15 January Friday

അട്ടിമറിക്ക്‌ പിന്നിൽ

വി ബി പരമേശ്വരൻUpdated: Wednesday Nov 13, 2019തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഇവോ മൊറാലിസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ജേക്കബ് അർബൻസും (ഗ്വാട്ടിമാല–-1954) സാൽവഡോർ അലൻഡെയും (ചിലി –-1973) അരിസ്റ്റയിഡും (ഹൈത്തി–1991) ഫെർണാണ്ടോ ലുഗോയും (പരാഗ്വ–-2012) മാന്വൽ സെലായയും (ഹോണ്ടുറാസ്–2009) അട്ടിമറിക്കപ്പെട്ട ലാറ്റിനമേരിക്കയിൽ അമേരിക്കൻ പിന്തുണയോടെ നടന്ന അട്ടിമറിയുടെ ഏറ്റവും അവസാനത്തെ ഇരയാണ് ഇവോ മൊറാലിസ്. ഒക്ടോബർ 20നു നടന്ന തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിരാളി കാർലോസ് മെസയേക്കാൾ 10 ശതമാനം വോട്ടു നേടി (47‐36 ശതമാനം) നാലാമതും അധികാരമേറ്റ മൊറാലിസിനെയാണ് തെരഞ്ഞെടുപ്പുകൃത്രിമം നടത്തിയെന്ന് ആരോപിച്ച് അട്ടിമറിച്ചിട്ടുള്ളത്. അമേരിക്കയും ക്യാനഡയും കൊളംബിയയും മറ്റും ഇവോ നാലാമതും അധികാരത്തിൽ എത്തിയത് അനധികൃതമാണെന്ന് ആരോപിക്കുകയും അമേരിക്കൻ പാവയായി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്‌റ്റേറ്റ്സ്‌ (ഒഎഎസ്) അതിനു തുല്യം ചാർത്തുകയും ചെയ്‌തതോടെയാണ് ബൊളീവിയയിലെ ഇടതുപക്ഷഭരണം സൈന്യത്തെ ഉപയോഗിച്ച് അട്ടിമറിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങുകയും വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത ഘട്ടത്തിൽ തന്നെ ഇവോ മൊറാലിസ് അതിനു തയ്യാറായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിന് സന്നദ്ധമാണെന്ന് മൊറാലിസ് പറഞ്ഞതിനുശേഷമാണ് സൈനികമേധാവി ജനറൽ വില്യം കലിമാൻ പ്രസിഡന്റിനോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്നത്. മൊറാലിസ് മന്ത്രിസഭയിലെ അംഗങ്ങളെയും അദ്ദേഹത്തിന്റെ സഹോദരിയെപ്പോലും പ്രതിപക്ഷ ക്രിമിനലുകൾ ആക്രമിച്ചപ്പോൾ അത് തടയാൻ ബാധ്യസ്ഥരായ പൊലീസും പട്ടാളവും അതിനു തയ്യാറായില്ലെന്നതും പട്ടാള അട്ടിമറിയുടെ വ്യക്തമായ സൂചനയായിരുന്നു. എന്നാൽ, മൊറാലിസിനെ തടവിലിടാനുള്ള അട്ടിമറിക്കാരുടെ പദ്ധതി പാളി. മെക്‌സിക്കോയിലെ ഇടതുപക്ഷ സർക്കാർ മൊറാലിസിന് രാഷ്ട്രീയ അഭയം നൽകാൻ തയ്യാറായി.

ലാ പാസിലെ അമേരിക്കൻ എംബസി കേന്ദ്രീകരിച്ച് വർഷങ്ങളായി നടക്കുന്ന അട്ടിമറിനീക്കമാണ്‌ ഇപ്പോൾ വിജയിച്ചിട്ടുള്ളത്. മൊറാലിസിനെ അട്ടിമറിക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രഖ്യാപിത പ്ലാൻ എ. അതല്ലെങ്കിൽ മൊറാലിസിനെ വധിക്കുക എന്നായിരുന്നു പ്ലാൻ ബി. ആദ്യം നടപ്പിലാക്കാൻ ശ്രമിച്ചത് പ്ലാൻ ബി ആയിരുന്നു. അമേരിക്കൻ അംബാസഡറും ഡ്രഗ് എൻഫോഴ്സ്‌മെന്റ്‌ ഏജൻസിയും ചേർന്നായിരുന്നു 2009 ഏപ്രിലിൽ വധശ്രമം നടത്തിയത്. അന്നത്തെ അമേരിക്കൻ അംബാസഡർ ഫിലിപ് ഗോൾഡ്ബർണിൻ ആയിരുന്നു അതിനു ചുക്കാൻപിടിച്ചത്. ടിറ്റികാക്ക തടാകത്തിലെ ഒരു ബോട്ടിൽ മന്ത്രിസഭായോഗത്തിന് നേതൃത്വം നൽകവെയാണ് മൂന്ന് യൂറോപ്യന്മാർ ചേർന്ന് മൊറാലിസിനെ വധിക്കാൻ ശ്രമിച്ചത്. അമേരിക്കയ്‌ക്ക് മുൻ സർക്കാർ അനുവദിച്ച സൈനിക താവളത്തിന് അനുമതി നിഷേധിച്ചതും  ഉദ്യോഗസ്ഥർക്കും ഡ്രഗ് എൻഫോഴ്സ്‌മെന്റ്‌ ഏജൻസിക്കാർക്കും നിയമസുരക്ഷ പിൻവലിച്ചതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

ലിഥിയവും അട്ടിമറിയും തമ്മിലുള്ള ബന്ധം 
നിയോ ലിബറലിസത്തിന്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും കടുത്ത വിമർശകനായിരുന്നു തദ്ദേശവാസികൂടിയായ മൊറാലിസ്. ബൊളീവിയൻ ഗ്രാമങ്ങളെ തകർത്തെറിഞ്ഞ അമേരിക്കയുടെ ‘മയക്കുമരുന്ന് യുദ്ധ'ത്തിനെതിരെ കൊക്കോ കൃഷിക്കാരെ സംഘടിപ്പിച്ച് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന നേതാവാണ് മൊറാലിസ്. അതോടൊപ്പം ‘ഗ്യാസ് വാറി'ലും മൊറാലിസ് സജീവമായി പങ്കെടുത്തു.  ഒക്ടോബർ 20ന്റെ തെരഞ്ഞെടുപ്പിൽ മൊറാലിസിന്റെ പ്രധാന എതിരാളിയായ കാർലോസ് മെസയുടെ നേതാവും മുൻ പ്രസിഡന്റുമായ ഗോൺസാലോ സാഞ്ചസ് ഡി ലൊസാഡയാണ് ഹൈഡ്രോകാർബൺ മേഖല പൂർണമായും വിദേശ കുത്തകകൾക്ക് തീറെഴുതിയത്. ഇതിനെതിരെയാണ് ഗ്യാസ് വാർ നടന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കൻ മുതലാളിത്തമാണെന്ന് എല്ലാ വേദിയിലും ആവർത്തിക്കുന്ന നേതാവുകൂടിയാണ് മൊറാലിസ്. മാത്രമല്ല, നിയോ ലിബറൽ മുതലാളിത്തത്തിന്റെ മൃഗീയമായ ലാഭക്കൊതിക്ക് തടയിടുന്ന നടപടികളും മൊറാലിസിന്റെ ഭാഗത്തുനിന്നുണ്ടായി.

2005ലെ തെരഞ്ഞെടുപ്പിൽ മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം (എംഎഎസ്) ഭൂരിപക്ഷം നേടിയപ്പോഴാണ് അയ്‌മാര ഗോത്രക്കാരനായ മൊറാലിസ് പ്രസിഡന്റായത്. മൊറാലിസിന്റെ ആദ്യനടപടി ഹൈഡ്രോ കാർബൺ മേഖലയുടെ ദേശസാൽക്കരണമായിരുന്നു. ഈ മേഖല വിദേശ കുത്തകകളുടെ കൈവശമായിരുന്നപ്പോൾ ബൊളീവിയക്ക് അതിൽനിന്നുള്ള വാർഷികവരുമാനം 73.10 കോടി ഡോളറായിരുന്നെങ്കിൽ ദേശസാൽക്കരിച്ചപ്പോൾ 495 കോടി ഡോളറായി വരുമാനം വർധിച്ചു. ഈ വരുമാനമാണ് ജനങ്ങളുടെ പ്രത്യേകിച്ചും ആദിമനിവാസികളുടെ ക്ഷേമത്തിനായി മൊറാലിസ് ഉപയോഗിച്ചത്. ഇതോടെയാണ് സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ബൊളീവിയ തെക്കേ അമേരിക്കയിലെ ഏറ്റവും സാമ്പത്തികവളർച്ച നേടുന്ന രാജ്യമായി മാറുന്നത്. 2005ൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു ജനസംഖ്യയിലെ 39 ശതമാനം പേരും. എന്നാൽ, 2018ൽ അത് 15.2 ശതമാനമായി കുറഞ്ഞു.

ലോകത്തെമ്പാടുമുള്ള ലിഥിയത്തിന്റെ 43 ശതമാനം ശേഖരവുമുള്ളത് ബൊളീവിയയിലാണ്. പ്രത്യേകിച്ചും തെക്കൻ ബൊളീവിയയിലെ ആർഡീസ് പർവതനിരയ്‌ക്കടുത്ത പ്രവിശ്യകളിൽ

ഇവോ മൊറാലിസിന്റെ അട്ടിമറിയും ലിഥിയവും തമ്മിൽ വലിയ ബന്ധമുണ്ട്. ഇലക്‌ട്രിക്‌ വാഹനങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഈ യുഗത്തിൽ ലിഥിയത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇവ രണ്ടിനും ഉപയോഗിക്കുന്ന ബാറ്ററിയുടെ നിർമാണത്തിന് ഏറ്റവും ആവശ്യമായ വസ്‌തുവാണ് ലിഥിയം. ലോകത്തെമ്പാടുമുള്ള ലിഥിയത്തിന്റെ 43 ശതമാനം ശേഖരവുമുള്ളത് ബൊളീവിയയിലാണ്. പ്രത്യേകിച്ചും തെക്കൻ ബൊളീവിയയിലെ ആർഡീസ് പർവതനിരയ്‌ക്കടുത്ത പ്രവിശ്യകളിൽ. 21–-ാം നൂറ്റാണ്ടിലെ സ്വർണമെന്ന് അറിയപ്പെടുന്ന ഈ ലോഹം ഖനനം ചെയ്യാനും അനുബന്ധ വ്യവസായങ്ങൾ സ്ഥാപിക്കാനുമുള്ള അവകാശത്തിനായി അമേരിക്കൻ യൂറോപ്യൻ ബഹുരാഷ്ട്ര കുത്തകകൾ മത്സരിക്കുകയാണ്. പ്രധാനമായും അമേരിക്കയിലെയും ക്യാനഡയിലെയും ദക്ഷിണ കൊറിയയിലെയും ഭീമൻ കമ്പനികളാണ് മത്സര രംഗത്തുള്ളത്. ഒരു ജർമൻ കമ്പനിയുമായി സംയുക്ത സംരംഭത്തിന് നീക്കമുണ്ടായെങ്കിലും അത് ബൊളീവിയക്ക് ഗുണകരമാകുന്നില്ലെന്നുകണ്ട് മൊറാലിസ് അതിൽനിന്നും പിൻവാങ്ങുകയും ചെയ്‌തു. എന്നാൽ, പൊതുമേഖലയിൽ ലിഥിയം ബാറ്ററികൾ നിർമിക്കാനുള്ള വ്യവസായപദ്ധതിക്ക് മൊറാലിസ് ആലോചിച്ചുവരികയാണ്‌ ഇപ്പോൾ. വർഷത്തിൽ നാലു ലക്ഷം ലിഥിയം ബാറ്ററികൾ ഉൽപ്പാദിപ്പിക്കാനുള്ള വ്യവസായശാല നിർമിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. അതായത് ലിഥിയം ഖനനത്തിനു മാത്രമല്ല, ലിഥിയം അടിസ്ഥാനത്തിലുള്ള വ്യവസായത്തിനുള്ള സാധ്യതയുമാണ് മൊറാലിസ് ബഹുരാഷ്ട്ര കുത്തകകൾക്ക് നിഷേധിക്കുന്നത്. മുതലാളിത്തത്തോടുള്ള ക്രൂരതയായാണ് അമേരിക്കയും ക്യാനഡയും മറ്റും ഈ നടപടിയെ വീക്ഷിക്കുന്നത്. ഇവാ മൊറാലിസിനെ താഴെയിറക്കാതെ ബൊളീവിയയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അട്ടിമറിനീക്കം ശക്തമാക്കിയത്. നാലാമതും മൊറാലിസ് പ്രസിഡന്റാകുന്നത് ഇവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

ഇടതുമുന്നേറ്റം തടയുക ലക്ഷ്യം
ഫെർണാണ്ടോ ലുഗോ, മാന്വൽ സെലാ എന്നിവരെ അട്ടിമറിച്ചും ബ്രസീലിലെ ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്‌ത്‌ പുറത്താക്കിയും ലുലയെ ജയിലിലിട്ടും ലാറ്റിനമേരിക്കൻ ഇടതുപക്ഷ മുന്നേറ്റത്തെ വലതുപക്ഷം തടഞ്ഞെങ്കിലും അടുത്തിടെയായി ലാറ്റിനമേരിക്കയിലെങ്ങും വൻ ഇടതുപക്ഷ മുന്നേറ്റങ്ങളാണ് ദൃശ്യമാകുന്നത്. അർജന്റീനയിൽ ഇടതുപക്ഷക്കാരനായ ആൽബർട്ടോ ഫെർണാണ്ടസ് അധികാരത്തിൽ വന്നു. വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ അട്ടിമറിക്കാനുള്ള നീക്കം പലകുറി പരാജയപ്പെട്ടു. നിയോ ലിബറൽ നയങ്ങൾക്കെതിരെ ചിലിയിലും ഇക്വഡോറിലും വലതുപക്ഷ സർക്കാരുകൾക്കെതിരെ വൻ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. മെക്‌സിക്കോയും നിക്കരാഗ്വയും അമേരിക്കയ്‌ക്ക് വഴങ്ങാൻ തയ്യാറല്ലാതെ പിടിച്ചുനിൽക്കുന്നു. ക്യൂബ അചഞ്ചലമായി ഇടതുപക്ഷത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ബ്രസീലിലെ മുൻ പ്രസിഡന്റും വർക്കേഴ്സ് പാർടി നേതാവുമായ ലുല ഡ സിൽവ കഴിഞ്ഞദിവസം ജയിൽ മോചിതനാകുകയും ചെയ്‌തു.

ലാറ്റിനമേരിക്ക വീണ്ടും ഇടതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന പ്രതീതി പരക്കുന്നത് അമേരിക്കയ്‌ക്കും കുത്തക മുതലാളിത്തത്തിനും അവരുടെ താൽപ്പര്യങ്ങൾക്കും തിരിച്ചടിയാകും. അത് തടയുന്നതിനാണ് ഇടതുപക്ഷത്തിനുമേൽ കനത്തപ്രഹരം ഏൽപ്പിക്കാൻ അമേരിക്കയും കൂട്ടാളികളും തയ്യാറായിട്ടുള്ളത്. ഗോത്രവർഗ ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മൊറാലിസിന്റെ ഭരണം സാന്താക്രൂസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബൊളീവിയയിലെ സമ്പന്നവിഭാഗത്തിന്റെ താൽപ്പര്യങ്ങളും ഹനിക്കുന്നതാണ്. അവരുടെ പ്രതിനിധിയാണ് അട്ടിമറിക്ക് നേതൃത്വം നൽകിയ ബിസിനസുകാരനായ പ്രതിപക്ഷ നേതാവ് ഫെർണാണ്ടോ കമാച്ചോ. തീവ്രവലതുപക്ഷക്കാരനും വംശീയവിദ്വേഷിയുമായ കമാച്ചോ ബൊളീവിയയിലെ ബൊൾസനാരോയായാണ് അറിയപ്പെടുന്നത്. തദ്ദേശവാസികളുടെ ഉയർച്ചയിൽ കടുത്ത വിദ്വേഷം വച്ചുപുലർത്തുന്ന വെള്ളമേധാവിത്വത്തിന്റെ പ്രതിനിധിയാണ്‌ ഇയാൾ. ട്രംപിനു പറ്റിയ കൂട്ടാളി. ഈ രണ്ടു താൽപ്പര്യങ്ങളുടെയും കൂടിച്ചേരലിന്റെ ഫലമാണ് ബൊളീവിയയിലെ അട്ടിമറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top