22 September Sunday

കർഷകരാണ് യജമാനന്മാർ; സർക്കാർ അവർക്കൊപ്പമുണ്ട്

വി എസ്‌ സുനിൽകുമാർ/കൃഷിമന്ത്രിUpdated: Friday Aug 16, 2019

മഴക്കെടുതിയുടെ നടുവിൽ മറ്റൊരു കർഷകദിനംകൂടി സമാഗതമാകുകയാണ്. നമ്മെ അന്നമൂട്ടുന്ന കർഷക സഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവി ദിനം. കഴിഞ്ഞവർഷം മലപ്പുറത്ത്‌ സംസ്ഥാനതല കർഷകദിനാചരണത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നൂറ്റാണ്ടിലെ മഹാപ്രളയംമൂലം ദിനാചരണം ഉപേക്ഷിച്ചു. കഴിഞ്ഞ വർഷത്തേതുപോലെ ഇക്കുറിയും മഴക്കെടുതിമൂലമുള്ള ദുരിതത്തിലാണ് നമ്മൾ. അതിനാൽ ആലപ്പുഴ ജില്ലയിൽ നടക്കേണ്ടിയിരുന്ന സംസ്ഥാന ഉദ്ഘാടനപരിപാടികൾ വേണ്ടെന്നുവച്ചു. ഒഡിഷയുടെ തീരത്ത് രൂപംകൊണ്ട ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവുംമൂലം കേരളത്തിൽ ആഗസ്‌ത്‌ എട്ടുമുതൽ അതിതീവ്ര മഴ പെയ്തു. നിരവധി സ്ഥലത്ത്‌ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കണ്ണീരുണങ്ങാത്ത മുറിവുകളായി.104 വിലപ്പെട്ട ജീവനാണ് ഇത്തവണത്തെ മഴക്കെടുതിയിൽ പൊലിഞ്ഞുപോയത്.

ദുരന്തമുഖത്തുനിന്ന് നമ്മൾ അതിജീവനത്തിന്റെ പാതയിലേക്ക് പതിയെ ചുവടുവയ്ക്കുന്നതിനിടെയാണ് ഇപ്പോൾ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. ഈ സർക്കാർ അധികാരമേറ്റ് മൂന്നുവർഷം പിന്നിടുന്നതിനിടെ മൂന്ന് മഹാദുരന്തങ്ങൾ കടന്നുപോയി. 2016ലെ കൊടുംവരൾച്ചയും 2017ലെ ഓഖി ദുരന്തവും 2018ലെ മഹാപ്രളയവും സമചിത്തതയോടും സംഘടിതമായും നേരിട്ടതിനുശേഷമാണ് ഇപ്പോൾ വീണ്ടും മഴക്കെടുതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയത്. ഏതു പരിസ്ഥിതി ദുരന്തമുണ്ടായാലും ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് കാർഷികമേഖലയ്ക്കാണ്. 15 വരെയുള്ള കണക്കുകൾ അനുസരിച്ച് ഈവർഷത്തെ മഴക്കെടുതിയിൽ 31,015 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. 1,21,675 കർഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 1,16,642 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങൾ പ്രകാരം 196 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമാത്രം ആവശ്യമാണ്. ദുരിതത്തിലായ കർഷകർക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സഹായവും പിന്തുണയുമായി സംസ്ഥാന സർക്കാരും കൃഷി വകുപ്പും ഒപ്പുമുണ്ടാകും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും കേരളത്തിന്റെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായിരിക്കും സർക്കാർ മുൻഗണന നൽകുന്നത്.

കർഷകനാണ് യഥാർഥ യജമാനൻ എന്ന് ഓരോ കർഷകദിനവും നമ്മെ ഓർമപ്പെടുത്തുന്നു. കൃഷിയെന്നത് അന്തസ്സില്ലാത്ത ഒരു പണിയെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാൽ, കൃഷി ഒരു സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ഇപ്പോൾ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. കൃഷി ചെയ്യുമ്പോൾ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന മെച്ചം എന്താണെന്ന് പൊതുസമൂഹം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ‘ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം’ എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കർഷകനെ ആദരിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ അങ്ങനെ ചിന്തിക്കാൻ സാധിക്കൂ.
കേരളം വർഷംതോറും നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലപരവും വിഭവപരവും സാമൂഹ്യവുമായ ആസൂത്രണപ്രക്രിയയിലൂടെ നമ്മുടെ കാർഷിക സമ്പ്രദായങ്ങളെ അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിക്ക്‌ കോട്ടംതട്ടാത്ത തരത്തിലുള്ള, പരിസ്ഥിതി സൗഹൃദ കാർഷിക സമ്പ്രദായങ്ങളാണ് ഇനി നടപ്പിലാക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തെ ഭൂഘടനയുടെ അടിസ്ഥാനത്തിൽ കാർഷിക പാരിസ്ഥിതിക മേഖലകളായി (അഗ്രോ ഇക്കോളജിക്കൽ സോണുകൾ) തിരിച്ചുകൊണ്ട് കാർഷിക സമ്പ്രദായങ്ങളെ പരിഷ്കരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരള കാർഷിക സർവകലാശാല ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മലഞ്ചെരിവുകളിൽ ചെയ്യുന്ന

കൃഷിസമ്പ്രദായമാകില്ല, സമതലപ്രദേശങ്ങളിൽ അനുവർത്തിക്കേണ്ടത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശം, ഇടനാടൻ ലാറ്ററൈറ്റ്, മലമ്പ്രദേശം, ഉയർന്ന മലനിരകൾ, പാലക്കാടൻ സമതലം എന്നിങ്ങനെയാണ് കേരളത്തിന്റെ കാർഷികമേഖലയെ തിരിച്ചിട്ടുള്ളത്. ഈ അഞ്ചു മേഖലയെ വീണ്ടും 23 സൂക്ഷ്മതല യൂണിറ്റുകളായി (അഗ്രോ–-ഇക്കോളജിക്കൽ മാനേജ്മെന്റ് യൂണിറ്റ്) വിഭജിച്ചിട്ടുണ്ട്. ഓരോ അഗ്രോ ഇക്കോളജിക്കൽ സോണുകളിലും മണ്ണിന്റെ ഫലഭൂയിഷ്ഠവും ജൈവ വൈവിധ്യവും തനത് കാർഷിക സമ്പ്രദായങ്ങൾക്കായി നിലനിർത്തിക്കൊണ്ടു തന്നെ അതത് മേഖലകൾക്ക് അനുയോജ്യമായ കൃഷിവിളകളും കാർഷികമുറകളും ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിന് കാർഷികമേഖലയിലും ഭൂമിശാസ്ത്രരംഗത്തുമുള്ള ശാസ്ത്രജ്ഞന്മാർ ഉൾപ്പെടുന്ന വിദഗ്ധസംഘത്തെ നിയോഗിക്കും. ഈ വിദഗ്ധ സംഘത്തിന്റെ ശുപാർശകൾകൂടി പരിഗണിച്ചുകൊണ്ടാകും ഓരോ സോണിനും അനുയോജ്യമായ വിളകൾ നിശ്ചയിക്കുന്നത്.
വരൾച്ചയുടെയും മഹാപ്രളയത്തിന്റെയും മുഖ്യകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസിക്കൽ ഉദാഹരണമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ളതാകണം കാർഷികമേഖലയിലെ ഇടപെടലുകൾ. നെൽവയലുകൾ കേവലം നെൽക്കൃഷിക്ക്‌ മാത്രമുള്ളതല്ല, അത് പ്രകൃത്യായുള്ള ജലസംഭരണികളാണ്. മുടക്കംകൂടാതെ നെൽക്കൃഷി ചെയ്യുമ്പോഴേ നെൽവയലുകളുടെ ജലാഗിരണശേഷി വർധിക്കുകയുള്ളൂ. അങ്ങനെ വന്നാൽ മാത്രമേ ഭൂഗർഭജലനിരപ്പ് ഉയരുകയുള്ളൂ. കേരള കാർഷിക സർവകലാശാലയും കാലാവസ്ഥാ പഠനഗവേഷണസ്ഥാപനങ്ങളും കഴിഞ്ഞ കുറെ വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഒരു സുപ്രധാനമായ കാര്യം കേരളത്തിന്റെ ഭൂഗർഭജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോകുന്നുവെന്നാണ്. ആശങ്കാജനകമായ റിപ്പോർട്ടാണത്.
വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നതരത്തിൽ, നീർച്ചാലുകൾ നികത്തിയും മലയും കുന്നും ഇടിച്ചുനിരത്തിയും വയലുകൾ നികത്തിയും തണ്ണീർത്തടങ്ങളും ജലസ്രോതസ്സുകളും ഇല്ലായ്മ ചെയ്തും മുന്നോട്ടുപോകുമ്പോൾ മഹാദുരന്തത്തിന്റെ പടിവാതിലുകളാണ് നാം അതിവേഗം ചവിട്ടിക്കയറുന്നത്. ഈ മഴക്കെടുതിയിൽ ഏറ്റവുംകൂടുതൽ ദുരിതം നേരിട്ട പുത്തുമലയിലും കവളപ്പാറയിലും മണ്ണിന്റെ ഘടനയിൽ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മേൽമണ്ണ് പൂർണമായും നഷ്ടപ്പെട്ടുപോയി.

മണ്ണിനെയും വെള്ളത്തെയും പരിസ്ഥിതിയെയും ആദരിച്ചുകൊണ്ടുള്ളതാകണം നമ്മുടെ ഇടപെടലുകളെന്ന താക്കീതാണ് ഇവ നൽകുന്നത്‌.
കേരളത്തിന് ഒരു ജൈവ കാർഷികനയമുണ്ട്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്നതും. രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. പാരിസ്ഥിതികമായ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ, കേരളത്തിൽ കൃഷിയധിഷ്ഠിത സംരംഭങ്ങളുടെ സാധ്യത അനന്തമാണ്. നമുക്കിവിടെ ലഭ്യമായ അവസരങ്ങളും സാധ്യതകളും പൂർണമായി കണ്ടെത്തുകയും ഫലപ്രദമായും സമയബന്ധിതമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിൽ നാം എത്രമാത്രം വിജയിച്ചെന്നത് ഈ കർഷകദിനത്തിൽ മലയാളികൾ ഓരോരുത്തരും ആത്മപരിശോധന നടത്തണം. വിഭവത്തെ വൈഭവമാക്കി മാറ്റുന്നതിനു നമുക്ക് സാധിക്കണം.

സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ കർഷകർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്. അതുകൊണ്ടുതന്നെ, കർഷകനെ മുഖ്യസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള വികസന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്‌. ലാഭകരമല്ല എന്നുപറഞ്ഞ് കൃഷി ഉപേക്ഷിച്ചുപോയവർ കൂടുതൽ ആവേശത്തോടും ആത്മവിശ്വാസത്തോടുംകൂടി കൃഷിയിലേക്ക് തിരിച്ചുവരുന്നതിന്റെ ശുഭസൂചനകൾ മഹാപ്രളയത്തിനുശേഷം ദൃശ്യമായി. കുട്ടനാടൻ കരിനിലങ്ങളിലും കോൾ മേഖലയിലുമൊക്കെ ഉണ്ടായ വമ്പൻ വിളവ് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷൻ കോൾ ഡബ്ൾ പോലുള്ള പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. നെൽക്കൃഷിയിൽനിന്നുള്ള ലാഭത്തിൽനിന്ന് ഒരോഹരി മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ കർഷകരുണ്ട്. അത്തരം കർഷകസഹോദരങ്ങളുടെ ആത്മവിശ്വാസവും അഭിമാനബോധവും തന്നെയാണ് നമ്മുടെ കൈമുതൽ.
നമ്മുടെ നാട്ടിൽ ധാരാളം ചെറുപ്പക്കാർ കാർഷികവൃത്തിയോട് താൽപ്പര്യവുമായി രംഗത്തുവരുന്നുണ്ട്. അവരെ കേവലം കൃഷിക്കാരായി നിലനിർത്തുക എന്നതല്ല, മറിച്ച് കാർഷിക സംരംഭകരാക്കി മാറ്റുക എന്നതാണ് സർക്കാർ നയം. അതിനുള്ള കർമപദ്ധതികളാണ് സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. മഹാപ്രളയത്തിനുശേഷം കാർഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കിടപ്പാടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കർഷകർക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തികസഹായവും നൽകുക എന്നതാണ് സർക്കാർ നയം. അത്‌ വിജയത്തിലെത്തിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യർഥിക്കുന്നു.


പ്രധാന വാർത്തകൾ
 Top