15 July Wednesday

പ്രവാസികളും കൊറോണ കാലവും

കെ സി സജീവ് തൈക്കാട്Updated: Thursday Apr 23, 2020

 കെ സി സജീവ്‌

കെ സി സജീവ്‌

നാട്ടില്‍ എന്ത് കാര്യങ്ങള്‍ നടന്നാലും തങ്ങളുടെ പ്രദേശത്ത് എത്ര പ്രവാസികള്‍ ഉണ്ട് അവരില്‍ നിന്നെന്ത് ലഭിക്കും എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഓരോ പരിപാടികളും തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.  ഈ ഒരു രീതിയാണ് കുറേകാലമായി നാം കണ്ടുവരുന്നത്.  എല്ലാ ആഘോഷങ്ങളിലും പ്രവാസികളുടെ നിറസാന്നിദ്ധ്യം ഉണ്ടാകാറുമുണ്ട്.  മാത്രവുമല്ല മഹാപ്രളയവും മറ്റും ഉണ്ടായപ്പോള്‍ മണലാരണ്യങ്ങള്‍ അടക്കം വിദേശ നാടുകളില്‍ രക്തം വിയര്‍പ്പാക്കി പണിയെടുക്കുന്നതിന്‍റെ ഒരു വിഹിതം ഈ നാട്ടിലേക്കായി അവര്‍ നല്‍കിയിരുന്നു.  എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിക്കൊണ്ടിരിക്കുകയാണ്.  ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച് ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ്-19 എന്ന മഹാമാരി നമ്മുടെ കേരളത്തിലുമെത്തി സ്വാഭാവികമായും ലോകത്തിന്‍റെ എല്ലായിടങ്ങളിലും പണിയെടുക്കുന്നവരാണല്ലൊ പ്രവാസി സമൂഹം.  അത്തരത്തില്‍ വിദേശനാടുകളില്‍ നിന്നും മടങ്ങി വന്ന ചില പ്രവാസി സഹോദരങ്ങള്‍ക്ക് ഈ രോഗം പിടിപെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഈ സാഹചര്യത്തിലാണ് ഇവിടെ ചിലത് പറയേണ്ടി വരുന്നത്.  വന്‍കിട വ്യവസായങ്ങളോ, വലിയ സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങളൊ ഇല്ലാത്ത ഈ നാട് ലോകത്തിനാകെ മാതൃകയായി ലോകോത്തര നിലവാരത്തില്‍ നിലനില്‍ക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് പ്രവാസി സമൂഹം.  ലേബര്‍ ക്യാമ്പുകളില്‍ താമസിച്ചും, വിശ്രമമില്ലാതെ പണിയെടുത്തും രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടവരെ കാണുവാന്‍ നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍   അണുവിമുക്തമാക്കാത്ത വിമാനങ്ങളിലും മറ്റും യാത്ര ചെയ്ത് വരുന്ന ചില പ്രവാസി സഹോദരങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.  ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മതിയായ ചികിത്സയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പും സര്‍ക്കാരും ഒപ്പമുണ്ട് എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്.  എന്നാല്‍ ചിലര്‍ സങ്കുചിതരാഷ്ട്രീയ - വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഈ നാടിന്‍റെ പരിഛേദമായിട്ടുളള പ്രവാസികളെ അധിക്ഷേപിക്കുന്ന മനുഷ്യത്വരഹിതവും നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ചില കോണുകളില്‍ നിന്നും കണ്ടുവരുന്നു.

എന്നാല്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ മണലാരണ്യങ്ങളില്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഉണ്ട് എന്നുള്ളത് നാം മനസ്സിലാക്കണം.  അവര്‍ക്കും നാട്ടില്‍ ഒരു കുടുംബം ഉണ്ട് എന്നുള്ളത്  മറന്നുപോകരുത്.  മാത്രവുമല്ല ഇപ്പോള്‍ അസുഖം പിടിപെട്ടവരോടൊപ്പം ഒത്തു പണിയെടുത്തവരും  ഒരേ മുറിയില്‍ കഴിഞ്ഞിട്ടുള്ളവരുമായിട്ടുള്ള പ്രവാസി സഹോദരങ്ങളുടെ മാനസികാവസ്ഥയും പിരിമുറുക്കവും നമുക്ക് ഊഹിക്കുന്നതിലും അപ്പുറമാണ്.  ഈ അവസരങ്ങളില്‍ അവരെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ അവര്‍ക്ക് ആത്മബലം നല്‍കി ഒപ്പം നിര്‍ത്തുകയാണ് വേണ്ടത്.  അതൊക്കെയാണല്ലൊ നാം മലയാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍.

 ഇതൊക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നിരിക്കെ ഇപ്പോഴും അധിക്ഷേപങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.  ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ്  നമ്മുടെ  മുഖ്യമന്ത്രി  തന്‍റെ  പത്ര  സമ്മേളനത്തില്‍ കേരളത്തിന്‍റെ  നട്ടെല്ലാണ് പ്രവാസികള്‍  എന്ന്  എടുത്ത് പറയേണ്ടി വന്നതും  ഏതു സാഹചര്യത്തിലും പ്രവാസികളെ തന്‍റെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉറച്ച  നിലപാട് എടുത്തതും യാഥാര്‍ത്ഥ്യബോധവും മനുഷ്യസ്നേഹവുമുള്ള ഒരു നല്ല ഭരണാധികാരി ആയതുകൊണ്ടാണ്  അദ്ദേഹത്തിന് ഇങ്ങനെയൊക്കെ  പറയാന്‍ കഴിയുന്നത്.  അദ്ദേഹത്തിന്‍റെ ഈ ഉറച്ച വാക്കുകള്‍  വളരെ  ആത്മവിശ്വാസത്തോടെയാണ്  പ്രവാസി സമൂഹം സ്വീകരിച്ചത്.  അതുപോലെ  തന്നെ  കേരള  നിയമസഭയുടെ  ബഹുമാന്യനായ   സ്പീകര്‍ നവമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവനയും പ്രവാസി സമൂഹത്തിന് ഊര്‍ജ്ജം പകരുന്നതാണ്.  ലോകത്തിന്‍റെ വിവിധ കോണുകളില്‍ ചിതറിക്കിടക്കുന്ന പ്രവാസി മലയാളികളാണ് ഈ നാടിന്‍റെ സമ്പദ്ഘടന താങ്ങിനിര്‍ത്തുന്നതെന്ന യാഥാര്‍ത്ഥ്യം എന്തിലും ദോഷങ്ങള്‍ മാത്രം കാണുന്നവര്‍ മനസ്സിലാക്കണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്.

കേരളത്തില്‍ ഈ മാഹാമാരിയെ പടിച്ചു നിര്‍ത്താന്‍ കേരള സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയാണ്.  വികസിത രാജ്യങ്ങള്‍ ഈ മഹാമാരിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പുതിയ ചരിത്രം രചിക്കുകയാണ്.  മാത്രവുമല്ല നമ്മുടെ പരമോന്നത നീതിപീഠം ഇത് പലഘട്ടങ്ങളിലായി എടുത്തു പറഞ്ഞിട്ടുള്ളതുമാണ്.  ഇപ്പോള്‍ ഈ മാതൃക നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.  പഴുതടച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പ്രവാസി സുഹൃത്തുക്കളുടെ ഇടയില്‍ ചെറിയ പാളിച്ചകള്‍പോലും ഉണ്ടാകാന്‍ പാടില്ല.  അരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്‍റെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താന്‍ പാടുള്ളതല്ല.

 അവധിക്ക് മടങ്ങി വന്നവര്‍, അവധി കഴിഞ്ഞ് മടങ്ങിപോകാന്‍ കഴിയാത്ത സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.  ഇത്തരം പ്രശ്നങ്ങളില്‍ നയപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതും അതിനുവേണ്ട ഇടപെടലുകള്‍ നടത്തുക എന്നതും കേരള സര്‍ക്കാര്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റിനെയും നോര്‍ക്ക റൂട്ട്സിനെയും ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്.  ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ വിദേശ നാടുകളിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന 40-ഓളം പ്രമുഖരുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയത്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഈ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയത്.  ഇത് ഒരളവുവരെ പ്രവാസ ലോകത്ത് ആശ്വാസവും ഉണര്‍വ്വും പകരുന്നതാണ്. ഈ പ്രതിസന്ധിഘട്ടത്തിലും ഇത് ഒരു വലിയ കരുത്തായി മാറും. 

അതുപോലെ പ്രവാസി ക്ഷേമ ബോര്‍ഡിന്‍റെ കീഴില്‍ അംഗത്വമുള്ള കോവിഡ്-19 ബാധിച്ചവര്‍ക്ക് 10000 രൂപയും ബോര്‍ഡിന്‍റെ കീഴില്‍ പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് 1000 രൂപയും ബോര്‍ഡില്‍ അംഗത്വമില്ലാത്ത കോവിഡ് രോഗികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ സാന്ത്വന പദ്ധതി പ്രകാരം 10000 രൂപയും അവധിക്ക് നാട്ടിലേക്ക് വന്ന് ലോക്ക് ഡൗണ്‍ കാരണം തിരികെ പോകാന്‍ കഴിയാത്തവര്‍ക്ക് 5000 രൂപയും അടിയന്തര സഹായകമായി നല്‍കാനും, വിദേശ നാടുകളില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ഹെല്‍പ് ഡെസ്കുകളും നാട്ടിലേക്ക് മടങ്ങിവരേണ്ടവര്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസിയുമായി ചേര്‍ന്ന് സാഹചര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.  എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിവുള്ളവരാണല്ലൊ നമ്മള്‍ പ്രവാസികള്‍.  ഈ പ്രതിസന്ധിയും നമ്മള്‍ അതിജീവുക തന്നെ ചെയ്യും.

 കോവിഡ്-19 എന്ന മഹാമാരിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പ്രവാസി സമൂഹം ഒരേ മനസ്സോടുകൂടി നമ്മുടെ നര്‍ക്കാരിന് പിന്നില്‍ അണിനിരക്കുകതന്നെ ചെയ്യും.  തങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടുകൂടി തള്ളിക്കളയേണ്ടതുമാണ്.  ഇത് ഈ കാലഘട്ടത്തില്‍ പ്രവാസി സമൂഹത്തിന്‍റെ കടമയായി കരുതേണ്ടതാണ്.

ലേഖകൻ ഡയറക്ടര്‍ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്
ഡയറക്ടര്‍ ആണ്‌

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top