27 October Wednesday

കർഷകരെ കീഴടക്കാൻ
 കേന്ദ്രത്തിനാകില്ല

എം വിജയകുമാര്‍Updated: Saturday Aug 21, 2021

നരസിംഹറാവുമുതൽ നരേന്ദ്ര മോദിവരെയുള്ള കാലഘട്ടം ആഗോളവൽക്കരണത്തിന്റെയും സ്വതന്ത്ര കമ്പോളത്തിന്റെയും ധനമൂലധനത്തിന്റെയും കാലഘട്ടമാണ്. ഇത്രയുമധികം സാമ്പത്തിക അസമത്വമുണ്ടായ ഒരു കാലഘട്ടം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം വർധിക്കുകയും അവരുടെ സമ്പത്ത് കുന്നുകൂടുകയും ചെയ്തു. ഈ പുത്തൻ സാമ്പത്തികനയം കാർഷികമേഖലയുടെ പ്രാധാന്യം കുറയ്ക്കുകയും കാർഷികമേഖലയിലെ മുതൽമുടക്കിൽനിന്ന്‌ കർഷകർ പാപ്പരീകരിക്കപ്പെടുകയും ചെയ്തു. കർഷക ആത്മഹത്യയുടെ നാടായി ഇന്ത്യമാറി. ഇതിനുള്ള പരിഹാരമാർഗം കണ്ടെത്താൻ നിയോഗിക്കപ്പെട്ട ഡോ. സ്വാമിനാഥൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യൻ കർഷകരുടെ "മാഗ്നാകാർട്ട' യായി വിശേഷിക്കപ്പെട്ടു. കൃഷി നിലനിൽക്കണമെങ്കിൽ കർഷകർ സംരക്ഷിക്കപ്പെടണം. കർഷകർക്ക് കാർഷികവൃത്തി തുടരാൻ ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർന്നുള്ള മിനിമം താങ്ങുവിലയും നിയമപരമായി അംഗീകരിക്കപ്പെടണം. ഈ റിപ്പോർട്ടിനോട്‌ ആദ്യം മുഖംതിരിച്ചത് അന്നത്തെ യുപിഎ സർക്കാർ ആയിരുന്നു. അന്നുമുതലാണ് ഇന്ത്യൻ കർഷകർ ഒരു ദേശീയ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കാൻ തുടങ്ങിയത്.

‘നിങ്ങൾക്ക് നല്ല ദിനങ്ങൾ വരാൻ പോകുന്നു, നിങ്ങളുടെ വരുമാനം ഇരട്ടിക്കാൻ പോകുന്നു' എന്നാണ് കർഷകരോട്‌ ബിജെപി നൽകിയ വാഗ്ദാനം. ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും ബിജെപി പറഞ്ഞിരുന്നു. എന്നാൽ, 2014ൽ അധികാരത്തിൽ വന്ന്‌ അഞ്ച്‌ വർഷവും അവർ കർഷകരെ വിസ്മരിച്ചു. വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. 2019ൽ മോദി സർക്കാരിന് തുടർഭരണമുണ്ടായപ്പോൾ കൃഷിയെല്ലാം കോർപറേറ്റ് കമ്പോളശക്തിക്ക് അടിയറ വച്ചു. പുതിയ കാർഷിക നിയമങ്ങൾ എല്ലാ ജനാധിപത്യ മര്യാദയും കാറ്റിൽപ്പറത്തി അടിച്ചേൽപ്പിക്കാനാണ് തുനിഞ്ഞത്. ഇതിനെതിരെ കർഷകരുടെ ശക്തമായ ഉയിർത്തെഴുന്നേൽപ്പാണ് നാം കാണുന്നത്. ഒരു വർഷത്തോളമായ ഈ കർഷകമുന്നേറ്റം പാർലമെന്റിനു മുന്നിൽ എത്തുകയും ശക്തിയാർജിക്കുകയും ചെയ്യുമ്പോൾ അതിനെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ പുതിയ തന്ത്രങ്ങളുമായി വരുന്നുണ്ട്.
കാർഷിക നിയമങ്ങൾ പാസാക്കിയതിനുശേഷം കാർഷികമേഖലയുടെ വളർച്ച മൂന്ന്ശതമാനത്തിലധികം വർധിക്കുകയും ദേശീയ ഉൽപ്പാദനത്തിൽ (ജിഡിപി) കാർഷികമേഖലയുടെ വിഹിതം 17ൽനിന്ന്‌ 20 ശതമാനമായി ഉയർന്നുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിചിത്രമായ വാദം. കൂടാതെ, മുൻകാലങ്ങളെ അപേക്ഷിച്ച് കാർഷികോൽപ്പന്ന കയറ്റുമതിയിൽ 18 ശതമാനം വർധന (2020-–-21) ഉണ്ടായത് പുതുക്കിയ കാർഷിക നിയമങ്ങളിലൂടെ കാർഷിക കമ്പോളം സ്വതന്ത്രമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ഈ വാദത്തിന്റെ പ്രധാന ലക്ഷ്യം ഇപ്പോൾ നടന്നുവരുന്ന ശക്തമായ കർഷകസമരത്തെ പൊളിക്കുകയാണ്. എന്നാൽ, ബിജെപിയും കേന്ദ്ര സർക്കാരും അവകാശപ്പെടുന്നതുപോലെ കാർഷികമേഖലയുടെ പുരോഗതിയല്ല ഉണ്ടായിരിക്കുന്നത്. മറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും രൂക്ഷമായ ദാരിദ്ര്യവൽക്കരണം അഭിമുഖീകരിക്കുകയാണ്.

ഒന്നാമതായി, ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിൽ കാർഷികമേഖലയുടെ വിഹിതം 17ൽനിന്ന്‌ 20 ശതമാനമായി ഉയർന്നു എന്ന കേന്ദ്ര സർക്കാരിന്റെ വാദം പരിശോധിക്കാം. ഇന്ത്യയുടെ ജിഡിപിയിൽ 2020–-21ൽ ഉണ്ടായ ഇടിവ് ഏഴ്‌ ശതമാനത്തിലധികമാണ്. എന്നാൽ, കൂടുതൽ മഴ ലഭിക്കുകയും അതോടൊപ്പംതന്നെ കൊടിയ വരൾച്ചയോ വെള്ളപ്പൊക്കമോ ഉത്തരേന്ത്യയിൽ ഉണ്ടാകാത്തതുമാണ് 2020ൽ കാർഷികോൽപ്പാദനം വർധിച്ചത്. വ്യാവസായിക സേവന മേഖലകളിൽ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനാൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. അതായത്, ജിഡിപിയിലുണ്ടായ കുറവാണ് കാർഷികമേഖലയുടെ വിഹിതം വർധിച്ചതായി തോന്നാൻ കാരണം.
കാർഷികമേഖലയിൽ ഉണ്ടായ വളർച്ച കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയി‍ൽ പൊതുവിലുണ്ടായ ദാരിദ്ര്യ വൽക്കരണത്തിന്റെ പ്രതിഫലനമാണെന്ന് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സാമ്പിൾ സർവേയുടെ ഒടുവിലത്തെ കണക്കുപ്രകാരം 2020 ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 8.4 ശതമാനത്തിൽനിന്ന്‌ 21 ശതമാനമായി വർധിച്ചു. ഒരു ഭാഗത്ത് കാർഷികോൽപ്പാദനം വർധിച്ചപ്പോൾ മറുഭാഗത്ത് ജനങ്ങളുടെ ദിവസവരുമാനം കുറയുകയാണുണ്ടായത്. എന്നാൽ, ഇത്തരത്തിലുള്ള സ്ഥിതിവിവരണ കണക്കുകളെ സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു.

രണ്ടാമതായി, 2020–21ൽ ഇന്ത്യയിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധന ഉണ്ടായെന്ന വാദം പരിശോധിക്കാം. കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 18 ശതമാനം വർധനയും 42 ബില്യൺ ഡോളർ വരുമാനവും ഉണ്ടാക്കിയത് കാർഷിക വിപണിയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതുകൊണ്ടാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു വാദം. ഈ വാദത്തിന് പിന്നിൽ ബിജെപിതന്നെ മറക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് കൊടുത്ത ഒരു വാഗ്ദാനമുണ്ട്. 2016 ഫെബ്രുവരി 28ന്‌ റായ്ബറേലിയിലെ പൊതുവേദിയിലാണ് പ്രധാനമന്ത്രി മോദി 2022ൽ ഇന്ത്യയിലെ ഓരോ കർഷകന്റെയും വരുമാനം 2016ൽ ഉള്ളതിന്റെ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ, അതെല്ലാം മറന്നു. എന്നാൽ, പ്രഖ്യാപനത്തിൽനിന്ന്‌ പിന്തിരിയാൻ കഴിയില്ലെന്ന് കണ്ടപ്പോൾ അശോക് ദൽവായിയുടെ അധ്യക്ഷതയിൽ ‘കാർഷിക വരുമാനം ഇരട്ടിയാക്കൽ കമ്മിറ്റി’ എന്ന ഒരു സമിതിയെ 2017ൽ നിയമിച്ചു. 2018 സെപ്തംബറിൽ അശോക് ദൽവായി കമ്മിറ്റി 14 വാല്യമുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിൽ ഇന്ത്യയുടെ കാർഷികമേഖലയെ സമ്പൂർണ ഉദാരവൽക്കരണ നയങ്ങൾക്ക് വിധേയമാക്കി കാർഷികോൽപ്പന്നങ്ങൾ വിദേശ കമ്പോളത്തിൽ വിറ്റഴിച്ച് വരുമാനം ഇരട്ടിയാക്കാനുള്ള നിർദേശങ്ങളാണുള്ളത്.

ബിജെപി സർക്കാരിന്റെ മുൻവർഷങ്ങളെ അപേക്ഷിച്ച് 2020–-21ൽ കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധന ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുപ്പോൾത്തന്നെ എന്ത് ഉൽപ്പന്നങ്ങളാണ് കയറ്റി അയച്ചതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. 2020ലെ എഫ്എഒ റിപ്പോർട്ട് പ്രകാരം 19 കോടി ജനങ്ങൾ ഇന്ത്യയിൽ ഇപ്പോഴും കടുത്ത ഭക്ഷ്യക്ഷാമംമൂലം പോഷകക്കുറവ് അനുഭവിക്കുന്നവരാണ്. ഭക്ഷണം കിട്ടാതെ ദിനംപ്രതി ധാരാളം കുട്ടികൾ മരിക്കുന്ന രാജ്യത്തുനിന്ന്‌ 2020–-21ൽ 131 ലക്ഷം ടൺ സാധാരണ അരിയും 46 ലക്ഷം ടൺ ബസുമതി അരിയും കയറ്റി അയച്ചു.

കയറ്റുമതി കൂടാൻ കാരണമെന്ത്?

മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്രയും ഉയർന്ന കയറ്റുമതിക്കുള്ള കാരണം ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങൽശേഷി ഇല്ലാതാകുകയും ഇവിടെ വിറ്റഴിക്കാൻ കഴിയാതെ വന്നപ്പോൾ വ്യാപാരികൾ കമ്പോളത്തിൽനിന്ന്‌ വാങ്ങിയ ഭക്ഷ്യധാന്യം മുഴുവൻ കയറ്റിഅയച്ചു എന്നതാണ് സത്യം. അഞ്ച് വർഷത്തിലേറെയായി ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള ഭക്ഷ്യധാന്യങ്ങൾ ലോക രാഷ്ട്രങ്ങൾ കൂടുതലായി വാങ്ങാനുള്ള കാരണം ഇവിടെ ആവശ്യത്തിൽ കൂടുതൽ ഉൽപ്പാദിച്ചതുകൊണ്ടോ ഭക്ഷ്യധാന്യത്തിന്റെ ഗുണമേൻമയോ അല്ല, മറിച്ച് വളരെ കുറഞ്ഞ വിലയ്‌ക്ക് അന്താരാഷ്ട്ര കമ്പോളത്തിൽ വിൽക്കുന്നതുകൊണ്ടാണ്. കോവിഡ്‌ അവസരം മുതലെടുത്ത് കുറഞ്ഞ വിലയ്‌ക്ക് അരിയും ഗോതമ്പും വാങ്ങി കയറ്റുമതിച്ചെലവ് വരെ കൊടുത്ത് വളരെ കുറഞ്ഞവിലയ്‌ക്ക്‌ വിദേശ ഉപഭോക്‌താക്കൾക്കുവേണ്ടി കയറ്റി അയച്ചതാണ് കയറ്റുമതി കൂടാൻ കാരണം. ഈ അപകടമാണ് കർഷകർ മുന്നിൽക്കണ്ടതും. അതുകൊണ്ടാണ് താങ്ങുവിലയും കുത്തക സംഭരണവും നിയമമാക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.

2020–-21 ലെ കാർഷികോൽപ്പന്ന കയറ്റുമതിയിലെ വർധനയും കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും കർഷക സമരത്തിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളെ കൂടുതൽ ശരിവയ്ക്കുന്നതാണ്. ഇന്ത്യയിലെ കർഷകസമരം നമ്മുടെ രാജ്യത്ത്‌ 1943 ൽ ഉണ്ടായതുപോലുള്ള ഭക്ഷ്യക്ഷാമവും പട്ടിണിമരണവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിക്കൂടി ഉള്ളതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കാനുള്ള അതിശക്‌തമായ സമരമാണ്‌ വരും
ദിവസങ്ങളിൽ രാജ്യം കാണുക.

മോദി സർക്കാർ 2020ലെ കാർഷിക നിയമങ്ങളിലൂടെ ശ്രമിക്കുന്നത് കോർപറേറ്റ് ഭീമന്മാരുടെ കൈകളിൽ ഇന്ത്യയിലെ കാർഷികരംഗത്തെ ഏൽപ്പിച്ചുകൊടുത്തിട്ട് കാർഷിക വികസനം മുകളിൽനിന്ന്‌ ‘കെട്ടിയിറക്കാ’നാണ്. ഈ ശ്രമം കർഷകസമരത്തിലൂടെ പരാജയപ്പെടും എന്നതിൽ സംശയമില്ല.
(കർഷകസംഘം സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top