29 October Friday

ഇത്‌ ദേശീയ പ്രസ്ഥാനത്തിന്റെ സമരധീരത - എം വിജയകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

എല്ലാ ജനാധിപത്യ, പാർലമെന്ററിമര്യാദയും കാറ്റിൽപ്പറത്തി മോദി സർക്കാർ പാസാക്കിയ കർഷകവിരുദ്ധ–-കോർപറേറ്റ്‌ അനുകൂല കർഷക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌  പഞ്ചാബിൽനിന്ന്‌ കർഷകരുടെ പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. കർഷകപ്രക്ഷോഭത്തിന്റെ രൂപവും ഭാവവും പെട്ടെന്നാണ്‌ മാറിയത്‌. മൂന്ന്‌ കാർഷികബില്ലും കർഷകദ്രോഹ വൈദ്യുതി ബില്ലും  പിൻവലിക്കുക,  കാർഷികവിളകൾക്ക്  ഡോ. എം എസ് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത  ഉൽപ്പാദനച്ചെലവും അമ്പതുശതമാനവും (എംഎസ്‌പി) നിയമപരമായി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി പ്രക്ഷോഭം സജീവമായി. അഖിലേന്ത്യാ കിസാൻ സഭ ഉൾപ്പെടെ  അഞ്ഞൂറിലധികം സംഘടന  ചേർന്നുള്ള സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) രൂപീകൃതമായി.  സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 2020 നവംബർ 26ന്  ഭരണഘടനാ ദിനത്തിൽ ആരംഭിച്ച  പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയതും  സമാനതകളില്ലാത്തതുമായ കർഷക പോരാട്ടമായി.

ലോകം കണ്ട ഏറ്റവും വലിയ കർഷകസമരത്തിനാണ്  ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.  പ്രശസ്ത ചിന്തകനായ പ്രൊഫ. നോം ചോംസ്കിയടക്കമുള്ളവർ  പ്രക്ഷോഭത്തെ പ്രശംസിക്കുകയും  കൂരിരിട്ടിന്റെ കാലത്തെ പ്രകാശമായി  വിശേഷിപ്പിക്കുകയും ചെയ്തു. ഒരു ഭാഗത്ത്  കോർപറേറ്റ്‌ ശക്തികളും അവരുടെ  സംരക്ഷകരായ മോദി സർക്കാരും  മറുഭാഗത്ത്  കർഷക, -തൊഴിലാളി, ബഹുജനഐക്യവും തമ്മിലാണ്  പോരാട്ടം.  സ്വാതന്ത്ര്യസമരകാലത്ത്   ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും  അവരുടെ അനുകൂലികൾക്കുമെതിരെ കർഷകർ ഉൾപ്പെടെയുള്ള ഇന്ത്യൻജനത നടത്തിയ ഉജ്വല പോരാട്ടത്തിന്‌ സമാനമാണിത്‌.

ഇന്ത്യൻ കാർഷികമേഖലയും പുതിയ സാഹചര്യവും
സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെത്തുടർന്ന്  തൊണ്ണൂറുകളിൽ രൂപമെടുത്ത ആഗോളവൽക്കരണമെന്ന പുതിയ ലോകക്രമം ഇന്ത്യയിലേക്കും കടന്നുവന്നു.  1991ൽ നരസിംഹറാവുവിന്റെ  നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിനാശകരമായ നവലിബറൽ നയങ്ങൾക്ക്  തുടക്കം കുറിച്ചു.  കോൺഗ്രസ്‌ ഭരണകാലത്ത്‌ കോർപറേറ്റ്‌ വൽക്കരണം സാവകാശമായിരുന്നുവെങ്കിൽ  ബിജെപി ഭരണത്തിൽ നഗ്നവും തീവ്രവുമായി. സ്വാതന്ത്ര്യാനന്തരം  ഇതാദ്യമായാണ്  കാർഷിക മേഖലയിൽ അനിയന്ത്രിതമായ മുതലാളിത്ത, കോർപറേറ്റ്‌ കടന്നുകയറ്റം  അനുവദിക്കുന്നത്.  ഇതിന്റെ ഗുണഭോക്താക്കൾ ഒരിക്കലും കർഷകരല്ല, അംബാനിയും അദാനിയുംപോലുള്ള കുത്തക ബഹുരാഷ്ട്ര കമ്പനികളാണ്‌. മൂന്ന്‌ ദശകത്തിലെ  കമ്പോളവൽക്കരണം ഇന്ത്യയിൽ  കാർഷികപ്രതിസന്ധി രൂക്ഷമാക്കി.  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള  നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 1995 മുതൽ 2020 വരെ  കടബാധ്യതമൂലം അഞ്ചുലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു.  മോദി  അധികാരത്തിൽ വരുമ്പോൾ  കർഷകരുടെ കടം ശരാശരി 47,000 രൂപയായിരുന്നു. അതായത്, ഒരു  കുടുംബത്തിന്റെ ആകെയുള്ള കടബാധ്യത. 2018ൽ അത്‌  58 ശതമാനം  വർധിച്ചതായി  കണക്കുകൾ  വ്യക്‌തമാക്കുന്നു.  കേന്ദ്ര സർക്കാരിന്റെതന്നെ ഒടുവിലത്തെ കണക്ക് പ്രകാരം 74,121 രൂപയാണ് ഈ  ബാധ്യത. 

‘ആത്മനിർഭർ ഭാരത്'  എന്ന  കപട മുദ്രാവാക്യത്തിന്റെ മറവിൽ രാജ്യസ്നേഹം ചമഞ്ഞാണ്‌ മോദിഭരണം നഗ്നമായ കോർപറേറ്റ്‌വൽക്കരണം  അടിച്ചേൽപ്പിക്കുന്നത്. സകലമേഖലയെയും സ്വകാര്യവൽക്കരിക്കാനും രാജ്യവിൽപ്പനയുമാണ് ബിജെപി ഭരണത്തിന്റെ  ലക്ഷ്യം.  കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ  കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഞെട്ടലോടുകൂടിയാണ്  രാജ്യംകേട്ടത്‌.  ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങളായ  ദേശീയപാതകളും റെയിൽവേയും  വ്യോമപാതകളും  വിമാനത്താവളങ്ങളും തുറമുഖങ്ങളും ഖനികളും പൊതുമേഖലാ ബാങ്കുകളും  ടെലികോമും വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധമേഖലകൾപോലും  സ്വകാര്യവൽക്കരിക്കുന്നു.  ഇപ്പോൾ കൃഷിയും ഭൂമിയുമാണ് ഹിറ്റ്‌‌ലിസ്റ്റിലുള്ളത്.  രാജ്യത്തെ വിൽക്കുന്നത് രാജ്യസ്നേഹവും വിൽക്കരുത് എന്നു പറഞ്ഞാൽ രാജ്യദ്രോഹവും.  ഇന്ത്യ ഒന്നടങ്കം  പ്രതിഷേധിക്കാനും  പ്രതിരോധിക്കാനും  വേറെ വിഷയം ആവശ്യമില്ല.  കർഷകപ്രക്ഷോഭത്തിന്റെ സവിശേഷത  കർഷക ജനതയുടെ വിപുലമായ ഐക്യമാണ്.  വർഗീയത ഉയർത്തി ജനതയെ ഭിന്നിപ്പിച്ച്  ഭരിക്കാൻ ശ്രമിച്ച ബ്രിട്ടീഷ്‌ പാത പിന്തുടരുകയാണ് കേന്ദ്രസർക്കാർ.  മോദി–-യോഗി ഭരണത്തിനേറ്റ തിരിച്ചടിയാണ്  മുസഫർനഗറിൽ പത്തുലക്ഷത്തിലധികം  പേർ പങ്കെടുത്ത  കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്. ജാതി–-മത–-ഭാഷ–-ദേശ വേർതിരിവുകളില്ലാതെ ഒത്തുചേർന്ന ജനമഹാസമുദ്രം. 2013ൽ മുസഫർനഗറിൽ  സംഘപരിവാർ  കെട്ടഴിച്ചുവിട്ട വർഗീയകലാപം ഉണ്ടാക്കിയ വർഗീയധ്രുവീകരണമാണ് 2014ൽ കേന്ദ്രത്തിലും 2017ൽ യുപിയിലും ബിജെപിയെ അധികാരത്തിലേറ്റിയത്.  അവിടെയാണ്  ജനങ്ങൾ ഒന്നിച്ച്  "കർഷകവിരുദ്ധ ബിജെപിയെ പരാജയപ്പെടുത്തുക, യുപിയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയത്.

2020 നവംബർ 26ന്‌ ആരംഭിച്ച ‘ദില്ലി ചലോ’ കർഷക മാർച്ചിനെ മോദി സർക്കാർ  നേരിട്ടത്  ശത്രുരാജ്യങ്ങളോടെന്നപോലെയാണ്. കർഷകരെ  ഡൽഹിയിൽ പ്രവേശിപ്പിക്കില്ല  എന്ന് കേന്ദ്രം പ്രഖ്യാപിച്ചു. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചു.  ഡൽഹിയിലേക്കുള്ള എല്ലാ  പാതയും അടച്ചു. സമാധാനപരമായ മാർച്ചിനെ തടഞ്ഞത്‌ ജലപീരങ്കികളും ടിയർ ഗ്യാസും  ലാത്തിചാർജും കൊണ്ടാണ്.  സമരകേന്ദ്രങ്ങളെ  ജയിലറകളാക്കി. വെള്ളവും വൈദ്യുതിയും  ഇന്റർനെറ്റും വിച്ഛേദിച്ചു. വിജയിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തലും  അറസ്റ്റുകളുമുണ്ടായി. കർഷകരെ ഖാലിസ്ഥാനികളെന്നും പാകിസ്ഥാനികളെന്നും നക്സലൈറ്റുകളെന്നും  ചൈനയുടെ പണിയാളുകളെന്നും  മുദ്രകുത്തി.  എല്ലാ അടിച്ചമർത്തലിനെയും  അതിജീവിച്ച്  പ്രക്ഷോഭം  മുന്നേറുകയാണ്.  650 കർഷകർ ജീവാർപ്പണം ചെയ്തു. പൊലീസാക്രമണത്തിൽ  സുശീൽ കാജൽ രക്തസാക്ഷിയായി.  മോഡി സർക്കാരിന്റെ കാലാവധി (2024) തീരുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്‌ സംയുക്ത കിസാൻ മോർച്ച  പ്രഖ്യാപിച്ചു.

രാജ്ഭവൻ ഉപരോധം

"കൃഷിയെ സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ'  എന്ന മുദ്രാവാക്യം   ഉന്നയിച്ചുകൊണ്ടുള്ള സംയുക്ത കിസാൻ മോർച്ചയുടെ  രാജ്ഭവൻ ഉപരോധം   അടിയന്തരാവസ്ഥയുടെ  46–-ാം  വാർഷികദിനത്തിലായിരുന്നു.  മോദിസർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കു മുമ്പിൽ കർഷകജനത  മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമായിരുന്നു അത്‌. സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച കിസാൻ പാർലമെന്റ് സ്വതന്ത്ര ഇന്ത്യയിലെ  ആദ്യ കിസാൻ പാർലമെന്റായി മാറി.  കിസാൻ പാർലമെന്റ് മാർച്ചും സമാന്തരകിസാൻ പാർലമെന്റും പ്രക്ഷോഭ ചരിത്രത്തിൽ ശ്രദ്ധേയമായി. ലക്ഷോപലക്ഷം മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ അണിനിരന്ന ആഗസ്ത്‌ ഒമ്പതിന്റെ കർഷക പ്രക്ഷോഭം ഏറെ ശ്രദ്ധേയമായി.  കേരളം ഉൾപ്പെടെ  അഞ്ച്‌ സംസ്ഥാനത്തേക്ക്  നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ദേശീയ കർഷക പ്രക്ഷോഭത്തിന്റെ  പരീക്ഷണശാലകളായി.

അഖിലേന്ത്യാ കിസാൻസഭയും സംയുക്ത കിസാൻ മോർച്ചയും തെരഞ്ഞെടുപ്പ്  മുദ്രാവാക്യം മുന്നോട്ടുവച്ചു. "കർഷകരെ  കൊല്ലാക്കൊല ചെയ്യുന്ന  സംഘപരിവാർ ശക്തികളെ പരാജയപ്പെടുത്തുക' എന്നതായിരുന്നു ലക്ഷ്യം. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ ബിജെപിക്ക് വൻതിരിച്ചടിയുണ്ടായി. അസമിൽമാത്രം തലനാരിഴയ്‌ക്ക്  രക്ഷപ്പെട്ടു. ബിജെപിയുടെ പരാജയം  ആവർത്തിക്കുന്നതായിരിക്കും  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,  പഞ്ചാബ് തെരഞ്ഞെടുപ്പുകൾ. 2020 നവംബർ 26ന്  ആരംഭിച്ച കർഷകസമരം പൊതുപ്രക്ഷോഭമായി മാറുകയാണ്. അതിനുള്ള വിശാലവേദിയാണ്  27ന്റെ  ഭാരത്ബന്ദും  ഹർത്താലും. വെള്ളിയാഴ്‌ച മുതൽ 27 വരെ കേരളത്തിൽ സംയുക്‌തമായി ഐക്യദാർഢ്യ പരിപാടികൾ നടക്കും. അതിൽ അണിനിരക്കുക അഭിമാനവും ചരിത്രപരമായ കടമയുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top