12 July Sunday

കരുതലിന്റെ കരുത്തുമായി ഒരു പരീക്ഷാക്കാലം

ഡോ. രതീഷ് കാളിയാടന്‍Updated: Sunday May 31, 2020

വര: സോമന്‍ കടലൂര്‍

"വട്ടല്ലേ. അയാക്ക്. ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? എന്താ ഇത്ര ധൃതി? ഈ കുട്ടികള്‍ മുഴുവന്‍ പരീക്ഷ എഴുതേണ്ടീക്കില് എന്തെല്ലാം കടമ്പ കടക്കണം? ഈ കുട്ടികളെയെല്ലാം സ്‌കൂളില്‍ എത്തിക്കാന്‍ ഈയാക്ക് സാധിക്കുമോ? ... പ്രായോഗികമാണോ? അപ്രായോഗികമല്ലേ? ആ അപ്രായോഗിക കാഴ്ചപ്പാടിന്റെ പ്രതിപുരുഷനാ ശ്രീ പിണറായി''. കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ മാറ്റിവെച്ച പശ്ചാത്തലത്തില്‍ സ്‌കൂള്‍ ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ പരീക്ഷകള്‍ 2020 മെയ് 26 മുതല്‍ 30വരെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ലോകസഭ എം.പി കൂടിയായ സംസ്ഥാനത്തെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്.

   അതെ, മുഖ്യമന്ത്രിയുടെ ആ വട്ടിന്റെ പേരാണ് രാഷ്ട്രീയ ഇച്ചാശക്തിയുള്ള കരുതല്‍ എന്ന് കേരള ജനത തിരിച്ചറിയുന്നു. കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ സ്‌കൂള്‍ ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് കുട്ടികളിലും രക്ഷിതാക്കളിലും പരത്തിയ ആശങ്ക ചില്ലറയല്ല. തങ്ങളുടെ ഭാവി എന്താകും എന്ന് ഊഹിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം. തുടര്‍പഠന സാധ്യതകള്‍ ആരായാനാകുമോ, ഈ അകാദമിക വര്‍ഷം നഷ്ടപ്പെടുമോ തുടങ്ങി അവരെ ഭരിച്ച വീര്‍പ്പുമുട്ടലുകള്‍ അനവധിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈമുതലാക്കിയ അറിവുകളും ശേഷികളും ആത്മവിശ്വാസവും കൈവിട്ട് പോകുമോ എന്ന് ശങ്കിച്ച നാളുകള്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്ന്‌പോലും പരീക്ഷാകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തയ്യാറാകാത്ത സാഹചര്യം. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള പരീക്ഷ ബോര്‍ഡുകള്‍ എന്ന് പരീക്ഷ നടത്താം എന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നില്ല. ശാരീരിക അകലം പാലിച്ചും സാമൂഹിക ഐക്യം കാത്ത്‌സൂക്ഷിച്ചും പരീക്ഷ നടത്തുക എങ്ങനെ എന്നത് ഈ സാഹചര്യത്തില്‍ കഠിനമായ വെല്ലുവിളി തന്നെയാണ്. അസാമാന്യമായ കരുത്തുള്ള ഭരണാധികാരികള്‍ മാത്രം ചിന്തിക്കുന്ന ഒന്നാണ് ഈ സാഹചര്യത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തി പരീക്ഷ എഴുതട്ടെ എന്ന്.  ആ കരുത്ത് പ്രകടിപ്പിച്ച്, വികാരവിക്ഷുബ്ധമായ നാളുകള്‍ക്ക് അവധി നല്‍കി, ആരുടേയും ഭാവി തുലാസ്സില്‍ ആകില്ല എന്ന വ്യക്തമായ സന്ദേശമാണ് പരീക്ഷ തീയ്യതി പ്രഖ്യാപിച്ചതോടെ പിണറായി സര്‍ക്കാര്‍ നല്‍കിയത്.

    സാധ്യമാണോ ഇത് എന്ന് മിക്കവരും ആശങ്കപ്പെട്ടിരുന്നു. അസാധാരണമായ സാഹചര്യമാണ്. കോവിഡ് വ്യാപനത്തിന് അറുതിയായിട്ടില്ല. രോഗികളുടെ എണ്ണം ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും പുതിയ രോഗബാധിതര്‍. പൊതുഗതാഗത സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. യാത്രാ നിയന്ത്രണം ഇളവുകളോടെ തുടരുകയാണ്. പരീക്ഷാ സേവനത്തിന് നിയമിക്കപ്പെട്ട അദ്ധ്യാപകരില്‍ പലരും പല നാടുകളിലാണ്. ദൂരജില്ലകളില്‍ നിന്നും എത്തേണ്ട അധ്യാപകരും കുട്ടികളുമുണ്ട്. അവരുടെ കൂട്ടത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ പെട്ടുപോയവര്‍വരെയുണ്ട്. എങ്ങനെ പരീക്ഷ സാധ്യമാകും എന്ന് കരുതിയവരോട് ഒരേയൊരു മറുപടി: ഇച്ചാശക്തിയുള്ള സര്‍ക്കാറുണ്ടെങ്കില്‍ എന്തും നടക്കും.

    കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പില്‍ സുരക്ഷയാണ് പ്രധാന വെല്ലുവിളി. ആ വെല്ലുവിളി ഇരുകൈകളും നീട്ടി ഏറ്റെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് മുതലായവര്‍ തങ്ങളുടെ ദൗത്യം പരാതികള്‍ക്ക് ഇടയില്ലാത്തവിധം ഭംഗിയായി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ വിദ്യലയും പരീക്ഷ നടത്തിപ്പിന് സമ്പൂര്‍ണ്ണമായി സജ്ജമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി. ക്ലാസ് മുറികള്‍ എല്ലാം അണുനശീകരണം നടത്തി. സ്‌കൂളും പരിസരവും വൃത്തിയാക്കി. സോപ്പിട്ട് കൈകഴുകാനും മറ്റും സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കി. നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍, സമഗ്ര ശിക്ഷാ കേരളം ഉദ്യോഗസ്ഥര്‍, സന്നദ്ധം വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദിവസങ്ങള്‍ക്ക്മുമ്പേ മാസ്‌കുമായി വീട്ടില്‍ എത്തി. പൊതുഗതാഗത വകുപ്പ് പ്രത്യേക ബസ് ട്രിപ്പുകളുമായി കൂടെക്കൂടിയതോടെ യാത്രാപ്രശനം ലഘൂകരിക്കപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തകരും മദര്‍ പി.ടി.എ അംഗങ്ങളും സാനിറ്ററയിസറുമായി കുട്ടികളെ വരവേറ്റു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആശംസകളുമായി കാത്ത് നിന്നു. കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ പരിസരത്ത് എത്തിയ ഒരു രക്ഷിതാവിനും സുരക്ഷാ കാര്യങ്ങളില്‍ ഒരു ആശങ്കയും ഉണ്ടായില്ല.

   സമൂഹം ഒന്നായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാണ് ''ഒരു ആശങ്കയും ഉണ്ടാവേണ്ടതില്ല, നമ്മള്‍ എല്ലാം ഒരുക്കും'' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചത്. അപ്രായോഗികം എന്ന് കരുതുന്നത് പ്രായോഗികമാക്കാനുള്ള കരുത്താണ് കരുതലിന്റെ മുഖമുദ്രയെന്ന് സാമൂഹ്യ കേരളം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഈ പരീക്ഷാനടത്തിപ്പ് പുതിയ ചരിത്രം രചിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തില്‍ ജനകീയ ഇടപെടലിന്റെ സാധ്യതകള്‍ വിളമ്പരം ചെയ്യുന്ന, സാമൂഹ്യമായ ശ്രദ്ധയും മേല്‍നോട്ടവും അതിന്റെ കരുത്ത് പ്രകടമാക്കുന്ന നവീനാനുഭവം. വിദ്യാലയം കേവലം ഒരു കെട്ടിടമോ അറിവ് പങ്കിടുന്ന സ്ഥാപനമോ അല്ലെന്നും നാടിന്റെ ഹൃദയത്തുടിപ്പുകള്‍ സ്പന്ദിക്കുന്ന, ജൈവതാളം അണമുറിയാതെ ഒഴുകുന്ന, ഇടമാണെന്നും ഈ പരീക്ഷണ പരീക്ഷയിലൂടെ നവകേരളം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ വിദ്യാഭ്യാസ വിദഗ്ധനാണ് ലേഖകന്‍)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top