18 September Wednesday

എക‌്സിറ്റ‌് പോൾ അല്ല; ആർത്തിപ്രകടനം

പി എം മനോജ്‌Updated: Tuesday May 21, 2019

‘മോഡി തരംഗം’ എന്നാണ് എക‌്സിറ്റ‌് പോൾ ഫലങ്ങൾ അവതരിപ്പിച്ച്  മലയാള മനോരമ നൽകിയ വലിയ തലക്കെട്ട്.   കേരളം യുഡിഎഫിന് എന്നതിൽ അവർക്ക് സംശയമേ ഇല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നാല് സീറ്റ് കനിഞ്ഞു നൽകിയിട്ടുണ്ട്.  പട്ടാളവേഷത്തിൽ നിൽക്കുന്ന നരേന്ദ്ര മോഡി മുകളിലേക്ക് വെടി ഉതിർക്കുന്നതും  രാഹുൽ ഗാന്ധിയും റഫേൽ  അഴിമതി ആരോപണവും താഴോട്ട് പതിക്കുന്നതും ഒന്നാം പേജിൽ മനോരമ ചിത്രീകരിച്ചിരിക്കുന്നു.  മാതൃഭൂമിയും മോശമാക്കിയിട്ടില്ല. കേരളത്തിൽ യുഡിഎഫ് എന്നും തിരുവനന്തപുരത്ത് ബിജെപി ചരിത്രവിജയം നേടുമെന്നുമാണ് മാതൃഭൂമി വായനക്കാരോട് പറയുന്നത്. മിക്ക  മലയാള വാർത്താ ചാനലുകളും സമാനമായ രീതിയിൽ വാർത്ത സംപ്രേഷണം ചെയ്യുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ‌്തു. 

ആധികാരിക  ഫലപ്രഖ്യാപനമായി എക‌്സിറ്റ‌് പോളുകളെ കൊണ്ടാടുന്നത് നിഷ‌്കളങ്കമായല്ല.  ഇതിനുമുമ്പ‌് എക‌്സിറ്റ് പോളുകൾ പാടെ തെറ്റിയെ ചരിത്രമുണ്ടായിട്ടും ‘മോഡി തരംഗം’  പ്രവചിച്ച‌് കൂട്ടത്തോടെ എക‌്സിറ്റ‌് പോളുകൾ വന്നതിനു പിന്നിൽ രണ്ടു കാരണമാണുള്ളത്. ഒന്നാമത്തേത് മനോരമ തന്നെ പറയുന്നു: ‘കേന്ദ്രത്തിൽ മോഡി സർക്കാർ തുടരുമെന്ന സൂചന ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന‌് വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ വിപണിയിൽ കുതിപ്പു പ്രകടമായി. സെൻസെക‌്സ‌് 962.12 പോയിന്റ് ഉയർന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ് ഉയർന്ന് 11,694.10ലും ആണ‌് വ്യാപാരം തുടരുന്നത്.’ ഓഹരി വിപണിയിൽ കുതിപ്പുണ്ടാക്കി കോർപറേറ്റുകൾക്ക് സഹായകമാകാനാണ് എക‌്സിറ്റ‌് പോൾ വേലിയേറ്റം ഹേതുവായത് എന്ന് ചുരുക്കം. രണ്ടാമത്തെ കാരണം ജനങ്ങളിൽ പ്രത്യേക മാനസികാവസ്ഥ സൃഷ‌്ടിക്കലാണ്. മോഡിയും എൻഡിഎയും  ജയിക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്, ഫലം വന്നാലുള്ള ബിജെപിയുടെ നീക്കങ്ങളെ സുഗമമാക്കും.

കേരളത്തിലെ അവസ്ഥയും വ്യത്യസ‌്തമല്ല.  മാധ്യമങ്ങൾ  തെരഞ്ഞെടുപ്പുകാലത്ത് തുടർച്ചയായി നടത്തിയ ജോലിയുടെ ഒരു പ്രത്യേക ഘട്ടം തന്നെയാണ് എക്‌സിറ്റ് പോളും.  ജനങ്ങളിൽ ഭയവും ആശങ്കയും സൃഷ്ടിച്ച‌് രാഷ്ട്രീയലക്ഷ്യം നേടുക എന്നത് മാധ്യമരംഗത്ത് പുതിയ സമ്പ്രദായമല്ല. ഭീകരാക്രമണങ്ങളെക്കുറിച്ചും തീവ്രവാദ സംഘടനകളെക്കുറിച്ചും നിരന്തരം വാർത്ത എഴുതി അമേരിക്കൻ ജനങ്ങളുടെ മനസ്സിൽ രക്ഷകനായി ഒരാളെ ഉള്ളൂ,  അത് ജോർജ് ബുഷ് ആണ് എന്ന് വരുത്തിത്തീർത്താണ് 2004ൽ യുഎസ് മാധ്യമങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പ് തങ്ങൾ ഉദ്ദേശിച്ച രീതിയിലേക്ക് തിരിച്ചുവിട്ടത്. ഇന്ത്യയിലെ  പ്രമുഖ മാധ്യമങ്ങളും അതേ വഴിയിൽ സഞ്ചരിക്കുന്നു. അതിന് 

മികച്ച ഉദാഹരണം കേരളത്തിൽ തന്നെയാണ്.

കേരളത്തിന്റെ  രാഷ്ട്രീയാന്തരീക്ഷം  വ്യക്തമാണ്. സ്ഥാനാർഥി നിർണയംമുതൽ പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും  യുഡിഎഫ്  പിറകിലാണ്.  ശബരിമലവിഷയം കത്തിച്ച‌്  ജനങ്ങളെ ചേരിതിരിച്ചും  വൈകാരികമായി ഉത്തേജിപ്പിച്ചും സംഘപരിവാർ നേട്ടമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനേക്കാൾ വാശിയിൽ സഞ്ചരിക്കുന്ന കോൺഗ്രസിനെയാണ് കേരളം കണ്ടത്. സംഘപരിവാർ  നാടകം അപ്പാടെ പൊളിഞ്ഞിരിക്കുന്നു.  ഇപ്പോഴും കോൺഗ്രസിന്റെയും ബിജെപിയുടെയും  പ്രതീക്ഷ ശബരിമല വിഷയത്തിൽ തങ്ങളിലേക്ക് വോട്ട‌് ഒഴുകിയെത്തും എന്നാണ്. കോൺഗ്രസിന് പക്ഷേ അത് പോരാ. ന്യൂനപക്ഷ വോട്ടുകൾ അപ്പാടെ കോൺഗ്രസ് പെട്ടിയിലേക്ക് ഒഴുകിയെത്തി എന്ന് കെപിസിസി അധ്യക്ഷൻവരെ പറയുന്നു. നരേന്ദ്ര മോഡിയെ പേടിച്ച്  ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ കോൺഗ്രസിന് വോട്ട‌് ചെയ്യണമെന്ന പ്രചാരണം തുടങ്ങിയത് കോട്ടയം പത്രത്തിലാണ്. അത‌് പിന്നെ യുഡിഎഫ് ഏറ്റെടുത്തു. ബിജെപിയുമായി നേരിട്ടും അല്ലാതെയും നീക്കുപോക്കുണ്ടാക്കുകയും  വോട്ടു കൈമാറ്റത്തിന് പശ്ചാത്തലമൊരുക്കുകയും ചെയ‌്ത  യുഡിഎഫാണ് മോഡിക്കെതിരായ യഥാർഥശക്തി എന്ന് സ്ഥാപിക്കാൻ മലയാള പത്രങ്ങളും വാർത്താ ചാനലുകളും ചെലവാക്കിയ ഊർജം താരതമ്യമില്ലാത്തതാണ്.

വ്യാജവാർത്തകൾ തുടർച്ചയായി വന്നു


ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് ഒരുതരത്തിലും മേൽക്കൈ കിട്ടാൻ പാടില്ല എന്ന നിർബന്ധബുദ്ധി ഓരോ വാർത്തയിലും  ഓരോ വരിയിലും ഓരോ ചർച്ചയിലും  മാധ്യമ മേലാളന്മാർ കാണിച്ചു.  വ്യാജ വാർത്തകൾ തുടർച്ചയായി വന്നു.  അതും പോരാ എന്ന് വന്നപ്പോൾ  ‘അഭിപ്രായ’ സർവേ സംഘടിപ്പിച്ച‌് യുഡിഎഫിന് ‘മിന്നുന്ന വിജയം’ പതിച്ചുകൊടുത്തു. എന്നിട്ടും ജനങ്ങൾ ആ വഴിക്ക് പോകുന്നില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവസാനനാളുകളിൽ ന്യൂനപക്ഷ കാർഡ് കളിച്ചത്. കേരളം ഇടതുപക്ഷം ഭരിക്കട്ടെ;  കേന്ദ്രത്തിൽ കോൺഗ്രസ് വരട്ടെ  എന്ന സമവാക്യവും അവർ സൃഷ്ടിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ വന്നാൽ നാടാകെ തരംഗം ആഞ്ഞുവീശുമെന്നും  യുഡിഎഫ് ജയിച്ചുകയറുമെന്നും  മറ്റൊരു പ്രചാരണമുണ്ടായി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധധാരണ  പരസ്യമായിട്ടുപോലും അതിനെക്കുറിച്ച്  എഴുതാനോ വിമർശനമുന്നയിക്കാനോ തയ്യാറായില്ല. 

തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ എങ്ങനെ പെരുമാറി എന്ന പരിശോധന അമ്പരപ്പിക്കുന്ന ഫലങ്ങളിലേക്കാണ് എത്തിക്കുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുഭാഗത്തും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നയിക്കുന്ന എൻഡിഎയും  ഇരുകൂട്ടർക്കും പിന്തുണ നൽകുന്ന  മാധ്യമപരിവാറും ചേർന്ന മുക്കൂട്ടു സഖ്യം മറുവശത്തും അണിനിരന്ന  പോരാട്ടമാണ് നടന്നത്. എൽഡിഎഫിന് അനുകൂലമായി നിന്നത‌്  ‘ദേശാഭിമാനി’, കൈരളി, ജനയുഗം  എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന  മാധ്യമങ്ങൾമാത്രം. പത്രങ്ങളും ചാനലുകളും ഓൺലൈൻ പോർട്ടലുകളും സംഘടിതമായി ഇടതുപക്ഷത്തെ തകർക്കാൻ രംഗത്തിറങ്ങി.  മനോരമ, -മാതൃഭൂമി പത്രങ്ങളും ചാനലുകളും ഏകപക്ഷീയമായ ആക്രമണം നടത്തി.  ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രവും അവരുടെതന്നെ മീഡിയാവൺ ചാനലും കോൺഗ്രസിനെ വിജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ്  ചർച്ചകൾ സംഘടിപ്പിച്ചതും വാർത്തകൾ നൽകിയതും.  ജനം ടിവി ബിജെപിയുടെ ചാനലാണ്. അവരിൽനിന്ന്   നിഷ്പക്ഷ സമീപനം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. നിഷ‌്പക്ഷത  അവകാശപ്പെടുന്ന  മാതൃഭൂമി, ഏഷ്യാനെറ്റ് ചാനലുകളിൽ ഇടതുപക്ഷത്തെ പ്രത്യക്ഷമായി എതിർക്കാത്ത ഒരു വാർത്താ പരിപാടിപോലും   തെരഞ്ഞെടുപ്പ‌ുകാലത്ത‌് മലയാളി കണ്ടില്ല.

മാർച്ച് 11ന് മലയാള മനോരമ കാഴ്ചപ്പാട് പേജ് പ്രസിദ്ധീകരിച്ചത് കേരളം ആര് പിടിക്കും എന്ന ചോദ്യം ഉയർത്തിയാണ്. എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പ് വിഷയമാകുമോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. പദ്ധതികളെല്ലാം പാതിവഴിയിലാണ്;  കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്;  ക്ഷേമപെൻഷൻ വിതരണം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ എടുത്തുപറയാവുന്ന നേട്ടം,  -ഇതാണ് മനോരമ നിസ്സംശയം വായനക്കാരോട് പറഞ്ഞത്. സർക്കാരിനെയും എൽഡിഎഫിനെയും  വെട്ടിലാക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും   തെരഞ്ഞെടുപ്പ് വിഷയമായി അതിനെ  ഉയർത്തിക്കൊണ്ടുവന്നതിൽ പ്രതിപക്ഷം വിജയിച്ചു എന്നും പറയാൻ മനോരമയ‌്ക്ക‌് ഒട്ടും സംശയമുണ്ടായില്ല. അസന്നിഗ്ധമായ കണ്ടെത്തൽ  ശബരിമല വിഷയത്തിൽ ആയിരുന്നു.  ശബരിമലയിലെ സർക്കാർ സമീപനം ബിജെപിക്കും കോൺഗ്രസിനും  ഗുണം ചെയ്യുമെന്ന പ്രസ‌്താവനയാണ് അവർ പറഞ്ഞത്.  പ്രളയാനന്തരം പണമില്ല;  പുനർനിർമാണത്തിന് വേഗം ഇല്ല; അടിസ്ഥാനസൗകര്യ വികസന മേഖലയിലെ നഷ്ടത്തിന് നടപടി ഒന്നുമില്ല  എന്നും എഴുതി മനോരമ യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി രൂപപ്പെടുത്തിക്കൊടുത്തു. യുഡിഎഫിനും ബിജെപിക്കും ഉള്ള പ്രചാരണായുധങ്ങൾ സ്വയം സന്നദ്ധമായി നമ്പറിട്ട് നൽകി.

വൈകാരിക പ്രചാരണം

  ബിജെപി-, കോൺഗ്രസ് നേതാക്കൾ സ്ത്രീകളെയും ജനങ്ങളെ ആകെയും അപമാനിക്കുന്ന നീചമായ പ്രസ‌്താവനകൾ തുടരെത്തുടരെ നടത്തിയിട്ടും അതിലേക്ക് ശ്രദ്ധ തിരിക്കാതെ, എൽഡിഎഫ് കൺവീനർ ഒരു യോഗത്തിൽ നടത്തിയ ആനുഷംഗിക പരാമർശത്തെക്കുറിച്ച് വൈകാരിക പ്രചാരണം നടത്താനാണ് മനോരമയും  മാതൃഭൂമിയും  തയ്യാറായത്. രണ്ടു കമിതാക്കൾ ഒളിച്ചോടി പോയതിനെപ്പോലും സിപിഐ എം വിരുദ്ധ വാർത്തയാക്കാൻ നടത്തിയ ശ്രമം അതിശയകരമായിരുന്നു.  കേരളത്തിന്റെ  അതിജീവന പദ്ധതിയായ കിഫ്ബിയെ  തകർക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിലകുറഞ്ഞ ആരോപണങ്ങൾ  മാധ്യമങ്ങൾ കൊണ്ടാടിയത് വസ‌്തുതകൾ  അന്വേഷിച്ചല്ല. മസാല ബോണ്ട്  വിവാദം കത്തിക്കാൻ മനോരമ ഏപ്രിൽ എട്ട് എന്ന ഒറ്റദിവസം എഴുതിയത് ആറു വാർത്തയാണ്. പ്രളയത്തെക്കുറിച്ച് ഒരു അഭിഭാഷകൻ എഴുതിക്കൊടുത്ത അടിസ്ഥാനരഹിതമായ രേഖ  ഹൈക്കോടതിയുടെ വിധിതീർപ്പാണ് എന്ന് തെറ്റിദ്ധരിപ്പിക്കുംവിധം മറ്റൊരു വാർത്ത പ്രളയം സൃഷ്ടിക്കാനും അവർക്കു മടിയുണ്ടായില്ല. അതേസമയം കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ ഒളിക്യാമറയിൽ കുടുങ്ങിയതിനെക്കുറിച്ചോ യുഡിഎഫും ബിജെപിയും ഉണ്ടാക്കിയ ധാരണ  ബിജെപിയുടെ പ്രമുഖ നേതാക്കൾതന്നെ തുറന്നുപറഞ്ഞപ്പോൾ പോലുമോ ഈ മാധ്യമങ്ങളുടെ കണ്ണ് തുറന്നില്ല.

ഇതൊക്കെയാണ് എക‌്സിറ്റ‌് പോൾ നടത്തി ഇടതുപക്ഷത്തിന്റെ തകർച്ച പ്രവചിക്കുന്നതിനു പിന്നിലെ ‘ബലം’.   എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ നേടുന്ന ഓരോ വോട്ടും യുഡിഎഫിനും ബിജെപിക്കും ലഭിക്കുന്ന വോട്ടുകളുടെ പലമടങ്ങ‌് മൂല്യമുള്ളവയാണ്. ആ വോട്ടുകൾ ഇടതുപക്ഷത്തെ മികച്ച വിജയത്തിലേക്ക് നയിക്കും എന്ന വസ‌്തുത നന്നായി അറിയാവുന്നവർ വലതുപക്ഷ ചേരിയിൽതന്നെ ഉണ്ട്. വോട്ടെടുപ്പ് ഘട്ടത്തിൽ രാഹുൽ തരംഗം എന്നും അക്രമരാഷ്ട്രീയ വിരുദ്ധ മുന്നേറ്റം എന്നും ന്യൂനപക്ഷങ്ങളുടെ വർധിച്ച പിന്തുണ എന്നുമൊക്കെ അവകാശപ്പെട്ട യുഡിഎഫ്‌, വോട്ടെടുപ്പ്  കഴിഞ്ഞപ്പോൾ അത്തരം അവകാശവാദങ്ങൾ നടത്തിയില്ല.  പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നു എന്ന വ്യാജ പ്രചാരണവുമായി രംഗത്തിറങ്ങുകയാണ് ഉണ്ടായത്. കോൺഗ്രസിന്റെ  വോട്ട് ബിജെപിക്ക് പോയെന്ന് കെപിസിസി നിർവാഹകസമിതി യോഗത്തിൽ തൃശൂർ സ്ഥാനാർഥി  തുറന്നുപറയുന്ന അനുഭവംവരെ ഉണ്ടായി. ഇതൊക്കെ ആയിട്ടും എന്തിന‌് യുഡിഎഫിന്റെ വൻവിജയം പ്രവചിക്കുന്നു എന്ന ചോദ്യം ഉണ്ടാകാം. അതിനുത്തരം ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതാണ്. ഇടതുപക്ഷത്ത് അണിനിരക്കുന്ന ജനങ്ങളുടെ ആത്മവിശ്വാസം ഒരു നിമിഷമെങ്കിലും മങ്ങുന്നത് കണ്ട‌് ആസ്വദിക്കാനുള്ള സാഡിസ്റ്റ‌് മനസ്സ് കൂടിയാണ് മ -മ മാധ്യമങ്ങളുടേത്. അതിന‌് യഥാർഥ ജനവിധിയുമായി ബന്ധമില്ല.


പ്രധാന വാർത്തകൾ
 Top