25 April Thursday

'താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ഫെയ്സ്‌ബുക്കിനോട് ചോദിയ്ക്ക് ...'

പ്രതീഷ് പ്രകാശ്Updated: Thursday Mar 22, 2018

പ്രതീഷ് പ്രകാശ്

പ്രതീഷ് പ്രകാശ്

നിങ്ങള്‍ ഒരു ഫെയ്സ്‌ബുക്‍ ഉപയോക്താവാണോ? സാമൂഹ്യമാധ്യമങ്ങളുടെ സ്ഥിരോപയോക്താക്കള്‍ നേരിടുന്ന സ്വകാര്യതാപ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ...പ്രതീഷ് പ്രകാശ് എഴുതുന്നു.

ഉപയോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ ഫെയ്സ്‌ബുക്‍ ശേഖരിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഒരു ഉപയോക്താവ് ഫെയ്സ്‌ബുക്കില്‍ നടത്തുന്ന ലൈക്കുകള്‍, ഷെയറുകള്‍ മുതലായ നിര്‍ദോഷകരമെന്ന് കരുതപ്പെടുന്ന കാര്യങ്ങളില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. ബിഗ് ഡേറ്റ, അഥവാ ഭീമവിവരശേഖരം, എന്നാണ് ഇത്തരം അതിവിപുലമായ വിവരശേഖരങ്ങള്‍ക്ക് പൊതുവില്‍ പറയുന്ന പേര്. അതിവിപുലമായ ഈ വിവരങ്ങള്‍ ശരിയായ രീതിയില്‍ അവലോകനം ചെയ്യുന്നത് വഴി ഓരോ വ്യക്തിയുടെയും സ്വഭാവത്തിന്റെ പ്രത്യേകതകളും, താല്പര്യങ്ങളും, ദൗര്‍ബല്യങ്ങളും മറ്റും എന്തൊക്കെയെന്ന് കണ്ടുപിടിക്കുവാന്‍ സാധിക്കും.

ഇങ്ങനെ ഒരു വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍ അയാളുടെ സാമൂഹ്യമാധ്യമ ഇടപെടലില്‍ നിന്നും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു മാതൃക കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സൈക്കോമെട്രി സെന്ററില്‍ നിന്നും പി.എച്ച്‌ഡി എടുത്ത മൈക്കല്‍ കൊസിന്‍സ്കൈ ആണ് ആദ്യമായി വികസിപ്പിച്ചെടുത്തത്. ഡിജിറ്റല്‍ ഉലകത്തെ വിപ്ലവമായ, ഇപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായത് കൊസിന്‍സ്കിയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃകയാണ്.

ഉപയോക്താവ് നടത്തുന്ന ലൈക്കുകളില്‍ നിന്ന് അയാള്‍ക്ക് അയാളെപ്പറ്റിത്തന്നെ അറിയാവുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ ഈ മാതൃക ഉപയോഗിച്ച് പഠനം നടത്തുന്നവര്‍ക്ക് അറിയുവാന്‍ സാധിക്കും.

ഒരു ഉപയോക്താവ് നടത്തുന്ന പത്ത് ലൈക്കുകളില്‍ നിന്നും അയാളുടെ സഹപ്രവര്‍ത്തകനേക്കാളും, എഴുപത് ലൈക്കുകളില്‍ നിന്ന് അയാളുടെ സുഹൃത്തുക്കളേക്കാളും, 150 ലൈക്കുകളില്‍ നിന്ന് അയാളുടെ മാതാപിതാക്കളേക്കാളും, മുന്നൂറ് ലൈക്കുകളില്‍ നിന്ന് അയാളുടെ പങ്കാളികളെക്കാളും, ആ ഉപയോക്താവിനെ പറ്റി അറിയുവാന്‍ ഈ മാതൃക ഉപയോഗിച്ച് സാധിക്കും. ആ ഉപയോക്താവ് നടത്തുന്ന കൂടുതല്‍ ലൈക്കുകളില്‍ നിന്ന് അയാള്‍ക്ക് അയാളെപ്പറ്റിത്തന്നെ അറിയാവുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ ഈ മാതൃക ഉപയോഗിച്ച് പഠനം നടത്തുന്നവര്‍ക്ക് അറിയുവാന്‍ സാധിക്കും.

നിങ്ങള്‍ക്കിത് വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. എന്നാല്‍, ഇതിന്റെ വളരെച്ചെറിയൊരു മാതൃക നിങ്ങള്‍ക്ക് സ്വയം പരീക്ഷിച്ച് കണ്ടെത്താവുന്നതാണ്.

ഒന്നാം പടി

ഫെയ്സ്‌ബുക്‍ സെറ്റിങ്ങ്സില്‍ പോവുക. ഫെയ്സ്‌ബുക്കിന്റെ ഏത് പേജിലും വലത്തേ മൂലയില്‍ മുകളിലായിട്ട് ഒരു ചോദ്യചിഹ്നം കാണാം. അതിന്റെ വലത് വശത്തുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ സെറ്റിങ്ങ്സിലേക്ക് പോകുവാനുള്ള മെനു പ്രത്യക്ഷപ്പെടും.രണ്ടാം പടി
സെറ്റിങ്ങ്സ് പേജിന്റെ ഇടത്തേ മാര്‍ജിനില്‍ Ads (ആഡ്സ് അഥവാ അഡ്വെര്‍റ്റൈസ്‌മെന്റ്സ് എന്നതിന്റെ ചുരുക്കപ്പേര്) എന്ന് പറയുന്ന ഒരു സെക്ഷന്‍ കാണുവാന്‍ കഴിയും. അതില്‍ അമര്‍ത്തുക. നിങ്ങള്‍ ഫെയ്സ്‌ബുക്കില്‍ക്കൂടെക്കാണുന്ന പരസ്യങ്ങളെ സംബന്ധിച്ച സജ്ജീകരണങ്ങള്‍ ഇവിടെ ആണ് കാണാവുന്നത്.മൂന്നാം പടി

ഇപ്പോള്‍ വരുന്ന പേജില്‍, ‘Your Information’ (‘യുവര്‍ ഇന്‍ഫോമേഷന്‍’, അഥവാ നിങ്ങളെ പറ്റിയുള്ള വിവരങ്ങള്‍) എന്ന സെക്ഷനില്‍ ക്ലിക്‍ ചെയ്യുക. നിങ്ങളുടെ ഇതുവരെയുള്ള ഫെയ്സ്‌ബുക്‍ ഉപയോഗത്തില്‍ നിന്നും ഫെയ്സ്‌ബുക്‍ നിങ്ങളെ പറ്റി പഠിച്ചെടുത്തിട്ടുള്ള കാര്യങ്ങളാണ് ഇവിടെ കൊടുത്തിട്ടുണ്ടാവുക.ലക്ഷ്യവേധിതമായി ഉപയോക്താക്കളില്‍ പരസ്യങ്ങളെത്തിക്കുവാനും, അതുപോലെ തന്നെ ഏതേതൊക്കെ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ റ്റൈംലൈനിലെത്തിക്കുന്നതിനുമാണ് ഈ വിവരങ്ങള്‍ പ്രധാനമായും ഫെയ്സ്‌ബുക്‍ ഉപയോഗിക്കുന്നത് എന്നാണ് ഫെയ്സ്‌ബുക്‍ അവകാശപ്പെടുന്നത്. അതായത്, പുതിയതായി ഒരു കാര്‍ വാങ്ങണമെന്നാഗ്രഹിക്കുന്ന കുടുംബങ്ങള്‍ ഏതൊക്കെ ആയിരിക്കുമെന്ന് ഫെയ്സ്‌ബുക്കിന് നേരത്തെ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നിരിക്കട്ടെ. ഇവരില്‍ ഏതൊക്കെയാളുകള്‍ക്ക് ഒരു പ്രത്യേക മോഡലിനോട് പ്രതിപത്തിയുണ്ടെന്നും മറ്റ് ചില മോഡലുകളോട് വിപ്രതിപത്തിയുണ്ടെന്നും മനസ്സിലാക്കുവാന്‍ സാധിച്ചാല്‍, അവരിലേക്ക് കാര്‍ പരസ്യങ്ങള്‍ ലക്ഷ്യവേധിതമായി അയയ്ക്കുവാന്‍ സാധിക്കും. അതായത്, X എന്ന കമ്പനിയുടെ കാര്‍ വാങ്ങണമോ Y എന്ന കമ്പനിയുടെ കാര്‍ വാങ്ങണമോ എന്ന് തീരുമാനമെടുക്കുവാന്‍ കുഴങ്ങുന്ന ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മകനും മകളും ഫെയ്സ്‌ബുക്‍ തുറക്കുമ്പോള്‍ Y എന്ന കമ്പനിയുടെ പരസ്യം മാത്രം കാണുന്ന രീതിയില്‍ നല്‍കിയാല്‍ എന്താണ് സംഭവിക്കുക? അവര്‍ അന്ന് വൈകിട്ട് തന്നെ Y എന്ന കമ്പനിയുടെ കാര്‍ വാങ്ങുന്ന കാര്യം പരസ്പരം സംസാരിച്ചുറപ്പിക്കും.

സമാനമായൊരു രീതിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ബ്രെക്‌സിറ്റിലും അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലും ഉപയോഗിച്ചത്. പലവിധ ഫെയ്‌സ്‌ബുക്‍ ആപ്പുകള്‍ മുഖേന ഫെയ്സ്‌ബുക്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോ ഫെയ്സ്‌ബുക്‍ ഉപയോക്താവിന്റെയും സ്വഭാവരൂപരേഖ തയ്യാറാക്കുന്ന രീതിയാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെ പോലെയുള്ള ഗ്രൂപ്പുകള്‍ അവലംബിച്ചിരുന്നത്. അങ്ങനെ ഓരോ വോട്ടര്‍ക്കും അയാളുടെ സ്വഭാവരൂപരേഖയ്ക്ക് അനുയോജ്യമായ തെരെഞ്ഞെടുപ്പ് പ്രചാരണപരസ്യങ്ങള്‍ നല്‍കുവാന്‍ ഇത് മൂലം സാധിച്ചു.

ഇന്ത്യന്‍ സാഹചര്യങ്ങളിലെ ഒരു അര്‍ദ്ധസാങ്കല്പിക ഉദാഹരണം മുഖേന  ഇത് വിശദീകരിക്കാം. അല്പസ്വല്പം വര്‍ഗീയദൗര്‍ബല്യങ്ങള്‍ ഉള്ളയാളെന്ന് അല്‍ഗരിതങ്ങള്‍ സ്ഥിരീകരിച്ച ഒരാള്‍ക്ക് 'ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം പണിയും' എന്ന തരത്തിലുള്ള പരസ്യവും, എന്നാല്‍ കുറച്ചു കൂടി അഭ്യസ്തവിദ്യരായ യുവാവായ ഒരാള്‍ക്ക് 'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പത്ത് കോടി തൊഴിലവസരങ്ങള്‍ നല്‍കും' എന്ന തരത്തിലുള്ള പരസ്യവും നല്‍കുവാന്‍ സാധിച്ചാല്‍ പരസ്പരവിരുദ്ധമായ താല്പര്യങ്ങളുള്ള രണ്ട് വിഭാഗങ്ങളുടെയും വോട്ട് ആ പരസ്യം നല്‍കുന്ന പാര്‍ടിക്ക് ഉറപ്പാക്കുവാന്‍ സാധിക്കും. എന്നാലിത് മാത്രമല്ല, കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്. എതിര്‍പക്ഷത്തിന് വോട്ട് ചെയ്യുവാന്‍ സാധ്യത കൂടുതലുള്ളവരുടെ പ്രൊഫൈലുകള്‍ കണ്ടെത്തി, അത്തരം ഉപയോക്താക്കള്‍ക്ക് എതിര്‍പക്ഷത്തെ സംബന്ധിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ ലക്ഷ്യവേധിതമായി നല്‍കുന്നത് വഴി അത്തരം വോട്ടര്‍മാരെ എതിര്‍പക്ഷത്തിന് വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക കൂടി സാധിച്ചു.

കമ്പോളവല്‍കൃതലോകത്ത് സാങ്കേതികവിദ്യ എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചു കാണിച്ചത്. ലാഭേച്ഛ ചാലകശക്തിയായി വര്‍ത്തിക്കുന്ന ഏത് സാങ്കേതികഗവേഷണവികസനസംവിധാനത്തിന്റെയും വിധി ഇതു തന്നെയാണ്. അവ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങള്‍ക്ക് പ്രയോജനപ്പെടാതെ ചില വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും. തെരെഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ ഇത് സംഭവിക്കുമ്പോള്‍, വന്‍തോതില്‍ പണം ചിലവഴിക്കുവാന്‍ സാധിക്കാത്ത വിഭാഗങ്ങള്‍ പിന്നാക്കം പോകുന്നത് സാധാരണ കാഴ്ചയായിരിക്കുകയാണ്. ഇത് സാമൂഹികാസമത്വം സ്ഥായിയായി നിലനില്‍ക്കുന്നതിനും, അത്തരം ദുര്‍ബലവിഭാഗങ്ങള്‍ കൂടുതല്‍ ദുര്‍ബലരാക്കുന്നതിനും ഇടയാക്കുന്നു. ഭാസ്കരപട്ടേലര്‍മാരായും തൊമ്മിമാരായും സമൂഹം വിഭജിക്കപ്പെടുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ പിന്നോട്ടടിപ്പിക്കും.

ഇവിടെ വേണ്ടത് ഗവണ്‍മെന്റിന്റെ സക്രിയവും ഭാവനസമ്പന്നവുമായ ഇടപെടലാണ്. ജനങ്ങളുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് മാത്രം ഭീമവിവരശേഖരങ്ങള്‍ നിര്‍മിക്കുവാനും, സമൂഹതാല്പര്യങ്ങള്‍ക്ക് വേണ്ടി ഈ നവസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുവാനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. ഭീമവിവരശേഖരങ്ങള്‍ നിര്‍മാണത്തിനും അവലോകനത്തിനും നൈതികയുറപ്പുവരുത്തുവാനുതകുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അവ നിയമവിധേയമാക്കേണ്ടതുണ്ട്. ഇതിനായി ഒരു സമഗ്രവിവരനയം പ്രഖ്യാപിക്കണം. ഇതിനായി സ്വകാര്യതയുള്‍പ്പടെയുള്ള വ്യക്ത്യാവകാശങ്ങള്‍ മാനിക്കുന്ന  എല്ലാവരെയും അണിനിരത്തിയുള്ള കടുത്ത സമ്മര്‍ദ്ദം വേണ്ടിവരും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top