16 April Friday

ജീവിത യാഥാർത്ഥ്യം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന കാലം

ദീപക് പച്ചUpdated: Sunday Feb 7, 2021

ഡൽഹിയുടെ അതിർത്തിയിൽ കർഷകർ നവംബർ 26 മുതൽ നടത്തി വരുന്ന സമരം രണ്ടു മാസം പിന്നിടുമ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നായി അത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏഴു വർഷക്കാലത്തേ മോദി ഭരണത്തിൽ പലവിധ മുദ്രാവാക്യങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും ഉയർത്തികൊണ്ട് നമ്മുടെ രാജ്യത്ത് വലിയ സമരങ്ങൾ തന്നെ നടന്നിട്ടുണ്ട്. പക്ഷെ അന്നെല്ലാം ബുദ്ധിമുട്ടുകൾ ഏറെയില്ലാതെ പലവിധം ഗൂഢാലോചനകളും അതിനൊത്ത കുപ്രചാരങ്ങളും നടത്തി സംഘപരിവാർ അതിനെ അടിച്ചമർത്തിയിട്ടുമുണ്ട്. എന്നാൽ അന്നൊന്നും ഇല്ലാത്ത വിധത്തിൽ ഈ കർഷക പ്രക്ഷോഭം സംഘപരിവാറിനെ ഭീതിപ്പെടുത്തിയിട്ടുണ്ട് എന്ന് ഇതിനോടകം വ്യക്തമായിരിക്കുകയാണ്.

നവംബർ 26 നു ദേശീയ പണിമുടക്ക് ദിവസം ഡൽഹിയിലെക്ക് തിരിച്ച കർഷകരെ ആദ്യം പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചു തിരിച്ചയാക്കാം എന്നാണ് സംഘപരിവാർ ഭരണകൂടം കരുതിയത്. അതിനെ മറികടന്നു കർഷകർ അതിർത്തിയിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോൾ ആദ്യദിനങ്ങളിൽ സർക്കാരും മാധ്യമങ്ങളും പതിവ്  പോലെ  കുപ്രചരണങ്ങൾ കൊണ്ട് നേരിടാൻ  ശ്രമിക്കുകയാണ് ചെയ്തത്. സമരം തുടങ്ങി ഏഴാം ദിവസമാണ് ആദ്യ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായത്. നിയമത്തിൽ ഒരു മാറ്റവും വരുത്തില്ല എന്ന ദുർവാശിയിൽ നിന്ന സർക്കാർ ഭേദഗതികൾക്ക് തയ്യാറാണെന്നും, ഒടുവിൽ പതിനൊന്ന് വട്ട ചർച്ചകൾ പൂർത്തിയാകുമ്പോൾ ഒന്നര വർഷത്തേക്ക് നിയമം മരവിപ്പിക്കാൻ തയ്യാറാണ് എന്ന നിലയിലേക്ക് വരെ എത്തി. കർഷകരുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിലെ സംഘപരിവാരത്തിന്റെ ഈ പിന്മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിന് അത്ര പതിവില്ലാത്ത ഒന്നാണ്. മൂലധന പിന്തുണകൊണ്ടും നിയമ നിർമ്മാണ സഭകളിലെ ഭൂരിപക്ഷം കൊണ്ടും ആർ.എസ്.എസ്സിന്റെ സംഘടനാ പരമായ വ്യാപ്തി കൊണ്ടും എന്തിനു നീതിന്യായ വ്യവസ്ഥയിലെ അപകടകരമായ സ്വാധീനം കൊണ്ടും സംഘപരിവാർ അജയ്യരാണ് എന്ന് തോന്നലുളവായ ഘട്ടത്തിലാണ് ഒരു കൂട്ടം കർഷകർ അവരെ വിറപ്പിച്ചു നിർത്തുന്നത്. എന്തുകൊണ്ടാണ് കർഷക സമരത്തിന് സംഘപരിവാറിനെ വെല്ലുവിളിക്കാൻ കഴിഞ്ഞത്?.

സ്വത്വ രാഷ്ട്രീയക്കെണികളില്‍ നിന്നും മോചിതരാവുക

ആയിരത്തിതൊള്ളായിരത്തിയെന്‍പതുകളുടെ രണ്ടാംപാദത്തില്‍ തുടങ്ങിയ  നവഉദാരവല്‍ക്കരണ നയങ്ങള്‍ നാട്ടിന്‍ പുറങ്ങളിലെ ജനങ്ങളെ സാമ്പത്തിക തകര്‍ച്ചയിലേക്കും പലായനങ്ങളിലേക്കും ആത്മഹത്യകളിലെക്കും തള്ളിവിട്ട ദുരന്തകാലത്തിലൂടെയാണ് മൂന്നരപതിറ്റാണ്ടായി ഇന്ത്യ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ജാതിയും മതവും രാഷ്ട്രീയത്തിന്‍റെ മുഖ്യധാര കയ്യടക്കിയത്. തീവ്ര മുതലാളിത്തത്തിന്‍റെ വരവും സ്വത്വരാഷ്ട്രീയത്തിന്‍റെ ഇളകിയാട്ടവും ഒരേ കാലഘട്ടത്തില്‍ സംഭവിച്ചുവെന്നത് ആകസ്മികമായൊരു സമകാലീനതയല്ല. പുതിയ സാമ്പത്തിക നയങ്ങള്‍ സമ്മാനിച്ച ദുരനുഭവങ്ങളുടെ യഥാര്‍ത്ഥ്യങ്ങള്‍ക്ക് പകരം ആ ദുരവസ്ഥയ്ക്ക് കാരണം അന്യജാതിക്കാരും മതക്കാരും ആണെന്ന മിഥ്യാധാരണയ്ക്ക് ചുറ്റും രാഷ്ട്രീയത്തെ ക്രമീകരിക്കേണ്ടത് ഈ സാമ്പത്തിക നയങ്ങള്‍ നിര്‍ബാധം നടപ്പാക്കാന്‍ ആവശ്യമായിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന് ജാതിരഷ്ട്രീയമാണ് ബദല്‍ എന്ന മൌദ്ദ്യം  പുരോഗമന ബുദ്ധിജീവികള്‍ പോലും സ്വാംശീകരിച്ചു. സത്യത്തില്‍ മതവര്‍ഗീയതയും ജാതി രാഷ്ട്രീയവും നിയോലിബറല്‍ മുതലാളിത്തത്തിന് പാദസേവ ചെയ്യുകയാണ്. തൊണ്ണൂറുകൾ  തൊട്ട് ഇങ്ങോട്ട് ഉത്തരേന്ത്യയിൽ നടന്ന വൻ സമരങ്ങളിൽ പലതും സംവരണ വിരുദ്ധ സമരങ്ങളായിരുന്നു. ഒരു ഭാഗത്തു സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നവർ മറു ഭാഗത്തു അതിനെ എതിർക്കുന്നവർ, ഇന്ത്യൻ രാഷ്ട്രീയവും സമരവും അങ്ങനെ സ്വത്വ പ്രമേയങ്ങളിൽ കിടന്നു തിരിഞ്ഞു.

അക്കാദമിക്സിലെ രാഷ്ട്രീയ വിശകലനകളിൽ നിന്നും വർഗ്ഗ രാഷ്ട്രീയം അപ്രക്ത്യക്ഷമായതിനെക്കുറിച്ചു പറയുന്ന വേളയിൽ വിവേക് ചിബ്ബർ സൂചിപ്പിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. കുറച്ചു കാലം മുൻപ് വരെ പുരോഗമന വാദികൾ എന്ന്  സാമൂഹ്യ പ്രവർത്തകരും ബുദ്ധിജീവികളും സ്വയം പരിചയപ്പെടുത്തുമ്പോൾ അവർ   ജനാധിപത്യ അവകാശങ്ങൾക്കും, തുല്യതയ്ക്കും എല്ലാം വേണ്ടി നിലനിൽക്കുന്നവരാണ് എന്ന് കരുതുന്നത് പോലെ തന്നെ അവർ മുതലാളിത്ത വിരുദ്ധരാണ് എന്നും നമുക്ക് ഉറപ്പിക്കാമായിരുന്നു. വർണ്ണ വിവേചനങ്ങൾക്കും ലിംഗ വിവേചനകൾക്കും കാരണങ്ങളായി പലതും ഉണ്ടെങ്കിലും അതിന്റെ പ്രധാന ഉത്ഭവ കേന്ദ്രം ദാരിദ്യ്രവും ഭൗതിക സാഹചര്യങ്ങളിലെ അസുരക്ഷിതത്വവുമാണ് എന്ന് പുരോഗമന വാദികൾ കരുതിയിരുന്നു. എന്നാൽ ഇന്ന് അങ്ങനെ സ്വയം പരിചയപ്പെടുത്തുന്നവരിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും വിധത്തിലുള്ള മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ഉള്ളടക്കം സൂക്ഷിക്കുന്നവരല്ല. അതിനെ മാറ്റി കൊണ്ട് കോർപറേറ്റ് വിരുദ്ധ ചേരിയിൽ പ്രത്യക്ഷമായി നിൽക്കാതെ പുരോഗമന രാഷ്ട്രീയത്തിന്റെ പ്രചാരകരായി നിങ്ങൾക്ക് സ്വയം അവരോധിക്കാൻ ആവില്ല എന്നാണ് കർഷക സമരം പഠിപ്പിക്കുന്ന പ്രധാന പാഠം.

സ്വത്വ കേന്ദ്രീകൃതമായ രാഷ്ട്രീയ സംഘാടനത്തിൽ നിന്നും മാറി വർഗ്ഗ കേന്ദ്രീകൃതമായ സംഘാടനത്തിലേക്ക് സംഘപരിവാർ വിരുദ്ധ ജനകീയ മുന്നേറ്റത്തെ നയിക്കാനായി എന്നതാണ് ഈ കർഷക സമരത്തിന്റെ കരുത്ത്. ഈ വ്യത്യാസമാണ് സംഘപരിവാറിന് കാലിടറുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന്.

വർഗ്ഗീയതയെ പ്രതിരോധിക്കുന്ന കർഷക മുന്നേറ്റം

സർക്കാരിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങൾക്കും  മതത്തിന്റെയും ദേശ വിരുദ്ധതയുടെയും ചാപ്പകൾ ചാർത്തിക്കൊടുത്താണ് ഈ ഭരണം ഇതുവരെ എല്ലാ സമരങ്ങളെയും നേരിട്ടത്. അത്തരത്തിൽ കർഷക സമരങ്ങളെയും അരികു വൽക്കരിക്കാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു. ആ എപ്പിസോഡിലെ അവസാന ശ്രമമായിരുന്നു റിപ്പബ്ലിക് ദിനത്തിൽ റെഡ്ഫോർട്ടിൽ നടന്നതും അതിനെ തുടർന്ന് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള കുപ്രചാരണങ്ങളും. റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന്റെ ചുവടു പിടിച്ചു നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം പിറ്റേ ദിവസം രാത്രിയോടെ ദൽഹി അതിർത്തിയിലെ സമര കേന്ദ്രമായ ഗാസിപ്പൂരിലെ വെള്ളവും വൈദ്യുതിയും സർക്കാർ വിച്ഛേദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി 28  രാത്രിയോടെ  സമരക്കാരെ  ബലം പ്രയോഗിച്ചു നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചു. സമര ഭൂമിയിലെ കര്ഷകരു വേദന ഹരിയാനയിലെയും പശ്ചിമ ഉത്തർപ്രദേശിലെയും കാർഷിക ഗ്രാമങ്ങളുടെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു. ഗാസിപൂരിൽ നിന്നും നൂറ്റിരുപത് കിലോമീറ്റർ അകലെയുള്ള മുസാഫിർ നഗറിൽ കർഷക സമരത്തെ പിന്തുണച്ച് ലക്ഷങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്ത്  കർഷക സമരത്തിന് വീണ്ടും പുതിയ ഊർജ്ജം നൽകി.

മുസാഫിർ നഗർ എന്ന പേര് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇങ്ങനെ മുഴങ്ങി കേൾക്കുന്നത് ഇതാദ്യമല്ല. 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് യു.പി യിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ തെറ്റിക്കാൻ പാകത്തിൽ സംഘപരിവാർ മുസാഫിർ നഗറിൽ ഒരു കലാപം ആസൂത്രണം ചെയ്യുന്നത്. ഇന്നത്തെ ആഭ്യന്തര മന്ത്രിയും അന്ന് ബി.ജെ.പി യുടെ അധ്യക്ഷനായിരുന്ന അമിത് ഷാ ഉത്തര പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ 2013 സെപ്തബറിലാണ്  ഒദ്യോഗിക കണക്കുകൾ പ്രകാരം അറുപതിലധികം പേർ കൊല്ലപ്പെട്ട കലാപം നടന്നത്. ഒരു മഹാ പഞ്ചായത്ത് യോഗത്തിൽ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് മുസാഫിർ കലാപാഹ്വാനമായി മാറിയത്. പിന്നീട് ജാട്ട് സമുദായത്തിലെ ഹിന്ദുക്കളും  മുസ്ലിം വിശ്വാസികളും തമ്മിലുള്ള നേരിട്ടുള്ള അക്രമത്തിലേക്ക് കാര്യങ്ങൾ എത്തി.

കലാപത്തിൽ പങ്കെടുത്ത ബഹുഭൂരിഭാഗവും സാധാരണക്കാരായ കർഷകരായിരുന്നു. ഭാരതീയ കിസാൻ യൂണിയനിൽ രണ്ടു സമുദായങ്ങളിൽ നിന്നുള്ള കർഷകരാണ്  പ്രധാനമായും ഉണ്ടായിരുന്നത്. ജാട്ട് ഹിന്ദുക്കളും മുസ്ലീങ്ങളും. ഇവരെ ഐക്യത്തോടെ നിലനിർത്താൻ കഴിഞ്ഞു എന്നതായിരുന്നു ബി.കെ.യു വിന്റെ മഹേന്ദ്ര സിംഗ് ടിക്കയത്തിന്റെ കാലത്തെ കരുത്ത്. അതിനെയാണ് മുസാഫിർ നഗറിലെ കലാപം ഇല്ലാതാക്കിയത്.  ഈ കലാപം വഴി ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഴുവൻ പിടിക്കാൻ സംഘ്പരിവാരത്തിനായി. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിലൂടെ കൂടുതൽ കരുത്തനായ കർഷക നേതാവായി ഉയർന്നു വന്ന രാകേഷ് ടിക്കായതും സഹോദരനുമെല്ലാം കഴിഞ്ഞ ലോക തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് അനുകൂലമായി വോട്ട് ചെയ്‌തവരാണ്. അക്കാര്യം അവർ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്.

മുസാഫിർ കലാപത്തിലൂടെ ബി.ജെ.പി ഉയർത്തിയ വർഗീയതയുടെ ഈ രാഷ്ട്രീയ ആഖ്യാനത്തെയാണ് കഴിഞ്ഞ ദിവസം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുസാഫിർ നഗറിൽ നടന്ന മഹാപഞ്ചായത്ത് മായ്ച്ചു കളയുന്നത്. ഉത്തർ പ്രദേശിന്റെ സമീപ കാല രാഷ്ട്രീയത്തിൽ മതജാതി സ്വത്വത്തെ അടിസ്ഥാന മാക്കിയല്ലാതെ തങ്ങളെ ബാധിക്കുന്ന ജീവിത പ്രശ്നങ്ങളെ ഉയർത്തി ജനങ്ങൾ ഇങ്ങനെ സംഘടിക്കുന്നത് ആദ്യമായിട്ടാകും. മുസാഫിർ നഗറിന്റെ  എളുപ്പം ഉണങ്ങാത്ത കലാപത്തിന്റെ മുറിപാടുകൾ  ഉണക്കാൻ കൂടി ഈ സമരം ഉപകരിക്കും. ജാതിബോധത്തിനും മതപരമായ ഭിന്നതയ്ക്കുമപ്പുറം തങ്ങളുടെയെല്ലാം ജീവിതത്തെ ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നം പരിഹരിക്കാനാണ് അവരിപ്പോൾ ഒന്നിച്ചു നിൽക്കുന്നത്. മത വർഗീയത മുന്നോട്ട് വയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തു  തോൽപിക്കാൻ സാധാരണക്കാരായ എല്ലാവിധം മനുഷ്യരുടെയും നിത്യ ജീവിത പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് മുസാഫിർ നഗർ.

കോർപറേറ്റുകള്‍ക്കെതിരെ തൊഴിലാളി കർഷക സഖ്യം

കർഷക വിരുദ്ധമായ ഈ മൂന്ന് നിയമങ്ങളും പാസ്സാക്കിയ അതെ പാർലമെന്റ് സെഷനിൽ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തൊഴിൽ നിയമ ഭേദഗതിയും ഈ സർക്കാർ നടത്തിയിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ഓൾ ഇന്ത്യ കിസാൻ സംഘര്ഷ കോഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 5  നു കർഷകർ പ്രഖ്യാപിച്ച ജയിൽ നിറക്കൽ സമരത്തിന് രാജ്യത്തെ തൊഴിലാളി സംഘടനകളും പങ്കുചേരുന്നത്. രാജ്യത്തെ 25  സംസ്ഥാനങ്ങളിലായി  600 ജില്ലകളിലാണ് ആ പരിപാടി നടന്നത്.

തൊഴിൽ നിയമ ഭേദഗതിക്കെതിരെ  തൊഴിലാളി സംഘടനകൾ സെപ്തബർ  23 നു രാജ്യവ്യാപകമായി വീണ്ടും സമരം നടത്തി. അതിനു രണ്ടു ദിവസത്തിന് ശേഷമാണ് സെപ്തബർ  25 നു കർഷക സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിക്കുന്നത്. ഈ ബന്ദിന് തൊഴിലാളി സംഘടനകളുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു.

നവംബർ 26  നു കർഷക സംഘടനകളുടെ കൂട്ടായ്മയായ ' കിസാൻ ഏക്താ മോർച്ചയുടെ ആഭിമുഖ്യത്തിൽ' ' ദില്ലി ചലോ' എന്ന പേരിൽ തലസ്ഥാന നഗരിയിലേക്ക് മാർച്ചു നടത്താൻ തീരുമാനിച്ച ദിവസം തന്നെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതാണ് ഡൽഹിയിലെ കർഷക സമരത്തിന് ദേശീയ മുഖം കൊടുത്തത്. ഡൽഹി അതിർത്തിയിലെ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 8 നു കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയപ്പിക്കുന്നതിലും സംഘടിത തൊഴിലാളികൾ കാര്യമായ പങ്ക് വഹിച്ചിരുന്നു.  പിന്നീട് ഡൽഹിയിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും നിരന്തരം നടന്നു കൊണ്ടിരിക്കുന്ന കർഷക സമരങ്ങളിൽ എല്ലാം തന്നെ കർഷകരും തൊഴിലാളികളും ഒരുമിച്ചു ഒരു മുന്നണിയായി നിൽക്കുന്നത് കാണാം.

ഒരുഭാഗത്ത് കോർപറേറ്റുകൾക്ക് തൊഴിലാളികളെ കൂടുതൽ  ചൂഷണം ചെയ്യാൻ തൊഴിൽ നിയമങ്ങൾ ഭേദഗതിചെയ്യുന്നു, മറുഭാഗത്ത് കാർഷിക മേഖലയിലേ കോർപറേറ്റ് വൽക്കരണം സാധ്യമാക്കും വിധം മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നു, അങ്ങനെ ഒരേ സമയം തൊഴിലാളികളെയും കർഷകരെയും ദ്രോഹിച്ചു കോർപറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള  അവസരമാണ് ഈ സർക്കാർ ഉണ്ടാക്കുന്നതെന്ന് കർഷകരും തൊഴിലാളികളും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ ഒന്നും ഇല്ലാത്തവിധം  കർഷകരും തൊഴിലാളികളും ഒരു മുന്നണിയായി ഒരുമിച്ചു കോർപറേറ്റ് വിരുദ്ധ  സമര രംഗത്തുള്ളത്.

അദാനിയേയുംറിലയൻസ് ജിയോയെയും ബഹിഷ്കരിക്കണമെന്നു കർഷക സംഘടനകൾ സമരത്തിന്റെ തുടക്കത്തിലേ ആഹ്വാനം ചെയ്തിരുന്നു.  ഇന്ത്യൻ കോർപറേറ്റുകളോട്  കർഷകതൊഴിലാളി മുന്നേറ്റം ഇത്രമേൽ നേരിട്ട് സമരം പ്രഖ്യാപിക്കുന്നതും സമീപ കാലത്തെ  പുതിയ അനുഭവമാണ്. ഈ സമരത്തിന്റെ പ്രധാന കേന്ദ്രമായ പഞ്ചാബിൽ റിലയൻസ് പെട്രോൾ പമ്പുകളും മാളുകളും മാസങ്ങളായി ബഹിഷ്ക്കരണത്തിലാണ്. റിലയൻസ് ജിയോ ടെലിക്കമ്മ്യൂണിക്കേഷന്റെ ആയിരത്തി മുന്നോറോളം ടവറുകളുടെ വൈദ്യുതി സമരത്തിന്റെ ഭാഗമായി ഒരു ദിവസം കർഷകർ വിച്ഛേദിച്ചത് ഈ വിഷയത്തിലെ കോർപറേറ്റുകൾക്ക് എതിരായുള്ള കർഷക രോഷത്തിന്റെ ഉദാഹരണമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ അംബാനിയുടെ സമ്പത്ത് 1.68  കോടി ലക്ഷം രൂപയിൽ നിന്നും 6  .58 ലക്ഷം കോടിയും  അദാനിയുടേത് 0.5 ലക്ഷം കോടിയിൽ നിന്നും 1.4 ലക്ഷം കോടിയുമായി വർദ്ധിച്ചത്  ഈ സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയത്തിന്റെ സാക്ഷ്യപത്രമായി കർഷക സംഘടനകൾ ചൂണ്ടി കാണിക്കുന്നു. സംഘപരിവാർ സർക്കാരും ഈ കോർപറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടിനെതിരെയുള്ള  കർഷകതൊഴിലാളി മുന്നണിയുടെ പ്രത്യക്ഷ യുദ്ധ പ്രഖ്യാപനമായിരിക്കുകയാണ് ഈ സമരം. അതുകൊണ്ടാണ് ഉദാരവല്കരണത്തിനു എതിരെ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും പ്രസ്കതമായ സമരമായി ഇത് മാറുന്നത്.

അധ്വാനിക്കുന്ന കർഷകരും തൊഴിലാളികളും തമ്മിലുള്ള ഐക്യം എന്നത് പോലെത്തന്നെ വർഗ്ഗപരമായി  പല തട്ടിലുള്ള കർഷകരുടെ ഐക്യവും എടുത്ത് പറയേണ്ടുന്ന ഒന്നാണ്  . ഇന്ത്യൻ കാർഷിക സമൂഹത്തിൽ   ഭൂപ്രഭുക്കളും  , കർഷക മുതലാളിമാരും. വൻകിട കർഷകരും,  ചെറുകിട കർഷകരും, ദരിദ്ര കര്‍ഷകരും,  കർഷ തൊഴിലാളികളും, അടക്കം  വ്യത്യസ്ത വർഗ്ഗങ്ങളിൽ  നിന്നുള്ളവരുണ്ട്.  ഇവർക്കെല്ലാം ഒരു സമൂഹമെന്ന നിലയിൽ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പലവിധ താല്പര്യങ്ങളുമാണുള്ളത്. കർഷക തൊഴിലാളി കൂടുതൽ കൂലി ആവശ്യപ്പെടുമ്പോൾ അത് പരമാവധി കുറച്ചു നൽകാനാണ് കർഷക മുതലാളിമാരും  , വൻകിട കർഷകരും ശ്രമിക്കുക. അതിനാൽ തന്നെ ഈ വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിൽ പലവിധത്തിലുള്ള വർഗ്ഗ വൈരുധ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. എന്നാൽ പുതിയ കാർഷിക നിയമത്തിന്റെ പശ്ചാത്തലത്തിൽ  ഈ വൈരുധ്യങ്ങൾക്ക് അപ്പുറത്തേക്ക് വൻകിട മൂലധനത്തിനെതിരെ ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്ന് കര്‍ഷക സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിലെ ചില വിഭാഗങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചുവെന്നതാണ് ഈ സമരത്തിന്‍റെ ഒരു  പ്രത്യേകത.

കർഷകർ തമ്മിലുള്ള ഐക്യവും  , കർഷകരും തൊഴിലാളികളും തമ്മിൽ രൂപപ്പെട്ടു വരുന്ന കർഷതൊഴിലാളി ഐക്യ മുന്നണിയുമാണ്  ഈ സമരത്തിന്റെ കരുത്ത്. അതിനെയാണ് സത്യത്തിൽ സംഘപരിവാർ ഭയപ്പെടുന്നത്. ഈ മുന്നണിയെ ഏതു വിധേനയും ശക്തിപ്പെടുത്തുക എന്നതാണ് പുരോഗമന രാഷ്ട്രീയത്തിന്റെ പക്ഷത്ത് നിൽക്കുന്ന ഓരോരുത്തരുടെയും ഇന്നത്തെ ചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top