12 December Thursday

ജനവിധി രാഷ്‌ട്രീയ താപനില വീണ്ടും ഉയരും

സാജൻ എവുജിൻUpdated: Saturday Nov 9, 2024

മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭാ പൊതുതെരഞ്ഞെടുപ്പുകളുടെയും 15 സംസ്ഥാനത്തായി രണ്ട്‌ പാർലമെന്റ്‌, 48 നിയമസഭ സീറ്റുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വരുമ്പോഴേയ്‌ക്കും ഉത്തരേന്ത്യ ശൈത്യകാലത്തിലേക്ക്‌ കടന്നിരിക്കും. ഇപ്പോൾ സംക്രമണ ദശയാണ്‌. 23ന്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ വരുന്നതിനു പിന്നാലെ, 25ന്‌ പാർലമെന്റ്‌ സമ്മേളനത്തിനും തുടക്കമാകും. അതിനാൽ ശൈത്യകാലത്ത്‌ ദേശീയരാഷ്‌ട്രീയ താപനില ഉയരുമെന്ന്‌ ഉറപ്പ്‌.
കോൺഗ്രസിന്റെ ഹരിയാന ദുരന്തത്തിനുശേഷം, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ നിർണായക പോരാട്ടമാണ്‌ ഈ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷപാർടികൾ നടത്തുന്നത്‌. ജനവിധിയെ സ്വാധീനിക്കാൻ തീവ്രവർഗീയ പ്രചാരണവും പണശേഷിയും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്‌ ബിജെപി. രാജ്യത്തെ മിക്കവാറും എല്ലാ മേഖലകളുടെയും പ്രാതിനിധ്യ സ്വഭാവം ഈ തെരഞ്ഞെടുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ ഫലങ്ങളിൽ ഒരുപക്ഷേ,  അഖിലേന്ത്യാ പ്രവണത പ്രകടമാകാം.  

മഹാരാഷ്‌ട്രയിൽ പോരാട്ടം അസാധാരണം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക്‌ കനത്ത തിരിച്ചടി നൽകിയ മഹാരാഷ്‌ട്രയിൽ മാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ കാര്യങ്ങൾ അത്ര ലളിതമല്ല. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം രാഷ്‌ട്രീയം മാറിമറിഞ്ഞു. ശക്തമായ രണ്ട്‌ മുന്നണികൾ തമ്മിലാണ്‌ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം പിടിക്കാനുള്ള പോരാട്ടം; രണ്ട്‌ മുന്നണിയിലും മുഖ്യകക്ഷി ഏതാണെന്നതിൽ ഉദ്വേഗം തുടരുന്നു. തെരഞ്ഞെടുപ്പ്‌ ഫലം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കും. ഭരണമുന്നണിയായ മഹായുതിയിൽ ബിജെപിയും ശിവസേന (ഏക്‌നാഥ്‌ ഷിൻഡെ)യും തമ്മിലാണ്‌ മൂപ്പിളമ പോരെങ്കിൽ പ്രതിപക്ഷത്തെ മഹാവികാസ്‌ അഘാഡി (എംവിഎ)യിൽ കോൺഗ്രസും ശിവസേന (ഉദ്ധവ്‌ താക്കറേ)യും തമ്മിലാണ്‌ ഇക്കാര്യത്തിൽ മത്സരം. മഹാവികാസ്‌ അഘാഡി (എംവിഎ)യുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ധവ്‌ താക്കറേയാണെന്ന്‌ അദ്ദേഹത്തിന്റെ മകൻ ആദിത്യ താക്കറേ പരസ്യമായി പറഞ്ഞിട്ടുണ്ട്‌. മുഖ്യമന്ത്രിയെ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ തീരുമാനിക്കുമെന്നാണ്‌ പിസിസി അധ്യക്ഷൻ നാനാ പടോളെയുടെ നിലപാട്‌. മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ‘ബിഹാർ മാതൃക’ പിന്തുടരുമെന്ന്‌ ബിജെപി പുറമേയ്‌ക്ക്‌ പറയുന്നു. ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്‌ ഇതിൽ അസ്വസ്ഥനാണെന്ന്‌ പലപ്പോഴും വ്യക്തമായിട്ടുമുണ്ട്‌.

തെരഞ്ഞെടുപ്പിൽ വിഷയങ്ങൾക്ക്‌ പഞ്ഞമില്ല. മഹാരാഷ്‌ട്രയിൽനിന്ന്‌ വ്യവസായങ്ങളും നിക്ഷേപവും ഗുജറാത്ത്‌ തട്ടിയെടുക്കുന്നെന്ന എംവിഎയുടെ ആരോപണം ബിജെപിക്ക്‌ കൊള്ളുന്നുണ്ട്‌. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുംബൈയുടെ പേര്‌ ‘അദാനി സിറ്റി’ എന്നാക്കി മാറ്റുമെന്നാണ്‌ ആദിത്യ താക്കറേയുടെ പരിഹാസം. ലോകത്തെ വലിയ ചേരികളിലൊന്നായ ധാരാവിയിൽ നടപ്പാക്കുന്ന വികസനപദ്ധതിയുടെ കരാർ ഷിൻഡെ സർക്കാർ അദാനിക്ക്‌ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമാണ്‌. തൊഴിലില്ലായ്‌മ, വിലക്കയറ്റം, മറാത്താ സംവരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാണ്‌. കർഷകരെ ബിജെപി സർക്കാർ വഞ്ചിച്ചെന്ന വികാരം കാർഷികമേഖലയ്‌ക്ക്‌ നിർണായക സ്വാധീനമുള്ള മഹാരാഷ്‌ട്രയിൽ ശക്തമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മഹാരാഷ്‌ട്രയിലെ കർഷകസമരങ്ങളുടെ നേതാവുമായ അശോക്‌ ധാവ്‌ളെ ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പ്‌ ഫലത്തെ ബാധിക്കുംവിധം അമ്പതിൽപ്പരം വിമതർ രംഗത്ത്‌ തുടരുന്നത്‌ ഇരു മുന്നണികളെയും അലട്ടുന്നുണ്ട്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആർഎസ്‌എസും ഇടപെട്ടിട്ടും ബിജെപിയുടെ പ്രമുഖ നേതാക്കളായ 13 പേർ മത്സരത്തിൽ ഉറച്ചുനിൽക്കുന്നു. ശിവസേന ഷിൻഡെ വിഭാഗത്തിൽനിന്ന്‌ 12 പേരും എൻസിപി (അജിത്‌ പവാർ)യുടെ ഒരാളും വിമതസ്ഥാനാർഥികളായി തുടരുന്നു. എംവിഎയിൽ കോൺഗ്രസിൽനിന്നാണ്‌ കൂടുതൽ വിമതർ– -അഞ്ച്‌ പേർ. ഇതിനുപുറമെ മുന്നണികളിലെ ഘടകകക്ഷികൾ തമ്മിൽ പലയിടത്തും സൗഹൃദമത്സരവും നടക്കുന്നു. വേണ്ടത്ര സമയം ലഭിച്ചിട്ടും സീറ്റ്‌ ധാരണ ചർച്ചകൾ ഫലപ്രദമായി നടത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ലെന്ന പരാതി ഘടകകക്ഷികൾക്കുണ്ട്‌. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾക്കെതിരെ അജിത്‌ പവാർ രംഗത്തുവന്നത്‌ മഹായുതിയെ ഉലച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലത്തിലും 20നാണ്‌ വോട്ടെടുപ്പ്‌. മൊത്തം വോട്ടർമാരുടെ എണ്ണം 9.63 കോടിയാണ്‌.

ജാർഖണ്ഡിൽ 
തീവ്രവർഗീയ പ്രചാരണം

കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ട ജാർഖണ്ഡിൽ ഭരണം തിരിച്ചുപിടിക്കാൻ അവർ നടത്തുന്നത്‌ തീവ്രവർഗീയ പ്രചാരണം. ആദിവാസി സ്‌ത്രീകളെ വിവാഹം ചെയ്‌ത്‌ മുസ്ലിങ്ങൾ ഭൂമിയും തൊഴിലും തട്ടിയെടുക്കുന്നതായും ബംഗ്ലാദേശിൽനിന്ന്‌ വ്യാപക നുഴഞ്ഞുകയറ്റം നടക്കുന്നതായും ബിജെപി പ്രചരിപ്പിക്കുന്നു. 10 വർഷത്തിലേറെയായി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്‌ ഈ പ്രചാരണം. മുസ്ലിങ്ങൾ ആദിവാസികളുടെ പെൺമക്കളെയും ആഹാരത്തെയും തട്ടിയെടുക്കുന്നവരായി ആക്ഷേപിച്ച്‌  പ്രധാനമന്ത്രി പ്രസംഗിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കൃഷി മന്ത്രി ശിവ്‌രാജ്‌സിങ്‌ ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ എന്നിവരും ഇത്തരം പ്രചാരണങ്ങളിൽ മുഴുകിയിരിക്കുന്നു. ഈ വർഗീയ പ്രചാരണത്തെ ബിജെപിയുടെ തന്ത്രമായി വാഴ്‌ത്തുകയാണ്‌ മുഖ്യധാരാ മാധ്യമങ്ങൾ.

ഫെയ്‌സ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകൾ വഴിയും ബിജെപിയുടെ നിഴൽ അക്കൗണ്ടുകൾ തീവ്രവർഗീയത പടർത്തുന്നു. ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ ആക്ഷേപിക്കുന്ന പരസ്യങ്ങളും നൽകുന്നു. ഹീനമായ വർഗീയത വിളമ്പുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ നടപടിയൊന്നും തെരഞ്ഞെടുപ്പ്‌ കമീഷനോ മെറ്റയോ സ്വീകരിച്ചിട്ടില്ല. ആഗസ്‌ത്‌ മുതൽ ഒക്ടോബർവരെ  രാഷ്ട്രീയ പരസ്യങ്ങളിലൂടെ മെറ്റയ്‌ക്ക്‌ ലഭിച്ചത്‌ 2.25 കോടി രൂപയാണ്‌. ഇതിൽ മൂന്നിലൊന്നിൽ കൂടുതൽ തുകയും  ബിജെപി അനുകൂല നിഴൽ അക്കൗണ്ടുകൾ വഴിയുള്ള പരസ്യങ്ങളിലൂടെയാണ്‌. ജാർഖണ്ഡ്‌ ബിജെപി ഔദ്യോഗിക അക്കൗണ്ട്‌ വഴി ഒരു കോടിയോളം രൂപ ചെലവഴിച്ച്‌ 3080 പരസ്യമാണ്‌ മെറ്റ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചത്‌. ഔദ്യോഗിക പരസ്യങ്ങൾക്ക്‌ ലഭിച്ചത്‌ 10 കോടി പ്രതികരണം.  81 ലക്ഷം രൂപ മുടക്കി പ്രചരിപ്പിച്ച വർഗീയ പരസ്യങ്ങൾക്ക്‌ 45 കോടി പ്രതികരണമുണ്ടായി. സീറ്റ്‌ ധാരണയുടെ കാര്യത്തിൽ എൻഡിഎയിലും ഇന്ത്യ കൂട്ടായ്‌മയിലും അസ്വാരസ്യങ്ങളുണ്ട്‌. രണ്ട്‌ ഘട്ടമായി 13, 20 തീയതികളിലാണ്‌ 81 അംഗ നിയമസഭയിലേക്ക്‌ വോട്ടെടുപ്പ്‌. മൊത്തം 2.6 കോടി വോട്ടർമാരാണ്‌.

ഉപതെരഞ്ഞെടുപ്പുകൾ

വയനാടിനു പുറമെ ലോക്‌സഭ  ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മഹാരാഷ്‌ട്രയിലെ നന്ദേഡ്‌ മണ്ഡലത്തിൽ കോൺഗ്രസിലെ രവീന്ദ്ര ചൗഹാനും ബിജെപിയിലെ ശാന്തൂക്ക്‌ ഹംബാർദെയും തമ്മിലാണ്‌ പ്രധാന മത്സരം. സിറ്റിങ്‌ എംപിയായിരുന്ന, അന്തരിച്ച വസന്ത്‌ ചവാന്റെ മകനാണ്‌ രവീന്ദ്ര. കേരളത്തിലെ രണ്ട്‌ സീറ്റിനു പുറമെ  ഉത്തർപ്രദേശിൽ ഒമ്പത്‌, രാജസ്ഥാനിൽ ഏഴ്‌, ബംഗാളിൽ ആറ്‌, അസമിൽ അഞ്ച്‌, പഞ്ചാബിലും ബിഹാറിലും നാല്‌ വീതം, കർണാടകത്തിൽ മൂന്ന്‌,  മധ്യപ്രദേശിലും സിക്കിമിലും രണ്ടു വീതം, ഛത്തീസ്‌ഗഢിലും ഗുജറാത്തിലും മേഘാലയത്തിലും ഉത്തരാഖണ്ഡിലും ഒന്നു വീതം നിയമസഭാ സീറ്റുകളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top