18 May Tuesday

സിൻഘു സമരഭൂവിൽ ഒരുദിനം

ഹരിദാസ് കൊളത്തൂർUpdated: Friday Mar 19, 2021


ഡൽഹിയിൽ നിന്ന്‌ സിൻഘുവിൽ എത്തിച്ചേരുകയെന്നുള്ളത് ദുഷ്‌കരമാണ്. ഡൽഹിയുടെയും ഹരിയാനയുടെയും അതിർത്തിയായ സിൻഘു ഇന്ത്യ–-പാക് അതിർത്തിപോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. കിടങ്ങുകളും മുൾവേലികളും കനത്ത പൊലീസ് കാവലും. ശത്രു രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിപ്പെട്ട പ്രതീതിയാണ് നമ്മിലുണ്ടാക്കുക. കർഷക സമരത്തെ പിന്തുണയ്ക്കുന്ന ഡൽഹി നിവാസികളുമായുള്ള സമ്പർക്കം ഇല്ലാതാക്കാനും കർഷകർ ഡൽഹിയിലേക്കു പ്രവേശിക്കാതിരിക്കാനുമത്രേ ഈ മുൻകരുതൽ.

അതിർത്തിയിലുള്ള കർഷകരുടെ ക്യാമ്പുകൾ സന്ദർശിക്കാനും സമരക്കാരെ നേരിട്ടുകണ്ട് ഐക്യദാർഢ്യം അറിയിക്കാനും എന്താണ് മാർഗമെന്ന് ആരായുന്നതിനിടയിലാണ് കിസാൻസഭ ഫിനാൻസ് സെക്രട്ടറിയായ പി കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ഹന്നൻ ദായും (ഹന്നൻ മൊളള) കർഷക സംഘടനകളുടെ സംയുക്ത യോഗത്തിൽ പങ്കെടുക്കാൻ സിൻഘുവിലേക്ക് പോകുന്ന വിവരമറിഞ്ഞത്. ക്യാമ്പിൽ എത്തിക്കാമെന്നും യോഗം കഴിഞ്ഞു തിരിച്ചു വരുമ്പോൾ തിരികെ പോരാമെന്നും അവർ പറഞ്ഞു. ഹരിയാനയിലെ രണ്ടു ചെറിയ ഗ്രാമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞാണ് ഞങ്ങൾ ക്യാമ്പിൽ എത്തിയത്.

കണ്ടുപരിചയിച്ച ജനകീയ സമരങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് ഈ കർഷക സമരം. 160 ലധികം കർഷകർ ഈ സമരത്തിൽ ഇതിനകം തന്നെ രക്തസാക്ഷികളായി. നാൾക്കുനാൾ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന കർഷകരുടെ സമരത്തെയും ഐക്യത്തെയും തകർക്കാനും കർഷക സംഘടനകളെ ഭിന്നിപ്പിച്ചു സമരം പൊളിക്കാനുമുള്ള കേന്ദ്രത്തിന്റെ എല്ലാ കുത്സിതശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. ദേശീയ മാധ്യമങ്ങൾ തീർത്തും ഈ സമരത്തെ അവഗണിക്കുന്നു. മാത്രമല്ല, അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ട്‌ സമരത്തെ പൊളിക്കാനാണ് ഗോദി മീഡിയ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ശ്രമിക്കുന്നത്.


 

നിരവധി പ്രത്യേകതകളുമുണ്ട് ഈ സമരത്തിന്‌. നേതൃത്വം നൽകുന്നത് ഏതെങ്കിലും രാഷ്ട്രീയ കക്ഷിയല്ല എന്നതാണ്‌ ഏറ്റവും പ്രധാനം. 500ൽ അധികം കർഷക സംഘടനകളുടെ കൂട്ടായ്മയാണ് സമരം നയിക്കുന്നത്. ഈ സംഘടനകളുടെ പ്രതിനിധികളായ നാൽപ്പതംഗ കമ്മിറ്റിയാണ് (കിസാൻ സംയുക്ത മോർച്ച) നയപരമായ തീരുമാനങ്ങളെല്ലാം എടുക്കുന്നതും സർക്കാരുമായി ചർച്ച നടത്തുന്നതും. എന്നാൽ, ബിജെപി ഒഴികെയുള്ള മിക്ക രാഷ്ട്രീയ കക്ഷികളും ഈ സമരത്തെ പിന്തുണയ്ക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യം കണ്ട ജനകീയ സമരമായി കർഷക സമരത്തെ കാണാവുന്നതാണ്. ആർഎസ്‌എസും മറ്റു ഹിന്ദുത്വ ശക്തികളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും എതിരായിരുന്നല്ലോ.

സിൻഘുവിൽ മാത്രം വിവിധ കർഷക സംഘടനകളിൽ നിന്നായി നൂറ്റമ്പതോളം ക്യാമ്പുകളിൽ ഏകദേശം 1,70,000 കർഷകരുണ്ടെന്ന് അഖിലേന്ത്യാ കിസാൻ സഭ പഞ്ചാബ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ബൽജിത്‌ സിങ്‌ പറഞ്ഞു. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളും അവിടെ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ട്രാക്ടറിന്റെ ട്രോളികളിലും കർഷകർ താമസിക്കുന്നുണ്ട്. ഇതിനുപുറമെ ഘാസിപുർ, തിക്രി, ഷാജ്പുർ, പൽവൽ, ബദർപുർ എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിന്‌ കർഷകർ തമ്പടിച്ചിരിക്കുകയാണ്. 10 കിലോമീറ്റർ ദൂരത്തോളം വിവിധ സംഘടനകളുടെ ക്യാമ്പുകൾ ഉണ്ട്. എല്ലാ ക്യാമ്പുകളിലും ലങ്കറുകൾ (സാമൂഹ്യ അടുക്കളകൾ) സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആർക്കുവേണമെങ്കിലും ഈ അടുക്കളകളിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിക്കാം. പല ക്യാമ്പുകളിലും വൃദ്ധരായ കർഷകരുണ്ട്‌. ചെറുപ്പക്കാർ ഓടിനടന്നു ലങ്കറിലെ വിവിധ ജോലികളിൽ വ്യാപൃതരായിരിക്കുന്നു. എല്ലാവരും വലിയ തിരക്കിലും ഉത്സാഹത്തിലുമാണ്. വസ്ത്രം കഴുകുന്നതിനായി നിരവധി വാഷിങ്‌ മെഷീനുകൾ ക്യാമ്പുകൾക്ക് സമീപമുണ്ട്‌.

നിരവധി ക്യാമ്പുകളിൽ കയറിയിറങ്ങാനും വിവിധ സംഘടനകളുടെ നേതാക്കളുമായും കർഷകരുമായും സംവദിക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. രണ്ടു കാര്യങ്ങൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. സമരം ഇത്ര ദിവസം പിന്നിടുമ്പോഴും സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ നിശ്ചയദാർഢ്യവും സമരവീര്യവും ആശ്ചര്യകരമാണ്. ഇത്രയധികം ജനപങ്കാളിത്തം ഉള്ള വലിയ സമരം നടത്തിയിട്ടും അവരുമായി ചർച്ച നടത്താനുള്ള സൗമനസ്യംപോലും കാണിക്കാത്ത സർക്കാരിന്റെ നിലപാടിൽ അവർ തരിമ്പും നിരാശരല്ലെന്നുള്ളത്‌ ആരെയും അത്ഭുതപ്പെടുത്തും. അന്തിമ വിജയം കർഷകരുടേതാണെന്ന കാര്യത്തിൽ അവർക്ക് തെല്ലും സംശയമില്ല. മറ്റൊന്ന് അവരുടെ സമരം എന്തിനാണെന്നും എന്തുകൊണ്ടാണെന്നും അവർക്കെതിരെയുള്ള മൂന്നു കരിനിയമങ്ങൾ എങ്ങനെയാണ് അവരെ ബാധിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചുമെല്ലാം വളരെ കൃത്യമായ ധാരണയുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്ന ഓരോ കർഷകനും. ബൽജിത്‌ സിങ്‌ എന്നോട് പറഞ്ഞത് സമരം നീണ്ടുപോയതുകൊണ്ട് കർഷകരെയെല്ലാം നല്ലപോലെ ബോധവൽക്കരിക്കാനും കൂടുതൽ കരുത്തരാക്കാനും കഴിഞ്ഞുവെന്നാണ്. സമരക്കാരെ പ്രകോപിപ്പിക്കാനും അവരെ അക്രമസമര രീതികളിലേക്ക് തിരിച്ചുവിടാനും ഭരണകൂടവും പൊലീസും എല്ലാ ശ്രമവും നടത്തിയെങ്കിലും തികഞ്ഞ സംയമനത്തോടെ കർഷകർ അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി സമാധാനസമരം തുടരുന്നു.


 

അടുത്ത ഘട്ടമെന്ന നിലയിൽ പുതിയ പുതിയ സമരമുറകൾ നടപ്പാക്കാൻ സംയുക്ത സമര മോർച്ച തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കർഷകരുടെ മഹാപഞ്ചായത്തുകൾ വിളിച്ചു ചേർക്കുന്നുണ്ട്. വലിയ ജനപങ്കാളിത്തമാണ് ഇതുവരെ നടന്ന മഹാ പഞ്ചായത്തുകളിൽ കാണുന്നത്. തൊഴിലാളി സംഘടനകളും വനിതാസംഘടനകളുമെല്ലാം കർഷകരുമായി കൈകോർക്കാൻ മുന്നോട്ടു വരുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മോഡിക്കെതിരെയും ബിജെപിക്കെതിരെയും വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷകളാണ് നമ്മുടെ രാജ്യത്ത് ഈ കർഷകസമരം ഉണർത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി കോർപറേറ്റ് കുത്തകകൾക്ക് വിറ്റഴിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇപ്പോൾ കാർഷിക മേഖലയും കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കാനുള്ള ശ്രമമാണ് ഈ മൂന്നു കരിനിയമങ്ങളിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.

വൈകിട്ടോടെ ഹന്നൻ ദായും കൃഷ്ണപ്രസാദും യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങി. തിരിച്ചുപോരുമ്പോൾ അവർ ഭാവി പരിപാടികൾ ചർച്ച ചെയ്തുകൊണ്ടിരുന്നു. അവരുടെ ചർച്ചകൾ കേട്ടുകൊണ്ടിരുന്നെങ്കിലും എന്റെ മനസ്സ് ക്യാമ്പുകളിൽത്തന്നെ തങ്ങിനിന്നു. ഇത് സാധാരണസമരമല്ല. കർഷകന്റെ സമരമാണ്. രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായ സമരമാണ്‌. അതുകൊണ്ട്‌ ഈ സമരം വിജയിച്ചേ തീരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top