടി കൃഷിയെയും അനുബന്ധമേഖലകളെയും ആശ്രയിക്കുന്നവരാണ് നമ്മുടെ ജനസംഖ്യയുടെ പകുതിയും. അമേരിക്കയിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുമിത്. ഇന്ത്യയുടെമേൽ ഡബ്ല്യുടിഒ കരാർ അടിച്ചേൽപ്പിച്ച് ലോക സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന അമേരിക്കയിൽ അവരുടെ ജനസംഖ്യയുടെ അഞ്ച് ശതമാനംമാത്രമേ കൃഷിയെ ആശ്രയിക്കുന്നുള്ളൂ. ഇപ്പോൾ രൂക്ഷമായിരിക്കുന്ന കാർഷികപ്രതിസന്ധി ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനംകൂടിയാണ്. മാന്ദ്യത്തിന്റെ ഫലമായി തൊഴിലും വരുമാനവും കുറയുകയും ഭൂരിഭാഗം ജനങ്ങളുടെയും വാങ്ങൽശേഷി ഇല്ലാതാവുകയും ചെയ്തു. കൂടാതെ, ഉപജീവനത്തിനായി കൃഷിചെയ്യുന്ന കോടിക്കണക്കിനു കർഷകരെ അന്താരാഷ്ട്ര കമ്പോളവുമായി കൂട്ടിക്കെട്ടിയതും കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിനു കാരണമായി. ഉദാഹരണത്തിന് കൊത്തമല്ലിയുടെ കാര്യം എടുക്കാം. വടക്കേ ഇന്ത്യയിൽ കൃഷിചെയ്തുണ്ടാക്കുന്ന കൊത്തമല്ലി കൂടുതലും ഉപയോഗിക്കുന്നത് കേരളം, തമിഴ്നാട് തുടങ്ങിയ തെക്കേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ കൊത്തമല്ലിയുടെ കഴിഞ്ഞവർഷത്തെ ആകെ ഉൽപ്പാദനം ആറു ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് കൊത്തമല്ലിയുടെ ഉൽപ്പാദനം കൂടിയില്ല എന്നുമാത്രമല്ല വിലകുറഞ്ഞപ്പോൾ കർഷകർ മല്ലിയുടെ ഉൽപ്പാദനം കുറയ്ക്കുകയും ചെയ്തു. ജീരകത്തിന്റെയും വെളുത്തുള്ളിയുടെയും കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. കേരളത്തിൽ റബറിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വില കൂടാത്തതുപോലെ. ഉദാരവൽക്കരണ സാമ്പത്തിക നിയമം അനുസരിച്ചാണെങ്കിൽപ്പോലും ഒരു സാധനത്തിന്റെ ലഭ്യത കുറയുമ്പോൾ വില കൂടേണ്ടതാണ്. എന്നാൽ, ഇന്ത്യയിൽ ഇപ്പോൾ കാർഷികോൽപ്പന്നങ്ങളുടെ കാര്യത്തിൽ വില കൂടുന്നില്ല എന്നുമാത്രമല്ല കുത്തനെ ഇടിയുന്നു.

ആഗോളവൽക്കരണത്തിനുശേഷം കാർഷികോൽപ്പന്നങ്ങളുടെ കാര്യത്തിൽ കമ്പോളനിയമംപോലും ബാധകമാകുന്നില്ല. കാർഷികപ്രതിസന്ധിയുടെ പ്രധാന കാരണവും ഇതുതന്നെ. ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കർഷകപ്രക്ഷോഭം ഏറ്റവും ശക്തമായിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം 2018ലെ ദിവസക്കൂലി പുരുഷ തൊഴിലാളികൾക്ക് 175 രൂപയും സ്ത്രീകൾക്ക് 150 രൂപയുമാണ്. പകൽ ഒമ്പതുമുതൽ ആറുവരെ പണിയെടുക്കണം. റിസർവ് ബാങ്കിന്റെ 2018ലെ പഠനം കാണിക്കുന്നത് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ തൊഴിലാളികളുടെ കൂലി കൂടാതെ നിൽക്കുന്നുവെന്നാണ്. സ്വതന്ത്ര ഇന്ത്യയിൽ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത പ്രതിഭാസമാണിത്. എന്നിട്ടും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത വിധത്തിൽ കൃഷി നഷ്ടത്തിലാണെന്ന് പറയുന്നത് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബിജെപി സർക്കാർതന്നെ നിയമിച്ച കമ്മിറ്റിയുടെ ചെയർമാനായ അശോക് ദെൽവായിയാണ്.

കാർഷികപ്രതിസന്ധി പൂർണമായും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് പരിമിതിയുണ്ടെന്നതിൽ സംശയമില്ല. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പരിമിതികൾ മറികടന്ന് കേരളത്തിൽ കർഷകരെ സഹായിക്കുന്നതിനായി റബറിന് താങ്ങുവിലയും കാർഷികകടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുമ്പോൾ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഉത്തർപ്രദേശ‌്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരും തൊഴിലാളികളും പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ് മറ്റ് മാർഗങ്ങളില്ലാതെ സമരത്തിനിറങ്ങുകയാണ്. സമരംചെയ്യുന്ന കർഷകരെ പൊലീസിനെയും പട്ടാളത്തെയും വിളിച്ച് നേരിടുകയാണ് ഇവിടങ്ങളിലെ സർക്കാരുകൾ. കുടിലുകൾപോലുള്ള വീടുകളിൽ കന്നുകാലികളും മനുഷ്യരുമായി നരകതുല്യമായി ജീവിക്കുന്നതിനിടയിലാണ് ജീരകം, കൊത്തമല്ലി, വെളുത്തുള്ളി എന്നിവ വിൽക്കാൻ കഴിയാതെ കർഷകർ അവരുടെ കുടിലുകളിൽ സൂക്ഷിച്ചിട്ട് വീടിനു പുറത്ത‌് താമസിക്കുന്നത്. അടുത്തകൊല്ലം വില കൂടുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ വിൽക്കാതെ സൂക്ഷിക്കുന്നത്. ഈ വിളകളെല്ലാം കൂടുതൽ കാലം സൂക്ഷിക്കുമ്പോൾ തൂക്കംകുറഞ്ഞ് ഇപ്പോഴുള്ളതിന്റെ പകുതിവിലപോലും കിട്ടില്ല.

വിവിധ സംസ്ഥാനങ്ങളിലെ 193 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേന്ദ്ര‐സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘടിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും പട്ടിണിയും അടുത്തകാലത്തൊന്നും മറക്കുമെന്നുതോന്നുന്നില്ല. റാബി വിളവെടുപ്പ് കഴിഞ്ഞ മാർച്ച്‐ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കി കർഷകർ കമ്പോളത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ചെന്നപ്പോൾ വാങ്ങാൻ കച്ചവടക്കാർ ഇല്ല. വിലയും ഇല്ല. ഭൂരിഭാഗം വിളകളുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ നിങ്ങോനിയ ഗ്രാമത്തിലെ ജിതേന്ദ്ര മീണ എന്ന കർഷകന്റെ രോഷം അയാളുടെ വാക്കുകളിലൂടെ പുറത്തുവരുന്നുണ്ട്.  ‘കുറെക്കാലകൊണ്ട് ഞങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുന്നു. എന്നാൽ, ബിജെപി ഞങ്ങളെ വിഡ്ഢികളാക്കി’. ഇതുകേട്ട് അടുത്തിരുന്ന കർഷകൻ പറഞ്ഞു. “വരുന്ന തെരഞ്ഞെടുപ്പിൽ ഈ ഗ്രാമത്തിൽനിന്ന‌് ബിജെപിക്ക് ഒരു വോട്ടുപോലും കിട്ടില്ല’’.

(ഇൻസ്്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌  സ്‌റ്റഡീസി(രാജസ്ഥാൻ)ൽ അസോസിയറ്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)

 

പ്രധാന വാർത്തകൾ
 Top