18 February Tuesday

ബൊളീവിയയിൽ വീണ്ടും ഇവോ

വി ബി പരമേശ്വരൻUpdated: Wednesday Oct 23, 2019


തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ഇടതുപക്ഷകാരനായ പ്രസിഡന്റ് ഇവോ മൊറാലിസിന് നാലാം ഊഴം. അമേരിക്കയുടെയും മുതലാളിത്തത്തിന്റെയും കടുത്ത വിമർശകനായ ഇവോയ്‌ക്ക് ഒക്ടോബർ 20ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 95 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 46.86 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിരാളിയും വലതുപക്ഷക്കാരനുമായ സിറ്റിസൺ കമ്യൂണിറ്റി പാർടിയുടെ നേതാവ് കാർലോസ് മെസയ്‌ക്ക് 36.73 ശതമാനം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഏതെങ്കിലും സ്ഥാനാർഥിക്ക് 50 ശതമാനം വോട്ട് ലഭിച്ചാലോ തൊട്ടടുത്ത സ്ഥാനാർഥിയേക്കാൾ 10 ശതമാനത്തിന്റെ വോട്ട് വ്യത്യാസം നേടാനായാലോ രണ്ടാം റൗണ്ട് മത്സരം ഒഴിവാക്കാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും 50 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കാനായ ഇവോയ്‌ക്ക് ഇക്കുറി അത്തരമൊരു വിജയം നേടാനായില്ല. ഒന്നരപ്പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്നതും അമേരിക്കയുടെയും മറ്റ്‌ വലതുപക്ഷ ശക്തികളുടെയും ശക്തമായ ഇവോവിരുദ്ധ പ്രചാരണവുമാണ് മുൻ വിജയം ആവർത്തിക്കാൻ കഴിയാതെപോയതിനുള്ള കാരണങ്ങൾ. വോട്ടെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം ബൊളീവിയൻ തെരുവുകളിൽ ഇറങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ സ്ഥാനാർഥി വിജയിക്കാത്തപക്ഷം അട്ടിമറിയെന്ന മുദ്രാവാക്യമാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. ലാറ്റിനമേരിക്കയിൽ ക്യൂബയ്‌ക്കും വെനിസ്വേലയ്‌ക്കും നിക്കരാഗ്വയ്‌ക്കും മെക്‌സിക്കോയ്‌ക്കും ഒപ്പം അചഞ്ചലമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ച ഇവോ മൊറാലിസിനെ അധികാരത്തിൽനിന്ന്‌ താഴെ ഇറക്കുക എന്നത് അമേരിക്കയുടെയും ലാറ്റിനമേരിക്കൻ വലതുപക്ഷത്തിന്റെയും അജൻഡയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന ആരോപണം വെനിസ്വേലയിലെന്നതുപോലെ ബൊളീവിയയിലും ഉയരുകയാണ്‌.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തി
പതിനഞ്ചുവർഷം നീണ്ട ഭരണത്തിനെതിരെ ജനങ്ങളിൽ അതൃപ്തി പടരുന്നത് സ്വാഭാവികം. എന്നിട്ടും ഇവോയ്‌ക്ക് 46 ശതമാനം വോട്ട് നേടാനായത് ജനങ്ങൾക്കുവേണ്ടി ഭരണം നടത്താൻ പരിശ്രമിച്ചതിനാലാണ്‌. ഇവോയുടെ റിപ്പോർട്ട് കാർഡ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 2005ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവോ ആദ്യവിജയം നേടുന്നത്. അയ്‌മാര ഗോത്രക്കാരനും കൊക്കോ കർഷകനും ട്രേഡ്‌യൂണിയൻ നേതാവുമായ ഇവോയാണ് ബൊളീവിയയിൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശവാസിയായ ആദ്യ പ്രസിഡന്റ്. ബൊളീവിയയുടെ 1.1 കോടി വരുന്ന ജനസംഖ്യയിൽ പകുതിയോളവും തദ്ദേശവാസികളാണ്. ഇവരുടെ പ്രതിനിധിയെന്നനിലയിൽ അധികാരത്തിൽ വന്ന്‌ ഇവോ കൈക്കൊണ്ട ഓരോ നടപടിയിലും ഈ വിഭാഗം ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യമുണ്ടായിരുന്നു. പ്രകൃതിവാതകത്തിന്റെയും ലിഥിയത്തിന്റെയും പ്രധാനകലവറയാണ് ബൊളീവിയ. നേരത്തെ ഈ പ്രകൃതിവിഭവങ്ങൾ അമേരിക്കയും മറ്റും ചൂഷണം ചെയ്യുകയായിരുന്നു. പ്രധാന പെട്രോളിയം കമ്പനിയായ വൈപിഎഫ്ബിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് ഇവോ സർക്കാർ ഈ ചൂഷണത്തിന് തടയിട്ടു.

ലിഥിയം ഉൾപ്പെടെയുള്ള എല്ലാ ധാതുലവണ ഖനനങ്ങളും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഇതിൽനിന്ന്‌ കിട്ടുന്ന വരുമാനം പാവങ്ങളുടെയും തദ്ദേശവാസികളുടെയും ക്ഷേമത്തിനായി ഉപയോഗിച്ചു. ഇതോടെയാണ് സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ബൊളീവിയ തെക്കേ അമേരിക്കയിലെ ഏറ്റവും സാമ്പത്തികവളർച്ച നേടുന്ന രാജ്യമായി മാറുന്നത്. കഴിഞ്ഞ 15 വർഷവും ശരാശാരി 4.6 ശതമാനം വളർച്ചയാണ് ഈ കൊച്ചുരാജ്യം നേടിയത്.  2005ൽ 51.6 ശതമാനമായിരുന്ന വിദേശക്കടം ഇപ്പോൾ 23.1 ശതമാനമായി കുറഞ്ഞു.  ആളോഹരി ജിഡിപി 1000 ഡോളറിൽനിന്ന്‌ 3580 ഡോളറായി ഉയർന്നു.  പൊതുമേഖലാ പദ്ധതികളിൽ ഗവൺമെന്റ് നടത്തുന്ന നിക്ഷേപം 11 ശതമാനമാണ് വർധിച്ചത്.  വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും വൻ തോതിൽ നിക്ഷേപം നടത്തി.


 

ഇതോടൊപ്പംതന്നെ  ദാരിദ്ര്യനിർമാർജന പ്രവർത്തനവും ഊർജിതമാക്കി. 2005ൽ  കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു ജനസംഖ്യയിലെ 39 ശതമാനം പേരും. 2018 ൽ അത് 15.2 ശതമാനമായി കുറഞ്ഞു.  മിനിമം ശമ്പളം 54 ഡോളറിൽനിന്ന്‌ 305 ഡോളറായി ഉയർത്തി.  ജനങ്ങളുടെ ശരാശരി ആയുസ്സ്‌ ഒമ്പതുവർഷം വർധിച്ചു.  പാവങ്ങളായ വൃദ്ധജനവിഭാഗങ്ങൾക്കെല്ലാം പെൻഷൻ ഏർപ്പെടുത്തി. ഗർഭിണികൾക്കും കുട്ടികളുള്ള കുടുംബങ്ങൾക്കും നിശ്ചിത തുക സഹായമായി നേരിട്ട് വിതരണംചെയ്‌തു. കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ 80 ശതമാനവും ഭൂരഹിതർക്കും കർഷകർക്കും ഇടയിൽ വിതരണം ചെയ്‌തു. ഇതിൽ 45 ശതമാനവും ലഭിച്ചത് സ്ത്രീകൾക്കായിരുന്നു.

സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കിടന്ന സ്ത്രീകളുടെ ഉന്നമനത്തിനായും ഇവോ സർക്കാർ പ്രവർത്തിച്ചു. പാർലമെന്റിൽ 51 ശതമാനവും സ്ത്രീകളാണ്. ഇക്കാര്യത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനം വഹിക്കുന്ന രാജ്യമാണ് ബൊളീവിയ.  ഉപരിസഭയായ സെനറ്റിന്റെ അധ്യക്ഷ മുപ്പതുകാരിയായ അഡ്രിയാന സൽവടീരയാണ്. പ്രസിഡന്റും വൈസ് പ്രസിഡന്റും വിദേശത്തായ ഘട്ടത്തിൽ പ്രസിഡന്റിന്റെ ചുമതലപോലും ഇവോ ഏൽപ്പിച്ചത് ഈ യുവതിയെയായിരുന്നു.  ബൊളീവിയയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് ‘മൂവ്മെന്റ് ടുവാഡ് സോഷ്യലിസം’ എന്ന പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ ഇവോ മൊറാലിസിന്റെ ഭരണകാലത്തുണ്ടായത്.

വലതുപക്ഷത്തിനേറ്റ തിരിച്ചടി
സ്വാഭാവികമായും ഈ സർക്കാരിനെ അട്ടിമറിക്കുക അമേരിക്കയുടെയും വലതുപക്ഷത്തിന്റെയും അജൻഡയായി. പതിനൊന്ന് വർഷങ്ങൾക്കുമുമ്പ് ഇവോയെ അട്ടിമറിക്കാനും  വധിക്കാനും ശ്രമമുണ്ടായി.  അമേരിക്കൻ അംബാസഡറും അമേരിക്കയുടെ ഡ്രഗ് എൻഫോഴ്സ്‌മെന്റ്‌ ഏജൻസിയും ചേർന്നായിരുന്നു അട്ടിമറിശ്രമം. ഇതേത്തുടർന്ന് അമേരിക്കൻ അംബാസഡറായിരുന്ന ഫിലിപ് ഗോൾഡ്ബർണിനെയും അമേരിക്കൻ  ഡ്രഗ് ഏജൻസിയെയും ബൊളീവിയ പുറത്താക്കി. അംബാസഡറെ ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. 2009 ഏപ്രിലിലാണ് വധശ്രമമുണ്ടായത്. ടിറ്റികാക്ക തടാകത്തിലെ ഒരു ബോട്ടിൽ മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകവെയാണ് മൂന്ന് യൂറോപ്യന്മാർ ചേർന്ന് ഇവോ മൊറാലിസിനെ വധിക്കാൻ ശ്രമിച്ചത്. അമേരിക്കയ്‌ക്ക് മുൻ സർക്കാർ അനുവദിച്ച സൈനികത്താവളത്തിന് അനുമതി നിഷേധിച്ചതും അമേരിക്കൻ ഉദ്യോഗസ്ഥർക്കും ഡ്രഗ് എൻഫോഴ്സ്‌മെന്റ്‌ ഏജൻസിക്കാർക്കും നിയമസുരക്ഷ പിൻവലിച്ചതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. 

ഇതിനെയൊക്കെ അതിജീവിച്ച ഇവോ മൊറാലിസിനെ താഴെയിറക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.  ഇവോ മത്സരിക്കുന്നത് തടയണമെന്ന് ബൊളീവിയൻ പാർലമെന്റിലെ വലതുപക്ഷ അംഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോടും ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിനോടും (ഒഎഎസ്) ആവശ്യപ്പെട്ടിരുന്നു.  ട്രംപിനും ഹംഗറിയിലെ തീവ്രവലതുപക്ഷ പ്രസിഡന്റ് വിക്ടർ ഒർബനുംവേണ്ടി പ്രചാരണത്തിന്റെ ചുമതല വഹിച്ച എലി ബേൺബോം തന്നെയാണ് ഇവോയുടെ എതിരാളി മെസയ്‌ക്കും പ്രചാരണത്തിന് ചുക്കാൻപിടിച്ചത്.  എന്നാൽ, ബൊളീവിയയിലെ ജനങ്ങൾ ആ ആഹ്വാനം തള്ളി. പക്ഷേ, വലതുപക്ഷം ജനാധിപത്യം അടിമറിക്കപ്പെട്ടുവെന്നാരോപിച്ച് തെരുവിലിറങ്ങിയിരിക്കുകയാണ്. ചിലിയിലും  ഇക്വഡോറിലും അർജന്റീനയിലും വലതുപക്ഷം കനത്ത തിരിച്ചടി മുഖാമുഖം കാണുമ്പോൾ അവർക്ക് പിടിച്ചുനിൽക്കാൻ ബൊളീവിയയിലെ ഇടതുപക്ഷത്തെ അട്ടിമറിക്കണം. അതിനുള്ള കരുക്കളാണ് അമേരിക്കയും അവരുടെ ലാറ്റിനമേരിക്കൻ പിന്തുണക്കാരും ശ്രമിക്കുന്നത്.


പ്രധാന വാർത്തകൾ
 Top