01 March Monday

വാരിയംകുന്നന്റെ രക്തസാക്ഷിത്വത്തിലേക്ക് നമുക്ക് കൈനീട്ടാം

കെ ടി കുഞ്ഞിക്കണ്ണൻUpdated: Wednesday Jan 20, 2021

ഇന്ത്യൻ കർഷകർ കോർപ്പറേറ്റ് രാജിൽ നിന്ന് കൃഷിയെയും നാടിനെയും രക്ഷിക്കാനുള്ള പോരാട്ടം തുടരുന്ന സമരോത്സുകമായൊരു  രാഷ്ട്രീയ സന്ദർഭത്തിലാണ് നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന് രക്തശോഭ പകർന്ന ധീരദേശാഭിമാനി വാരിയം കുന്നത്ത് കുഞ്ഞമ്മത് ഹാജിയുടെ രക്തസാക്ഷിത്വം നൂറാം വർഷത്തിലേക്ക് കടക്കുന്നത്

1922 ജനുവരി 21-ാം തിയ്യതിയാണ് ബ്രിട്ടീഷ് പട്ടാളം കുഞ്ഞമ്മത് ഹാജിയെ കസ്റ്റഡിയിലെടുത്ത് വിചാരണ പോലും ചെയ്യാതെ വെടിയുതിർത്ത് കൊലപ്പെടുത്തുന്നത്. ധീരോദാത്തമായിരുന്നു ആ രക്തസാക്ഷിത്വം.
തൻ്റെ വിധി നടപ്പാക്കാൻ വന്ന ബ്രിട്ടീഷു ഉദ്യോഗസ്ഥരോട് കണ്ണുമൂടി കെട്ടാതെ  നേരിട്ട് വെടിയുതിർത്ത് തന്നെ വധിക്കണമെന്നാണ് വാരിയംകുന്നൻ ആവശ്യപ്പെട്ടത്.സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ജ്വലിച്ചു നിന്ന ദേശാഭിമാനബോധവും കർഷക വർഗ്ഗാവേശവുമായിരുന്നു മരണമുഖത്ത് പോലും ആ സിരകളിൽ കത്തിപ്പടർന്നത്.അടിമത്വത്തെ വെറുക്കുന്ന, അധീശത്വവർഗ്ഗാധികാരത്തിന് മുമ്പിൽ കീഴടങ്ങാൻ വിസമ്മതിക്കുന്ന മാപ്പിള കർഷക കുടിയാന്മാരുടെ സ്വാതന്ത്ര്യബോധമാണ് വാരിയംകുന്നനിൽ ജ്വലിച്ചു നിന്നത് ....
മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധം ..

സാമ്രാജ്യത്വ മൂലധനത്തിൻ്റെയും ജന്മിഭൂപ്രഭു വർഗ്ഗങ്ങളുടെയും താല്പര്യ സംരക്ഷകരായ ഹിന്ദുത്വവാദികൾ അന്നെന്ന പോലെ ഇന്നും രാജ്യത്തെ കർഷകരെയും അവരുടെ അതിജീവനസമരങ്ങളെയും വേട്ടയാടുകയാണ്.
എൻഐഎ അഴിച്ച് വിട്ടു സമരം ചെയ്യുന്നവർ ഖാലിസ്ഥാനികളാണെന്നും ഭീകരവാദികളാണെന്നും ആരോപിച്ച് തകർക്കാനുള്ള ഗൂഢാലോചനയിലാണ്
കേന്ദ്ര സർക്കാർ... അംബാനിമാർക്കും അദാനിമാർക്കും വേണ്ടി കർഷകജനതയെ അടിച്ചമർത്തുകയാണ് മോഡി സർക്കാർ.

നവസാമ്രാജ്യവാദികൾക്കും കോർപ്പറേറ്റുകൾക്കുമെതിരായ പോരാട്ടത്തിന് കരുത്ത് പകരുന്ന മലബാർ കർഷക സമരത്തിൻ്റെ സ്മരണയിലേക്ക്, വാരിയംകുന്നൻ്റെ രക്തസാക്ഷിത്വത്തിലേക്ക് നമുക്ക് കൈനീട്ടാം...
ചരിത്രത്തിൻ്റെ ചോര വീണ ഓർമ്മകളെ, മനുഷ്യവിമോചനത്തിനായുള്ള മഹാരക്തസാക്ഷിത്വങ്ങളെ വർത്തമാന പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള സമരോർജമായി നമുക്ക് മാറ്റാം.
വാരിയൻ കുന്നത്ത് കുഞ്ഞമ്മത് ഹാജിയുടെയും സഖാക്കളുടെയും പോരാട്ട വീര്യത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കാം ... കർഷകസമരത്തോട് ഐക്യപ്പെടാം. നാടിനെ അംബാനിമാർക്കും അദാനിമാർക്കും ആഗോള മൂലധനശക്തികൾക്കും അടിയവെക്കുന്നവർക്കുമെതിരെ പൊരുതാം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top