28 October Thursday

സമഭാവനയുടെ മാനവോത്സവം - ആലങ്കോട് ലീലാകൃഷ്ണൻ എഴുതുന്നു

ആലങ്കോട് ലീലാകൃഷ്ണൻUpdated: Tuesday Aug 17, 2021


ഇന്ന്‌ ചിങ്ങം ഒന്ന്‌, കർഷകദിനം. മലയാളവർഷം എന്നറിയപ്പെടുന്ന കൊല്ലവർഷ കലണ്ടർ അനുസരിച്ച് പുതുവർഷാരംഭവുമാണ്‌ ഈ ദിനം. കേരളത്തിൽ കർഷകരെ സംബന്ധിച്ച്‌ എല്ലാ അർഥത്തിലും ഒരു പുതുവർഷാരംഭമാണ് ചിങ്ങം. ഇരുപ്പൂ നിലങ്ങളിൽ മേടത്തിൽ വിതച്ചത് കൊയ്യുന്നത് ചിങ്ങത്തിലാണ്. മകരക്കൊയ്‌ത്തിന്‌ വിത്തിറക്കുന്നതും ചിങ്ങത്തിൽത്തന്നെ. ഒന്നാം പുകിൽ കൊയ്‌ത് നിറയും പുത്തരിയും ആഘോഷിച്ചു പുന്നെല്ല്‌ കുത്തി ഒരുക്കി ആഘോഷിക്കുന്ന കാർഷികോത്സവമാണ് ഓണം. വാഴക്കർഷകരുടെ ഓണവാഴകൾ കുലച്ചുപഴുക്കുന്നതും ചിങ്ങത്തിലാണ്‌. അടിസ്ഥാനപരമായി കൃഷിയിൽനിന്ന്‌ പിറന്നതാണ് ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ. നമ്മുടെ നാട്ടിലും അങ്ങനെതന്നെ. കർഷകന്‌ ജാതി–-മത–-വർണ ലിംഗഭേദങ്ങളില്ല. അതിനാൽ കർഷകദിനം വിഭാഗീയതകളൊന്നുമില്ലാത്ത കർഷക സമഭാവനയുടെ മാനവോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നു.

കർഷകനാണ് നമ്മുടെ സംസ്കൃതിയുടെ നട്ടെല്ല്. സാങ്കേതികവിദ്യകളിൽ നാം എത്രയൊക്കെ പുരോഗതി നേടിയാലും ഏതെങ്കിലും കർഷകർ എവിടെയെങ്കിലും കൃഷി ചെയ്താലേ മനുഷ്യവർഗത്തിന് ഭക്ഷണം കിട്ടൂ. അതിനാൽ കർഷകദിനം അന്നം തരുന്ന കർഷകരെ ആദരിക്കാനുള്ള വർഗസംസ്കാരത്തിന്റെ വിളംബരവും ആകുന്നു.

കേരളംപോലെ അടിക്കടി ഋതുപകർച്ചകൾ ഉണ്ടാകുന്ന ഒരു പ്രദേശത്ത് കാർഷിക നാട്ടറിവുകൾ വലിയൊരു വിജ്ഞാനശാഖകൂടിയാണ്. പഴയ കർഷകർ ഇപ്പോഴും മഴയെക്കുറിച്ച് ചില ഞാറ്റുവേലച്ചൊല്ലുകൾ പറയും.‘‘മകയിരം മാരി പെയ്യും’’ ‘‘ തിരുവാതിര തിരിമുറിയാതെ’’ ‘‘ പൂയം പൂഴി വാരിയിടുംപോലെ’’ എന്നിങ്ങനെ. ഇടവപ്പാതി മഴയെക്കുറിച്ചും തുലാവർഷത്തെക്കുറിച്ചും കർഷകന്റെ നാട്ടുനിരീക്ഷണങ്ങൾ പലതും ആധുനിക കാലാവസ്ഥാ നിരീക്ഷണങ്ങളേക്കാൾ കണിശമായിരുന്നു. മണ്ണ്‌ പരിപാലിക്കാനും കാർഷികവിളവുകൾ പരിചരിക്കാനും ഗ്രാമീണ ജലസേചന സംവിധാനങ്ങൾക്കും എണ്ണമറ്റ നാട്ടറിവുകൾ കർഷകർക്ക് തുണയായിരുന്നു.

‘ഭൂമി വെള്ളം കുടിച്ചു തേട്ടണം എന്നാലേ മണ്ണില്‌ വെള്ളംണ്ടാവൂ’’ എന്ന് ഗ്രാമീണ കർഷകൻ പറയുന്നത് കേട്ടിട്ടുണ്ട്. ഉപരിതല ജലചംക്രമണത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളിലൂടെ വെള്ളപ്പൊക്കം തടയാനും വെള്ളം കൃഷിക്ക് ആവശ്യമായ വിധത്തിൽ മണ്ണിൽ താഴാനുമുള്ള നാട്ടുസംവിധാനങ്ങൾ കർഷകജനത പരിപാലിച്ചിരുന്നു.

വരുചാലുകൾ, കൊട്ടച്ചാലുകൾ, കുണ്ടുവെട്ടുവഴികൾ, കാളച്ചാലുകൾ, കുളങ്ങൾ, ചെറുതോടുകൾ തുടങ്ങിയ ജലചംക്രമണ സിരാപടലങ്ങൾ പലതും നമ്മുടെ കൃഷിനിലങ്ങൾ സംരക്ഷിച്ചിരുന്നു. ചെരിഞ്ഞ നിലങ്ങളിൽ കർഷകർ വെള്ളം കുത്തിയൊലിച്ചു പോകാതിരിക്കാൻ ഇടവിട്ടിടവിട്ട്‌ വെള്ളച്ചാലുകൾ കൊത്തിയിടാറുണ്ടായിരുന്നു. മഴവെള്ളം മണ്ണിൽ സംരക്ഷിച്ചുനിർത്താനും മണ്ണൊലിപ്പ്‌ തടയാനും വെള്ളപ്പൊക്കത്തിന്റെ സാധ്യത ലഘൂകരിക്കാനും കർഷകരുടെ ഇത്തരം ജലപരിപാലന മാർഗങ്ങൾക്കു കഴിഞ്ഞു. സമൃദ്ധമായി പുഴകളും കായലുകളും തോടുകളും ഉണ്ടായിരുന്ന കാലത്തും ഗ്രാമീണ കർഷകർ കുളങ്ങൾ സംരക്ഷിച്ചിരുന്നു. ഈ ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും ജലനിരപ്പ്‌ സമനിലയിലുയർന്നു നിൽക്കുന്ന വിതാനത്തോളം അയൽപ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പ്‌ ഉയർന്നു നിൽക്കും എന്നവർക്കറിയാമായിരുന്നു. ജലം നിരപ്പു പാലിക്കും എന്നശാസ്‌ത്രം മനസ്സിലാക്കിയാണ്‌ കുളങ്ങൾക്ക്‌ നിറഞ്ഞുവഴിയാനുള്ള ഓവുചാലുകളും എണ്ണമറ്റ തോടുകളും നിർമിത ജലസംഭരണികളും കാർഷികനിലങ്ങളോടുചേർന്ന്‌ സംരക്ഷിച്ചുപോന്നത്‌. അത്‌ വലിയതോതിൽ വെള്ളപ്പൊക്കത്തെയും നിയന്ത്രിച്ചു. വിത്തുകൾ, കൃഷി രീതികൾ, നാടൻ തേക്കു സമ്പ്രദായങ്ങൾ, ഭൂമി പരിപാലനം തുടങ്ങിയ അനേകം കാർഷികജ്ഞാനങ്ങൾ നമ്മുടെ മണ്ണിനും മനുഷ്യർക്കും കാവലായി നിലനിന്നു.


 

നാം അവകാശപ്പെടുന്ന പുരോഗതിയുടെയെല്ലാം അടിത്തറ പാകിയത്‌ കാർഷിക സംസ്‌കൃതിയാണ്‌. അതു മനസ്സിലാക്കിക്കൊണ്ടാണ്‌ ഇടതുപക്ഷ സർക്കാർ 2019 നവംബറിൽ ‘കർഷകരുടെ മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കാവുന്ന കേരള കർഷക ക്ഷേമനിധി ബിൽ പാസാക്കിയത്. ഭൂപരിഷ്കരണനിയമത്തിന്റെ തുടർച്ചയായിക്കൂടി ഈ ബില്ലിനെ കാണാവുന്നതാണ്. സാമൂഹ്യനീതിയുടെ ഭാഗമായി എല്ലാവർക്കും തൊഴിൽ,- സാമൂഹ്യ പരിരക്ഷ, മെച്ചപ്പെട്ട വരുമാനം, കുടികിടപ്പവകാശം, കൃഷിഭൂമി കർഷകന് നേടിക്കൊടുക്കൽ, തൊഴിലവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും സംരക്ഷണം തുടങ്ങി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ നേടിത്തന്ന പലതും കേരളത്തിലെ കർഷകജനതയെയും കർഷകത്തൊഴിലാളിയെയും ചരിത്രപരമായി സംരക്ഷിച്ച ഇടപെടലുകളാണ്. കഴിഞ്ഞ ഇടതുപക്ഷ ഭരണവും ഇപ്പോഴത്തെ ഭരണത്തുടർച്ചയും നമ്മുടെ എല്ലാ കാർഷികമേഖലയെയും കരുതലോടെ സംരക്ഷിച്ചുവെന്നും ഈ കർഷകദിനത്തിൽ നമുക്ക് അഭിമാനിക്കാം. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് നെൽക്കൃഷിയും അനുബന്ധ വിളവുകളും പച്ചക്കറിക്കൃഷിയും നാളികേരകൃഷിയും നാണ്യവിളകളും എന്നല്ല, എല്ലാ കൃഷിയും ഗണ്യമായ തോതിൽ വർധിച്ചു. കർഷകർക്ക്‌ താങ്ങുവിലയും സബ്സിഡി ആനുകൂല്യങ്ങളും നൽകി കർഷകസമൂഹത്തിന്‌ ആത്മവിശ്വാസവും സംരക്ഷണവും നൽകുന്നതിൽ ഇടതു സർക്കാർ മാതൃകാപരമായ ഒട്ടേറെ നടപടി കൈക്കൊണ്ടു. കോവിഡ്‌ കാലത്തും ആഭ്യന്തര പച്ചക്കറി ഉൽപ്പാദനം റെക്കോഡ്‌ വർധന ഉണ്ടാക്കി. പാഴായിക്കിടക്കുന്ന കൃഷിനിലങ്ങൾ ഇല്ലാതായി.

എന്നാൽ കേന്ദ്രഭരണകൂടം, കാർഷിക ശാക്തീകരണം ലക്ഷ്യംവച്ചാണെന്ന് വിളംബരംചെയ്‌ത്‌ പാർലമെന്റിൽ പാസാക്കിയ മൂന്ന്‌ കാർഷികനിയമം ഇന്ത്യൻ കർഷകരെ ഒന്നാകെ ഉന്മൂലനം ചെയ്യുന്ന കരിനിയമങ്ങളായി മാറിത്തീരുന്നതും നാം കണ്ടു. കോർപറേറ്റ് കമ്പനികളുടെയും വൻകിട കാർഷികവിഭവ വ്യാപാരികളുടെയും താൽപ്പര്യംമാത്രം സംരക്ഷിക്കുന്നതാണ്‌ ഈ കാർഷികബില്ലുകളെന്ന്‌ കർഷകസമൂഹം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യാ ചരിത്രം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വിധത്തിലുള്ള വമ്പിച്ച പ്രതിഷേധ സമരങ്ങൾ ഇന്ത്യയുടെ ഭരണസിരാ കേന്ദ്രങ്ങളിൽ അരങ്ങേറുന്നത്. നമ്മുടെ രാജ്യത്ത് കരാർകൃഷി നടപ്പാക്കാനും കാലക്രമത്തിൽ കർഷകരുടെ ഭൂമി കോർപറേറ്റുകൾക്ക്‌ കൈമാറ്റം ചെയ്യാനും ഉദ്ദേശിച്ച്‌ രൂപകൽപ്പന ചെയ്യപ്പെട്ട കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ്‌ ഇന്ത്യയിലെ കർഷകരെന്ന്‌ ഈ കർഷകദിനത്തിൽ ഓർക്കാതെ വയ്യ.

സമരമുഖങ്ങളിൽ ഇപ്പോഴും പിടഞ്ഞൊടുങ്ങുകയും ആത്മഹത്യ ചെയ്യുകയുമാണ്‌, മഹാത്മജി ഇന്ത്യയുടെ കാവൽക്കാർ എന്ന് കരുതിയ നമ്മുടെ കർഷകർ. രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ കർഷകപ്രക്ഷോഭം ഒരു പുതിയ സ്വാതന്ത്ര്യസമരമായി മുന്നേറുമ്പോൾ അതിന്‌ സർവാത്മനാ പിന്തുണ നൽകിയ സംസ്ഥാനമാണ് കേരളം. അതിനാൽ ഈ കർഷകദിനം ഭരണകൂടങ്ങളുടെ ഫാസിസ്റ്റ്–-ഏകാധിപത്യത്തിനെതിരെ കർഷകജനതയ്‌ക്ക്‌ നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസരംകൂടിയായിത്തീരട്ടെ എന്ന് ആശംസിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top