20 March Wednesday

കലങ്ങിമറിയുന്ന യൂറോപ്യൻ രാഷ്ട്രീയം

കെ ജെ തോമസ്Updated: Saturday Apr 7, 2018

സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ എന്നാണ് യൂറോപ്പിനെ വിശേഷിപ്പിച്ചിരുന്നത്. പുരാതന ഗ്രീക്ക്‐റോമൻ സംസ്കാരങ്ങളും 16‐ാം നൂറ്റാണ്ടിലെ നവോത്ഥാനപ്രസ്ഥാനങ്ങളും 19‐ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവവും 20‐ാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങളും വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് മുന്നേറ്റവുമാണ് ആധുനിക യൂറോപ്പിനെ വാർത്തെടുത്തത്. രാഷ്ട്രീയവും സാംസ്കാരികവുമായ വ്യതിരിക്തതകൾകൊണ്ട് ശ്രദ്ധേയമായിരുന്ന യൂറോപ്പ് ഇന്ന് രാഷ്ട്രീയ അസ്ഥിരതയുടെ കേന്ദ്രമാണ്. 28 അംഗ യൂറോപ്യൻ യൂണിയനിലെ ഭൂരിപക്ഷം രാജ്യങ്ങളും ഭരണസ്ഥിരതയില്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും പിടിയിലാണിന്ന്. 

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിളിപ്പേരുണ്ടായിരുന്ന  ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തേക്ക് പോകുകയാണ്.  യൂറോപ്യൻ യൂണിയനിലെ അംഗസംഖ്യ പെരുകിയതോടെ ബ്രിട്ടനിൽ കുടിയേറ്റക്കാരുടെ എണ്ണം  വർധിക്കുകയും വിഭവദൗർലഭ്യം രൂക്ഷമാകുകയും ചെയ്തു. അതോടൊപ്പം നിയോ ലിബറൽ സാമ്പത്തിക നയങ്ങളുടെ രൂക്ഷത ബ്രിട്ടനെ പിന്നോട്ടടിപ്പിച്ചു. സ്വകാര്യവൽക്കരണം കാരണം ട്രെയിനടക്കം ഗതാഗതസംവിധാനമാകെ താറുമാറായി. ഊർജ‐തപാൽ മേഖലകൾ സ്തംഭിച്ചു. യുവാക്കൾ തൊഴിൽരഹിതരായി. തെറ്റായ സാമ്പത്തികനയങ്ങളും യൂറോപ്യൻ യൂണിയനിൽ നിൽക്കുന്നതുമൂലമുണ്ടായ വിഭവച്ചോർച്ചയുമാണ് ബ്രിട്ടന്റെ പതനത്തിനു കാരണമെന്ന ജനങ്ങളുടെ പ്രത്യേകിച്ചും യുവാക്കളുടെ ചിന്തയാണ് ആത്യന്തികമായി ബ്രക്സിറ്റിലേക്കു വഴിവച്ചത്. ബ്രിട്ടനിലെ ലേബർ പാർടി തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഊർജം, ട്രെയിൻ, കുടിവെള്ളം, പോസ്റ്റൽ ഉൾപ്പെടെയുള്ള നിർണായക സാമ്പത്തിക‐ സേവനമേഖലകൾ പൊതുഉടമസ്ഥതയിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ദേശസാൽക്കരണം ബ്രിട്ടനിലെ പൊതുഅജൻഡയായി മാറിയിരിക്കുന്നു. ഒരിക്കൽ 'ദേശസാൽക്കരണം ഒരു പ്രതിസന്ധിയായി അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും അടുത്തകാലത്തെ ചർച്ച മുഴുവൻ അതിനനുകൂലമായി ബഹുജനങ്ങളിൽ വൻപ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരമൊരു ഉറച്ച തീരുമാനമെടുക്കാൻ ലേബർ പാർടിയെ പ്രേരിപ്പിച്ചത് ബ്രിട്ടൻ സാമ്പത്തികമായും സാമൂഹ്യമായും നേരിടുന്ന പ്രതിസന്ധിയാണ്'‐ലേബർ പാർടി നേതാവ് ജെറെമി കോർബിൻ പാർടി സമ്മേളനത്തിൽ വ്യക്തമാക്കി. ബ്രിട്ടനിലെ നിരവധി വമ്പൻ സ്വകാര്യ സേവനദാതാക്കളുടെ പതനം ലേബർ പാർടിയുടെ ദേശസാൽക്കരണ മുദ്രാവാക്യത്തിനു കരുത്തുപകർന്നു. ബ്രിട്ടൻ നാലു പതിറ്റാണ്ടായി തുടരുന്ന നയങ്ങളുടെ പരാജയമാണ് 'പുത്തൻ വിപ്ലവകരമായ നടപടികൾക്ക്' ലേബർ പാർടിയെ നിർബന്ധിതമാക്കുന്നത്. ഇന്ത്യൻ ഭരണകൂടം പൊതുമേഖലാസ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലയ്ക്ക് വിൽക്കുമ്പോൾ ബ്രിട്ടൻ ദേശസാൽക്കരണത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത്.

ജർമൻ ഹൃദയം കീഴടക്കാൻ മറ്റൊരു നേതാവ് ഉയർന്നുവരാത്ത പശ്ചാത്തലത്തിലാണ് എയ്ഞ്ചല മെർക്കലിന് നാലാമൂഴം ലഭിച്ചത്. അനിതരസാധാരണമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ ചാൻസലറായാണ് അവർ അധികാരമേറ്റത്. അതാകട്ടെ പ്രധാന പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റിക് പാർടിയുടെ പിന്തുണയോടെ പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞ് അഞ്ചുമാസവും20 ദിവസും പിന്നിട്ടശേഷം. മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു), സോഷ്യൽ ഡെമോക്രാറ്റിക് പാർടി (എസ്ഡിപി), ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ (സിഎസ്യു) എന്നീ പാർടികളുടെ സഖ്യകക്ഷിഭരണം ഏതുവിധമാകുമെന്ന് അറിയാനാണ് ജർമൻ ജനത കാത്തിരിക്കുന്നത്. തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭരണസ്ഥിരതയില്ലായ്മയാണ് മെർക്കൽ സർക്കാരിനെ കാത്തിരിക്കുന്നത്.

പടിഞ്ഞാറൻ സംസ്കൃതിക്ക് നാമ്പുമുളച്ച ഗ്രീസിന്റെ ഭരണം ഇന്ന് സോഷ്യലിസ്റ്റ് പാർടിയായ 'സിരിസ'യുടെ കൈകളിലാണ്. എന്നാൽ,മുൻ സർക്കാർ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ അലക്സിസ് സിപ്രാസ് സർക്കാരിനു കഴിയുമോയെന്നറിയാൻ കാത്തിരിക്കേണ്ടിവരും. 2019ൽ പൊതുതെരഞ്ഞെടുപ്പിനുമുമ്പേ കടബാധ്യതകളിൽനിന്ന് ഗ്രീസിനെ രക്ഷിച്ചില്ലെങ്കിൽ അത് സിരിസ സർക്കാരിന്റെയും ഗ്രീസിന്റെയും ഭാവി നിശ്ചയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്മാരും മാറിമാറി ഭരിച്ച ഫ്രാൻസിൽ കേവലം ഒരുവർഷം മാത്രം പ്രായമായ എൻ മാഷ് എന്ന പാർടിയുടെ പ്രതിനിധിയായ എമ്മാനുവേൽ മാക്രേൺ എന്ന 39കാരനാണ് ഇപ്പോൾ ഭരണം നടത്തുന്നത്്. രാജ്യത്തിന്റെ പൊതുകടം കുറയ്ക്കുമെന്നും തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുമെന്നുമുള്ള മുഖ്യതെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാൻ നടപടിയില്ലെന്നു മാത്രമല്ല, തൊഴിലാളിവിരുദ്ധ നിലപാടിൽ മുമ്പനാണ് താനെന്ന് തെളിയിക്കുകയാണ് മാക്രോൺ. ഇതിനെതിരെ വൻപ്രതിഷേധം അലയടിക്കുകയാണ്. സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സാമ്പത്തികനയങ്ങളിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിലിറങ്ങിയതോടെ ഫ്രാൻസ് നിശ്ചലമായി. സമ്പന്നരുടെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന മാക്രോണിന്റെ ഭരണത്തിനെതിരെ രൂപപ്പെട്ട ട്രേഡ് യൂണിയൻ ഐക്യനിര ഫ്രാൻസിലെ തൊഴിലാളിവർഗ മുന്നേറ്റങ്ങൾക്ക് പുത്തനുണർവാണ് നൽകിയത്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടിയടക്കമുള്ള പ്രതിപക്ഷം സമരത്തിന് പിന്തുണ നൽകുന്നു.

പോർച്ചുഗലിലെ യാഥാസ്ഥിതിക ഗവൺമെന്റിനെ പാർലമെന്റിലെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് സോഷ്യലിസ്റ്റ് നേതാവ് അന്റോണിയോ കൊസ്റ്റ അധികാരത്തിലേറിയത്. കമ്യൂണിസ്റ്റ് പാർടിയടക്കമുള്ള ഇടതുപക്ഷ പാർടികൾ, ഗ്രീൻ പാർടി, എന്നിവരുടെയെല്ലാം പിന്തുണയോടെയാണ് കൊസ്റ്റ അധികാരത്തിലെത്തിയത്. കടുത്ത ചെലവുചുരുക്കൽ നടപടികളുമായി മുന്നേറിയ യാഥാസ്ഥിതിക സർക്കാരിനെതിരെ ജനങ്ങളാഗ്രഹിച്ച മാറ്റത്തിന്റെ അവസരം തന്ത്രപൂർവം ഉപയോഗിച്ചായിരുന്നു ഈ മുന്നേറ്റം. നാലു പതിറ്റാണ്ടുകാലത്തെ ജനാധിപത്യസംവിധാനത്തിൽ ആദ്യമായാണ് ഇടതുസഖ്യ സർക്കാർ പോർച്ചുഗലിൽ അധികാരത്തിലെത്തുന്നത്.

കാറ്റലോണിയയുടെ സ്വാതന്ത്ര്യവാദമാണ് പർവതരാജ്യമായ സ്പെയിനിനെ അസ്വസ്ഥമാക്കുന്നത്. സ്പെയിനിന്റെ ജിഡിപിയുടെ 15 ശതമാനവും നികുതിവരുമാനത്തിന്റെ 25 ശതമാനത്തോളവും സംഭാവനചെയ്യുന്ന കാത്തലോണിയയിൽ 10 ശതമാനം നിക്ഷേപം മാത്രമാണ് തിരിച്ചുലഭിക്കുന്നതെന്നാണ് കാത്തലൻ ജനത പറയുന്നത്. സ്പാനീഷ് സർക്കാരിന്റെ അവഗണനയും നവലിബറൽ നയങ്ങൾ സൃഷ്ടിക്കുന്ന വർധിച്ച അസമത്വവും ചെലവുചുരുക്കൽ നയങ്ങളുമാണ് സ്വാതന്ത്ര്യവാദത്തിനു കരുത്തുപകർന്നത്. സർക്കാരിന്റെ എല്ലാ എതിർപ്പും അവഗണിച്ച് കാത്തലോണിയൻ ജനത നടത്തിയ ഹിതപരിശോധനയിൽ സ്വതന്ത്രരാജ്യമാകണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചെങ്കിലും സ്പാനീഷ് സർക്കാർ അത് അംഗീകരിച്ചിട്ടില്ല.

അതിസങ്കീർണ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെയാണ് ഇന്ന് ഇറ്റലി കടന്നുപോകുന്നത്. കഴിഞ്ഞമാസം നടന്ന ഇറ്റാലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പു തന്നെ അവസാനത്തെ ഉദാഹരണം. മുഖ്യധാരാ പാർടികളെ പിന്നിലാക്കി കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷ പാർടികളാണ് മുന്നിലെത്തിയത്. വോട്ടെണ്ണി കഴിഞ്ഞപ്പോൾ ലൂയിജി ഡി മയോ നയിക്കുന്ന ഫൈവ് സ്റ്റാർ മൂവ്മെന്റാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കഴിഞ്ഞതവണ നാലുശതമാനം വോട്ടുമാത്രം നേടിയ മറ്റൊരു കുടിയേറ്റവിരുദ്ധ‐യൂറോവിരുദ്ധ പാർടിയായ നോർത്തേൺ ലീഗിന് 17 ശതമാനം വോട്ടുലഭിച്ചു. മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ഫോർസാ ഇറ്റാലിയയും നോർത്തേൺ ലീഗും ഉൾപ്പെടുന്ന മധ്യ‐വലതുപക്ഷസഖ്യത്തിന് 37 ശതമാനം വോട്ടുണ്ട്. പ്രധാനമന്ത്രി മത്തിയോ റെൻസി നയിക്കുന്ന ഇടതുമധ്യവർത്തി ഭരണമുന്നണി 23 ശതമാനം വോട്ടുനേടി ഏറെ പിന്നിലാണ്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലാണ്.

റഷ്യൻ തെരഞ്ഞെടുപ്പിലെ പുടിന്റെ വിജയമാണ് ഏറെശ്രദ്ധേയം. അവിടെ നാലാംതവണയും 76 ശതമാനം വേട്ടുനേടി വൻഭൂരിപക്ഷത്തിലാണ് പുടിൻ വിജയിച്ചത്. കമ്യൂണിസ്റ്റ് അല്ലെങ്കിലും പാശ്ചാത്യചേരിക്ക് എതിരായ നിലപാടാണ് പുടിൻ എന്നും സ്വീകരിച്ചിട്ടുള്ളത്. റഷ്യൻ രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിയാത്തതിൽ കടുത്ത നിരാശയാണ് അമേരിക്കയ്ക്ക്. മാത്രമല്ല, സിറിയ, ഇറാൻ പ്രശ്നങ്ങളിൽ പാശ്ചാത്യചേരിക്ക് എതിരായ നിലപാട് സ്വീകരിക്കുകവഴി അമേരിക്കൻ ഇംഗിതം നടപ്പാകാത്തതും റഷ്യയോടുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും എതിർപ്പിന് ആക്കംകൂട്ടി. ബ്രക്സിറ്റിൽ ഉഴലുമ്പോൾ അതിൽനിന്ന് ശ്രദ്ധതിരിക്കാൻ റഷ്യക്കെതിരായ നീക്കത്തെ ഉപയോഗിക്കുകയാണ് ബ്രിട്ടൻ. പഴയ റഷ്യൻവിരുദ്ധ വികാരമാണ് ഇപ്പോഴും പാശ്ചാത്യചേരിക്ക്.

രാഷ്ട്രീയ അനിശ്ചിതത്വത്തിൽനിന്ന് രക്ഷനേടാൻ യുദ്ധഭീതി വിതച്ചും ദേശീയവികാരം ഉണർത്തിയും ജനത്തെ കൂടെനിർത്താൻ ശ്രമിക്കുകയാണ് പാശ്ചാത്യചേരി. എന്നാൽ, ഇറാക്കിലും അഫ്ഗാനിലും സിറിയയിലും സഖ്യരാജ്യങ്ങളിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ ജനതയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

യൂറോപ്യൻ ഭരണവർഗം ഇന്ന് അസ്വസ്ഥരാണ്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോളനികൾ സ്ഥാപിക്കുകയും ജനത്തെ ചൂഷണംചെയ്ത് കുന്നുകൂട്ടിയ വൻസമ്പത്ത് തീർന്നിരിക്കുന്നു. ആ അസ്വസ്ഥത സ്വാഭാവികമാണ്. അതിന്റെ ബഹിർസ്ഫുരണമാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ കാണാനാകുന്നത്

പ്രധാന വാർത്തകൾ
 Top