16 January Saturday

ചരിത്രമെഴുതിയ മുന്നേറ്റം; ആവേശവും പ്രതീക്ഷയും കർഷകർ

എ ആർ സിന്ധുUpdated: Monday Nov 30, 2020

ചരിത്രമെഴുതിയ കർഷകസമരത്തിന്റെ തീച്ചൂളയിലാണ് തലസ്ഥാനനഗരി. രണ്ടര ലക്ഷത്തോളം കർഷകർ യുദ്ധസമാനമായ ഭരണകൂടഭീകരതയെ നേരിട്ടുകൊണ്ട് ഡൽഹിയിലേക്കുള്ള രണ്ട്‌ പ്രധാന നാഷണൽ ഹൈവേ നിറഞ്ഞു കവിഞ്ഞ്‌ ഡൽഹിയിൽ പ്രവേശിച്ചിരിക്കുന്നു. മോഡി–-അമിത് ഷാ സർക്കാരിന്റെ എല്ലാ അടവുകളെയും പരാജയപ്പെടുത്തി തങ്ങളുടെ നിബന്ധനകളിൽ സർക്കാരിനെക്കൊണ്ട് നടപടികൾ എടുപ്പിക്കുന്ന തരത്തിൽ സമരം മുന്നേറുന്നു. രാജ്യമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും ഈ സമരത്തെ ഉറ്റുനോക്കുകയാണ്.

യഥാർഥ പ്രശ്നങ്ങളെ അവഗണിച്ച്‌ സംഘപരിവാർ അജൻഡകൾമാത്രം ചർച്ചചെയ്യുന്ന മുഖ്യധാരാമാധ്യമങ്ങളടക്കം കർഷകസമരം തത്സമയം ചർച്ച ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. എന്നാൽ, ഈ മധ്യവർഗ ചർച്ചകളുടെ ആവേശത്തിനിടയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ഈ സമരഘട്ടത്തിലേക്കും രൂപത്തിലേക്കും അടിസ്ഥാന വർഗസമരങ്ങളെ എത്തിച്ചതിന്റെ ബോധപൂർവമായ വർഗ ഇടപെടലുകളുടെ ചരിത്രവും  നൈരന്തര്യവുമാണ്, അതിലെ ഇടതുപക്ഷ രാഷ്ട്രീയവും.

നവംബർ 26 ദേശീയ പണിമുടക്ക്‌

ലോകത്തെതന്നെ ഏറ്റവും വലിയ പണിമുടക്ക്‌ എന്ന് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ച 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്ത നവംബർ 26ന്റെ ദേശീയ പൊതുപണിമുടക്കാകട്ടെ മുഖ്യധാരാ മാധ്യമങ്ങൾ മുക്കിക്കളയുകയാണുണ്ടായത്. നവംബർ 26–-27ന്റെ കർഷകസംഘടനകളുടെ ഡൽഹി മാർച്ചിന്റെ ആഹ്വാനംതന്നെ ദേശീയ ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത ഈ 20–-ാമത് ദേശീയ പൊതു പണിമുടക്കുമായി ഏകോപിപ്പിച്ചുകൊണ്ടാണ്.  29 വർഷത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നവലിബറൽ വിരുദ്ധ ചെറുത്തുനിൽപ്പുകളുടെ തുടർച്ചയാണിത്. പലപ്പോഴും വഴിപാടുസമരങ്ങളെന്ന് പഴികേട്ടുകൊണ്ട് സിഐടിയുവും ഇടത് ട്രേഡ് യൂണിയനുകളും ഒറ്റയ്ക്ക് തുടങ്ങിവച്ച് സമ്പൂർണ ട്രേഡ് യൂണിയൻ ഐക്യത്തിലെത്തിച്ച 19 പണിമുടക്കുകൾ നടത്തി.

അതിന്റെ നിരന്തര  പ്രചാരണപ്രവർത്തനങ്ങൾ, നിരവധിയായ  സമരങ്ങളും പദ്ധതി തൊഴിലാളികളുടേതടക്കമുള്ള അസംഘടിതമേഖലയിലെ വൻ തൊഴിലാളി മുന്നേറ്റങ്ങളും  ഗ്രാമീണമേഖലയിൽ സമരാന്തരീക്ഷം സൃഷ്‌ടിച്ചു. ആത്മഹത്യയിൽനിന്ന് ചെറുത്തുനിൽപ്പിലേക്കുള്ള കർഷകരുടെ ഉയർച്ചയും കർഷക സംഘടനകളുടെ ഐക്യവേദിയും മോഡി സർക്കാരിന്റെ കോർപറേറ്റ് വർഗീയ ഏകാധിപത്യ ഫാസിസ്റ്റ് ഭരണത്തിൻ കീഴിൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരായി വളർന്ന ട്രേഡ് യൂണിയൻ കർഷകസംഘടനകളുടെ ഏകോപനശ്രമങ്ങളടക്കം മൂന്ന് പതിറ്റാണ്ടിന്റെ നിരന്തരശ്രമങ്ങളിലൂടെ വളർത്തിയെടുത്ത സമരങ്ങളുടെ വിജയമാണ്‌ ഡൽഹിയിൽ നാമിന്നു കാണുന്ന ജനസമുദ്രം.

ഇടതുപക്ഷത്തിന്റെ സമരങ്ങൾ

ഈ ഐക്യം വളർത്തിയെടുക്കാൻ സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ തനതായും കൂട്ടായും നടത്തിയ സമരങ്ങൾ വലിയ പങ്കുവഹിച്ചു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സംഘടിത അസംഘടിത മേഖലകളിലെ പണിമുടക്കുകൾ, മഹാരാഷ്ട്രയിലെ കിസാൻ ലോങ്‌ മാർച്ച്‌, രാജസ്ഥാനിലെ സമരങ്ങൾ എന്നിവ സുപ്രധാനമാണ്‌. അവയുടെ തുടർച്ചയായ 2018ലെ ആഗസ്ത്‌ ഒമ്പതിന്റെ അഞ്ച്‌ ലക്ഷത്തോളം പേർ പങ്കെടുത്ത ജയിൽ നിറയ്‌ക്കൽ സമരവും സെപ്തംബർ അഞ്ചിന്റെ രണ്ട്‌ ലക്ഷം പേർ പങ്കെടുത്ത മസ്ദൂർ കിസാൻ സംഘർഷ് റാലി തുടങ്ങിവയെല്ലാം കർഷക-ത്തൊഴിലാളി സംഘടനകളുടെ ദേശീയ ഐക്യത്തിനും  മുദ്രാവാക്യങ്ങൾ രൂപീകരിക്കാനും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌.

2015ലെ പൊതു പണിമുടക്കിന്റെ മുഖ്യ ആവശ്യങ്ങളിലൊന്ന്‌   ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ചത്‌ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പിൻവലിക്കുക എന്നതായിരുന്നു. 2020ൽ ലോക്ഡൗണിന്റെ മറവിൽ എല്ലാ ജനവിരുദ്ധ കോർപറേറ്റ് നയങ്ങളും നിയമമാക്കി ഭരണഘടനയെ അട്ടിമറിച്ച്‌, അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച്‌ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്‌ ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള മോഡി ഭരണം. അതിനെതിരായി തൊഴിലാളികളെ അണിനിരത്തി ആറുമാസത്തിനകം ഒരു പൊതു പണിമുടക്കിലെത്തിക്കാൻ നടത്തിയ സമരങ്ങളിലും കർഷകവിരുദ്ധ ഓർഡിനൻസുകൾ (പിന്നീട് നിയമമാക്കി) പിൻവലിക്കണമെന്നത് മുഖ്യ ആവശ്യമായി ഉയർത്തപ്പെട്ടു. ഇത് കർഷകസമരത്തെ പഞ്ചാബ്, ഹരിയാന, യുപി എന്നീ ഹരിതവിപ്ലവ സംസ്ഥാനങ്ങളിലൊതുങ്ങാതെ ഒരു ദേശീയ സമരമായി വളർത്താൻ കർഷകസംഘടനകൾക്ക് സഹായകമായി.

കർഷകവിരുദ്ധ നിയമങ്ങൾക്കും തൊഴിലാളിവിരുദ്ധ കോഡുകൾക്കും എതിരായ തുടർച്ചയായ സമരങ്ങൾ - ആഗസ്ത്‌ 9, സെപ്തംബർ 23, സെപ്തംബർ 25 – ട്രേഡ് യൂണിയനുകളും കർഷകസംഘടനകളും ഒന്നുചേർന്നാണ് നടത്തിയത്. അതിന്റെ തുടർച്ചയായാണ് ഈ പണിമുടക്കും ഗ്രാമീണ ഹർത്താലും ഡൽഹി മാർച്ചും തീരുമാനിക്കപ്പെട്ടത്.  നവലിബറലിസത്തിനെതിരായ 20–-ാമത്തെ പണിമുടക്ക്, ഈ വർഷത്തെ രണ്ടാമത്തെ പൊതുപണിമുടക്ക്, കോവിഡ്‌ കാലത്തെ ആദ്യത്തെ പൊതുപണിമുടക്ക് എന്നിവ കൂടാതെ തൊഴിലാളി കർഷക ഐക്യം എന്ന മുദ്രാവാക്യം സമൂഹത്തിന്റെ താഴെത്തട്ടിൽവരെ എത്തിച്ച പണിമുടക്ക് കൂടിയാണ് 26ന്‌ നടന്നത്.

തൊഴിലാളികളോടൊപ്പം കർഷകത്തൊഴിലാളികളും കർഷകരും ഒന്നുചേർന്ന് വിജയിപ്പിച്ച  ദേശീയ പണിമുടക്ക്, ഇന്ത്യൻ തൊഴിലാളിവർഗ ചരിത്രത്തിൽ അളവുപരമായും ഗുണാത്മകമായും ഒരു നാഴികക്കല്ലായി. തൊഴിലാളിവർഗത്തിന്റെ പക്വതയും നേതൃത്വപരമായ പങ്കും മാത്രമല്ല, ഇടതുപക്ഷ മുദ്രാവാക്യങ്ങൾ മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരേയൊരു ബദൽ എന്ന് സ്ഥാപിക്കാനും ഈ സമരങ്ങളും അവയിലെ മുദ്രാവാക്യങ്ങളും വഴിവച്ചു. താൽക്കാലിക–-സാമ്പത്തിക ആവശ്യങ്ങളിൽനിന്ന്‌ നയങ്ങൾ തിരുത്തുക എന്നത് സമരങ്ങളുടെ മുഖ്യ മുദ്രാവാക്യങ്ങളായിരിക്കുന്നു.

വൻ ജനപങ്കാളിത്തമുള്ള അതിശക്തമായ ഈ വർഗസമരങ്ങൾ നവലിബറൽ വക്താക്കളായ പല മുഖ്യ ബൂർഷ്വാ രാഷ്ട്രീയ പാർടികളെയും തങ്ങളുടെ  നയം മാറ്റാൻ അഥവാ സമരങ്ങൾക്കനുകൂലമായ പ്രസ്താവനയിറക്കാൻ  നിർബന്ധിതരാക്കിയിരിക്കുന്നു. വേജ് കോഡിന് അനുകൂലമായി വോട്ട് ചെയ്യുകയും കർഷക ഓർഡിനൻസുകൾ വന്നപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത കോൺഗ്രസ്‌ പണിമുടക്കിനനുകൂലമായി നിലപാടെടുക്കുകയും കർഷകസമരത്തിൽ ‘തൊഴിലാളി കർഷക ഐക്യം സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന കൗതുകകരമായ കാഴ്ചയും–- തെരുവിലെ സമരങ്ങൾക്ക് മാത്രമേ ജനങ്ങൾക്കനുകൂലമായി രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റാൻ ശേഷിയുണ്ടാകൂ എന്നതിന്റെ തെളിവാണ്.

ഇനി വരുംനാളുകളിൽ കൂടുതൽ ശക്തമായ സമരങ്ങൾവഴി വർഗസമീകരണത്തിൽ മാറ്റം വരുത്തുന്നതിനും അതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്നതിലും തൊഴിലാളി കർഷക ഐക്യം താഴെത്തട്ടിൽ എത്തിച്ച ഈ തൊഴിലാളി പണിമുടക്കും കർഷക–- കർഷകത്തൊഴിലാളി ഹർത്താലും ഈ കർഷകസമരവും വഴിവയ്ക്കും.

( സിഐടിയു അഖിലേന്ത്യാ
സെക്രട്ടറിയാണ്‌ ലേഖിക).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top