28 March Tuesday
ഇന്ന്‌ ദേശീയ 
കർഷകദിനം

ഐക്യകാഹളം - വിജൂ കൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 23, 2022

ആശയരംഗത്തും സംഘടനാരംഗത്തും 35–-ാം അഖിലേന്ത്യ സമ്മേളനം പകർന്നു നൽകിയ പുത്തൻ കരുത്തുമായി അഖിലേന്ത്യ കിസാൻസഭ വീണ്ടും കർഷക പോരാട്ടങ്ങളുടെ നേതൃത്വത്തിലേക്ക്‌ ഇറങ്ങുകയാണ്‌. കർഷകദിനപ്പിറ്റേന്ന്‌ ഹരിയാനയിലെ കർണാലിൽ സംയുക്ത കിസാൻമോർച്ച യോഗം ചേർന്ന്‌, കാർഷികവിളകൾക്ക്‌ മിനിമം താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ പോരാട്ടങ്ങൾക്ക്‌ രൂപം നൽകും.  തൃശൂരിൽ നടന്ന കിസാൻസഭയുടെ അഖിലേന്ത്യ സമ്മേളനത്തിലെ ചർച്ചകളും തീരുമാനങ്ങളും ഈ പോരാട്ടങ്ങൾക്ക്‌ കൂടുതൽ മിഴിവും തിളക്കവും നൽകും. കർഷകർക്ക്‌ പുറമെ പണിയെടുക്കുന്നവരുടെയും മറ്റ്‌ ബഹുജനങ്ങളുടെയും ബൃഹത്തായ ഐക്യപോരാട്ടനിര കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂവെന്ന തിരിച്ചറിവ്‌ ബലപ്പെടുത്തിയാണ്‌ സമ്മേളനം സമാപിച്ചത്‌. ബിജെപി സർക്കാരിനും സർക്കാർ ഊർജിതമായി നടപ്പാക്കുന്ന നവഉദാര സാമ്പത്തിക നയങ്ങൾക്കും ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റ്‌ നയങ്ങൾക്കും എതിരെ ഒറ്റയ്‌ക്കും യോജിച്ചതുമായ നിരന്തരമായ പ്രക്ഷോഭം ഉയരണമെന്നും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്‌ ആ പോരാട്ടങ്ങളായിരിക്കും ഇനി ഇന്ത്യ ദർശിക്കുക. മാർച്ച്‌ അഞ്ചിന്‌ കിസാൻസഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകരും മഹിളകളും തൊഴിലാളികളും പാർലമെന്റിലേക്ക്‌ നടത്തുന്ന മാർച്ച്‌ ആദ്യ മുന്നറിയിപ്പാകും.

സത്യത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും പ്രധാനമന്ത്രി മോദിയും പറഞ്ഞതെല്ലാം വിഴുങ്ങി കർഷകരെ മുച്ചൂടും വഞ്ചിക്കുകയാണ്‌. രണ്ടാം യുപിഎ സർക്കാർ വരുത്തിവച്ച കാർഷികപ്രതിസന്ധിയെ മുതലെടുത്താണ്‌ ബിജെപി അധികാരത്തിലെത്തിയത്‌. കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും മിനിമം താങ്ങുവില, കുറഞ്ഞ നിരക്കിൽ വായ്‌പ തുടങ്ങിയവയായിരുന്നു വാഗ്‌ദാനം. എന്നാൽ, കഴിഞ്ഞ എട്ടുവർഷം വാഗ്‌ദാനലംഘനത്തിന്റെ പരമ്പരയായിരുന്നു. കാർഷികവരുമാനം കുത്തനെ ഇടിഞ്ഞു. കൃഷിച്ചെലവ്‌ ഗണ്യമായി വർധിച്ചു. ഉൽപ്പന്നങ്ങളുടെ വില  ഇടിഞ്ഞു. വിള ഇൻഷുറൻസ്‌, കുറഞ്ഞ നിരക്കിൽ വായ്പ, കുറഞ്ഞ ചെലവിൽ ഉൽപ്പാദനസാമഗ്രികളുടെ ലഭ്യത... ഒരു വാഗ്‌ദാനംപോലും നിറവേറ്റിയില്ല.

2019 അടിസ്ഥാനപ്പെടുത്തി 2021 സെപ്തംബറിൽ ദേശീയ സ്ഥിതിവിവരക്കണക്ക്‌ ഓഫീസ്‌ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കർഷകരുടെ ശരാശരി ദിവസവരുമാനം 27 രൂപ മാത്രമാണ്‌. മാസശരാശരി കേവലം 816.5 രൂപയും. ഒരു കുടുംബമാകട്ടെ, വിവിധ വിളകളിൽനിന്ന്‌ ശരാശരി 3798 രൂപയാണ്‌ സമ്പാദിക്കുന്നത്‌. കോവിഡിൽ തോന്നിയപോലെ രാജ്യം അടച്ചിട്ടപ്പോൾ കർഷകരുടെയും തൊഴിലാളികളുടെയും വരുമാനത്തിൽ  ഭീമമായ ഇടിവുണ്ടായി. അമ്പത്‌ ശതമാനം കർഷക കുടുംബങ്ങൾക്കും കുറഞ്ഞത്‌ ശരാശരി 74,121 രൂപയുടെ കടമുള്ളതായി ഏറ്റവും പുതിയ സർവേഫലം സൂചിപ്പിക്കുന്നു.


 

സബ് കാ സാഥ് സബ് കാ വികാസ് തുടങ്ങിയ മുദ്രാവാക്യങ്ങൾ കേന്ദ്രം ഉയർത്തുമ്പോൾ, കഴിഞ്ഞ എട്ടു വർഷത്തിൽ ലക്ഷം കർഷകർ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 1995–-2014ൽ ഇത് 2,96,438 മാത്രമായിരുന്നു. പട്ടയം ലഭിക്കാത്ത ദളിത് കർഷകർ, സ്ത്രീത്തൊഴിലാളികൾ, ഭൂരഹിത കർഷകത്തൊഴിലാളികൾ... ഇവരുടെയൊന്നും ആത്മഹത്യ ഔദ്യോഗിക രേഖകളിൽ കർഷക ആത്മഹത്യ അല്ല. ഗുജറാത്ത്, ഛത്തീസ്ഗഢ്‌, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും കർഷക ആത്മഹത്യ ഇല്ലെന്നാണ് അവകാശവാദം. എന്നാൽ, പഞ്ചാബിലെ ആറു ജില്ലയിൽമാത്രം 2010–-- 18ൽ 16,594 കർഷകർ ആത്മഹത്യ ചെയ്തതായി സർവേകളിൽ വ്യക്തമായിട്ടുണ്ട്. പ്രതിവർഷം 900ൽ കൂടുതൽ. എന്നാൽ, എൻസിആർബി കണക്കുപ്രകാരം സംസ്ഥാനത്തെ പ്രതിവർഷ ശരാശരി ആത്മഹത്യ 200 മാത്രം. കർഷക ആത്മഹത്യയേ ഇല്ലെന്നു വാദിക്കുന്ന പശ്ചിമ ബംഗാളിൽ, പശ്ചിമ മേദിനിപുർ ജില്ലയിൽമാത്രം 2021ൽ 122 കർഷകർ ആത്മഹത്യ ചെയ്തതായി വിവരാവകാശരേഖ പറയുന്നു.

ഇതിലും കഷ്‌ടമാണ്‌ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ സ്ഥിതി. 2014–-- 21ൽ 2,35,799 ദിവസവേതന തൊഴിലാളികൾ ആത്മഹത്യ ചെയ്തു. കർഷകരും കർഷകത്തൊഴിലാളികളുംകൂടി ചേരുമ്പോൾ ഇത് 3,25,000 ആകും. കൃഷിക്കാരും തൊഴിലാളികളും ഉൾപ്പെടെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ 2017-–- 18ൽ 42.5 ശതമാനം ആയിരുന്നെങ്കിൽ 2019–-20ൽ അത് 45.6 ശതമാനമായി. മഹാമാരിക്കാലത്ത്‌ ഇതിലും കൂടിയിട്ടുണ്ടാകും.  നോട്ട് നിരോധനത്തെ തുടർന്നാണ് നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് സർവവും നഷ്ടപ്പെട്ടവരുടെ വൻതോതിലുള്ള തിരിച്ചുപോക്കിന് തുടക്കമായത്.  ഈ തൊഴിൽനഷ്ടമാണ്‌  മഹാമാരിക്കാലത്ത്‌  കാർഷികവൃത്തിയോടുള്ള ആഭിമുഖ്യത്തിനും കാരണം. കോവിഡ് ഭീഷണി കുറഞ്ഞിട്ടും എംഎസ്എംഇകളിലേക്ക് ഉൾപ്പെടെ ഈ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറയ്ക്കുന്നതും തൊഴിൽദിനങ്ങൾ കൂട്ടാത്തതും ഗ്രാമീണ കർഷകത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നത്തെ ദരിദ്രകർഷകൻ നാളത്തെ കുടിയേറ്റത്തൊഴിലാളിയായി നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോൾ. അവിടെ അവർ മതിയായ കൂലിയോ അവകാശങ്ങളോ ഇല്ലാതെ വലിയ ചൂഷണങ്ങൾക്ക് ഇരയാകുന്നു.

ഈ കണക്കുകൾ കണക്കിലെടുത്താണ്‌ അതിശക്തമായ പോരാട്ടത്തിലേക്ക്‌ ഇറങ്ങാൻ കിസാൻസഭാ സമ്മേളനം തീരുമാനിച്ചത്‌. ‘ആത്മഹത്യയല്ല, ഒന്നിച്ചു പോരാടൂ' എന്ന മുദ്രാവാക്യം ഉയർത്തി കോർപറേറ്റുകൾക്കും ബിജെപി സർക്കാരിനുമെതിരെ ശക്തമായ കർഷകഐക്യം സംഘടിപ്പിക്കേണ്ട സമയമാണിത്. അതിനുവേണ്ടിയുള്ള പ്രതിജ്ഞ പുതുക്കലാണ്‌ കർഷകദിനത്തിൽ ഓരോ പോരാളിയുടെയും കടമ.

(അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top