21 May Tuesday

മൂന്ന്‌ വ്യാജവാർത്ത

പി എം മനോജ്‌Updated: Friday Mar 15, 2019

ഹിന്ദുത്വ അജൻഡ അടങ്ങുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ആറു കോടിമുതൽ 50 കോടി രൂപവരെയാണ് രാജ്യത്തെ 14 മാധ്യമസ്ഥാപനങ്ങൾ ആവശ്യപ്പെട്ടത്. ലോക‌്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം വാർത്തകളും അനുബന്ധ പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സമ്മതമാണെന്ന്  ഈ മാധ്യമ സ്ഥാപനങ്ങളിലെ  പ്രമുഖർ സമ്മതിക്കുന്നതിന്റെ  വീഡിയോ കോബ്ര പോസ്റ്റാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാർച്ച് അവസാനം വന്ന ആ വെളിപ്പെടുത്തൽ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ ഏതുതരത്തിൽ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ തെളിവായിരുന്നു. അതിന്റെ തുടർച്ച കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നൽകുന്ന വാർത്തകളിലും കണ്ടെത്താനാകും.

സത്യം മറച്ചുവയ‌്ക്കുന്നു 
സംസ്ഥാനത്ത്  കൂടുതൽ പ്രചാരമുള്ള ദിനപത്രമായ ‘മലയാളമനോരമ’ മാത്രമെടുത്ത‌് ഉദാഹരിച്ചാൽ എന്താണ് കേരളത്തിലെ പത്രങ്ങൾ ഈ ജനതയോടും വായനക്കാരോടും ചെയ്യുന്നത് എന്നതിന്റെ ഏകദേശരൂപം കിട്ടും. മാർച്ച് നാലിനു പുറത്തിറങ്ങിയ മനോരമയിലെ പ്രധാന തലക്കെട്ട് സുപ്രധാന നിയമനങ്ങൾ കൈവിട്ട് പിഎസ്‌സി എന്നായിരുന്നു. ലക്ഷക്കണക്കിന്  ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ സർവകലാശാല, പൊതുമേഖല, കോർപറേഷൻ എന്നിവയിലെ അസിസ്റ്റന്റ‌്, ലാസ്റ്റ് ഗ്രേഡ് തസ‌്തികകളിലെ നിയമനങ്ങൾ പിഎസ്‌സിയിൽനിന്ന് എടുത്തുമാറ്റി ഏജൻസിക്ക് നൽകാൻ നീക്കം നടക്കുന്നു എന്നതാണ് വാർത്ത. കഴിഞ്ഞ ആയിരം ദിവസംകൊണ്ട് ഒരു ലക്ഷം തൊഴിൽ നൽകിയെന്ന് മുഖ്യമന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കിയതിന്റെ  തൊട്ടുപിന്നാലെയാണ്  മനോരമ  ഇത്തരമൊരു വാർത്തയുമായി എത്തുന്നത്, അതിന് സാധൂകരണം നൽകാൻ ഭരണപരിഷ്കാര കമീഷൻ അംഗം ഷീല തോമസിന്റെ പേരും മനോരമ എടുത്തിട്ടു. അങ്ങനെയൊരു ആലോചന പോലും പിഎസ‌്സിയിലോ സർക്കാർ തലത്തിലോ നടന്നിട്ടില്ല എന്നാണു പിന്നീട് വ്യക്തമാക്കപ്പെട്ടത്. ഭരണഘടനാ സ്ഥാപനമായ പിഎസ് സിയുടെ കാര്യത്തിൽ  ഭരണപരിഷ്കാര കമീഷന‌് ഇടപെടാൻ കഴിയില്ല എന്നുള്ള വസ്തുതപോലും  മനോരമ മറച്ചുവച്ചു.

നരേന്ദ്ര മോഡി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ, വർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം വിഴുങ്ങിയിരിക്കുന്നു. ആകെ സൃഷ്ടിച്ചത് 15 ലക്ഷം തൊഴിലവസരങ്ങളാണ്. ആ വസ‌്തുത ജനങ്ങളുടെ മുന്നിൽ ചർച്ചയ‌്ക്ക‌ു വന്നപ്പോഴാണ് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന പിഎസ് സിയെ അപകീർത്തിപ്പെടുത്താൻ മനോരമ രംഗത്തെത്തിയത്. എന്തായാലും ആ വാർത്ത അകാലചരമം പൂകി. മനോരമ വായിച്ച് ആവേശംപൂണ്ട്, "പബ്ലിക് സർവീസ് കമീഷനെ നോക്കുകുത്തിയാക്കി സർക്കാർ ജോലികൾ ബന്ധുക്കൾക്കും സ്വന്തം പാർടിക്കാർക്കും നൽകാനാണ് സർക്കാർ നീക്കം’ എന്ന് പ്രസ്താവനയിറക്കിയ യൂത്ത് കോൺഗ്രസ് ഇളിഭ്യരുമായി.

ചർച്ച്  ബിൽ  സർക്കാരിന്റെ പരിഗണനയിൽ ഇല്ല, അജൻഡയും അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ച് വ്യക്തമാക്കി. അതൊന്നും മുഖവിലയ്ക്കെടുക്കാതെ   ക്രൈസ്തവ സമൂഹത്തെ വൈകാരികമായി ഇളക്കിവിടാനുള്ള സൂത്രവിദ്യയാണ്‌ മനോരമ പ്രയോഗിച്ചത്

ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട ഒരു വാർത്തയും അതിന്റെ പ്രചാരണവുമാണ് പിന്നീട് ഏറ്റെടുത്തത്.  നിയമപരിഷ്കരണ കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ സർക്കാരിന്റെ ഏതെങ്കിലും തീരുമാനത്തിന്റെ  ഭാഗമായി ഉണ്ടായതല്ല. അത് സർക്കാർ നിർദേശപ്രകാരം അല്ല തയ്യാറാക്കിയതെന്നും അതുമായി ബന്ധപ്പെട്ട‌് സർക്കാരിൽനിന്ന് ഒരു നിർദേശവുമില്ലെന്നും നിയമ പരിഷ്കരണ കമീഷൻ ചെയർമാൻ  ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കി. ചർച്ച്  ബിൽ  സർക്കാരിന്റെ പരിഗണനയിൽ ഇല്ല, അജൻഡയും അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ച് വ്യക്തമാക്കി. അതൊന്നും മുഖവിലയ്ക്കെടുക്കാതെ   ക്രൈസ്തവ സമൂഹത്തെ വൈകാരികമായി ഇളക്കിവിടാനുള്ള സൂത്രവിദ്യയാണ്‌ മനോരമ പ്രയോഗിച്ചത്. മാർച്ച് അഞ്ചിന് മനോരമ മുഖപ്രസംഗം (തലക്കെട്ട്: ആശങ്ക ഉയർത്തുന്ന ചർച്ച് ബിൽ) ഇങ്ങനെ പറയുന്നു:

"ഇപ്പോഴത്തെ കരടു ബിൽ നിയമമാക്കിയിട്ടില്ലെന്നു പറയുമ്പോഴും, അതു പിൻവലിക്കാതെ, ചർച്ചയ‌്ക്കുവച്ച‌് വിലപേശൽ രാഷ്ട്രീയത്തിനാണ‌് സർക്കാരിന്റെ ശ്രമമെന്ന് ആരോപണമുയർന്നു കഴി‍ഞ്ഞു... ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ അതുകൊണ്ടുതന്നെ കൂടുതൽ വ്യക്തത ആവശ്യമുണ്ട്.’

ഈ മുഖപ്രസംഗം അച്ചടിച്ചു വന്ന ദിവസം പക്ഷേ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെ മുഖ്യമന്ത്രി ആവർത്തിച്ചു. നിയമ പരിഷ്കരണ കമീഷൻ നിർദേശത്തിൽ  സർക്കാരിന് പങ്കില്ല; അത്തരമൊരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല; അങ്ങനെയൊരു ബില്ലുമായി  മുന്നോട്ടുപോകുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിൽ വിശ്വാസം രേഖപ്പെടുത്തിയാണ് ബിഷപ്പുമാരുടെ സംഘം മടങ്ങിയത്.  അതിനിടയ്ക്ക് തന്നെ വലിയതോതിലുള്ള തെറ്റിദ്ധാരണ മനോരമ വായനക്കാർക്കിടയിൽ വിശേഷിച്ചും ക്രൈസ്തവ സമൂഹത്തിനിടയിൽ വളർത്തിയിരുന്നു.  പണ്ട്  കമ്യൂണിസ്റ്റുകാരെ കുറിച്ച് പ്രചരിപ്പിച്ചത് അവർ സ്ത്രീകളെ പൊതുസ്വത്താക്കുന്നവരും ആരാധനാലയങ്ങൾ പിടിച്ചെടുത്ത് ഫാക്ടറികളും പാർടി ഓഫീസുകളുമാക്കി മാറ്റുന്നവരുമാണ് എന്നായിരുന്നു. മാർക്സിസ്റ്റ് വിരോധത്തിന്റെ  ആ പഴഞ്ചൻ പ്രയോഗരീതി തന്നെ ഇന്നും തുടരാൻ   മനോരമ  മടിച്ചുനിൽക്കുന്നില്ല.

വായനക്കാരെ സംശയത്തിലാക്കുന്നു
അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയുടെ  രാജിയുമായി ബന്ധപ്പെട്ട വാർത്തയാണ്. മാർച്ച് 13ന്  മനോരമ ഒന്നാം പേജിൽ ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ ശീതസമരം, നളിനി നെറ്റോ രാജിവെച്ചു, രാജി ചില ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്’ എന്ന് മൂന്ന് ഡക്ക് തലക്കെട്ട് വാർത്തയാണ്. അതിലെ ഒരുഭാഗം ഇങ്ങനെയാണ്: "ഹാരിസൺ അടക്കം തോട്ടമുടമകളുടെ കരം സ്വീകരിക്കുന്നതും ക്വാറികൾ കൂട്ടത്തോടെ തുറന്നുകൊടുക്കുന്നതും ഉൾപ്പെടെയുള്ള ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയതും ചില ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് എന്ന് ആക്ഷേപമുണ്ട്.’  അതും പോരാഞ്ഞ് മറ്റൊരു കൂട്ടിച്ചേർക്കൽ, "മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയൽ കൈകാര്യം ചെയ്യുന്ന രണ്ട് ഉന്നതർക്കെതിരെ അഴിമതിയാരോപണം ഉണ്ടാകുമെന്ന് നളിനി നെറ്റോ  മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു’ എന്ന്.  ഒരു കള്ളം, അതിനു തോരണമായി പല കള്ളങ്ങൾ- അഴിമതി, പരിസ്ഥിതി, ഹാരിസൺ- ചേരുവ കൃത്യം.

വ്യാജവാർത്ത  വായനക്കാരിൽ എത്തി മണിക്കൂറുകൾക്കകം മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം നടന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നളിനി നെറ്റോയുടെ സഹോദരൻ ആർ മോഹനൻ നിയമിതനായി. "ഇത്തരം ഒരുസ്ഥാനം സഹോദരൻ ഏൽക്കുമ്പോൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നളിനി നെറ്റോ ഇരിക്കുന്നത് ഔചിത്യമല്ല എന്ന് അവർക്കുതന്നെ തോന്നിയതുകൊണ്ട് അവർ ഒഴിഞ്ഞു എന്നതാണ് വസ്തുത’ -മുഖ്യമന്ത്രി പൊതുയോഗത്തിൽ  വിശദീകരിക്കേണ്ടിവന്നു. പിറ്റേന്ന്  നിയമനവാർത്ത പ്രസിദ്ധീകരിച്ച്‌  എഴുതിവച്ചത് , "സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറി ആകുമെന്നായിരുന്നു പ്രതീക്ഷ’ (ആരുടെ പ്രതീക്ഷ?)  എന്നും "എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ശീതസമരം എന്ന വാർത്തകളുടെ കൂടി പശ്ചാത്തലത്തിലാണ് പിണറായി വിജയൻ സ്വന്തം നിലയിൽ താല്പര്യമെടുത്തു മോഹനനെ പ്രൈവറ്റ് സെക്രട്ടറി ആക്കിയത്’ എന്നുമാണ്. പത്രത്തിന്റെ മറ്റൊരു ഭാഗത്ത്  "നളിനിയുടെ രാജി ഔചിത്യബോധംകൊണ്ട് : മുഖ്യമന്ത്രി’ എന്ന തെറ്റിദ്ധാരണാജനകമായ തലക്കെട്ടിലും വാർത്ത നൽകി. "ശീതസമര’ത്തെക്കുറിച്ചും "ഉന്നതർ തമ്മിലുള്ള തർക്കത്തെ’ കുറിച്ചുമൊക്കെ തങ്ങൾ എഴുതിയതിന്റെ  നേരിയ സൂചനപോലും നൽകാതെ സംശയങ്ങൾ വായനക്കാർക്ക് മുന്നിൽ ബാക്കിയിട്ടുള്ള അഭ്യാസം.

ഹിന്ദുത്വ വാർത്തകൾ പ്രസിദ്ധീകരിക്കാൻ വിലപേശി പണം വാങ്ങാൻ സന്നദ്ധരായ പ്രമുഖ മാധ്യമങ്ങളുടെ നാട്ടിൽ സ്വയം സന്നദ്ധരായി ആണ‌് ഇത്തരം വ്യാജവാർത്താ  നിർമിതിയും പ്രചാരണവും മനോരമ പോലുള്ള പത്രങ്ങൾ ഏറ്റെടുക്കുന്നതെന്ന്  വിശ്വസിച്ച‌് മലയാളിക്ക് ആശ്വസിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top