25 May Saturday

മുന്നേറ്റത്തിന്റെ ഊർജപ്രവാഹം

കോടിയേരി ബാലകൃഷ്‌ണൻUpdated: Monday Mar 19, 2018

ഇ എം എസ് വിടവാങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിടുകയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനമില്ലാത്ത ചർച്ചകളും സംവാദങ്ങളും കേരളത്തിൽ അന്യമാണ്. കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ ഇ എം എസിന്റെ പങ്ക് അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. അദ്ദേഹംതന്നെ സ്വയം വിശേഷിപ്പിച്ച ജാതി‐ജന്മി‐ നാടുവാഴിത്തത്തിന്റെ കാലഘട്ടത്തിൽ അതിനെതിരായ രാഷ്ട്രീയ ആഭിമുഖ്യമാണ് ഇ എം എസ് എന്ന രാഷ്ട്രീയപ്രതിഭയെ രൂപപ്പെടുത്തിയത്. ഉയർന്ന ജാതിയും ജന്മി ഭൂപ്രഭുത്വത്തിന്റെ അവകാശാധികാരങ്ങളുമായി പിറന്നയാളാണ് ഇ എം എസ്. എന്നാൽ, താൻ ജനിച്ച വർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കെതിരെ നിസ്വവർഗത്തിനായി സ്വയം സമർപ്പിച്ച് ആ മഹാപോരാളി ജീവിക്കുകയായിരുന്നു. ഉയർന്ന സാമൂഹ്യ‐സാമ്പത്തിക  സാഹചര്യങ്ങളുള്ള പലരും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയസംസ്കാരത്തോട് ഇഴുകിച്ചേരുന്നതിനെ കുറച്ചിലായാണ് കാണാറ്. അത് അവരിൽ അലിഞ്ഞുചേർന്നിരിക്കുന്ന മേധാവിവർഗ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ പ്രതിഫലനമാണ്. അത് വ്യക്തമായി മനസ്സിലാക്കിയ ആളായിരുന്നു ഇ എം എസ്.  ഇ എം എസ് തന്നെ വിശേഷിപ്പിച്ചത് തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രനെന്നായിരുന്നു. കുടുംബപരമായി തനിക്ക് കിട്ടിയ ഭൂസ്വത്തും വരുമാനങ്ങളും എല്ലാം തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയായ കമ്യൂണിസ്റ്റ് പാർടിക്കായി അദ്ദേഹം സമർപ്പിച്ചു. തന്റെ എല്ലാ വരുമാനവും പാർടിക്കായി നൽകുന്നതിൽ അദ്ദേഹത്തിന് അശേഷം മനസ്താപമുണ്ടായിരുന്നില്ല. പാർടിയിൽനിന്ന് അനുവദിക്കപ്പെട്ടിരുന്ന തുച്ഛമായ അലവൻസുകൊണ്ടായിരുന്നു ജീവിതം. 

വ്യക്തിജീവിതംകൊണ്ട് ഒരു കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് നമ്മെ അദ്ദേഹം പഠിപ്പിക്കുകയായിരുന്നു. ആ ധിഷണാവൈഭവവും പ്രതിഭാസമ്പന്നതയും കമ്യൂണിസ്റ്റ് പാർടിയുടെ മാത്രമല്ല, ആധുനികകേരളത്തിന്റെതന്നെ മുന്നോട്ടുപോക്കിന് പ്രചോദനകേന്ദ്രമാണ്. യുവാവായിരിക്കെത്തന്നെ സാമൂഹ്യ‐രാഷ്ട്രീയകാര്യങ്ങളിൽ താൽപ്പര്യംകാണിക്കുകയും താൻ ജനിച്ച സമുദായത്തിലെ  അനാചാരങ്ങൾക്കെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്തു. അക്കാലത്തെ ഉൽപ്പതിഷ്ണുക്കളായവരെ സംഘടിപ്പിക്കുകയും പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുംചെയ്തു. യോഗക്ഷേമസഭയുടെ പ്രവർത്തനത്തെയും ഉണ്ണിനമ്പൂതിരി എന്ന മാസികയുടെ ആരംഭത്തെയും ഇതിനോട് ചേർത്തുവച്ചാണ് കാണേണ്ടത്. സമുദായപരിഷ്കരണ പ്രസ്ഥാനത്തിന്റെ ചക്രത്തിൽനിന്ന് വിശാലമായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് കടന്നുവരികയായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന പ്രക്ഷോഭപ്രവർത്തനങ്ങളിലേക്ക് വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം എടുത്തുചാടിയത്. മികച്ച വിദ്യാർഥിയെന്ന് അധ്യാപകർ സ്നേഹത്തോടെയും ആദരവോടെയും കണ്ട ചെറുപ്പക്കാരൻ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പഠനത്തിൽ മോശമായതുകൊണ്ടല്ല, സാമൂഹ്യപ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കിയതുകൊണ്ട് കലാലയത്തിനുപുറത്ത് തനിക്ക് നിർവഹിക്കാനുള്ള കടമകളെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു കലാലയപടികൾ ഇറങ്ങാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകവഴി ഇ എം എസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ഉയർത്തപ്പെട്ടു. കെപിസിസിയുടെ  സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കേരളത്തിൽ അക്കാലത്ത് നടന്നിട്ടുള്ള നവോത്ഥാനപ്രസ്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങൾക്ക്  പ്രത്യയശാസ്ത്രത്തെളിമ നൽകുന്നതിന് ഇ എം എസിന്റെ സാന്നിധ്യം വിലപ്പെട്ട സംഭാവന നൽകി. കേരളത്തിലെ ഭൂപ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഉയർന്നുവന്ന സമരങ്ങളെയും കാർഷികപ്രശ്നങ്ങളെയും മാർക്സിസ്റ്റ് ധാരണയോടെ ആദ്യമായി കേരളസമൂഹത്തിൽ അവതരിപ്പിക്കുന്നത് ഇ എം എസ് ആണ്. മാപ്പിളലഹളയെന്നുവിളിച്ച് കൊളോണിയൽ ശക്തികളും സാമ്രാജ്യത്വചരിത്രകാരന്മാരും അവഹേളിച്ച മലബാറിലെ 1921ലെ കലാപത്തെ കർഷകസമരമെന്ന് വിളിക്കുകയും അന്നേവരെയുള്ള സാമ്രാജ്യത്വപക്ഷ ചരിത്രകാരന്മാരുടെ രചനകളെ ഇ എം എസ് വെല്ലുവിളിക്കുകയുംചെയ്തു. പ്രഭാതം പത്രത്തിൽ അദ്ദേഹമെഴുതിയ 'മലബാർകലാപം: ആഹ്വാനവും താക്കീതും' എന്ന ലേഖനം കമ്യൂണിസ്റ്റ് പാർടി എങ്ങനെയാണ് മലബാറിലെ കർഷകരുടെ പ്രശ്നങ്ങളെയും സമരങ്ങളെയും നോക്കിക്കാണുന്നത് എന്നതിന്റെ വിശദീകരണംകൂടിയായിരുന്നു. അതിൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയാൽ നയിക്കപ്പെടുന്ന തൊഴിലാളി കർഷകമുന്നേറ്റങ്ങളുടെ സാധ്യതയെയും സവിശേഷതയെയും അടയാളപ്പെടുത്തുന്നുണ്ട്.

ഇന്നത്തെ കേരളം രൂപപ്പെടുന്നതിനുപിന്നിൽ ഇ എം എസ് കൃതികളുടെ സ്വാധീനം വളരെ വലുതാണ്. ‘ഒന്നേക്കാൽ കോടി  മലയാളികൾ', 'കേരളം മലയാളികളുടെ മാതൃഭൂമി' തുടങ്ങിയ  പുസ്തകങ്ങൾ ഇന്ന് കാണുന്ന നിലയിൽ കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള ആശയപരിസരം ഒരുക്കുന്നതിൽ വലിയ പങ്ക് വഹിച്ചവയാണ്. കേരളരൂപീകരണത്തിനുശേഷം നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ഇ എം എസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് പാർടിയാൽ നയിക്കപ്പെടുന്ന സർക്കാർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് അന്ന് നിലനിന്നിരുന്ന അവ്യക്തത പരിഹരിക്കുന്നതിന് ഇ എം എസിന്റെ നേതൃത്വത്തിൽ  പാർടിക്ക് കഴിഞ്ഞു. രാഷ്ട്രീയപ്രശ്നങ്ങളെയും സാമ്പത്തികനയങ്ങളെയും സാമൂഹ്യ‐സാംസ്കാരികവിഷയങ്ങളെയും ഗഹനമായി അപഗ്രഥിക്കാനും ലളിതമായി   വിശദീകരിക്കാനും അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രമേൽ ആഴമേറിയ വിഷയമാണെങ്കിലും ഇ എം എസാണ് വിശദീകരിക്കുന്നതെങ്കിൽ ഏറ്റവും സാധാരണക്കാരായവർക്കുൾപ്പെടെ മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകുമായിരുന്നില്ല. മാക്സിസം‐ ലെനിനിസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അത് പാർടി സഖാക്കളെയും ജനങ്ങളെയും പഠിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ വിശദീകരണ സാധ്യമല്ലാത്തതാണ്. ഇ എം എസ് സമ്പൂർണകൃതികളുടെ വൈപുല്യം അതിന്റെ അടയാളങ്ങളിലൊന്നാണ്.

വർത്തമാനകാല രാഷ്ട്രീയസാഹചര്യത്തിൽ ഇ എം എസിന്റെ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കുന്നതും ഇ എം എസ് കൃതികൾ ജനങ്ങളെ പഠിപ്പിക്കുന്നതും അവശ്യമായ ചുമതലകളിലൊന്നായി കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരാകെ ഏറ്റെടുക്കേണ്ടതുണ്ട്.  കേന്ദ്രത്തിൽ ഇന്ന് അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റ് ഹിന്ദുത്വവർഗീയതയെ ഉപയോഗപ്പെടുത്തി ജനതയെ ഭിന്നിപ്പിക്കുന്നതിലുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയായണ്. അധികാരത്തിന്റെ എല്ലാ ശ്രേണികളിലും സംഘപരിവാര പ്രചാരകരെ തിരുകി നിറച്ചുകൊണ്ടിരിക്കുകയാണ്. അക്കാദമിക് സ്ഥാപനങ്ങൾ മാത്രമല്ല, പൊലീസും പട്ടാളവും രഹസ്യാന്വേഷണ ഏജൻസികളും രാജ്യത്തെ ഉന്നതമായ കുറ്റാന്വേഷണ ഏജൻസികളും പരമോന്നത കോടതിയും അതിന്റെ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെമാത്രേമ അതിനെ നേരിടാൻ കഴിയൂ.

ബിജെപിയും ആർഎസ്എസും അതിന്റെ മുഖ്യ രാഷ്ട്രീയശത്രുവായി കാണുന്നത് സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയുമാണ്. ബംഗാളിലും ത്രിപുരയിലും അതിനായി അവർ ചെലവഴിച്ച പണവും ആൾബലവും അമ്പരപ്പിക്കുന്നതാണ്. ആയിരക്കണക്കിന് രൂപ കൊടുത്ത് ആർഎസ്എസ് നിയമിച്ച കൂലിപ്പടയാണ് ബംഗാളിലും ത്രിപുരയിലും ഇപ്പോഴും അക്രമം അഴിച്ചുവിടുന്നതിന്റെ മുൻപന്തിയിൽ നിൽക്കുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സിപിഐ എം വേട്ടയിൽ ബിജെപിയോട് മത്സരിക്കുന്നുണ്ട്. ത്രിപുരയിലിപ്പോൾ സിപിഐ എം പ്രവർത്തകരെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി തകർക്കുകയുമാണ.് ഗർഭിണിയായ സ്ത്രീയെവരെ തല്ലി കൊലപ്പെടുത്തി. എന്നാൽ, എന്താണ് ഇവിടങ്ങളിലെല്ലാം കോൺഗ്രസ് എടുക്കുന്ന സമീപനമെന്നത് പരിശോധിക്കേണ്ടതുണ്ട്. ത്രിപുരയിൽ 2013ലെ നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 36.53 ശതമാനം വോട്ട് കിട്ടിയിരുന്നു. അതേസമയത്ത് ബിജെപിക്ക് 1.54 ശതമാനം വോട്ടായിരുന്നു. എന്നാൽ, 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് വെറും 1.8 ശതമാനം വോട്ടാണ്. ബാക്കി വോട്ടുകൾ മുഴുവനായി ബിജെപിയിലേക്ക് പോയി. അതിനർഥം ത്രിപുരയിലെ കോൺഗ്രസ് ഒന്നാകെ ബിജെപിയായി പരിവർത്തനംചെയ്യപ്പെട്ടെന്നാണ്. ഇത് ത്രിപുരയിലെമാത്രം ചിത്രമല്ല. കോൺഗ്രസിന്റെ സ്വാധീനമേഖലകളിലെല്ലാമിത് കണ്ടുവരികയാണ്. ഇന്നലത്തെ കോൺഗ്രസ് ഇന്നത്തെ ബിജെപിയും ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയുമാകുകയാണ്.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന കടമയെ മുഖ്യചുമതലയായി സിപിഐ എം കാണുകയാണ്. എന്നാൽ, ബിജെപിയുടെ ബി ടീമായി അധഃപതിച്ചിരിക്കുന്ന കോൺഗ്രസിന് ജനാധിപത്യ മതനിരപേക്ഷശക്തികളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയില്ല. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ നയങ്ങളാണ് ജനങ്ങൾക്കിടയിൽ വലിയ നിലയിൽ അസംതൃപ്തി സൃഷ്ടിച്ച് ബിജെപിയെ അധികാരത്തിലേറ്റിയേത്. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങളിൽ ഒരു വ്യത്യാസവുമില്ലെന്നത് ഇന്ത്യൻ ജനതയുടെ അനുഭവമാണ്. ഇന്ത്യൻ പാർലമെന്റിൽ ഇവർ ഇരുവരും കോർപറേറ്റുകളുടെ സാമ്പത്തികതാൽപ്പര്യമാണ് ഉയർത്തിപ്പിടിക്കാറുള്ളത്. തൊഴിലാളികളുടെയും കർഷകരുടെയും ജീവൽപ്രശ്നങ്ങളെക്കുറിച്ച് അവർ സംസാരിക്കാറില്ല.

കേരളത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽനിന്ന് സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ഇത്തവണത്തെ ഇ എം എസ്  ദിനാചരണം. ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട എംഎൽഎ ആയിരുന്ന അഡ്വ. കെ കെ രാമചന്ദ്രൻനായരുടെ അകാലത്തിലുള്ള വേർപാടാണ് പ്രസ്തുത മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയിട്ടുള്ളത്. രാമചന്ദ്രൻനായരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്ന വികസനപ്രവർത്തനങ്ങളും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ചെങ്ങന്നൂരിലെ എൽഡിഎഫ് വിജയം സുനിശ്ചതമാക്കുന്നതാണ്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി സജി ചെറിയാനെ പ്രഖ്യാപിച്ചതുമുതൽ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണങ്ങൾ അതിനെ ബലപ്പെടുത്തുന്നതാണ്. മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അത് കരുത്ത് പകരും. ആധുനികകേരളത്തിന്റെ ശിൽപ്പിയായ ഇ എം എസിന്റെ സ്മരണയോടുള്ള ആദരവ് എന്നത് ഒരു നവകേരളസൃഷ്ടിക്കായി യത്നിക്കുന്ന കേരളത്തിലെ സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടിയെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയെന്നതാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top