18 May Tuesday

പാർലമെന്റിലേക്ക് വീണ്ടും കർഷകമാർച്ച്

അശോക് ധാവ്‌ളെUpdated: Sunday Apr 11, 2021

മേയിൽ ഡൽഹിയുടെ വിവിധ അതിർത്തികളിൽനിന്ന്‌ പാർലമെന്റിലേക്ക് വമ്പിച്ച മാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിരിക്കുകയാണ്. സമാധാനപരമായിരിക്കും മാർച്ച്. കർഷകരോടൊപ്പം തൊഴിലാളികളും കർഷകത്തൊഴിലാളികളും സ്ത്രീകളും ദളിത് -ആദിവാസി വിഭാഗങ്ങളും തൊഴിൽരഹിതരായ യുവാക്കളും വിദ്യാർഥികളും ബഹുജനങ്ങളും പാർലമെന്റ് മാർച്ചിൽ പങ്കെടുക്കും. മാർച്ചിന് മുന്നോടിയായി വിവിധങ്ങളായ നിരവധി പ്രക്ഷോഭ, പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിൽ പലതും ദേശവ്യാപക പരിപാടികളാണ്.

കഴിഞ്ഞ ദിവസം ഡൽഹി അതിർത്തിയിൽ കർഷകർ കെഎംപി എക്സ്പ്രസ് പാത ഉപരോധിച്ചിരുന്നു. വൈശാഖി ആഘോഷം നടക്കുന്ന 13ന് ദേശവ്യാപകമായി കർഷകർ പ്രത്യേക ദിനമായി ആചരിച്ച് പരിപാടികൾ സംഘടിപ്പിക്കും. 13 ജാലിയൻവാലാബാഗ് ദിനം കൂടിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം 1919ൽ ദേശാഭിമാനികളായ ആയിരത്തിലേറെ ഇന്ത്യയുടെ പുത്രന്മാരെ വെടിവച്ചു കൊലപ്പെടുത്തിയ ദിനം. ന്യായമായ ആവശ്യങ്ങളുയർത്തി പ്രതിഷേധിച്ചവർക്ക് നേരെയാണ് മുന്നറിയിപ്പില്ലാതെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്ത് കൊലപ്പെടുത്തിയത്.

ഡോ. ബാബ സാഹേബ് അംബേദ്‌കറുടെ ജന്മദിനമായ 14ന് ഭരണഘടന സംരക്ഷണദിനമായി രാജ്യവ്യാപകമായി ആചരിക്കും. സാർവദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് ഡൽഹി അതിർത്തിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പരിപാടികളെല്ലാം തൊഴിലാളി -കർഷക ഐക്യം ഇനിയും ശക്തിപ്പെടുത്തുന്നതിനായി ആത്മസമർപ്പണം നടത്തും.കർഷകസമരം തുടരുന്ന കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച പ്രക്ഷോഭ, പ്രതിഷേധ പരിപാടികളെല്ലാംതന്നെ ദേശീയ പ്രസ്ഥാനത്തിലെ സുപ്രധാന സംഭവങ്ങളെയും വിവിധ കർഷക സമരങ്ങളെയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തെയും അധ്വാനിക്കുന്നവരുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടങ്ങളെയും കൂട്ടിയിണക്കിയായിരുന്നു. ഇത്തരം പ്രക്ഷോഭങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനിന്ന് ഒറ്റിക്കൊടുത്ത ചരിത്രമാണ് ആർഎസ്എസിനും ബിജെപിക്കുമുള്ളത്. ഇതിൽനിന്ന്‌ തികച്ചും വിഭിന്നമാണ് സമരരംഗത്തുള്ള കർഷകർ.

മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുമായി ബന്ധപ്പെടുത്തി സംയുക്ത കിസാൻ മോർച്ച ദേശവ്യാപകമായി ആഹ്വാനംചെയ്ത് സംഘടിപ്പിച്ച പ്രക്ഷോഭ, പ്രതിഷേധ പരിപാടികളെല്ലാം കർഷകരിൽ സാമൂഹ്യ രാഷ്ട്രീയ അവബോധം വളർത്താൻ ഏറെ സഹായിക്കുന്നതാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ അഞ്ചിന് സംയുക്‌ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം ആയിരക്കണക്കിന് കർഷകർ എഫ്സിഐയുടെ നിരവധി ഓഫീസുകൾ ഉപരോധിച്ചു. പൊതുവിതരണ സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യവിതരണം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയും അടിസ്ഥാന തറവില നിശ്ചയിച്ച് ഭക്ഷ്യധാന്യം സംഭരിക്കുന്നത് നിർത്തലാക്കുന്നതിനുമെതിരെയായിരുന്നു ഈ സമരം. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ വിശദമാക്കിക്കൊണ്ട് അഖിലേന്ത്യാ കിസാൻസഭ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ഇതിന്റെ പകർപ്പ് മാധ്യമങ്ങൾക്കും നൽകിയിരുന്നു.

ബിജെപിയും സഖ്യകക്ഷികളും പ്രതിരോധത്തിൽ


കഴിഞ്ഞയാഴ്ച കർഷകസമരവുമായ ബന്ധപ്പെട്ട് ചില പ്രധാന സംഭവങ്ങളുണ്ടായി. ഇത് ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് ഹരിയാനയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഹിസാർ വിമാനത്താവളവും അവിടേക്കുള്ള ദേശീയപാതയും സമാധാനപരമായി ഉപരോധിച്ചു. ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗത്താലയെ വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടക്കാനാകാതെ കർഷകർ രണ്ട് മണിക്കൂറിലേറെ തടഞ്ഞുവച്ചു. അതുമാത്രമല്ല, കർഷകപ്രതിഷേധം ഭയന്ന് വിമാനത്താവളത്തിൽനിന്ന്‌ എട്ട് കിലോമീറ്റർ അകലെയുള്ള ഹരിയാന കാർഷിക സർവകലാശാലയിൽ എത്താൻ ഹെലികോപ്റ്ററിനെ ആശ്രയിക്കാൻ നിർബന്ധിതനായി.

രണ്ട് ദിവസത്തിനുശേഷം ഏപ്രിൽ മൂന്നിന് റോത്തക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർക്ക് കർഷകരുടെ ശക്തമായ
പ്രതിഷേധം നേരിടേണ്ടി വന്നു. കർഷക പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ വൃദ്ധർ ഉൾപ്പെടെ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. റോത്തക്കിലെ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഹിസാർ, ജിന്ത്, റോത്തക് എന്നീ ജില്ലകളിലെ ദേശീയപാതകളും പ്രധാന റോഡുകളും ആയിരക്കണക്കിന് കർഷകർ ഉപരോധിച്ചു. കർഷകവിരുദ്ധ നിയമത്തെ പിന്തുണയ്ക്കുന്ന ബിജെപി–-ജെജെപി സർക്കാരിനെതിരെ അതിശക്തമായ സാമൂഹ്യ ബഹിഷ്കരണമാണ് നേരിടേണ്ടിവരുന്നത്. ഏപ്രിൽ രണ്ടിന് രാജസ്ഥാനിലെ അൽവാറിനടുത്തുവച്ച് ഭാരത് കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ കാറ് ബിജെപി ഗുണ്ടകൾ തകർത്തു. സംസ്ഥാനത്തെ നിരവധി കർഷക മഹാപഞ്ചായത്തുകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ടികായത്തിന് നേരെ ഉണ്ടായ ഭീരുത്വപരമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് യുപി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഉയർന്നുവന്നത്. പതിനായിരക്കണക്കിന് കർഷകർ അണിനിരന്ന പടുകൂറ്റൻ പ്രതിഷേധ റാലികൾ നടന്നു.

മാർച്ച് 12 മുതൽ ഏപ്രിൽ ആറ് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ മണ്ണ് സത്യഗ്രഹയാത്രകൾ സംഘടിപ്പിച്ചു. 1930ൽ മഹാത്മാ ഗാന്ധി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽനിന്ന്‌ ആരംഭിച്ച  ചരിത്രപ്രധാനമായ ദണ്ഡിയാത്രയുടെ വാർഷിക ദിനമായ മാർച്ച് 12നാണ് വിവിധ കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ മണ്ണ് സത്യഗ്രഹയാത്ര ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ ഗ്രാമങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുമായി ആരംഭിച്ച സത്യഗ്രഹയാത്രയ്ക്ക് വഴിനീളെ ആയിരക്കണക്കിന് കർഷകരാണ് സ്വീകരണം നൽകിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധി നടത്തിയ ഉപ്പുസത്യഗ്രഹം സമാപിച്ച ദണ്ഡിയിൽ ഏപ്രിൽ ആറിന് മണ്ണ് സത്യഗ്രഹയാത്ര സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മണ്ണ് കർഷകസമരത്തിൽ പങ്കെടുത്തു രക്തസാക്ഷികളായ കർഷകരുടെ ധീരസ്മരണയ്ക്ക് സമർപ്പിച്ചു. 350 ലേറെ കർഷകർ ഇതുവരെ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായി. ഇവർക്ക് ഡൽഹി അതിർത്തിയിൽ സ്മാരകങ്ങൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ കർഷകരെ സർക്കാരും നിലവിലുള്ള സംവിധാനങ്ങളും എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണ്. 2020 ഒക്ടോബർ മുതൽ ആരംഭിച്ച കരിമ്പ് സീസണിനുശേഷം ഇതുവരെ കരിമ്പ് ശേഖരിച്ചതിന്റെ വിലയായി രാജ്യത്തെ കരിമ്പുകർഷകർക്ക് പഞ്ചസാര മില്ലുടമകളും സർക്കാരും 22,900 കോടി രൂപ കുടിശ്ശികയായി നൽകാനുണ്ട്. ഇതിന്റെ 60 ശതമാനവും 13,600 കോടി രൂപയും നൽകാനുള്ളത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ മില്ലുടമകളും യോഗി സർക്കാരുമാണ്. ബിജെപിയും ആർഎസ്എസും അവർ നയിക്കുന്ന സർക്കാരും എത്രമാത്രം കർഷകവിരുദ്ധമാണെന്ന് ഇതിലൂടെ തെളിയിക്കുകയാണ്.
(കിസാൻസഭ അഖിലേന്ത്യാ പ്രസിഡൻറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top