07 June Sunday

കൊറോണക്കാലത്തെ നുണ വൈറസുകൾ...കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Monday Mar 30, 2020
ഈ കൊറോണക്കാലത്ത് എട്ടുകാലി മമ്മൂഞ്ഞിമാരായി ചില സംഘികൾ സ്വയം പരിഹാസ്യരാവുകയാണ്. ക്ഷുദ്രവികാരങ്ങളുണർത്തുന്ന നുണയൻ സമൂഹത്തിൻ്റെ പ്രതിനിധികളായസംഘികളെ എട്ടുകാലി മമ്മൂഞ്ഞിയോട് ഉപമിച്ചാൽ ഒരു പക്ഷെ ആ കഥാപാത്രം എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തെന്നും വരും! 
 
വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിഖ്യാതമായൊരു കഥാപാത്രമാണല്ലോ 
എട്ടുകാലി മമ്മൂഞ്ഞി. നാട്ടിലെന്തു ഉണ്ടായാലും അതിൻ്റെ പിതൃത്വം  ഏറ്റെടുത്ത് സ്വയം അപഹാസ്യരാകുന്നവരുടെ പ്രതിനിധിയുംപ്രതീകവുമാണ് ബഷീറിൻ്റെ ഈ കഥാപാത്രം. സാക്ഷാൽഎട്ടുകാലി മമ്മൂഞ്ഞി...മനുഷ്യരിൽ ചിലരുടെ അല്പത്തരത്വത്തെയും ഔചിത്യരഹിതമായ അവകാശവാദങ്ങളെയും പൊളിച്ച് കാട്ടുകയായിരുന്നു ബഷീർ എട്ടുകാലി മമ്മൂഞ്ഞി എന്ന പാത്രസൃഷ്ടിയിലൂടെ...
മനുഷ്യരിൽ സഹജമായ നുണ വാസനകളെയും അല്പത്തരത്തെയും വളരെ സരസമായി ആവിഷ്ക്കരിക്കുകയായിരുന്നു എട്ടുകാലി മമ്മൂഞ്ഞിയിലൂടെ ബഷീർ... 
 
നിരുപദ്രവകരമായ നുണകളും അവകാശപ്പെടലുകളും മാത്രമേ
പാവം എട്ടുകാലി മമ്മൂഞ്ഞിയുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുള്ളൂ ... 
എന്നാൽ സംഘികൾ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന നുണകളും ഉപജാപങ്ങളും ജ്ഞാനമാർഗവും കർമ്മമാർഗവുമാക്കിയവരാണ് ... 
അതവരുടെ ജന്മകാലം മുതലുള്ള ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട്. 
 
ജനങ്ങളാകെ സംഭീതരായി കഴിയുന്ന ഈ മഹാമാരിയുടെ കാലത്തും കൊറോണയെ പോലെ മാരകമായ നുണ വൈറസുകൾ അടിച്ചു കയറ്റാനാണ് സംഘികൾ നോക്കുന്നത് ...കഷ്ടമെന്നല്ലാതെ എന്തു പറയാൻ?നസ്റേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കാനാവില്ലല്ലോ ..!
 
വാട്സ് അപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സംഘി യുടെ വോയ്സ് ക്ലിപ്പാണ് ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പിന് പ്രേരണയായത്.  കേരള സർക്കാർ പ്രഖ്യാപിച്ച കുടുംബശ്രീ വായ്പയെക്കുറിച്ചാണ് സംഘി അതൊക്കെ ഞങ്ങളുടെ കേന്ദ്ര സർക്കാറിൻ്റെ പദ്ധതികളാണെന്ന് വെച്ച് കാച്ചിയിരിക്കുന്നത് ...

ആ വോയ്സ് ക്ലിപ്പ് മുഴുവനും വസ്തുതുകളുമായി ബന്ധമില്ലാത്ത അവകാശവാദങ്ങളും ആക്ഷേപങ്ങളുമാണ്.എട്ടുകാലി മമ്മുഞ്ഞിയെ പോലെ എല്ലാത്തിൻ്റെയും ആളുകൾ തങ്ങളാണെന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുകയാണ് സംഘി.
 
മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന  കൊറോണ പാക്കേജിലെ പ്രധാന പരിപാടിയാണ് 2000 കോടിയുടെ 9% പലിശക്കുള്ള കുടുംബശ്രീ വായ്പ. പലിശ സർക്കാർ തന്നെ അടക്കുകയും ചെയ്യും. ഈ പദ്ധതി ഞങ്ങളുടെ മോഡി ജി പ്രഖ്യാപിച്ച പാക്കേജിലുള്ളതാണെന്നാണ് സംഘി എട്ടുകാലി മമ്മൂഞ്ഞിയെ പോലെ ഉളുപ്പില്ലാതെ അവകാശപ്പെടുന്നത്! 
കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാക്കേജ് പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മോഡിജിയുടെ പ്രഖ്യാപനം വന്നതെന്ന് പോലും ഈ നുണയൻ സംഘിക്കറിയില്ല. അല്ലെങ്കിലും നുണകൾക്ക് എന്ത് യുക്തി അത് പറയുന്നവർക്ക് എന്ത് ഔചിത്യം! യുക്തിപൂർവ്വം നുണകൾ പറയാനാവില്ലെന്നാണല്ലോ നുണയൻസമൂഹത്തിൻ്റെ ആചാര്യനായ ഗീബൽസ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. പിണറായി പറഞ്ഞതെന്താണെന്നും മോഡി പറഞ്ഞതെന്താണെന്നോ വസ്തുതാപരമായി മനസിലാക്കിയാൽ പിന്നെ ഇതുപോലെ നുണകൾ കാച്ചി പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാവില്ലല്ലോ. 
 
മോഡിയുടെ പാക്കേജിൽ പറഞ്ഞത് ;അയൽക്കൂട്ടങ്ങൾക്ക് പരമാവധി വായ്പ എടുക്കാവുന്ന തുക 10 ലക്ഷമെന്നത് 20 ലക്ഷമായി വർധിപ്പിച്ചു എന്നും ഇതിൻ്റെ പലിശ മുഴുവൻ അതാത് അയൽകൂട്ടങ്ങൾ തന്നെ അടക്കണമെന്നുമാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ അയൽകൂട്ടങ്ങൾക്ക് വായ്പാ തുകയുടെ പലിശ ഗ്രാൻറായി നൽകുമ്പോൾ കേന്ദ്ര സർക്കാർ വായ്പ തുക പലിശ ചേർത്ത് അതാത് അയൽക്കൂട്ടങ്ങൾ തന്നെ അടക്കണമെന്ന മാനദണ്ഡമാണ് വെച്ചിട്ടുള്ളത് .. ഈ വ്യത്യാസം  മറച്ചുപിടിച്ചാണ് വോയ്സ് ക്ലിപ്പിൽ സംഘി കത്തിക്കാളുന്നത് ...
 
എല്ലാ സംസ്ഥാന പദ്ധതികളും തങ്ങളുടെ മോഡിജിയുടേതാണെന്ന സ്ഥിരം നുണപ്രചരണമാണിവർ നടത്തി കൊണ്ടിരിക്കുന്നത്. ലൈഫ് ഭവനപദ്ധതി PMY ആണെന്നാണവർ തട്ടി വിട്ടത്.4 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.ഇതിൽ PMYവിഹിതം 1.5 ലക്ഷം രൂപ മാത്രമാണ്. ബാക്കി 2-5 ലക്ഷവും സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്.ഇതേ പോലെ തന്നെയാണ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയും ... പിന്നെ കുടുംബശ്രീ തുടങ്ങിയത് മോഡി ജിയാണെന്ന് വരെ അവകാശപ്പെടാനുള്ള തൊലിക്കട്ടിയും ഈ സംഘി വോയ്സ് ക്ലിപ്പിൽ കാണിക്കുന്നുണ്ടു്. അതിനൊക്കെ എന്തു മറുപടി പറയാനാ.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top