24 June Monday

പണം കൊടുത്താൽ വിരിയുന്ന സർവേ ഫലം

പി എം മനോജ്‌Updated: Wednesday Apr 10, 2019


ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ  ദൈനിക് ജാഗരൺ പത്രം ഒരു എക‌്സിറ്റ‌് പോൾ നടത്തി ഫലം പ്രസിദ്ധീകരിച്ചു.  പിന്നീട് നടക്കാനുള്ള വോട്ടെടുപ്പിനെ സ്വാധീനിക്കാൻ  ലക്ഷ്യമിട്ടായിരുന്നു ബിജെപിക്ക‌്  വലിയ മുൻതൂക്കം പ്രവചിക്കുന്ന സർവേ. ചട്ടലംഘനം ചൂണ്ടിക്കാട്ടി  തെരഞ്ഞെടുപ്പ് കമീഷൻ നിയമനടപടി തുടങ്ങിയപ്പോൾ, "അത്  പരസ്യവിഭാഗത്തിന്റെ വിഷയമാണ് ’ എന്ന് പത്രാധിപർ മറുപടി നൽകി. പരസ്യം എന്നാൽ പണം വാങ്ങി  പ്രസിദ്ധീകരിക്കുന്നതാണ്. അതുപോലെ പണം വാങ്ങി തയ്യാറാക്കിയതാണ് എക‌്സിറ്റ‌്പോൾ ഫലവും എന്നാണ‌് കുറ്റസമ്മതം.  പണംവാങ്ങി വാർത്ത നൽകുന്നതിനുപുറമേ കാശ് മുടക്കുന്ന സ്ഥാനാർഥിക്കും പാർടിക്കും വേണ്ടി വ്യാജ സർവേ നടത്തിക്കൊടുക്കുന്നതും പതിവായിരിക്കുന്നു എന്ന് പരസ്യമാക്കപ്പെട്ട സന്ദർഭമായിരുന്നു അത്. സർവേ നടത്തിയ സഹ ഏജൻസികളുടെ ബിജെപി ബന്ധവും അന്ന് വെളിപ്പെട്ടു.

 

കൃത്രിമമായി ജനാഭിപ്രായം സൃഷ്ടിക്കാനുള്ള മാർഗമായി അഭിപ്രായ വോട്ടെടുപ്പുകളെ  മാറ്റി
2014ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിക്കുവേണ്ടി വ്യാപകമായി അഭിപ്രായ വോട്ടെടുപ്പുകൾ നടന്നു, എന്തെങ്കിലും പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചോ  ശാസ്ത്രീയരീതിയിലോ   സുതാര്യമായോ  അല്ല ഒരു സർവേയും  നടന്നത്. ഒരു  ഫലവും യാഥാർഥ്യത്തോട് പുലബന്ധം പുലർത്തിയതും ഇല്ല. ഇപ്പോൾ മാതൃഭൂമിയുമായി ചേർന്ന് യുഡിഎഫ് അനുകൂല സർവേ നടത്തിയ എസി  നീൽസൺ 2014- ലെ  സർവേയിൽ  കോൺഗ്രസിന് 91 സീറ്റ് പ്രവചിച്ചു.   കിട്ടിയത് 44 സീറ്റ്. തെറ്റിന്റെ തോത് 100 ശതമാനത്തിനു മുകളിൽ.   എൻഡിഎയ‌്ക്ക‌് 233 സീറ്റാണ് നീൽസൺ പ്രവചിച്ചത്.  ബിജെപിക്കുമാത്രം 280 ലേറെ സീറ്റു കിട്ടി.
പിറകിലായി പോകുന്ന രാഷ്ട്രീയകക്ഷികൾക്കും സ്വന്തം രാഷ്ട്രീയം  കൃത്യമായി പറയാൻ ഇല്ലാത്തവർക്കും കൃത്രിമമായി ജനാഭിപ്രായം സൃഷ്ടിക്കാനുള്ള മാർഗമായി അഭിപ്രായ വോട്ടെടുപ്പുകളെ  മാറ്റിയിരിക്കുന്നു. 

വലിയതോതിൽ കൃത്രിമം നടക്കുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്  അഭിപ്രായ സർവേകളും എക‌്സിറ്റ‌്പോളും നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എക‌്സിറ്റ‌് പോളുകൾക്ക‌്  മാത്രമാണ് നിരോധനം വന്നത്. തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ഏറ്റവും വലിയ കളികൾക്കുള്ള അരങ്ങായി കേരളം മാറിയിരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ ഒളിക്യാമറയിൽ കുടുങ്ങിയ വാർത്ത സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ മനോരമ ആദ്യദിവസം കൊടുത്തതേയില്ല. ഇതുവരെ നടത്തിയ അത്തരം അഭ്യാസങ്ങൾ  മറികടക്കുന്ന രീതിയിലാണ് പ്രമുഖ പത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച സർവേ. രണ്ടിന്റെയും സാംപ്ലിങ്ങിലും എത്തിച്ചേർന്ന നിഗമനങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ട്.  എന്നാൽ, രണ്ടുകൂട്ടരും ഒരേപോലെ ചെയ‌്ത  ഒരു കാര്യം ബിജെപി കേരളത്തിൽ അക്കൗണ്ട‌് തുറക്കാൻപോകുന്നു എന്ന പ്രതീതിയുടെ സൃഷ്ടിയാണ്; ബിജെപിക്ക് സൗകര്യമൊരുക്കി കൊടുക്കുക എന്നതാണ്. അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മേൽക്കൈ ഇല്ല എന്ന് സ്ഥാപിക്കാനും ശ്രമിച്ചുനോക്കി.

വിചിത്രമായ ഒരു കാര്യം, രണ്ടു സർവേയിലും  ജനങ്ങൾ അഭിപ്രായം പറഞ്ഞത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായിട്ടാണ് എന്നതാണ്. കേന്ദ്രത്തിലെ ബിജെപിക്കും എതിരായിട്ടാണ് ഭൂരിപക്ഷാഭിപ്രായം

കേരളത്തിലെ മണ്ഡലങ്ങളെ പൊതുവേ മൂന്നായിട്ടാണ് തരംതിരിക്കാവുന്നത്. എൽഡിഎഫ് വിജയം ഉറപ്പാക്കാവുന്നവയും  എൽഡിഎഫിന് നേരിയ മേൽക്കൈ ഉള്ളവയും മുൻകൂർ ഫലപ്രവചനം അസാധ്യമായ  രീതിയിൽ ശക്തമായ മത്സരം നടക്കുന്നവയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ  യുഡിഎഫിന് ഉറച്ച ഒരു മണ്ഡലം  ചൂണ്ടിക്കാണിക്കാൻ ആകില്ല.  ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 77607  വോട്ടിന‌് വിജയിച്ച മലപ്പുറത്ത് യുവ സ്ഥാനാർഥിയെ നിർത്തി എൽഡിഎഫ് അതിശക്തമായ മത്സരമാണ് കാഴ്ചവയ‌്ക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന  വയനാട് മണ്ഡലത്തിലെ കണക്കുകൾ ഏകപക്ഷീയമായ ഫലപ്രവചനത്തിന് വഴങ്ങുന്നതല്ല. യുഡിഎഫ് ഉറപ്പിക്കുന്നു എന്ന് പറയുന്ന  ഈ രണ്ടു മണ്ഡലത്തിലെ സ്ഥിതി  ഇതാണ്  എന്നിരിക്കെ മനോരമയും മാതൃഭൂമിയും എങ്ങനെ യുഡിഎഫിന് ഗംഭീരവിജയം പ്രവചിക്കുന്നു  എന്ന് അന്വേഷിക്കുമ്പോഴാണ്, മാധ്യമങ്ങൾ വിലയ‌്ക്കെടുക്കപ്പെടുന്നതിനും വാർത്തകൾ മാത്രമല്ല, അഭിപ്രായ വോട്ടെടുപ്പുകൾപോലും കൃത്രിമമായി സൃഷ്ടിച്ച‌്  രാഷ്ട്രീയ കക്ഷികൾക്ക് പാദസേവ ചെയ്യുന്നതിനുമുള്ള തെളിവുകൾ മുന്നിലെത്തുക.

വിചിത്രമായ ഒരു കാര്യം, രണ്ടു സർവേയിലും  ജനങ്ങൾ അഭിപ്രായം പറഞ്ഞത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായിട്ടാണ് എന്നതാണ്. കേന്ദ്രത്തിലെ ബിജെപിക്കും എതിരായിട്ടാണ് ഭൂരിപക്ഷാഭിപ്രായം. കേരളത്തിലെ സർക്കാരും അതിനെ  നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എടുക്കുന്ന നിലപാടുകൾ, നേടിയ നേട്ടങ്ങൾ എന്നിവയെ ഭൂരിപക്ഷവും അംഗീകരിക്കുന്നു. പക്ഷേ, ഫലം വരുമ്പോൾ യുഡിഎഫിന് മുൻതൂക്കമെന്ന് രണ്ടു ചാനലും പറയുന്നു, അതിനർഥം ജനങ്ങളുടെ ചിന്ത ഒന്നും സർവേ ഫലമായി അവതരിപ്പിക്കപ്പെട്ടത് മറ്റൊന്നും എന്നു തന്നെയാണ്.

മാതൃഭൂമി സർവേയിലെ കണ്ടെത്തലുകളും  അതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലും പരസ്പരവിരുദ്ധമാണ്. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും  പ്രകടനം മികച്ചതാണെന്ന‌്  46 ശതമാനം പേരും മോശമാണെന്ന് 30 ശതമാനം പേരും.  പ്രളയാനന്തര പുനരധിവാസം മികച്ചതാണെന്ന് 58 ശതമാനം.  ശബരിമല യുവതീപ്രവേശം സർക്കാർ കൈകാര്യം ചെയ്‌തത്‌ ശരിയായ രീതിയിലാണെന്ന് 47ശതമാനം. അതിനെതിരായി  43 ശതമാനം പേരുമാത്രം. പകുതിയിലേറെ പേരും ശബരിമലയുടെ പേരിൽ നടന്ന പ്രതിഷേധങ്ങളെ പിന്തുണയ‌്ക്കുന്നില്ല. പക്ഷേ, എല്ലാം ചേർത്ത് മാതൃഭൂമി സീറ്റ് കണക്കാക്കുമ്പോൾ എൽഡിഎഫിന് അഞ്ച് സീറ്റ്മാത്രം. അതെങ്ങനെ ശരിയാകും? മനോരമ നാലു സീറ്റിൽ എൽഡിഎഫിന് മുൻതൂക്കം നൽകുന്നു.  ബാക്കി മുഴുവനും യുഡിഎഫിന‌്  കൊണ്ടുപോയി കൊടുത്തു.

മാതൃഭൂമിയുടേതിന‌് നേർവിപരീതമാണ് മനോരമയുടെ പല കണ്ടെത്തലുകളും.  ലോക‌്സഭാ തെരഞ്ഞെടുപ്പ് സർവേയിൽ  ആര‌് മുഖ്യമന്ത്രിയാകുമെന്ന  ചോദ്യം മനോരമ ചോദിക്കുന്നുണ്ട്.  അതിൽ ഉമ്മൻചാണ്ടിക്ക് ഒരു ശതമാനം വോട്ട് അധികം കൊടുത്തു. എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവരുടെ ഇടപെടൽ  എന്നറിയാൻ ആ ഒറ്റ ചോദ്യം മതി

മാതൃഭൂമിയുടേതിന‌് നേർവിപരീതമാണ് മനോരമയുടെ പല കണ്ടെത്തലുകളും.  ലോക‌്സഭാ തെരഞ്ഞെടുപ്പ് സർവേയിൽ  ആര‌് മുഖ്യമന്ത്രിയാകുമെന്ന  ചോദ്യം മനോരമ ചോദിക്കുന്നുണ്ട്.  അതിൽ ഉമ്മൻചാണ്ടിക്ക് ഒരു ശതമാനം വോട്ട് അധികം കൊടുത്തു. എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവരുടെ ഇടപെടൽ  എന്നറിയാൻ ആ ഒറ്റ ചോദ്യം  മതി.  ആരാണ് മുഖ്യമന്ത്രി എന്നാണോ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തീരുമാനിക്കുക? അതിൽത്തന്നെ പറയുന്നുണ്ട് അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് 11 മണ്ഡലം പിണറായിയെ പിന്തുണയ‌്ക്കുമ്പോൾ ഉമ്മൻചാണ്ടിയെ പിന്തുണയ‌്ക്കുന്നത് 9 മണ്ഡലമാണ്  എന്ന്. പിന്നെങ്ങനെ ഉമ്മൻചാണ്ടി മുന്നിലെത്തും? എവിടത്തെ കണക്കാണ് ഇതെന്നുമാത്രം ചോദിക്കരുത്. മനോരമ നാളെമുതൽ ചരമ പേജിൽവരെ മാർക്സിസ്റ്റ‌് അക്രമം എന്നെഴുതിക്കളയും!!
എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കൂട്ടർ ഇതുപോലെ ആഭാസം നടത്താറുണ്ട്. പ്രവചനങ്ങൾ ജനങ്ങൾ തള്ളിക്കളയാറുമുണ്ട്.  സംസ്ഥാനത്ത് 2.4 കോടി വോട്ടർമാരുണ്ട്.  5000-–-6000 പേരിൽ നിന്നാണ് അഭിപ്രായം എടുക്കുന്നത് (അതും ഉറപ്പില്ല. തെളിവുകളുമില്ല).  സർവേ ശാസ്ത്രീയമാകണമെങ്കിൽ ആദ്യം വേണ്ടത് സാമ്പിൾ ശേഖരണത്തിലെ കൃത്യതയും നിഷ‌്പക്ഷതയും സമഗ്രതയുമാണ്.  ഈ സർവേ തട്ടിപ്പുകളിൽ അല്ല കേരളത്തിന്റെ മനസ്സ്. ഒരു സർവേയുടെ സഹായവുമില്ലാതെ അത് വായിച്ചെടുക്കുകയുമാകാം.

കേരളത്തിലെ ജനങ്ങൾക്ക‌് മുന്നിലുള്ള  യഥാർഥ സർവേ ഫലം ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 30  തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റേതാണ്. പോൾ ചെയ‌്ത വോട്ടിന്റെ  45.2 ശതമാനം എൽഡിഎഫ് ആണ് നേടിയത് . യുഡിഎഫിന് 38.5 ശതമാനവും  ബിജെപിക്ക് 12.7 ശതമാനവും കിട്ടി.  എൽഡിഎഫിന് മുൻകാലത്തേക്കാൾ വോട്ട് വർധിച്ചപ്പോൾ  യുഡിഎഫിന് കുറഞ്ഞു. ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഒരു മാറ്റവും കാണാനായില്ല.

യുവതലമുറയുടെ ചിന്ത
കേരളത്തിലെ യുവതലമുറ; പുതിയ വോട്ടർമാർ, എന്ത് ചിന്തിക്കുന്നു എന്നറിയാൻ നമ്മുടെ കോളേജുകളിൽ ചെന്ന് നോക്കണം. എല്ലാ സർവകലാശാലകളിലും അജയ്യമായ മുന്നേറ്റം നടത്തിയ സംഘടന എസ്എഫ്ഐ ആണ്. എല്ലാ യൂണിവേഴ്‌സിറ്റി യൂണിയനുകളിലും എസ്എഫ്ഐ. ആകെയുള്ള 53 പോളിടെക്‌നിക്കിൽ  51 ലും എസ‌്എഫ‌്ഐ വിജയിച്ചു. 12 ജില്ലയിലെ മുഴുവൻ ഐടിഐകളിലും എസ‌്എഫ‌്ഐക്ക‌് സമ്പൂർണ വിജയം. ഇന്റർ ഐടിഐ ഇലക‌്ഷനിൽ എതിരില്ലാത്ത വിജയം. ഹൈസ്‌കൂളുകൾ മുതൽ പ്രൊഫഷണൽ കോളേജുകൾവരെ വലതുപക്ഷത്തിന്റെ സഖ്യത്തെ തൂത്തെറിഞ്ഞാണ് പുരോഗമന വിദ്യാർഥിപ്രസ്ഥാനം ആധിപത്യമുറപ്പിച്ചത്.   യുവതലമുറ മനോരമയും മാതൃഭൂമിയും സങ്കൽപ്പിക്കുന്ന വഴിയിലല്ല ചിന്തിക്കുന്നതും സഞ്ചരിക്കുന്നതും എന്നതിന് ഇതിൽക്കൂടുതൽ എന്ത് തെളിവ് വേണം?

ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിയും കോൺഗ്രസും ഒരേപോലെ കരുതിയഘട്ടത്തിലാണ്, ലോക ചരിത്രത്തിലെ എണ്ണപ്പെടുന്ന വനിതാ കൂട്ടായ‌്മ  ഇവിടെ നടന്നത്. സംഘപരിവാർ ബദൽ സംഗമം നടത്തിയും കോൺഗ്രസ് വർഗീയമതിൽ എന്നാക്ഷേപിച്ചും അതിനെ നേരിട്ടപ്പോൾ അരക്കോടിയിലേറെ സ്ത്രീകൾ പങ്കെടുത്ത മഹാ സംഭവമായിരുന്നു അതെന്നു മനോരമയ‌്ക്ക‌് എഴുതേണ്ടിവന്നു.സംസ്ഥാനത്തെ എൽഡിഎഫ് മുന്നേറ്റം വലതുപക്ഷ പാർടികളെയും അവയുടെ കൂടെനിൽക്കുന്ന മാധ്യമങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്‌. കഴിഞ്ഞ ഒരുമാസത്തെ മനോരമ പത്രം എടുത്ത‌ുനോക്കിയാൽമാത്രം അത് മനസ്സിലാകും. പണം വാങ്ങിയോ സൗജന്യമായോ ഈ മാധ്യമങ്ങൾ ചെയ്യുന്ന സേവനം എത്ര താണതാകും എന്നതിന്റെ  ഒരു കാഴ്ച മാത്രമാണ് സർവേ ഫലങ്ങളിൽ. അത‌് കേരളത്തിന്റെ മനസ്സിനെയോ ജനങ്ങളുടെ തീരുമാനത്തെയോ ബാധിക്കുന്നതല്ല.


പ്രധാന വാർത്തകൾ
 Top